വ്യക്തികളുടെ ജീവിതത്തില്‍ അവരുടെ നിയന്ത്രണത്തിന് അതീതമായി വിരുദ്ധവികാരങ്ങളുടെ സ്വാധീനം കടന്നുവരാറുണ്ട്. ഇതിനെയാണ് വിരുദ്ധവികാരങ്ങളുടെ ബന്ധനം എന്ന് പറയുന്നത്. പലപ്പോഴും മറ്റുള്ളവരുടെ തിന്മനിറഞ്ഞ പ്രവൃത്തികള്‍വഴി നമ്മിലുണ്ടാകുന്ന ആന്തരികമുറിവുകളിലൂടെയാണ് വിരുദ്ധവികാരങ്ങള്‍ ഉടലെടുക്കുന്നത്. ഇത്തരം വികാരങ്ങള്‍ ആദ്യമേതന്നെ നീക്കിക്കളഞ്ഞില്ലെങ്കില്‍ അവ നമ്മില്‍ രൂഢമൂലമാവുകയും നാം അവയ്ക്ക് അടിമകളായിത്തീരുകയും ചെയ്യും.
സാധാരണയായി നമ്മെ ബന്ധിക്കുന്ന വിരുദ്ധവികാരങ്ങള്‍ – ഭയം, കോപം, വിദ്വേഷം, വൈരാഗ്യം, അസൂയ, നിരാശ, അപകര്‍ഷതാബോധം, അഹങ്കാരം എന്നിവയാണ്. ഈ വൈകാരികബന്ധനങ്ങളില്‍നിന്ന് മോചിതരായില്ലെങ്കില്‍ നന്മയില്‍ വളരാനും ദൈവികരായിത്തീരാനും സാധിക്കുകയില്ല. ഓരോ വ്യക്തിയുടെയും ജീവിതസാഹചര്യങ്ങളാണ് പലപ്പോഴും ഇത്തരം വികാരങ്ങള്‍ക്ക് അവരെ അടിമകളായി മാറ്റുന്നത്. ഇതില്‍നിന്നും മോചനം നേടാന്‍ ഏറ്റവും ആവശ്യമായ കാര്യം ക്ഷമ നല്കലും അംഗീകാരം കൊടുക്കലുമാണ്. മറ്റുള്ളവരോട് നിരുപാധികം ക്ഷമിക്കുന്നതുവഴി ഇത്തരം വികാരങ്ങളുടെ വേരുകള്‍ അറ്റുപോവുകയും നാം അതില്‍നിന്ന് മോചിതരായിത്തീരുകയും ചെയ്യും.
ജീവിതത്തിലെ ചില വിപരീത അനുഭവങ്ങള്‍ മനുഷ്യനെ വ്രണിതനാക്കും. ഉദാഹരണമായി, മറ്റുള്ളവര്‍ നമ്മോട് ചെയ്തിട്ടുള്ള ചില ദ്രോഹങ്ങള്‍, ചതികള്‍, വഞ്ചനകള്‍, എന്നിവ നമുക്ക് മറക്കാനോ ക്ഷമിക്കാനോ സാധിക്കാത്തവയാണ്. അവ നമ്മില്‍ ആഴമായ മുറിവുകള്‍ ഉണ്ടാക്കും. ആ മുറിവുകളിലൂടെ വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും അണുക്കള്‍ അഥവാ അരൂപികള്‍ നമ്മില്‍ പ്രവേശിക്കുകയും സാവധാനം അവ നമ്മില്‍ ശക്തി പ്രാപിക്കുകയും ചെയ്യും. അതുവഴി നാം മേല്‍പ്പറഞ്ഞ വികാരങ്ങള്‍ക്ക് അടിമകളായി മാറുകയും ബന്ധിതരായിത്തീരുകയും ചെയ്യും.
അവരോട് നമ്മള്‍ നിരുപാധികം ക്ഷമിക്കുന്നതുവരെ നമ്മള്‍ വൈകാരികബന്ധനത്തിലായിരിക്കും. അതിനാല്‍ ക്ഷമയിലൂടെമാത്രമേ നമുക്ക് ഇവയില്‍നിന്ന് മോചിതരായിത്തീരാന്‍ സാധിക്കുകയുള്ളൂ. ഇത്തരം ബന്ധനങ്ങളില്‍പ്പെട്ടവരുടെ മോചനത്തിന് ആന്തരികസൗഖ്യധാനം വളരെ സഹായകമാണ്.
റവ. ഡോ. ജോസ് പുതിയേടത്ത്
‘സാത്താനികബന്ധനങ്ങളില്‍നിന്ന് മോചിതരാകാന്‍’