ആ നൂറ് രൂപ അവനെ അധ്യാപകനാക്കി! – Shalom Times Shalom Times |
Welcome to Shalom Times

ആ നൂറ് രൂപ അവനെ അധ്യാപകനാക്കി!

എന്റെ ഔദ്യോഗിക അധ്യാപനജീവിതത്തിന് 27 വര്‍ഷക്കാലമായിരുന്നു ദൈര്‍ഘ്യം. 2016-ല്‍ വിരമിക്കുമ്പോള്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിന്റെ പ്രിന്‍സിപ്പലായിട്ടാണ് സേവനം ചെയ്തിരുന്നത്. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ച. അന്ന് സാമാന്യം നല്ല തിരക്കുള്ള ഒരു ദിവസം കൂടിയായിരുന്നു. രാവിലെ എന്നെ കാണാന്‍ ഒരാള്‍ ഓഫീസിലേക്ക് വന്നു, എനിക്ക് ആളെ പെട്ടെന്ന് മനസിലായില്ല. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ശരിയായ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്തതിനാല്‍ നമുക്കദ്ദേഹത്തെ തത്കാലം അജിത് എന്ന് വിളിക്കാം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ആണ്. നിര്‍മലഗിരി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി. 20 വര്‍ഷം മുന്‍പ് ഞാന്‍ പഠിപ്പിച്ചിരുന്ന ക്ലാസ്സില്‍ ഉണ്ടായിരുന്നു.

അത്രയും വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ആളെ ഓര്‍മ്മ വന്നു. ഞാന്‍ സര്‍വീസില്‍നിന്ന് പിരിയുന്നതറിഞ്ഞു കാണാന്‍ വന്നതാണ്. അജിത് തുടര്‍ന്നു…
”സാര്‍ നിര്‍മലഗിരിയില്‍നിന്ന് പോകുന്നതിനു മുന്‍പ് ഒന്നുകണ്ടു നന്ദി പറയണമെന്ന് തോന്നി. സാര്‍ കാരണമാണ് ഞാന്‍ ഒരു അധ്യാപകന്‍ ആയത്. സാറിന്റെ ഒരു പ്രവൃത്തിയാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. ഓര്‍മ്മയുണ്ടോ?”
ഞാന്‍ ആലോചിച്ചിട്ട് ഒന്നും ഓര്‍മ്മ വന്നില്ല. അജിത് സംഭവം വിവരിച്ചു…

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും പഠന – ഉല്ലാസ യാത്ര ഉണ്ട്. ഞാന്‍ മൂന്നാം വര്‍ഷക്കാരുടെ ക്ലാസ്സ് ടീച്ചര്‍ ആയതുകൊണ്ട് ടൂര്‍ കൊണ്ടുപോകേണ്ട ഉത്തരവാദിത്വം എനിക്കായിരുന്നു. ആ വര്‍ഷവും ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ആതിരപ്പള്ളി – വാഴച്ചാല്‍ – എറണാകുളം – മൂന്നാര്‍ വഴി കൊടൈക്കനാല്‍ വരെയാണ് യാത്ര. ഗവേഷണകേന്ദ്രങ്ങളും ഉല്ലാസകേന്ദ്രങ്ങളുമെല്ലാം സന്ദര്‍ശിക്കും. രാത്രിയില്‍ കൂത്തുപറമ്പില്‍നിന്ന് പുറപ്പെട്ടു രാവിലെ ഞങ്ങള്‍ ചാലക്കുടിയില്‍ എത്തി. അവിടെ ഒരു ടൂറിസ്റ്റ് ഹോമില്‍ കുളിയെല്ലാം കഴിഞ്ഞു തയാറായി ആതിരപ്പള്ളിയിലേക്ക് യാത്ര ആരംഭിച്ചു. പോകുന്ന വഴിക്ക് ഒരു ഹോട്ടലില്‍നിന്ന് പ്രാതല്‍. ചെലവെല്ലാം നടത്തേണ്ട ഉത്തരവാദിത്വം അജിത്തിനായിരുന്നു.

