”സന്യാസിയെ ഒരു യാഗപശുവിനോടുപമിക്കാം. യാഗപശു നാല് അവസ്ഥാന്തരങ്ങളില്‍ക്കൂടി കടന്നുപോകേണ്ടതായിട്ടുണ്ട്. ഒന്നാമതായി യാഗപശുവിനെ കൂട്ടത്തില്‍നിന്നും വേര്‍തിരിക്കുന്നു. രണ്ടാമതായി അതിനെ ദൈവാലയത്തിന് പുറത്ത് കെട്ടുന്നു. മൂന്നാമതായി യാഗദിവസത്തില്‍ ആരാധകന്‍ വന്ന് അതിന്റെ കഴുത്തു വെട്ടി തോലുരിച്ച് പല കഷണങ്ങളായി അതിനെ ഖണ്ഡിച്ച് അതില്‍നിന്നും ചീത്ത ഭാഗങ്ങളെ ഉപേക്ഷിക്കുന്നു. തുടര്‍ന്ന് രക്തം പ്രത്യേക പാത്രത്തിലാക്കി ആചാര്യനെ ഏല്‍പിക്കുകയും മാംസവും രക്തവും ദൈവാലയത്തിലുള്ള യാഗപീഠത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. നാലാമതായി ആചാര്യന്‍ മാംസക്കഷണങ്ങളെ യാഗപീഠത്തിന്മേല്‍വച്ച് ഹോമിക്കുകയും രക്തത്തെ പീഠത്തിന്മേല്‍ ഒഴിക്കുകയും ചെയ്യുന്നു. യഹൂദര്‍ക്ക് പല യാഗങ്ങളുള്ളതില്‍ അതിശ്രേഷ്ഠമായത് സര്‍വാംഗഹോമയാഗമത്രേ. മറ്റുള്ള യാഗങ്ങളില്‍ ആരാധകനും മറ്റും ചില ഓഹരികളുണ്ട്. ഒരു ഭാഗംമാത്രമേ യാഗപീഠത്തില്‍ വച്ചു ഹോമിക്കുകയുള്ളൂ. എന്നാല്‍ സര്‍വാംഗഹോമയാഗമെന്നത് അങ്ങനെയല്ല. എല്ലാം ദൈവത്തിന് മാത്രമായി ഹോമിക്കപ്പെടുന്നു. അതത്രേ സന്യാസം.
യാഗപശുവിന് തുല്യനായ സന്യാസി സ്വയമേവ വേര്‍തിരിക്കപ്പെടുന്നു. സ്വയമേവ അയാള്‍ ദൈവാലയത്തിന്റെ പരിസരപ്രദേശമെന്ന് പറയപ്പെടാവുന്ന ആശ്രമത്തിലേക്ക് വന്നുചേരുന്നു. അവിടെ അയാള്‍ യാഗദിവസത്തെയും പ്രതീക്ഷിച്ചു ദിവസംതോറും തന്റെ മാലിന്യങ്ങളെയെല്ലാം കണ്ണുനീരില്‍ കഴുകിക്കൊണ്ടു താമസിക്കുന്നു. യാഗദിവസത്തില്‍ സന്യാസി ദൈവാലയത്തിന്റെ വാതില്‍ക്കല്‍ വച്ചു കണ്ഠഛേദം ചെയ്യപ്പെടേണ്ടതാണ്. അയാളുടെ കഴുത്തിനെ അയാള്‍തന്നെ ഛേദിച്ചുകളയുന്നു. വെട്ടുകത്തി ബ്രഹ്‌മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വ്രതത്രയങ്ങളാണ്. അനന്തരം ആചാര്യനാകുന്ന ധര്‍മാധ്യക്ഷന് അയാള്‍ തന്നെത്തന്നെ ഏല്‍പിക്കുകയും ധര്‍മാധ്യക്ഷന്‍ അയാളെ ദൈവത്തിനായി സമര്‍പ്പിച്ച് ദൈവനാമത്തില്‍ സ്വീകരിക്കുകയും ചെയ്യുന്നു.
സന്യാസിയുടെ തോല്‍ ഉരിയപ്പെടണം. ദേഹം പല പല കഷണങ്ങളായി മുറിക്കപ്പെടണം. അതില്‍ മോശം ഭാഗങ്ങള്‍ അറുത്തുനീക്കണം. വ്രതാനുഷ്ഠാന നിര്‍വഹണങ്ങളാല്‍മാത്രം ഒരാള്‍ പരിപൂര്‍ണ സന്യാസിയായിത്തീരുന്നില്ല. സന്യാസി യാഗപീഠത്തിന്മേല്‍ കിടന്നു ഹോമിക്കപ്പെടുകതന്നെ വേണം. അയാള്‍ യേശുമിശിഹായോടൊപ്പം യാഗപീഠത്തിന്മേല്‍ കിടക്കുന്നു. ജീവിതാവസാനംവരെ ഈ യാഗം അര്‍പ്പിക്കപ്പെടുന്നു.”