സ്വാതന്ത്ര്യത്തോടെ വിശുദ്ധബലിക്ക് പോകാന്‍ സാധിക്കാതിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. കാരണം ജനിച്ച നാളുകള്‍മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ റാസല്‍ ഖൈമയിലായിരുന്നു ജീവിതം. അപ്പച്ചനും അമ്മയും വിവാഹശേഷം അധികം താമസിയാതെ ജോലിസംബന്ധമായി റാസല്‍ ഖൈമയിലെത്തിയതാണ്. അന്ന് അവിടെ പരസ്യമായ ആരാധന ക്രൈസ്തവര്‍ക്ക് അനുവദനീയമായിരുന്നില്ല. മാസത്തിലൊരിക്കല്‍ കത്തോലിക്കര്‍ ഏതെങ്കിലും വീടുകളില്‍ ഒരുമിച്ച് ചേരും. അന്ന് ഒരു വൈദികനെയും ക്ഷണിച്ചിട്ടുണ്ടാകും. ലത്തീന്‍, സീറോ മലബാര്‍ റീത്തുകളില്‍ മാറിമാറി ബലിയര്‍പ്പിക്കപ്പെടും. ചിലപ്പോള്‍ ഇംഗ്ലീഷ് ദിവ്യബലിയായിരിക്കും. എല്ലാം വളരെ ക്രമീകൃതമായാണ് ചെയ്യുക. ഒരു പ്രദേശത്ത് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതുപോലും അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രശ്‌നമുണ്ടാകും.
ഇങ്ങനെയൊക്കെയാണെങ്കിലും കരിസ്മാറ്റിക് ശൈലിയിലുള്ള കൂട്ടായ്മയില്‍ എല്ലാവരും വലിയ തീക്ഷ്ണത പുലര്‍ത്തിയിരുന്നു. നിശ്ചിതവീടുകളില്‍ എല്ലാ ആഴ്ചയുംതന്നെ കുട്ടികള്‍ക്ക് വേദപാഠക്ലാസുകളും ക്രമീകരിച്ചിരുന്നു. എന്റെ മാതാപിതാക്കളുടെ സജീവ ക്രൈസ്തവജീവിതം എനിക്ക് ഏറെ പ്രചോദനം തന്നു. വീടുകളില്‍ മലയാളം ദിവ്യബലിക്കായുള്ള ഒരുക്കങ്ങളെല്ലാം അപ്പച്ചനും അമ്മച്ചിയും ചേര്‍ന്ന് ചെയ്യുന്നത് എപ്പോഴും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ഏറെ താത്പര്യത്തോടെയും ശ്രദ്ധയോടെയും അള്‍ത്താരവിരികളെല്ലാം കഴുകി തേച്ച് ഒരുക്കിവയ്ക്കുകയും തിരികളും മറ്റ് അനുബന്ധവസ്തുക്കളും ഏറ്റവും മനോഹരമായി ക്രമീകരിച്ചുവയ്ക്കുകയും ചെയ്യും.
കൂടാതെ, എല്ലാ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമുള്ള പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്ക് അപ്പച്ചനും അമ്മച്ചിയും ഞാനും അനിയത്തിയും അടങ്ങുന്ന ഞങ്ങളുടെ കുടുംബം ഒന്നിച്ചു പോകും. പിറ്റേന്ന് പരീക്ഷയാണെങ്കില്‍പ്പോലും ഒരു ഒഴികഴിവും തരാറില്ല. ആ സ്ഥിരത വളരെ ശ്രദ്ധേയമായിരുന്നു. ”കര്‍ത്താവിന്റെ ഭക്തരേ, ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിക്കുവിന്‍” (പ്രഭാഷകന്‍ 2/9).
അമ്മ കോണ്‍വെന്റ് സ്‌കൂളിലും കോളേജിലും പഠിച്ചതുകൊണ്ട് സിസ്റ്റര്‍മാരില്‍നിന്നും സ്വായത്തമാക്കിയ ആത്മീയത ഏറെ സഹായകമായി. പിന്നീട് ജീസസ് യൂത്ത് പ്രസ്ഥാനത്തിലും അമ്മ സജീവമായിരുന്നു. അപ്പച്ചനാകട്ടെ വീട്ടില്‍നിന്ന് വിശ്വാസം ലഭിച്ചിരുന്നെങ്കിലും അമ്മയുടെ തീക്ഷ്ണതയില്‍നിന്നാണ് വലിയ മാറ്റം വന്നത് എന്നും പറയാറുണ്ട്.
എന്റെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവുമെല്ലാം ഷാര്‍ജ ദൈവാലയത്തിലാണ് നടന്നത്. അതിനുശേഷം ഞാന്‍ അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്യാന്‍ തുടങ്ങി. പലപ്പോഴും ഞങ്ങളുടെ വീട്ടില്‍ വൈദികരെ താമസിപ്പിക്കാറുണ്ട്. പല വൈദികരും എന്നെ ആഴത്തില്‍ സ്വാധീനിച്ചു.
