തിരിച്ചറിവ് എന്ന മഹാ അറിവ് ! – Shalom Times Shalom Times |
Welcome to Shalom Times

തിരിച്ചറിവ് എന്ന മഹാ അറിവ് !

വിദ്യ അഭ്യസിക്കുന്നവര്‍ ഗുരുവിന്റെ കൂടെ താമസിച്ച് ഗുരുമുഖത്തുനിന്നും വിദ്യ അഭ്യസിക്കുന്ന ഒരു കാലം. വൈദ്യനായ ഗുരു തന്റെ ശിഷ്യനെ ‘കീഴാര്‍നെല്ലി’ എന്ന മരുന്നു പറിക്കുവാന്‍ ഔഷധത്തോട്ടത്തില്‍ വിട്ടു. കുറെയധികം നേരം കാത്തിരുന്നപ്പോള്‍ അവസാനം അവനെത്തി. കൈയില്‍ കീഴാര്‍നെല്ലിപോലിരിക്കുന്ന ഏതോ പാഴ്‌ച്ചെടിയുമായി. ഗുരു തന്റെ ശിഷ്യനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്റെ നിറുകയില്‍ തലോടി ചോദിച്ചു. ”നിന്നെ ഞാനെങ്ങനെ വൈദ്യം പഠിപ്പിക്കും? രോഗിയുടെ രോഗമെന്തെന്നും അതിനുള്ള കാരണമെന്തെന്നും അതിനുതക്ക മരുന്നെന്തെന്നും തിരിച്ചറിയാന്‍ കഴിയാത്തവന്‍ വൈദ്യം പഠിച്ചുകൂടാ. അങ്ങനെ ചെയ്താല്‍ അത് ലോകത്തിനുമുഴുവന്‍ ദോഷം ചെയ്യും. മകന്‍ ഇവിടം വിട്ടുപോയി വേറെ എന്തെങ്കിലും വിദ്യ അഭ്യസിച്ചാട്ടെ. ഈശ്വരന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും!”

വളഞ്ഞ മൂക്ക് നേരെയായപ്പോള്‍
ഞങ്ങളുടെ അയല്‍പക്കത്തുള്ള ഒരു കുട്ടിക്ക് ജലദോഷം പിടിപെട്ടു. എന്നുമെന്നും എല്ലാനേരവും ജലദോഷം. മാതാപിതാക്കന്മാര്‍ അവളെ പേരുകേട്ട ഒരു ഇ.എന്‍.റ്റി സ്‌പെഷ്യലിസ്റ്റിനെ കാണിച്ചു. ഡോക്ടര്‍ വിശദപരിശോധന നടത്തി ട്രീറ്റ്‌മെന്റ് നിശ്ചയിച്ചു. ”മൂക്കിന്റെ പാലം വളഞ്ഞാണ് ഇരിക്കുന്നത്. ഉടനടി ഓപ്പറേഷന്‍ ചെയ്ത് നേരെയാക്കണം. അല്ലെങ്കില്‍ മൂക്കടഞ്ഞുപോകും. ശ്വാസോച്ഛ്വാസം അസാധ്യമാകും.” മറ്റെന്തെങ്കിലും വഴി കാണിച്ചുതരണം എന്ന് മാതാപിതാക്കള്‍ കരഞ്ഞുപറഞ്ഞപ്പോള്‍ ഒരു വര്‍ഷത്തേക്ക് ഡോക്ടര്‍ ഡോസുകൂടിയ മരുന്നു നല്കി. ഓപ്പറേഷനായി ഒരുങ്ങാനും പറഞ്ഞു.

