ദൈവവിളി കണ്ടെത്താന്‍ എന്താണ് മാര്‍ഗം? – Shalom Times Shalom Times |
Welcome to Shalom Times

ദൈവവിളി കണ്ടെത്താന്‍ എന്താണ് മാര്‍ഗം?

ഞാന്‍ കോഴിക്കോട് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയം. വൈകുന്നേരങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളില്‍ ഒന്നാണ് ആരെങ്കിലുമൊത്ത് പുറത്തുപോയി സംസാരിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നത്. ഒരു കാലിച്ചായ കുടിക്കാന്‍ കയറിയാല്‍പ്പോലും ഇരുപതു മിനിട്ട് അവിടെയിരുന്നു സംസാരിച്ചിട്ടേ എഴുന്നേല്‍ക്കാറുള്ളു. അത്രയ്ക്ക് സംസാരപ്രിയനാണ്. മറ്റൊന്ന്, ഫോണ്‍ വിളിയാണ്. കൂടെ പഠിച്ചവരെയോ ഏതെങ്കിലും വഴിക്ക് പരിചയപ്പെട്ടവരെയോ ഞാന്‍ മണിക്കൂറുകള്‍ വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ ഫോണ്‍ കണ്ടാല്‍ അവര്‍ക്കറിയാം, ഈ സംസാരം നീളുമെന്ന്.

എന്നാല്‍ ഇതിനിടയില്‍ ഞാന്‍ സമയമുണ്ടാക്കി ദിവ്യകാരുണ്യ ചാപ്പലില്‍ കുറച്ചു സമയം പോയിരിക്കും. സ്ഥിരമായി പോയിക്കൊണ്ടിരുന്നത് അമലാപുരി എന്ന സ്ഥലത്തെ നിത്യാരാധന ചാപ്പലിലാണ്. രാവിലെ അഞ്ചുമണിമുതല്‍ രാത്രി പത്ത് മണിവരെ അവിടെ ദിവ്യകാരുണ്യം എഴുന്നുള്ളിച്ചുവക്കാറുണ്ട്. ആരുടെയെങ്കിലും ചെരുപ്പ് ചാപ്പലിന്റെ പുറത്തുണ്ടോ എന്ന് നോക്കിയാണ് ഞാന്‍ ചെല്ലുക. ആരും ഇല്ലെങ്കില്‍ വലിയ സന്തോഷമാണ്. കാരണം ആരും കാണാതെ എന്റെ ഈശോയുടെ അടുത്ത് തനിയെ ഇരിക്കാം. അങ്ങനെ ഇരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഈ ഇരിപ്പിനുവേണ്ടി ഞാന്‍ മറ്റ് രണ്ട് ഇഷ്ടങ്ങളും മെല്ലെമെല്ലെ ത്യജിക്കാന്‍ തുടങ്ങി. തത്ഫലമായി ആളുകളോട് സംസാരിക്കാന്‍ മാറ്റിവച്ചിരുന്ന സമയം കുറയാനും നിത്യാരാധന ചാപ്പലില്‍ വന്നിരിക്കുന്ന സമയം കൂടാനും തുടങ്ങി.

അങ്ങനെയങ്ങനെ ചായകുടി കുറച്ചു, ഫോണ്‍ കോളുകള്‍ നിര്‍ത്തി. പലകാര്യങ്ങളില്‍ ഒന്നിച്ച് ഇടപെടുന്നതും ബഹുകാര്യങ്ങളില്‍ മുഴുകി സമയം പാഴാക്കുന്നതും അവസാനിപ്പിച്ചു. സായാഹ്നങ്ങളില്‍ ഈശോയുടെ മുന്തിരിത്തോട്ടത്തില്‍ ഫലപ്രദവും ഏറ്റവും ശക്തവുമായ ഒരു പാര്‍ട്ട് ടൈം ജോലി ഞാന്‍ കുറേശ്ശെ ചെയ്യാനാരംഭിച്ചു.
വൈകാതെ യേശുവിന് എന്നോടുള്ള തീവ്രമായ സ്‌നേഹത്തിന് മുന്‍പില്‍ ഞാന്‍ കീഴടങ്ങുകയായിരുന്നു. നാളുകളേറെയായി ചാരം മൂടിപ്പോയതും എന്നില്‍ ഉറങ്ങിക്കിടന്നിരുന്നതുമായ ദൈവവിളി ഉണരാനും ഉജ്ജ്വലിക്കാനും തുടങ്ങി. യേശുവിന്റെ ഹൃദയത്തില്‍ എന്നെക്കുറിച്ചുള്ള എല്ലാ ആഗ്രഹങ്ങളും നിറവേറ്റുവാന്‍ എന്നെത്തന്നെ സമര്‍പ്പിക്കണമെന്ന തീരുമാനത്തിലേക്ക് അത് ഉടനെ എത്തിച്ചു.

വയലില്‍ ഒളിഞ്ഞിരുന്ന നിധി ഞാന്‍ കണ്ടെത്തുവാന്‍ തുടങ്ങി. അവസാനം ഞാന്‍ എന്റെ ആ സ്‌പെഷ്യല്‍ വിളി അവിടെനിന്നും തിരിച്ചറിഞ്ഞു. ഇതെനിക്ക് കിട്ടിക്കഴിഞ്ഞെന്നോ ഞാന്‍ പരിപൂര്‍ണ്ണനായി എന്നോ അല്ല പറഞ്ഞുവരുന്നത്. അതിനായി ഞാന്‍ ഇപ്പോഴും പരിശ്രമിക്കുകയാണ്.
എന്നാല്‍, ദൈവവിളിയുണ്ടോ എന്ന് സംശയിക്കുന്നവരോട് അല്ലെങ്കില്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രയാസപ്പെടുന്നവരോട് – അത് വിവാഹജീവിതമോ സന്യാസമോ എന്തുതന്നെയായാലും- എനിക്ക് പറയാനുള്ളത്, സമയം കണ്ടെത്തി ദിവ്യകാരുണ്യ സന്നിധിയിലേക്ക് ഓടുക എന്നതാണ്. സുനിശ്ചിതവും ഒരിക്കലും തെറ്റാത്തതുമായ ‘ഗൈഡന്‍സ്’ ലഭിക്കാന്‍ ഇതിലും മികച്ച ഒരിടം വേറെയില്ല. അവിടെയാണ് നമ്മുടെ യഥാര്‍ത്ഥ വിളി തിരിച്ചറിയുന്നത്. ”ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല” (2 പത്രോസ് 1/10)

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM