തെറ്റിദ്ധരിക്കരുത് കരുണയെ! – Shalom Times Shalom Times |
Welcome to Shalom Times

തെറ്റിദ്ധരിക്കരുത് കരുണയെ!

കുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന്‍ രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന്‍ മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു മുറിയില്‍ ആണ് കിടത്തിയിരുന്നത്. എല്ലും തോലുമായ ശരീരം. വാരിയെല്ലുകള്‍ എണ്ണാവുന്ന വിധത്തിലാണ്. ആ ശരീരത്തില്‍ വളരെ വീര്‍ത്തു കെട്ടിയ ഉദരം. ദേഹം മുഴുവന്‍ മഞ്ഞ നിറം. കണ്ണുകള്‍ കൂടുതല്‍ മഞ്ഞനിറത്തില്‍ പുറത്തേക്ക് തള്ളിയിരിക്കുന്നു.
ശ്വാസം എടുക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടുന്നു, ഓക്‌സിജന്‍ കൊടുക്കുന്നുണ്ട്.

ഒരുപാട് നഴ്‌സുമാര്‍ മാറിമാറി അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോഴുള്ള ഒരു ഭയാനകത്വം അവിടെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ എന്റെ ഊഴം എത്തിച്ചേര്‍ന്നു. രാവിലെ ജോലിക്കായി അദ്ദേഹത്തിനടുത്തേക്ക് കടന്നുചെന്നു. ഈശോയേ, നമുക്ക് ഇന്ന് എന്തെങ്കിലും ഈ സഹോദരനുവേണ്ടി ചെയ്യണം കേട്ടോ എന്ന് പറഞ്ഞിട്ട് ഈശോയെ കൂടെ കൂട്ടി. അദ്ദേഹത്തോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു. രാത്രിയില്‍ ഉറങ്ങിയോ? രാവിലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തോടൊപ്പം അല്‍പനേരം ചെലവഴിച്ചു.

കഴിക്കാതെ മാറ്റിവച്ചിരിക്കുന്ന പ്രഭാതഭക്ഷണം എന്റെ ശ്രദ്ധയില്‍പ്പെട്ടു. രോഗാവസ്ഥ കൊണ്ടുതന്നെ അദ്ദേഹം വളരെ അവശനാണ്. ഭക്ഷണം കഴിക്കാന്‍ കുറച്ചു ദിവസങ്ങളായി തോന്നുന്നില്ല, പലപ്പോഴും കൊണ്ടു വന്ന ഭക്ഷണം കളയേണ്ടിവരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്തോ ദുഃഖഭാരത്താല്‍ നിറയുന്നപോലെ… കട്ടിലിനടുത്തുള്ള ഒരു കസേരയില്‍ ഞാന്‍ ഭക്ഷണവുമായി ഇരുന്നു. മരുന്ന് കഴിക്കാനുള്ളതാണെന്നും ഭക്ഷണം കഴിച്ചേ മതിയാകൂ എന്നും ഞാന്‍ ശഠിച്ചു. അല്പം പിണക്കത്തോടെ ആ കണ്ണുകള്‍ എന്നെ നോക്കി.

പെട്ടന്നാണ് ഡോക്ടര്‍ മുറിയിലേക്ക് കടന്നു വന്നത്. ഭക്ഷണം കഴിക്കുകയാണെങ്കില്‍ പിന്നീട് വരാം എന്ന് പറഞ്ഞു ഡോക്ടര്‍ മടങ്ങാന്‍ ഒരുങ്ങി. അദ്ദേഹം ഡോക്ടറോട് പരിശോധിച്ച് കൊള്ളാന്‍ ആവശ്യപ്പെട്ടു. ഹോസ്പിറ്റലില്‍ അഡ്മിഷന്‍ ആകാനും തുടര്‍ന്നുള്ള ചികിത്സക്ക് നല്കാനും തന്റെ കയ്യില്‍ ഒന്നുമില്ലെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു. അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്, വലിയ കടബാധ്യതയില്‍ ആണ് കുടുംബം. നാണക്കേടും ഭയവും മൂലം അദ്ദേഹം വീട്ടില്‍ പോകാതെയായി. കടങ്ങള്‍ തീര്‍ത്ത ശേഷം ഭാര്യയെയും മക്കളെയും നേരിട്ട് കാണാന്‍ പോകണം എന്ന് ആഗ്രഹമുണ്ട്. എന്റെ ജീവന്‍ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍ എനിക്കുവേണ്ടി ചെയ്യണം. ഞാന്‍ മുഴുവന്‍ പണവും പിന്നീട് തിരിച്ചടച്ചുകൊള്ളാം.

ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീരിന് നിര്‍വചിക്കാനോ അളക്കാനോ കഴിയാത്തൊരു ചൂട് ഉള്ളതുപോലെ… ഡോക്ടര്‍ അല്‍പനേരം നിശബ്ദത പാലിച്ചു. ഒടുവില്‍ ജീവന്‍ രക്ഷിക്കാനുള്ള ക്രിട്ടിക്കല്‍ അവസരങ്ങളില്‍ പരിഗണിക്കുന്ന ഒരു വഴി ചെയ്യാമെന്ന് വാക്കു നല്‍കി തിരിച്ചു പോയി.
‘ഇനി എന്റെ കഥ പറയാം’ എന്ന് പറഞ്ഞുകൊണ്ട് ഈശോ എന്റെ ജീവിതത്തില്‍ ചെയ്ത ചില അത്ഭുതങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. സ്പൂണ്‍ കൊണ്ട് ഞാന്‍ ഭക്ഷണം വാരി കൊടുക്കുന്നതിനിടക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ശാന്തതയോടെ ഈശോയെ കേട്ടുകൊണ്ട് ഭക്ഷണം കഴിച്ചു. കഥ കേട്ട് ഭക്ഷിക്കുന്ന കൊച്ചുകുഞ്ഞിനെപ്പോലെ അന്നത്തെ പ്രഭാതഭക്ഷണം മുഴുവനായും കഴിച്ചു.

അദ്ദേഹത്തിനുള്ള മരുന്നുകള്‍ എടുക്കാനായി പോയപ്പോള്‍ ഈശോ സംസാരിച്ചു. ആ രോഗിക്കു വേണ്ടി ദൈവകരുണയില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുക. മരുന്നുകളെല്ലാം കൊടുത്ത ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചോട്ടെ? അക്രൈസ്തവനായിരുന്നിട്ടുകൂടി അദ്ദേഹം പറഞ്ഞു, ” നീ നിന്റെ ദൈവത്തോട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.” അല്‍പനേരം ഈശോയെ സ്തുതിച്ചു. പിന്നീട് ഒരു കരുണയുടെ ജപമാല ആ രോഗിക്ക് വേണ്ടി ചൊല്ലി പ്രാര്‍ത്ഥിച്ചു.”ഈശോയേ നിന്റെ മകന്‍ അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ വീഴ്ചകളുടെയും മേല്‍ കരുണയായിരിക്കണമേ. അങ്ങയുടെ ഹിതം ഈ മകന്റെ മേല്‍ നിറവേറണമേ.” ഇത്രയും പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം ആമേന്‍ എന്ന് ആവര്‍ത്തിച്ചു ഏറ്റു പറഞ്ഞു കൊണ്ടിരുന്നു.

ദൈവസാന്നിധ്യത്താല്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു മുന്‍പ് അദ്ദേഹത്തിനുള്ള മുറി ലഭിച്ചു. അവിടെ കൊണ്ടു ചെന്നാക്കി യാത്ര പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം തിരതല്ലി. നിന്റെ മാതാപിതാക്കളോട് ഞാന്‍ അന്വേഷിച്ചതായി പറയണം എന്ന് എന്നോട് പറഞ്ഞു.
പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു ദൈവസ്‌നേഹവും സമാധാനവും മനസ്സില്‍ നിറഞ്ഞു. അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. ഗ്ലാസ് ഡോറിലൂടെ നോക്കിയപ്പോള്‍ ശൂന്യമായ കട്ടില്‍ മാത്രം. എന്റെ മനസ്സ് വിങ്ങി. അദ്ദേഹം പുലര്‍ച്ചെ മരിച്ചുപോയി എന്ന് അറിഞ്ഞു. ഹൃദയത്തില്‍ കഠിനഭാരം അനുഭവപ്പെട്ടു. ആശുപത്രിയുടെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഈശോയോട് ഒരു ചോദ്യം. ”ഈശോയേ അദ്ദേഹം നിന്റെ അടുത്തുണ്ടോ? ഇത്ര വേഗം കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നോ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത്??”

