ഞാന്‍ ജോലിയില്‍ പ്രവേശിച്ച് ആദ്യത്തെ ദിവസം വീട്ടില്‍നിന്നിറങ്ങുമ്പോള്‍ എന്റെ പിതാവ് വരാന്തയില്‍നിന്നുകൊണ്ട് എനിക്കൊരു അനുഗ്രഹം തന്നു. ഇങ്ങനെയാണ് പറഞ്ഞത്: ”എന്റെ അനുഗ്രഹത്തിന്റെ തിരമാലകള്‍ നിന്നെ മുന്നോട്ട് മുന്നോട്ട് നയിക്കും. ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വരികയില്ല.” അതിന്റെകൂടെ ഒന്നുകൂടി ചേര്‍ത്തുപറഞ്ഞു, ”ക്ലാസ്മുറികളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഒരു അധ്യാപികയാകരുത്. ആബാലവൃദ്ധം ജനങ്ങള്‍ക്കും അറിവു പകര്‍ന്നുകൊടുക്കുന്ന ആത്മീയചൈതന്യമുള്ളൊരു വ്യക്തിയാകണം.” ആബാലവൃദ്ധം ജനങ്ങള്‍ക്കും അറിവു പകര്‍ന്നുകൊടുക്കണം എന്നുപറഞ്ഞതുകൊണ്ടായിരിക്കാം നഴ്‌സറി ക്ലാസുമുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുവരെ ക്ലാസെടുക്കുവാനുള്ള ദൈവാനുഗ്രഹം എനിക്ക് ഉണ്ടായി. ഇപ്പോഴും മുന്നോട്ടുമുന്നോട്ടു പോകുവാന്‍, റിട്ടയര്‍മെന്റിനുശേഷവും പൂര്‍വാധികം ശക്തിയോടുകൂടി പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുവാന്‍, എനിക്ക് സാധിക്കുന്നുണ്ട്.
ഞാന്‍ ടീച്ചറായി സേവനം ചെയ്തിരുന്ന അവസരത്തില്‍ മാനസിക സംഘര്‍ഷങ്ങളും വലിയ ദുഃഖങ്ങളും മാനസിക ആഘാതങ്ങളുമൊക്കെയുള്ള കുട്ടികള്‍ എന്തുകൊണ്ടോ എന്റെയടുത്തേക്ക് ഓടി വരുമായിരുന്നു. ദുഃഖിതരായ കുട്ടികള്‍, പ്രശ്‌നങ്ങളുള്ള കുട്ടികള്‍, ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികള്‍, മാനസിക-ശാരീരിക പീഡനങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍, മാതാപിതാക്കളില്‍ ഒരാളുടെമാത്രം കീഴില്‍ വളരുന്ന കുട്ടികള്‍, മാതാപിതാക്കളുടെ ഇടയിലെ പ്രശ്‌നങ്ങള്‍കൊണ്ട് മാനസികമായി തളര്‍ന്ന കുട്ടികള്‍… ഇവരൊക്കെ എന്നെ സമീപിക്കും.
അപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്, എന്തുകൊണ്ടാണ് ഈ കുട്ടികള്‍ എന്റെ പുറകെ വരുന്നതെന്ന്? അങ്ങനെയുള്ള കുട്ടികള്‍ വരുമ്പോള്‍ എനിക്ക് തോന്നി, ഇവരെ ആശ്വസിപ്പിക്കാന്‍ കര്‍ത്താവിന് എന്നെ പ്രത്യേകമായി ആവശ്യമുണ്ട് എന്ന്. അതുകൊണ്ടായിരിക്കാം പിന്നീടെനിക്ക് കൗണ്‍സിലിങ്ങിന്റെ പല കോഴ്‌സുകള്‍ ചെയ്യാനുമൊക്കെയുള്ള ഉള്‍പ്രേരണ ഉണ്ടായത്. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ഒരുപാട് പേര്‍ – ഞാന്‍ പഠിപ്പിച്ച കുട്ടികള്‍- ജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എന്നെ തേടി വരുന്നതുകണ്ട് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. മുപ്പതും ഇരുപത്തിയഞ്ചും ഇരുപതും വര്‍ഷം മുമ്പ് പഠിപ്പിച്ച വിവിധമതസ്ഥരായ വിദ്യാര്‍ത്ഥികള്‍, വിദേശത്തും സ്വദേശത്തുമുള്ള വിദ്യാര്‍ത്ഥികള്‍- അവരെല്ലാം എന്നെ അന്വേഷിച്ചു വരുകയും ഫോണ്‍ വിളിക്കുകയുമെല്ലാം ചെയ്യുന്നു.
