കുട്ടിയായിരിക്കുമ്പോള്‍ പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്‍…
അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്‍ക്കൂടി നടന്ന് പോവുമ്പോള്‍ ചില നേരങ്ങളില്‍ അറിയാതെ ചളിയിലോ ചാണകത്തിലോ ചവിട്ടിപ്പോവും.
കാര്യം നമുക്ക് പെട്ടെന്ന് മനസിലാകും, പിന്നെ ഒന്നും നോക്കില്ല. അടുത്തെവിടെയാണോ പുല്ലുള്ളത്, അവിടെ പോയി കാലിട്ട് ഉരയ്ക്കും. കഴുകിക്കളയാന്‍ സാധ്യതയുണ്ടെണ്ടങ്കില് കഴുകിക്കളയും.
എങ്ങനെയെങ്കിലും കാലില്‍ പറ്റിയത് കളയണം, വല്ലാത്ത അസ്വസ്ഥതയാണല്ലോ… അതോടെ നമ്മുടെ നടത്തത്തിന്റെ വേഗത കുറയുന്നു, ആ മണം നമ്മെ ബുദ്ധിമുട്ടിക്കുന്നു. ചവിട്ടുമ്പോഴുണ്ടാകുന്ന ശബ്ദം അരോചകമായി തോന്നുന്നു… അങ്ങനെയങ്ങനെ…
ആദ്ധ്യാത്മികജീവിതത്തില്‍ പാപത്തില്‍ വീഴുന്നവനും ഇതുപോലെതന്നെയാണ് കേട്ടോ. എത്രയും വേഗം പാപക്കറ കഴുകിക്കളഞ്ഞില്ലെങ്കില്‍ നമ്മുടെ പ്രവൃത്തികളെ പതിയെ ബാധിച്ച് തുടങ്ങും, ക്രമേണ ഒരു ആത്മീയ തളര്‍വാതം സംഭവിക്കും, ജാഗ്രതൈ.
ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവം ശ്രദ്ധിക്കുക. അയാളുടെ പാപം മോചിക്കുകയാണ് ഈശോ ആദ്യമേ ചെയ്തത്. ”മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (മത്തായി 9/2). അതിനുശേഷമാണ് അവിടുന്ന് ”എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്ക് പോവുക” (മത്തായി 9/6) എന്ന് കല്പിക്കുന്നത്. ആ തളര്‍വാതരോഗി എഴുന്നേറ്റ് വീട്ടിലേക്ക് പോയി എന്ന് തിരുവചനത്തില്‍ നാം തുടര്‍ന്ന് വായിക്കുന്നു.
വര്‍ഷങ്ങളായി കുമ്പസാരമില്ലാതെ കഴിയുന്നവരുടെ തളര്‍വാതം എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല. ഇങ്ങനെ ചെളിയില്‍ ചവിട്ടിപ്പോകുന്നത് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ. വിശുദ്ധ കുമ്പസാരത്തിലൂടെ അത് നീക്കിക്കളഞ്ഞ് സുഗമമായി നടക്കാന്‍ നമുക്ക് സാധിക്കട്ടെ.
അങ്ങനെ ശ്രദ്ധയോടെ ചരിച്ച് വിശുദ്ധിയിലേക്ക് നടന്നടുക്കാം, ആമ്മേന്‍.
ഫാ. ജോസഫ് അലക്സ്