ഈശോയെക്കുറിച്ച് കേട്ടും അവിടുത്തെ കരുണക്കായി പ്രാര്‍ത്ഥിച്ചും സഹനത്തിന്റെ ലോകത്തു നിന്നും അദ്ദേഹം യാത്രയായി. ”കുരിശില്‍ വച്ച് കുന്തത്താല്‍ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം ഒരാളെപ്പോലും തിരസ്‌കരിക്കാതെ എല്ലാ ആത്മാക്കള്‍ക്കും വേണ്ടിയുള്ളതാണ്.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1182).
നാം ആഗ്രഹിച്ചത് ലഭിച്ചില്ലെന്നുകരുതി പ്രാര്‍ത്ഥനകള്‍ പാഴായിട്ടില്ല. മറ്റൊരു വിധത്തില്‍ അവയെല്ലാം ഫലം നല്‍കും. നാഥാന്‍ പ്രവാചകനിലൂടെ ദൈവം ദാവീദിന് അദ്ദേഹത്തിന്റെ കുഞ്ഞ് മരിച്ചുപോകും എന്ന് സന്ദേശം നല്‍കി. കര്‍ത്താവ് കൃപ തോന്നി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കും എന്ന് കരുതി ദാവീദ് ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. എന്നാല്‍, ദാവീദിന്റെ പ്രാര്‍ത്ഥനയ്ക്ക് വിപരീതമായും ദൈവകരുണ ദാവീദ് പ്രതീക്ഷിച്ച വിധം പ്രകടമാകാതെയും കുഞ്ഞ് മരണപ്പെട്ടു. എങ്കിലും അവന്‍ തന്റെ ദുഖത്തിന്റെ നാളുകള്‍ക്കു വിട പറഞ്ഞുകൊണ്ട് ദൈവാലയത്തില്‍ പോയി അവിടുത്തെ ആരാധിച്ചു.

ദാവീദിന്റെ ത്യാഗോജ്വലമായ പ്രാര്‍ത്ഥനയുടെയും ആഴമേറിയ ദുഃഖത്തിന്റെ നടുവില്‍ നടത്തിയ ദൈവാരാധനയുടെയും ഫലം മറ്റൊന്നായിരുന്നു. അന്യപുരുഷന്റെ ഭാര്യയുമായി ശയിച്ചു വ്യഭിചാരം ചെയ്യുകയും ചതിയിലൂടെ അവനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദ്. തന്റെ ഭര്‍ത്താവിനെ വഞ്ചിച്ച ബേത്ഷബ. കര്‍ത്താവിന് അനിഷ്ടമായ പ്രവൃത്തി ചെയ്ത രണ്ടുപേര്‍. അവരില്‍നിന്നും ലോകത്തിലെ സര്‍വ്വജ്ഞാനിയായ സോളമന്‍ ജനിച്ചു. ദൈവത്തിന്റെ അനന്തമായ കരുണയും സ്‌നേഹവും ദാവീദിന്റെ ജീവിതത്തില്‍ വെളിപ്പെട്ടത് ഇപ്രകാരമാണ്.

ജീവിതത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വിപരീതമാം വിധം ഉത്തരം ലഭിച്ചാലും നിരാശപ്പെടരുത്. ദാവീദിനെപ്പോലെ നമ്മുടെ ദുഖങ്ങളില്‍നിന്നും എഴുന്നേറ്റ് ദൈവത്തെ ആരാധിക്കുക. സോളമന്റെ ജനനമെന്നോണം നമുക്കായി ദൈവം ഒരുക്കുന്ന അനുഗ്രഹത്തിനുവേണ്ടി കാത്തിരിക്കുക. പ്രതികൂലങ്ങളില്‍ അവിടുത്തെ വചനം നമ്മെ ശക്തിപ്പെടുത്തട്ടെ, ”പ്രാര്‍ത്ഥനയില്‍ മടുപ്പു തോന്നരുത്” (പ്രഭാഷകന്‍ 7/10).

ആന്‍ മരിയ ക്രിസ്റ്റീന