മരുന്നിന്റെ കാഠിന്യംമൂലം അവള്‍ക്ക് പഠനംപോലും അസാധ്യമായിത്തീര്‍ന്നു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ മാതാപിതാക്കള്‍ അവളെ പ്രഗത്ഭനായ മറ്റൊരു ഇ.എന്‍.റ്റി സ്‌പെഷ്യലിസ്റ്റിനെ കാണിച്ചു. വിദഗ്ധ പരിശോധനയ്ക്കുശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു, ”തുടര്‍ച്ചയായ ജലദോഷം വരുന്നത് അലര്‍ജിമൂലമാണ്. അലര്‍ജിക്ക് എതിരായ മരുന്നുമാത്രം കഴിച്ചാല്‍ മതി. അതും കുറച്ചുനാള്‍ മാത്രം!” അവര്‍ അത് അനുസരിച്ചു. ആ പെണ്‍കുട്ടി പൂര്‍ണമായും സുഖപ്പെട്ടു. ഇപ്പോള്‍ മിടുക്കിയായി തന്റെ കോഴ്‌സ് ചെയ്യുന്നു.

ചായക്കടക്കാരി നാരായണി ഹീലിങ്ങ് സ്റ്റാറായപ്പോള്‍
‘ചായക്കടയില്‍ സ്ഥിരം ചായ കുടിക്കാനെത്തിയിരുന്ന പീലിപ്പോസുചേട്ടന്‍ അറ്റാക്കായിട്ട് ആശുപത്രിയില്‍ ഐസിയുവിലാണ്.’ നാരായണിചേച്ചിക്കതു വിശ്വസിക്കാനായില്ല. വേഗം ഒരു കുപ്പി വായുഗുളികയും എടുത്ത് മടിയില്‍ തിരുകി അടുത്തുതന്നെയുള്ള ആശുപത്രിയിലേക്ക് ഓടി. അവിടെയുള്ള സിസ്റ്ററുമാരുമായി നാരായണിചേച്ചി നല്ല ലോഹ്യത്തിലുമാണ്. അവരെ മണിയടിച്ച് ഒരുവിധത്തില്‍ ചേച്ചി ഉള്ളില്‍ കടന്നു. ലോഹ്യവും ആശ്വാസവാക്കുകളും പറഞ്ഞ് ആരും കാണാതെ വായുഗുളിക പീലിപ്പോസുചേട്ടന്റെ കൈയില്‍ കൊടുത്തു, ”ചേട്ടന്‍ ഇതങ്ങു തിന്നോളൂ, വായുഗുളികയാണ്. ചേട്ടന് വായുകോപമാ. അറ്റാക്കല്ല.” പീലിപ്പോസുചേട്ടന്‍ വായുഗുളിക അകത്താക്കി. ചൂടുവെള്ളവും കുടിച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശക്തമായ അഞ്ചാറ് ഏമ്പക്കം! ചങ്കുവേദന മാറിപ്പോയി. വയറുകമ്പിക്കല്‍ പോയി. പിറ്റേദിവസം ആശുപത്രി വിട്ടു.

യേശുവിലേക്കൊരു എത്തിനോട്ടം!
ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ വൈദ്യനാണ് യേശുക്രിസ്തു. തന്റെ പരസ്യജീവിതകാലത്ത് തന്റെ അടുത്തേക്കുവന്ന ഓരോ രോഗികളെയും അവിടുന്നു സുഖപ്പെടുത്തി. ഓരോ രോഗികളെയും അവരുടെ രോഗകാരണങ്ങളെയും അവന്‍ വ്യക്തിപരമായി അറിഞ്ഞു. അതുകൊണ്ടുതന്നെ ഓരോ രോഗിക്കും കൊടുത്ത ട്രീറ്റ്‌മെന്റും വ്യത്യസ്തമായിരുന്നു. ഇന്നും അവന്റെ നാമത്തിന്റെ ശക്തിയാല്‍ അനേക കോടികള്‍ സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്നു. സമഗ്ര വിമോചകനായ യേശുവിന്റെ വ്യക്തിത്വത്തിന് പല മുഖങ്ങളും ഉണ്ടെങ്കിലും സൗഖ്യദായകനായ, ദിവ്യവൈദ്യനായ യേശുവിന്റെ മുഖമാണ് അന്നും ഇന്നും ലോകം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും തേടുന്നതും!