ഭക്ഷണം കഴിച്ച് ഓരോ മേശയിലെയും ബില്ലുകള്‍ ശേഖരിച്ച് എല്ലാം കൂട്ടി പൈസ കൊടുത്ത് എല്ലാവരും ബസില്‍ കയറി, യാത്ര തുടര്‍ന്നു. അജിത് എന്റെ അടുത്തുവന്നിരുന്ന് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു, ”സാര്‍ നമ്മള്‍ ഭക്ഷണം കഴിച്ചതിന്റെ മൊത്തം തുക 605 രൂപയാണ്. ഹോട്ടലിലെ സപ്ലയര്‍ കൂട്ടിയപ്പോള്‍ തെറ്റിപ്പോയി. 505 രൂപയേ വാങ്ങിയുള്ളൂ. 100 രൂപ നമുക്ക് കോളടിച്ചു. എല്ലാവര്‍ക്കും ഐസ്‌ക്രീം വാങ്ങി കൊടുക്കാം.”
2006 കാലമാണ്, അന്ന് നൂറു രൂപയ്ക്ക് ഇന്നത്തെക്കാള്‍ വിലയുണ്ട്. ഞാന്‍ ഒന്നും പറഞ്ഞില്ല, പ്രതികരിച്ചുമില്ല. ഞങ്ങള്‍ ആതിരപ്പിള്ളി – വാഴച്ചാല്‍ വെള്ളച്ചാട്ടമൊക്കെ കണ്ടു തിരിച്ചുപോന്നു. രാവിലെ പോയ വഴിയില്‍ത്തന്നെയാണ് മടക്കയാത്ര. രാവിലെ ഭക്ഷണം കഴിച്ച ഹോട്ടലില്‍നിന്ന് അല്പം മാറ്റി ബസ് ഒന്ന് നിറുത്തണമെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. ബസ് നിറുത്തി ഞാന്‍ അജിത്തിനെയും കൂട്ടി ഹോട്ടലില്‍ ചെന്ന് രാവിലെ ഭക്ഷണം വിളമ്പിയ സപ്ലയറെ കണ്ട് സോറി പറഞ്ഞു. രാവിലെ അദ്ദേഹത്തിന് കണക്ക് തെറ്റിയെന്നും 100 രൂപ കൂടി അങ്ങോട്ട് തരാനുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് നൂറു രൂപ എന്റെ പോക്കറ്റില്‍നിന്നെടുത്ത് അജിത്തിനെക്കൊണ്ട് കൊടുപ്പിച്ച്, തിരിച്ചുപോന്നു. ബസ്സില്‍ ആരും ഇതറിഞ്ഞില്ല. യാത്ര പൂര്‍ത്തിയാക്കി ഞങ്ങള്‍ കോളേജില്‍ തിരിച്ചെത്തി.

അജിത് തുടര്‍ന്നു പറയുകയാണ്, ”സാറേ, ആ സംഭവം എന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. സാറ് പഠിപ്പിച്ച പാഠഭാഗങ്ങള്‍ പലതും ഞാന്‍ മറന്നുപോയി. എന്നാല്‍ ഈ സംഭവം ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തില്‍. അതാണ് സാറിനെപ്പോലെ ഒരു അധ്യാപകനാകാന്‍ എന്നെ പ്രേരിപ്പിച്ചത്. മാത്രവുമല്ല ജീവിതത്തില്‍ ഇന്നു വരെ അനധികൃതമായി ഒരു പൈസ പോലും ഞാന്‍ സമ്പാദിച്ചിട്ടില്ല…” ഇതു പറയുമ്പോഴേക്കും ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു. എന്നോടൊപ്പം നിന്ന് ഒരു ഫോട്ടോയെടുത്ത് അനുഗ്രഹവും വാങ്ങി അജിത് തിരിച്ചു പോയി.

എന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികള്‍ കോളേജില്‍ നടന്നു. പ്രിന്‍സിപ്പല്‍ ആയിരുന്ന അഞ്ച് വര്‍ഷകാലത്തെ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ നല്കിയ സ്‌നേഹവും ആദരവും ഹൃദയസ്പര്‍ശിയായിരുന്നു. എല്ലാം നല്ല ഓര്‍മകളായി മനസ്സില്‍ പച്ചകെടാതെ നില്‍ക്കുന്നു. എങ്കിലും എനിക്ക് കിട്ടിയ നല്ല ഗുരുദക്ഷിണകളിലൊന്നാണ് അജിത് സമ്മാനിച്ചത്.
ആ നൂറ് രൂപാസംഭവം അവനെ അധ്യാപകനാക്കിയെന്ന് പറഞ്ഞപ്പോള്‍ എന്റെ അധ്യാപനജീവിതം എത്രയോ അനുഗ്രഹകരമാണെന്ന് ഓര്‍ത്തുപോയി.

”ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും” (ഉത്പത്തി 12/2)
എന്ന തിരുവചനം എന്റെ ജീവിതത്തിലും നിറവേറുകയായിരുന്നു. എന്നെ അധ്യാപകനാകാന്‍ അനുഗ്രഹിക്കുകമാത്രമല്ല അജിത്തിനെ ഒരു അധ്യാപകനാക്കാന്‍ തക്കവിധം ഒരനുഗ്രഹമാക്കി കര്‍ത്താവ് എന്നെ മാറ്റിയല്ലോ. എത്ര നന്ദി പറഞ്ഞാലും തീരാത്ത അവിടുത്തെ കരങ്ങളില്‍ നമ്മെത്തന്നെ നല്കാം. അവിടുന്ന് നമ്മെ അനുഗ്രഹിച്ച് ഒരു അനുഗ്രഹമാക്കി മാറ്റിക്കൊള്ളും.

ഡോ. ജോസ്‌ലറ്റ് മാത്യു