ജീവിതത്തില്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ അവസരങ്ങള്‍ ഓര്‍ത്ത് ഖേദം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. അന്ന് കുറെക്കൂടി നന്നായി പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍, കുറെക്കൂടി വിശുദ്ധിയില്‍ ജീവിച്ചിരുന്നെങ്കില്‍, അന്ന് അങ്ങനെ ചെയ്യാതിരുന്നെങ്കില്‍… ഇനി ആ അവസരങ്ങളൊന്നും തിരികെ കിട്ടുകയില്ലല്ലോ… ഇങ്ങനെയുള്ള ചിന്തകള്‍ പലരെയും തളര്‍ത്തിക്കളയാറുണ്ട്. ”ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു”(2 തിമോത്തേയോസ് 4/7) എന്ന് വിശുദ്ധ പൗലോസിനെപ്പോലെ പറയാന്‍ സാധിക്കുന്നവര്‍ വളരെ കുറവായിരിക്കും.
എന്നാല്‍ ജീവിതത്തിലോ ദൈവശുശ്രൂഷയിലോ വന്നുപോയ അത്തരം കുറവുകള്‍പോലും നമ്മെ നിരാശപ്പെടുത്തേണ്ടതില്ല. കാരണം നമ്മുടെ ദൈവം എഴുതിത്തള്ളുന്ന ദൈവമല്ല. അവിടുന്ന് എപ്പോഴും രണ്ടാമത് അവസരം നല്കുന്ന ദൈവമാണ്. ഏദന്‍തോട്ടത്തില്‍വച്ച് മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ ദൈവം തള്ളിക്കളയുകയല്ല ചെയ്തത്. വേണമെങ്കില്‍ മനുഷ്യവംശത്തെത്തന്നെ വേണ്ടെന്നുവച്ച് മറ്റൊരു വംശത്തെ സൃഷ്ടിക്കാന്‍ അവിടുത്തേക്ക് കഴിയുമായിരുന്നു. എന്നാല്‍ അതല്ല ദൈവം ചെയ്തത്. മനുഷ്യവംശത്തെ വീണ്ടെടുക്കാന്‍ പുതിയൊരു പദ്ധതി രൂപപ്പെടുത്തി. രക്ഷകനെ വാഗ്ദാനം ചെയ്തു. മനുഷ്യന് വീണ്ടും പറുദീസയിലേക്ക് വഴിതുറന്നു. ദൈവത്തിന്റെ സ്‌നേഹം എല്ലായ്‌പോഴും വീണ്ടും അവസരം തരുന്ന സ്‌നേഹമാണ്.
യോനായുടെ കാര്യം പരിഗണിക്കാം. യോനായോട് കര്‍ത്താവ് നിനവേ നിവാസികളോട്
മാനസാന്തരത്തിന് ആഹ്വാനം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ യോനാ മടിച്ചു. വാസ്തവത്തില്‍, നിനവേയിലെ ജനങ്ങള്‍ വളരെ ക്രൂരന്മാരാണ് എന്ന് അറിഞ്ഞിരുന്നതിനാലാണ് യോനാ പോകാന്‍ മടിച്ചത്. നിനവേയിലേക്ക് പോകുന്നതിനുപകരം താര്‍ഷിഷിലേക്ക് ഒളിച്ചോടാന്‍ കപ്പല്‍ കയറി. അതോടെ അവിടുത്തേക്ക് വേണമെങ്കില്‍ യോനായെ തള്ളിക്കളഞ്ഞ് മറ്റൊരു പ്രവാചകനെ അഭിഷേകം ചെയ്ത് നിയോഗിക്കാമായിരുന്നു. അതെത്രയോ എളുപ്പമാണ്! എന്നാല്‍ ദൈവം അതല്ല ചെയ്തത്.
”കര്‍ത്താവ് അരുളിച്ചെയ്യുന്നു, എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല”(ഏശയ്യാ 55/8).
സ്‌നേഹത്തിന്റെ കയറും ബന്ധനവും
തന്നെ അനുസരിക്കാതെ വഴിതെറ്റിപ്പോയ യോനായെ അവിടുന്ന് തള്ളിക്കളയുന്നില്ല. പകരം കടല്‍ ക്ഷോഭിപ്പിച്ച്, യോനാ കടലില്‍ എറിയപ്പെടാന്‍ അനുവദിച്ചു. വിഴുങ്ങാന്‍ തിമിംഗലത്തെ അയച്ചു. തുടര്‍ന്ന് യോനായെ ഛര്‍ദിച്ച് കരയിലിടാനും തിമിംഗലത്തെ നിയോഗിച്ചുകൊണ്ട് പുതിയ വഴികളിലേക്ക് നയിക്കുന്ന ദൈവം. യോനായെ നിനവേയിലേക്ക് അയക്കാന്‍ അത്രമാത്രം പരിശ്രമിക്കേണ്ട കാര്യമുണ്ടായിരുന്നോ?
എന്നാല്‍ ദൈവത്തിന്റെ പദ്ധതികളും രീതികളും വ്യത്യസ്തമാണ്. യോനായെത്തന്നെ വീണ്ടും മാനസാന്തരത്തിലേക്ക് നയിച്ച് തന്റെ ദൗത്യത്തിനായി അയക്കുകയാണ് അവിടുന്ന് ചെയ്തത്. അതാണ് ദൈവത്തിന്റെ രീതി.
തിരഞ്ഞെടുത്തവനെ, ബലഹീനതയുടെ പേരിലോ കുറവുകളുടെ പേരിലോ തള്ളിക്കളയുകയല്ല അവിടുന്ന് ചെയ്യുന്നത്. അവനെ സ്‌നേഹത്തിന്റെ കയര്‍കൊണ്ട് ബന്ധിച്ച് തിരികെ കൊണ്ടുവന്നിട്ട്, താന്‍ ഏല്പിച്ച ദൗത്യം അവനെക്കൊണ്ടുതന്നെ ചെയ്യിപ്പിക്കുകയാണ്. അതിലൂടെതന്നെ അവനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
നഷ്ടധൈര്യനായ, ഒളിച്ചോടിയ, യോനായെന്ന മനുഷ്യനെ തള്ളിക്കളയാതെ, പിറകെ നടന്ന് തിരിച്ചുകൊണ്ടുവന്ന് ആദ്യം ഭയപ്പെട്ട ദൗത്യംതന്നെ ചെയ്യാന്‍ തക്കവിധം ബലപ്പെടുത്തിയ ദൈവത്തിന്റെ കരം ഇന്നും നമ്മോടുകൂടെയുണ്ട്. അവിടുത്തെ കരങ്ങളില്‍ വിട്ടുകൊടുത്താല്‍ അവിടുന്ന് നമ്മെ വീണ്ടും ശക്തമായി ഉപയോഗിച്ചുകൊള്ളും.
വിശ്വസ്തതയില്‍ തോല്ക്കില്ല
പത്രോസിന്റെ കഥയും ഇതില്‍നിന്നും വ്യത്യസ്തമല്ല. ഒരു പാവപ്പെട്ട സ്ത്രീയുടെ മുന്നില്‍പ്പോലും യേശുവിനെ ഏറ്റുപറയാന്‍ ധൈര്യമില്ലാതെ തള്ളിപ്പറഞ്ഞവന്‍… അയാളെ എങ്ങനെയാണ് തന്റെ സഭയുടെ നേതൃത്വം ഏല്‍പിക്കുക. എന്നാല്‍ കര്‍ത്താവ് ചെയ്തത് അതാണ്. വീണുപോയവനെ വീണ്ടും എഴുന്നേല്‍പ്പിച്ച് ശക്തിപ്പെടുത്തി ആദ്യത്തെ ദൗത്യംതന്നെ ഏല്‍പിച്ചു.
91-ാം സങ്കീര്‍ത്തനത്തില്‍ പറയുന്നതുപോലെ അവന്റെ വിശ്വസ്തത നമുക്ക് കവചവും പരിചയവുമാണ്. നമ്മുടെ അവിശ്വസ്തതയോര്‍ത്ത് നിരാശപ്പെട്ടുപോകരുത്. അനുതാപത്തോടെ, ആശ്രയബോധത്തോടെ, പ്രത്യാശയോടെ അവന്റെ സന്നിധിയിലേക്ക് ചെല്ലുക. സാംസണ്‍ പ്രാര്‍ത്ഥിച്ചതുപോലെ പ്രാര്‍ത്ഥിക്കുക. ”ദൈവമായ കര്‍ത്താവേ, എന്നെ ഓര്‍ക്കണമേ! ഞാന്‍ നിന്നോട് പ്രാര്‍ത്ഥിക്കുന്നു. എന്നെ ശക്തനാക്കണമേ! ഞാന്‍ നിന്നോട് ഇപ്രാവശ്യംകൂടി യാചിക്കുന്നു…” (ന്യായാധിപന്‍മാര്‍ 16/28).
ഷെവലിയര്‍ ബെന്നി പുന്നത്തറ