ഇത് ആരുടെ പാപം നിമിത്തം?
രോഗവും മറ്റ് അനര്‍ത്ഥങ്ങളും പാപത്തിന്റെ ഫലമായി മാത്രം സംഭവിക്കുന്നതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരു വലിയ സംഘം ആളുകളുടെ നടുവിലാണ് തന്റെ പരസ്യജീവിതകാലത്ത് യേശു സൗഖ്യദായക ശുശ്രൂഷ നിര്‍വഹിച്ചുകൊണ്ട് നടന്നുനീങ്ങിയത്. ഒരിക്കല്‍ ജന്മനാ അന്ധനായ ഒരുവനെ യേശുവിന്റെ മുമ്പില്‍ കൊണ്ടുവന്നിട്ട് ചുറ്റുംകൂടിയിരുന്ന ജനം യേശുവിനോടു ചോദിച്ചു: ആരുടെ പാപം നിമിത്തമാണ് ഇവന്‍ ജന്മനാ അന്ധനായിത്തീര്‍ന്നത്? ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ? യേശു തന്റെ ചുറ്റും കൂടിയിരുന്നവരെ നോക്കി ചെറുപുഞ്ചിരിയോടെ ശാന്തഗംഭീരമായി പ്രതിവചിച്ചു: ”ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല. പിന്നെയോ ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകാന്‍വേണ്ടിയാണ്.” യേശു തന്റേതായ പ്രത്യേക വഴിയിലൂടെ അവനെ സൗഖ്യപ്പെടുത്തി പറഞ്ഞയച്ചു.

പാപംമൂലവും രോഗം വരാം
എന്നാല്‍, പാപമോചനം നല്‍കിക്കൊണ്ട് അവിടുന്ന് ചിലരെ സുഖപ്പെടുത്തിയതായും സുവിശേഷത്തില്‍ കാണുന്നു. തളര്‍വാതരോഗിയുടെ സൗഖ്യം അങ്ങനെയായിരുന്നു. ഇന്നും നല്ലൊരു പശ്ചാത്താപത്തിലൂടെ, ഒരു ഏറ്റുപറച്ചിലിലൂടെ, ഒരു നല്ല കുമ്പസാരത്തിലൂടെ അനേകം രോഗികള്‍ യേശുവിന്റെ നാമത്തില്‍ സൗഖ്യം പ്രാപിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ… മനുഷ്യന്റെ എല്ലാ രോഗങ്ങളുടെയും അവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നപ്രതിസന്ധികളുടെയും ഏകകാരണം അവന്റെതന്നെയോ അവന്റെ പൂര്‍വികരുടെയോ പാപമല്ല.

പൈശാചികബാധകളും രോഗങ്ങളും
ഒരാത്മാവ് ബാധിച്ച് പതിനെട്ടുവര്‍ഷം കൂനിയായിപ്പോയ ഒരു സ്ത്രീയെ യേശു സുഖപ്പെടുത്തുന്നത് നാം സുവിശേഷത്തില്‍ കാണുന്നു (ലൂക്കാ 13:10). അശുദ്ധാത്മാവിനോട് അവളെ വിട്ടു പുറത്തുപോകാന്‍ കല്പിച്ചുകൊണ്ടാണ് യേശു അവളെ സുഖപ്പെടുത്തുന്നത്.
ആജ്ഞാവചനം ഉച്ചരിച്ചാണ് യേശു ലെഗിയോന്‍ ബാധിച്ച് നഗ്നനായി കല്ലറകളില്‍ താമസിച്ചിരുന്നവനെ സുഖപ്പെടുത്തി സുബോധത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് (മര്‍ക്കോസ് 5/1-20). പക്ഷേ എല്ലാ രോഗങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും കാരണം പൈശാചിക ആവാസങ്ങളല്ല.
അവളിലെ പൈശാചിക ആവാസമാണ് മഗ്ദലനാമറിയത്തെ ഒരു പരസ്യ പാപിനിയാക്കിത്തീര്‍ത്തത്. യേശുകര്‍ത്താവ് അവളില്‍നിന്നും ഏഴു പിശാചുക്കളെ പുറത്താക്കിക്കൊണ്ടാണ് പാപംചെയ്യുവാന്‍ മാത്രമറിയാവുന്ന അവളെ പുണ്യപൂര്‍ണയാക്കി മാറ്റിയത് (മര്‍ക്കോസ് 16/9).

