വയസ്: 12, ഭയം: ഇല്ല! – Shalom Times Shalom Times |
Welcome to Shalom Times

വയസ്: 12, ഭയം: ഇല്ല!

മൂന്നാം നൂറ്റാണ്ട്, ക്രൈസ്തവരായിരിക്കുക എന്നാല്‍ പീഡനങ്ങളേല്‍ക്കാന്‍ തയാറായിരിക്കുക എന്ന് അര്‍ത്ഥമാക്കേണ്ട കാലം. അക്കാലത്താണ് ഇന്നത്തെ ഫ്രാന്‍സിലെ അവ്‌റിലി പ്രദേശത്തുനിന്ന് ഡോമ്‌നിന്‍ എന്ന കുട്ടി ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് മനസിലാക്കുന്നത്. പരസ്യമായി ക്രിസ്ത്യാനിയാകുന്നത് വളരെ അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവന്‍ ക്രിസ്ത്യാനിയാകാന്‍ തീരുമാനിച്ചു. ധീരന്‍ എന്നല്ലാതെ മറ്റൊരു പേരും അവന് അത്ര ചേരുമായിരുന്നില്ല. കളിക്കുന്നതിനെക്കാളേറെ, യേശുവിന്റെയും രക്തസാക്ഷികളുടെയും ജീവിതകഥകള്‍ അവന് പ്രിയംകരമായിരുന്നു.

റിസിയോവാറൂസ് എന്ന ഭരണാധികാരിയുടെ ക്രൈസ്തവപീഡനം രൂക്ഷമായിരുന്ന കാലംകൂടിയായിരുന്നു അത്. തങ്ങളുടെ വിശ്വാസം പിന്തുടരുന്നതിന്റെപേരില്‍ ക്രൈസ്തവര്‍ പല ശിക്ഷകളും ഏറ്റുവാങ്ങി. ബാലനായ ഡോമ്‌നിന്റെ വിശ്വാസവും അധികാരിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവന്‍ തടവിലായി. അതികഠിനമായ പീഡനമുറകളാണ് അവനുനേരെ പ്രയോഗിച്ചത്. ആ പീഡനം കാണുന്നവര്‍ക്ക് ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കാന്‍ തോന്നണമെന്ന ഉദ്ദേശ്യവും പീഡകര്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഒരു ബാലനില്‍നിന്ന് പ്രതീക്ഷിക്കാവുന്നതിലേറെ ധൈര്യത്തോടെയും ശാന്തതയോടെയും ഡോമ്‌നിന്‍ ഉറച്ചുനിന്നു. അവന്റെ നിഷ്‌കളങ്കത തെളിഞ്ഞുനില്‍ക്കുമ്പോഴും ആ ധീരതയും ശ്രദ്ധേയമായിരുന്നു.

പീഡകര്‍ ഒടുവില്‍ തീരുമാനിച്ചു, ഡോമ്‌നിനെ കുരിശിലേറ്റി വധിക്കണം! ആ തീരുമാനത്തിനുമുന്നിലും അവന്‍ തന്റെ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറായില്ല. ഏറ്റവും ക്രൂരമായി തനിക്ക് വിധിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങാന്‍ അവന്‍ ഉറപ്പോടെ നിന്നു. കുരിശിലേറ്റി പീഡിപ്പിച്ചതിനുശേഷം ശിരസ് അറുത്ത് അവര്‍ അവനെ കൊലപ്പെടുത്തി എന്നാണ് ചരിത്രം പറയുന്നത്. അപ്പോള്‍ അവന് ഏതാണ്ട് പന്ത്രണ്ട് വയസ് പ്രായം. ആ ധീരരക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച മറ്റ് ക്രൈസ്തവര്‍ക്ക് അവന്റെ ധീരത പ്രചോദനമായി.

മരണശേഷം ഡോമ്‌നിന്റെ ശരീരാവശിഷ്ടങ്ങള്‍ വിശ്വാസികള്‍ സൂക്ഷിക്കുകയും നോര്‍മന്‍കാരുടെ ആക്രമണങ്ങളില്‍നിന്ന് സുരക്ഷിതമാക്കാനായി ഫ്രാന്‍സിലെതന്നെ പലയിടങ്ങളിലേക്കും മാറ്റുകയും ചെയ്തു. ആ തിരുശേഷിപ്പുകളിലൂടെ രോഗസൗഖ്യമുള്‍പ്പെടെ പല അത്ഭുതങ്ങളും സംഭവിച്ചുവെന്നാണ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
കുട്ടിയായിരിക്കേത്തന്നെ ക്രിസ്തുവിശ്വാസത്തിനായി രക്തസാക്ഷിയായിത്തീര്‍ന്ന വിശുദ്ധ ഡോമ്‌നിന്റെ മാധ്യസ്ഥ്യത്തിനായി നമ്മുടെ തലമുറയിലെ കുട്ടികളെ പ്രത്യേകം സമര്‍പ്പിക്കാം. അവന്റെ മാതൃക നമ്മെ പ്രചോദിപ്പിക്കട്ടെ.

അവ്‌റിലിയിലെ വിശുദ്ധ ഡോമ്‌നിന്‍