കാര്യം ഇത്തിരി കൗതുകകരം
എന്നാല്‍ വൈദികനാകാന്‍ എന്നെ പ്രേരിപ്പിച്ചതില്‍ അല്പം കൗതുകകരമായ ഒരു ചിന്തയും പങ്കുവഹിച്ചിട്ടുണ്ട്. ഞങ്ങളുടെ കത്തോലിക്കാ കൂട്ടായ്മയില്‍ അനേകം ഫിലിപ്പിനോകളും ഉണ്ടായിരുന്നു. അവര്‍ക്കിടയില്‍നിന്ന് അള്‍ത്താരബാലന്‍മാര്‍ ഇല്ലാതിരുന്ന ആദ്യകാലത്ത് അവര്‍ക്കായുള്ള ഇംഗ്ലീഷ് ദിവ്യബലിയിലും ഞാന്‍ അള്‍ത്താരബാലനാകും. പിന്നീട് അവര്‍ക്കിടയില്‍നിന്നുതന്നെയുള്ള കുട്ടികളെ ഞാന്‍ പരിശീലിപ്പിച്ചു. എന്നാല്‍ അല്പം ഇരുണ്ട നിറക്കാരനായ എന്നോടൊപ്പം അള്‍ത്താരയില്‍ നില്‍ക്കാന്‍ പല ഫിലിപ്പിനോ കുട്ടികള്‍ക്കും താത്പര്യമില്ലായിരുന്നു. എന്റെ മുന്നിലിരുന്നുതന്നെ അവര്‍ അതിന്റെപേരില്‍ പരസ്പരം നിര്‍ബന്ധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതെനിക്ക് വല്ലാത്ത മുറിവുണ്ടാക്കി.
അക്കാലത്താണ് വിശുദ്ധബലിക്കായി പുതിയതായി അനി സേവ്യര്‍ എന്ന വൈദികന്‍ വന്നുതുടങ്ങിയത്. അദ്ദേഹം തീര്‍ത്തും ഇരുണ്ട നിറത്തിലുള്ള ആളാണ്.
പക്ഷേ ഫിലിപ്പിനോകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അദ്ദേഹത്തോട് വലിയ സ്‌നേഹവും ആദരവും! അതുകണ്ടപ്പോള്‍, ഒരു വൈദികനായാല്‍ അവരെല്ലാം എന്നെയും ആദരിക്കുമല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. അടിച്ചുപൊളിച്ചു ജീവിക്കുമ്പോള്‍ ദൈവാലയവുമായും കൂട്ടായ്മയുമായും ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ എന്നെ എപ്പോഴും കാണുന്നതുകൊണ്ട് ഞാന്‍ ഏറെ സംരക്ഷിക്കപ്പെട്ടു എന്ന് പറയാം. സഹപാഠികള്‍ എന്റെ സാന്നിധ്യത്തില്‍ ആ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ പറയുന്നവിധത്തിലുള്ള ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍പോലും നടത്തിയിരുന്നില്ല. പിന്നീട് പന്ത്രണ്ടാം ക്ലാസ് പഠനത്തിനുശേഷം കേരളത്തില്‍ ബി.ടെക് പഠനത്തിനെത്തിയപ്പോള്‍മാത്രമാണ് വ്യത്യസ്തമായ സാഹചര്യം വന്നത്. തുടര്‍ന്ന് കോയമ്പത്തൂരില്‍ എം.ടെക് പഠനം നടത്തി.
എം.ടെക് പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകംതന്നെ ബി.ടെക് പഠിച്ചിരുന്ന കോളേജില്‍ അധ്യാപകനായി എനിക്ക് ജോലി ലഭിച്ചു. അവിടെ ജോലി ചെയ്ത ആറുമാസത്തോളം വളരെ ‘അടിച്ചുപൊളി’ ജീവിതമായിരുന്നു. സത്യത്തില്‍ ആ ജീവിതത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഞാന്‍ വഴിതെറ്റിപ്പോകുമോ എന്ന ഭയത്തോടെ വീട്ടുകാര്‍ എനിക്കായി ഏറെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ച് വചനമെടുക്കുമ്പോള്‍ അഞ്ചപ്പം അയ്യായിരം പേര്‍ക്കായി നല്കുന്ന വചനഭാഗമാണ് (മത്തായി 14/13-21) എപ്പോഴും അവര്‍ക്ക് ലഭിച്ചിരുന്നത്. ‘എടാ നിന്നെക്കുറിച്ച് എന്തോ വലിയ പദ്ധതിയുണ്ട് കര്‍ത്താവിന്, നീ ഇങ്ങോട്ട് വാ’ എന്നുപറഞ്ഞ് അവരെന്നെ വിളിക്കാന്‍ തുടങ്ങി. അങ്ങനെ ജോലി രാജിവച്ച് ഞാന്‍ അവിടെയെത്തി. അവിടെ എന്തെങ്കിലും ജോലി നോക്കാമെന്നായിരുന്നു ചിന്തിച്ചത്. അതുവരെ പഠനത്തിലും ജോലിയിലുമൊന്നും എനിക്ക് അല്പംപോലും താമസം നേരിട്ടിരുന്നില്ല. പക്ഷേ അവിടെയെത്തി ഏഴ് മാസങ്ങളോളം കഴിഞ്ഞിട്ടും എനിക്ക് ജോലി ലഭിച്ചില്ല. ഉരുകുന്നതുപോലുള്ള ഒരു അനുഭവമായിരുന്നു അക്കാലത്ത്.