നീതിമാനായ ജോബിന്റെ കഠിനമായ രോഗാവസ്ഥയ്ക്കും വന്‍ദുരിതങ്ങള്‍ക്കും കാരണം ദൈവനിയോഗപ്രകാരം അവന്റെ ജീവിതത്തില്‍ വന്നുചേര്‍ന്ന വലിയ പൈശാചിക പീഡകളായിരുന്നു. പൈശാചിക പീഡകളും പൈശാചിക ആവാസവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ദൈവനിയോഗപ്രകാരമുള്ള ജോബിന്റെ പീഡകളുടെ കാലഘട്ടം കഴിഞ്ഞപ്പോള്‍ ദൈവം അവനെ പൂര്‍ണമായും സൗഖ്യത്തിലേക്ക് നയിക്കുന്നു. നഷ്ടപ്പെട്ടതെല്ലാം ഇരട്ടിപ്പങ്കായി തിരികെ കൊടുക്കുന്നു. പക്ഷേ മനുഷ്യനിന്ന് അനുഭവിക്കുന്ന എല്ലാ രോഗകാരണങ്ങള്‍ക്കും പിന്നില്‍ പൈശാചിക ആവാസങ്ങളോ പൈശാചിക പീഡകളോ അല്ല. അതിനാല്‍ എല്ലാ രോഗങ്ങളെയും സുഖപ്പെടുത്തുവാന്‍ പൈശാചിക ബഹിഷ്‌കരണ പ്രാര്‍ത്ഥനയല്ല ആവശ്യം. ചിലര്‍ക്കത് അനിവാര്യമാണ്. ഓരോ രോഗിക്കും എന്തുവിധത്തിലുള്ള രോഗശാന്തീശുശ്രൂഷയാണ് ആവശ്യമെന്ന് തിരിച്ചറിയുന്നിടത്താണ് ഒരു ശുശ്രൂഷകന്റെ വിജയം. ഈ തിരിച്ചറിവാകുന്ന മഹാ അറിവില്ലാതെ കാടടച്ചു വെടിവച്ചാല്‍ ഫലവും മിക്കവാറും വിപരീതമായിരിക്കും!

രക്ഷാകരസഹനത്തിന്റെ
ഭാഗമായുള്ള രോഗങ്ങള്‍!
ലോകത്തിന്റെ മുഴുവന്‍ രോഗഭാരവും പാപഭാരവും പേറിയവനാണ് ഏശയ്യാ 53 ലെ സഹനദാസനായ യേശുക്രിസ്തു. ലോകം മുഴുവനിലുമുള്ള സകല മനുഷ്യരുടെയും പാപഭാരമാണ് അവന്‍ ചുമലില്‍ വഹിച്ചത്. ”അവന്റെ മുറിവുകളാലാണ് നാം സൗഖ്യം പ്രാപിച്ചിരിക്കുന്നത്” (ഏശയ്യാ 53/5). യേശുവിന്റെ ഈ രക്ഷാകരസഹനത്തോട് ചേര്‍ന്നുള്ള സഹനം അനേക പാപികളുടെ രക്ഷയ്ക്കായി യേശു ചില ആത്മാക്കള്‍ക്ക് നല്‍കാറുണ്ട്. ഇവരുടെ രോഗങ്ങള്‍ എത്ര പ്രാര്‍ത്ഥിച്ചാലും സുഖപ്പെടാറില്ല. ഇവരുടെ സഹനത്തിലൂടെയും ബലിജീവിതത്തിലൂടെയും അനേകം ആത്മാക്കളെ രക്ഷയുടെ അനുഭവത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ദൈവത്തിന്റെ മഹോന്നതമായ പദ്ധതി.

