സിസ്റ്റര്‍ ‘ലേസര്‍ റേ’ യുടെ അഭിഷേകരഹസ്യം – Shalom Times Shalom Times |
Welcome to Shalom Times

സിസ്റ്റര്‍ ‘ലേസര്‍ റേ’ യുടെ അഭിഷേകരഹസ്യം

ഒരു സുവിശേഷയാത്രയ്ക്കിടെ ഒരു നഴ്‌സിന്റെ സാക്ഷ്യം കേള്‍ക്കാനിടയായി. താനൊരു ദൈവപൈതലാണെന്ന ഉറച്ച ബോധ്യം ലഭിച്ചപ്പോള്‍ അവര്‍ പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാര്‍ത്ഥിച്ചു. പ്രമുഖ വചനപ്രഘോഷകരെപ്പോലെ വചനം പറയാനോ മറ്റ് വലിയ കാര്യങ്ങള്‍ ചെയ്യാനോ തനിക്ക് കഴിയില്ലായിരിക്കാം. പകരം താന്‍ ചെയ്യുന്ന ജോലിയില്‍ തനിക്ക് പ്രത്യേകമായ പരിശുദ്ധാത്മാഭിഷേകം വേണം, അതിലൂടെ യേശുവിന് സാക്ഷിയാകണം. അതായിരുന്നു അവരുടെ പ്രാര്‍ത്ഥന.

ആ പ്രാര്‍ത്ഥനയ്ക്ക് ലഭിച്ച ഉത്തരവും സവിശേഷമായിരുന്നു. എത്ര കുഴഞ്ഞുപോയ രോഗിയുടെയും ഞരമ്പ് കണ്ടെത്തി ‘കാനുല’ ഇടാന്‍ അവര്‍ക്ക് കഴിയും. ഇക്കാര്യം മറ്റ് നഴ്‌സുമാരും ഡോക്ടര്‍മാരുമെല്ലാം മനസിലാക്കിയിരുന്നു.
ഒരിക്കല്‍ അവരുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഒരു കുട്ടിയുടെ കൈയില്‍ കാനുല ഇടാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ വന്ന സമയം. ഡോക്ടര്‍പോലും പെടാപ്പാട് പെടുകയാണ്. അതുകണ്ട് അവിടെയുണ്ടായിരുന്ന മറ്റ് നഴ്‌സുമാര്‍ ഇവരുടെ കാര്യം ആ ഡോക്ടറോട് സൂചിപ്പിച്ചു. മറ്റൊരു സെക്ഷനില്‍ ജോലി ചെയ്തിരുന്ന ഈ നഴ്‌സിനെ പീഡിയാട്രിക് സെക്ഷനിലേക്ക് വിളിപ്പിച്ചു. ഇവര്‍ ആ കുട്ടിയുടെ അരികില്‍നിന്ന് പതിവനുസരിച്ച് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ആകെ തളര്‍ന്നുപോയ ആ കുഞ്ഞിന് കാനുല ഇടുകയും ചെയ്തു.

ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഡോക്ടര്‍ ആകെ അമ്പരന്നുപോയി. അദ്ദേഹം ഒരു മുസ്ലിം ആയിരുന്നു. ഈ നഴ്‌സ് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നത് അദ്ദേഹം കേട്ടതാണ്. പക്ഷേ അദ്ദേഹത്തിനൊന്നും മനസിലായില്ല. അതിനാല്‍ അദ്ദേഹം ചോദിച്ചു, ”നിങ്ങളുടെ കണ്ണുകളില്‍ ലേസര്‍ രശ്മിയാണോ? ഞാന്‍ ഈ കുട്ടിയെ തിയറ്ററിലേക്ക് കയറ്റാന്‍ പോകുകയായിരുന്നു. നിങ്ങള്‍ക്ക് ഈ കുട്ടിയുടെ വെയിന്‍ കിട്ടില്ലെന്ന് ഉറപ്പിച്ചാണ് ഞാന്‍ നിന്നത്. ഒരു പരീക്ഷണം എന്ന് കരുതി വിളിപ്പിച്ചെന്നേയുള്ളൂ.”

അന്നുമുതല്‍ ആ നഴ്‌സിന് വിളിപ്പേര് വീണു, ‘സിസ്റ്റര്‍ ലേസര്‍ റേ!’ അവരുടെ സവിശേഷമായ ദൈവവിളിക്ക് സഹപ്രവര്‍ത്തകര്‍ നല്കിയ ആദരവായിരുന്നു അത്. ”ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ”(1 കോറിന്തോസ് 7/17).

ഡോ. ജോണ്‍ ഡി.