അവരെ ആശ്വസിപ്പിക്കുമ്പോഴാണ് ഞാനൊരു അധ്യാപികയായതില്‍ എനിക്ക് അഭിമാനം തോന്നുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ഈ കുഞ്ഞുങ്ങള്‍ എന്നെ തേടി വരുന്നെങ്കില്‍ ദൈവത്തിന്റെ സ്‌നേഹത്തിന്റെ ഒരംശം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നതുകൊണ്ടാണല്ലോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
ഈ അനുഭവങ്ങളെല്ലാം എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: അധ്യാപകര്‍ക്ക് കുഞ്ഞുങ്ങളെ സ്‌നേഹംകൊണ്ട് നേടാന്‍ സാധിക്കും. മിടുക്കന്മാരെയും മിടുക്കികളെയും സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ആര്‍ക്കും സാധിക്കും. എന്നാല്‍ സ്‌നേഹയോഗ്യരല്ലാതെ പെരുമാറുന്ന കുട്ടികള്‍, ധിക്കാരവും ധാര്‍ഷ്ട്യവും കാണിക്കുന്ന കുട്ടികള്‍ – അവരെ ചേര്‍ത്തുനിര്‍ത്താനും അവരോട് കരുണയോടുകൂടി പെരുമാറുവാനും ക്ഷമയോടുകൂടി കാത്തിരുന്ന്, കരുത്തോടുകൂടി അവരെ കൈപിടിച്ചുയര്‍ത്തുവാനും നമുക്ക് സാധിക്കുന്നുണ്ടോ? അതിനുള്ള വിശ്വാസവും ശക്തിയും ആത്മധൈര്യവും നമുക്കുണ്ടോ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതാണ് ക്രൈസ്തവ അധ്യാപകരുടെ വെല്ലുവിളി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈശോ പറയുന്നുണ്ടല്ലോ, ”ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല” (മത്തായി 18/14).
കുട്ടികള്‍ നന്ദിയില്ലാതെ, നിന്ദയോടുകൂടി പെരുമാറുമ്പോഴും മനസുകൊണ്ട് അവരെ ഉപേക്ഷിക്കാതെ, ശപിക്കാതെ, ശാസിക്കാതെ നിരുപാധികമായ സ്‌നേഹം നല്‍കാന്‍ തയാറാകണം. അങ്ങനെ നിരന്തരം അവരുടെ പിന്നാലെ ആയിരുന്ന് ആ കുട്ടിയെ നേടുവാന്‍ സാധിക്കുന്നതുവരെയും നമ്മുടെ പരിശ്രമം അവസാനിപ്പിക്കാത്ത ഒരു തപസ്യ അല്ലെങ്കില്‍ ഒരു ദൈവവിളിയാക്കി മാറ്റാന്‍ സാധിച്ചാല്‍ അതൊരു വലിയ കാര്യമാണ്, ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം. ”നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി
രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്” (ലൂക്കാ 19/10).
ആ ക്രിസ്തീയ സമര്‍പ്പണദൗത്യത്തിലേക്ക് എല്ലാ അധ്യാപകരും വളരുകയാണെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടുപോകുകയില്ല. ഓരോരുത്തരെയും നേടിയെടുക്കുവാന്‍ സാധിക്കും. കുപ്പയിലെ മാണിക്യക്കല്ലുപോലെ അവരുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന പ്രതിഭയെ പുറത്തേക്ക് കൊണ്ടുവരാനും മാലാഖവ്യക്തിത്വത്തിലേക്ക് വളര്‍ത്താനും നമുക്ക് സാധിക്കും.
ഡോ. ആന്‍സി ജോസഫ്