യേശുവിന്റെ ബലിജീവിതത്തിന്റെ ഭാഗമായി ബലിജീവിതം കയ്യാളുന്ന ഈ ആത്മാക്കള്‍ തങ്ങളുടെ ജീവിതകാലത്ത് ഒരിക്കലും ആരാലും മനസിലാക്കപ്പെടാത്തവരും ആശ്വസിപ്പിക്കപ്പെടാത്തവരു ഒക്കെ ആയിരിക്കാം. വിശുദ്ധ കൊച്ചുത്രേസ്യയും വിശുദ്ധ അല്‍ഫോന്‍സാമ്മയും പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയുമെല്ലാം ഈ ഗണത്തില്‍പെട്ടവരാണ്. അവര്‍ പലപ്പോഴും ഉന്നത അധികാരികളാലും ചുറ്റുമുള്ള പ്രിയപ്പെട്ടവരാലും ക്രൂരമായി തെറ്റിദ്ധരിക്കപ്പെടുകകൂടി ചെയ്തു. സമര്‍പ്പിതരുടെ ഗണത്തില്‍മാത്രമല്ല, കുടുംബസ്ഥരുടെ ഗണത്തിലുമുണ്ട് സഹനദാസന്മാരും ദാസികളും. അവരെയും നാം തിരിച്ചറിയണം.

2025 പ്രത്യാശയുടെ വര്‍ഷം!
പ്രത്യാശയുടെ വര്‍ഷമായ ഈ 2025 ലെങ്കിലും നമുക്കാരെയും തെറ്റിദ്ധരിക്കാതെയും കുറ്റംവിധിക്കാതെയുമിരിക്കാന്‍ സൂക്ഷിക്കാം. പ്രത്യാശയറ്റ് നിലംപറ്റി കിടക്കുന്ന നിസഹായരും രോഗഗ്രസ്തരുമായ അനേകരെ പ്രത്യാശ കൊടുത്ത് ജീവന്റെ സമൃദ്ധിയിലേക്ക് നയിക്കേണ്ടവരാണ് നമ്മള്‍ എല്ലാവരും. അതിലേക്കായി യഥാര്‍ത്ഥമായ തിരിച്ചറിവെന്ന മഹാ അറിവ് (വിവേചനത്തിന്റെ വരം) നമുക്ക് ലഭിക്കുവാനായി പരിശുദ്ധാത്മാവായ ദൈവത്തോട് നമുക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. ദൈവമേ ”അവിടുന്ന് ഉന്നതത്തില്‍നിന്നും തന്റെ ജ്ഞാനത്തെയും അവിടുത്തെ പരിശുദ്ധാത്മാവിനെയും അയച്ചില്ലെങ്കില്‍ അവിടുത്തെ ഹിതം ആരു തിരിച്ചറിയും?!” (ജ്ഞാനം 9:17). ഓ, പരിശുദ്ധാത്മാവേ പ്രത്യാശയുടെ വര്‍ഷമായ 2025 ന്റെ വരുംകാല ദിനങ്ങളെ അവിടുന്ന് പ്രകാശപൂര്‍ണവും സൗഖ്യപൂര്‍ണവും ആക്കിത്തീര്‍ക്കേണമേ, ആമ്മേന്‍.
പ്രയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ

സ്റ്റെല്ല ബെന്നി