അനിയത്തിയുടെ ഒരു ചോദ്യം…
ആ സമയത്ത് അനിയത്തി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവളാണ് ആദ്യമായി എന്നോട് ചോദിച്ചത്, ‘പണ്ട് പറഞ്ഞിരുന്നതുപോലെ ഇപ്പോഴും വൈദികനാകാന്‍ ആഗ്രഹമുണ്ടോ’ എന്ന്. ഞാനും അതെക്കുറിച്ച് ചിന്തിച്ചു. ആഗ്രഹം മനസിലുണ്ടെന്ന് ഉറപ്പാക്കി. എന്നാല്‍ രണ്ടുവര്‍ഷമെങ്കിലും ജോലി ചെയ്തിട്ട് സെമിനാരിയില്‍ ചേരാമെന്നായിരുന്നു ചിന്ത. എന്നാല്‍ വീട്ടില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം അല്പം വിഷമം തോന്നിയെങ്കിലും അപ്പച്ചന്‍ പറഞ്ഞത് എത്രയും പെട്ടെന്ന് സെമിനാരിയില്‍ ചേരാനാണ്. അങ്ങനെ ഞാന്‍ സെമിനാരിയില്‍ ചേരാനായി നാട്ടിലെത്തി. നാട്ടിലെത്തിയപ്പോള്‍ ധ്യാനത്തില്‍ പങ്കുചേര്‍ന്നു. ആ ധ്യാനത്തില്‍വച്ചാണ് വൈദികനാകാനുള്ള വിളിയില്‍ ഉറപ്പുവരുത്തിയത്.
എന്നെ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് കപ്പൂച്ചിന്‍ വൈദികരായിരുന്നതിനാല്‍ കപ്പൂച്ചിന്‍ സഭയില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അത് ഒരു സെപ്റ്റംബര്‍മാസമായിരുന്നതിനാല്‍ ആ വര്‍ഷത്തെ സെമിനാരിപ്രവേശനം കഴിഞ്ഞിരുന്നു. മറ്റ് സന്യാസസഭകളില്‍ ചേരാമെന്ന് ചിന്തിച്ചെങ്കിലും ആ ശ്രമം അധികം മുന്നോട്ട് പോയില്ല. അപ്പോഴാണ് എന്റെ ഒരു അങ്കിളിന്റെ സുഹൃത്തും ഞങ്ങളുടെ അകന്ന ബന്ധുവുമായ ഈശോസഭവൈദികന്‍ ഫാ. ഗ്രേഷ്യസ് സ്റ്റീഫനെ സന്ദര്‍ശിക്കുന്നത്. ഏറെ കൃപയുള്ള വൈദികനാണ് അദ്ദേഹം എന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുമുണ്ട്. അദ്ദേഹത്തോട് ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞു. അദ്ദേഹം ഈശോസഭയുടെ കേരള പ്രൊവിന്‍സിലുള്ള ടോബിയച്ചനെ പരിചയപ്പെടുത്തി. അദ്ദേഹം എന്നെ ദൈവവിളി വിവേചിച്ചറിയാനുള്ള ധ്യാനത്തിലേക്ക് നയിച്ചു.
സ്വന്തം വീട് കണ്ടെത്തുക!
അങ്ങനെ ദൈവവിളി ഉറപ്പാക്കിയപ്പോള്‍ പിന്നെ ഏത് സന്യാസസഭയില്‍ ചേരണമെന്നായി ചിന്ത. ടോബിയച്ചനിലൂടെ നൊവിസ് മാസ്റ്ററായ അച്ചന്റെയടുത്തേക്ക് എത്തി. അദ്ദേഹം എന്നോട് സ്വന്തം ഹൃദയത്തിലുണ്ടാകുന്ന അനുഭവം ശ്രദ്ധിക്കാന്‍ പറഞ്ഞു. ഏത് സഭയുമായി ബന്ധപ്പെട്ടാണോ സ്വന്തം വീട് എന്ന അനുഭവം ഉണ്ടാകുന്നത്, അവിടെ ചേരുക! എന്നാല്‍, വാസ്തവത്തില്‍ രണ്ട് സഭകളുടെ ഭവനങ്ങളില്‍വച്ചും എനിക്ക് ആ തോന്നല്‍ മനസിലാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കേയാണ് ഇരിങ്ങാലക്കുടയില്‍ ഒരു വൈദികപട്ടത്തിന് ക്ഷണം സ്വീകരിച്ച് പോകുന്നത്.
ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനിലിറങ്ങി പട്ടം നടക്കുന്ന കത്തീഡ്രലിലേക്ക് ബസ് യാത്ര. ബസില്‍ പാന്റ്‌സും ജൂബയുമണിഞ്ഞ ഈശോസഭാവൈദികരുണ്ട്. ഒറ്റനോട്ടത്തില്‍ അവര്‍ വൈദികരാണെന്ന് മനസിലാവുകയും ചെയ്യും. ആ ബസില്‍വച്ച് എനിക്ക് ശക്തമായി അനുഭവപ്പെട്ടു, ഈശോസഭയാണ് എന്റെ വീട് എന്ന്! ആ ബസില്‍വച്ചുതന്നെ ഈശോസഭാവൈദികനാകാന്‍ ഉറച്ച തീരുമാനമെടുത്തു. ബസിറങ്ങിയ സമയത്ത് ഫാ. ടോബിയെയാണ് കണ്ടത്. അദ്ദേഹത്തോട് ഞാന്‍ കാര്യം പറയുകയും താമസിയാതെ 2014 ജനുവരി ആറിന് പ്രി-നൊവിഷ്യേറ്റില്‍ പ്രവേശിക്കുകയും ചെയ്തു. അപ്പോഴെനിക്ക് ഇരുപത്തിയഞ്ച് വയസായിരുന്നു പ്രായം.
ഞാന്‍ സെമിനാരിയില്‍ ചേര്‍ന്ന് താമസിയാതെ 2015-ല്‍ത്തന്നെ മാതാപിതാക്കള്‍ കേരളത്തിലേക്ക് മടങ്ങിയിരുന്നു. ഞാനാകട്ടെ 11 വര്‍ഷങ്ങള്‍ നീളുന്ന സെമിനാരി പരിശീലനത്തില്‍ മുഴുകി. സെമിനാരിപഠനം അവസാനിക്കാറായ സമയത്ത് 2024-ല്‍, മുമ്പുതന്നെ പല രോഗാവസ്ഥകളുമുണ്ടായിരുന്ന അപ്പച്ചന്‍ ഹൃദയസ്തംഭനംമൂലം മരിച്ചു. വൈദികപട്ടത്തിന് അപ്പച്ചന്‍ ഉണ്ടാവുകയില്ലല്ലോ എന്നത് സങ്കടകരമായിരുന്നു. എങ്കിലും ഒരു വര്‍ഷത്തിനകം പഠനം പൂര്‍ത്തിയാക്കി 2025 ഫെബ്രുവരിയില്‍ വൈദികനായി അഭിഷിക്തനാകാന്‍ കര്‍ത്താവ് എനിക്ക് അനുഗ്രഹം നല്കി. അപ്പച്ചന്റെ അഭാവത്തില്‍, സ്വഭവനത്തില്‍ പട്ടത്തിന്റെ ചടങ്ങുകള്‍ ക്രമീകരിക്കുക വിഷമകരമായിരുന്നു. അതിനാല്‍ പ്രി-നൊവിഷ്യേറ്റ് പഠനം ആരംഭിച്ച കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍വച്ചുതന്നെയായിരുന്നു പട്ടം സ്വീകരിച്ചതും ലളിതമായ ചടങ്ങുകള്‍ ക്രമീകരിച്ചതും. കുഞ്ഞുന്നാള്‍മുതല്‍ വിശുദ്ധ കുര്‍ബാനയോടും പ്രാര്‍ത്ഥനാകൂട്ടായ്മയോടും ചേര്‍ത്തുനിര്‍ത്തി പരിപാലിച്ച് ഒടുവില്‍ വൈദികവൃത്തിയിലേക്ക് പ്രവേശിപ്പിച്ച നല്ല ഈശോയ്ക്ക് എത്ര നന്ദിയര്‍പ്പിച്ചാലാണ് തീരുക!
ഫാ. വൈശാഖ് ടൈറ്റസ് എസ്.ജെ.
കൊല്ലം പുലിച്ചിറ ഇടവകാംഗമാണ് ഫാ. വൈശാഖ്. ഇപ്പോള്‍ ത്രിപുരയില്‍ സജീവമായി ശുശ്രൂഷ ചെയ്യുന്നു.