പരിശുദ്ധാത്മാവ് പറഞ്ഞു, ”ഈ മത്സരം കാണണ്ട!” – Shalom Times Shalom Times |
Welcome to Shalom Times

പരിശുദ്ധാത്മാവ് പറഞ്ഞു, ”ഈ മത്സരം കാണണ്ട!”

ആ ദിവസം ഇന്നും ഞാനോര്‍ക്കുന്നുണ്ട്, 2010 ഓഗസ്റ്റ് 28. ഞങ്ങളുടെ കുടുംബയൂണിറ്റിന്റെ പ്രസിഡന്റ ് വീട്ടിലേക്ക് കയറിവന്ന് ഒരു കടലാസുകഷണം എന്റെനേരെ നീട്ടിക്കൊണ്ട് പറഞ്ഞു, ”അടുത്ത ആഴ്ച നമ്മുടെ കുടുംബയോഗമാണ്, തിരുവചനം വായിച്ച് വ്യാഖ്യാനിക്കേണ്ടത് മാത്യുവാണ്.”
ഞാന്‍ ആ കടലാസുകഷണം വാങ്ങി വായിച്ചുനോക്കി, 1കോറിന്തോസ് 1/18-31 തിരുവചനങ്ങള്‍. ”നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവത്തിന്റെ ശക്തിയത്രേ” എന്നതാണ് ആദ്യവചനം. സത്യത്തില്‍ ആ വചനഭാഗം വായിച്ചിട്ട് എനിക്കൊന്നും മനസിലായില്ല. അതുകൊണ്ട് കടലാസുകഷണം ബൈബിളില്‍ത്തന്നെ വച്ചിട്ട് വേഗത്തില്‍ മുറ്റത്തേക്ക് ഇറങ്ങി. പെട്ടെന്ന് പുറകില്‍നിന്നൊരു ചോദ്യം, ‘എങ്ങോട്ടാ തിടുക്കത്തില്‍?’ ഞാന്‍ തിരിഞ്ഞുനോക്കി, ആരെയും കാണാനില്ല.
എന്റെ തോന്നലായിരിക്കുമെന്ന് കരുതി മുന്നോട്ട് നടക്കുന്നതിനിടയില്‍ മനസില്‍ പറഞ്ഞു, ഞാന്‍ എങ്ങോട്ട് പോകുന്നുവെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. കാരണം ഇന്ന് ഇന്ത്യാ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് ഫൈനല്‍ മത്സരം നടക്കുകയാണ്. തൊട്ടടുത്തുള്ള ചേട്ടന്റെ വീട്ടില്‍ പോയിരുന്ന് കളി കാണണം. കുട്ടികള്‍ പഠിക്കുന്നതുകൊണ്ട് വീട്ടിലെ ടിവി ചാര്‍ജ് ചെയ്തിട്ടില്ല.
പെട്ടെന്ന് മുമ്പുകേട്ട അതേ ശബ്ദം കാതില്‍ മുഴങ്ങി. ‘നീ ഈ ക്രിക്കറ്റ് മത്സരം കാണണ്ട എന്നുവച്ചാല്‍ ഈ തിരുവചനഭാഗം നന്നായി വ്യാഖ്യാനിക്കാനുള്ള കൃപ നിനക്ക് ഞാന്‍ തരാം.’ ഇപ്രാവശ്യം ഞാന്‍ തിരിഞ്ഞുനോക്കിയില്ല. കാരണം അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നു, അത് പരിശുദ്ധാത്മാവിന്റെ സ്വരമായിരുന്നുവെന്ന്.
പക്ഷേ പ്രശ്‌നം അതല്ല, ഒരു തികഞ്ഞ മദ്യപാനിയെ സംബന്ധിച്ചിടത്തോളം ഒരു ദിവസം മദ്യപിക്കാതിരിക്കുക എത്ര ബുദ്ധിമുട്ടാണോ അതില്‍കൂടുതല്‍ ബുദ്ധിമുട്ടായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം ക്രിക്കറ്റ് കളി ഉണ്ടായിട്ട് കാണാതിരിക്കുക എന്നത്. അവസാനം എന്നോടുതന്നെ ഏറെ ബലംപിടിച്ച് ആ ക്രിക്കറ്റ് മത്സരം കാണണ്ട എന്ന് തീരുമാനിച്ചു. അതിനുശേഷം പലപ്രാവശ്യം ഈ വചനഭാഗം ഞാന്‍ വായിച്ചുനോക്കി. എന്നാല്‍ വ്യാഖ്യാനിക്കാന്‍മാത്രം ഒന്നും എനിക്ക് ലഭിച്ചില്ല.
അവസാനം കുടുംബയോഗദിവസം വന്നെത്തി. ജപമാലയ്ക്കുശേഷം ഞാന്‍ വിശുദ്ധ ബൈബിളെടുത്ത് ഈ ഭാഗം വായിച്ചു. തുടര്‍ന്ന് തലേ ആഴ്ച എനിക്കുണ്ടായ അനുഭവം അവരുമായി പങ്കുവച്ചു. എന്നിട്ട് ഞാന്‍ കൂട്ടിച്ചേര്‍ത്തു, ”ഞാന്‍ വാക്ക് പാലിച്ചിട്ടുണ്ട്, ഇനി വാക്ക് പാലിക്കേണ്ടത് പരിശുദ്ധാത്മാവാണ്.”
ഞാന്‍ അത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മുമ്പ് എപ്പോഴോ വായിച്ച ഒരു സംഭവം എന്റെ മനസില്‍ തെളിഞ്ഞുവന്നു. ജര്‍മ്മനിയില്‍, ഭാര്യയെ പ്രസവത്തിനായി സിസ്റ്റേഴ്‌സിന്റെ ആശുപത്രിയില്‍ കൊണ്ടുവന്ന പട്ടാളക്കാരന്റെ അനുഭവം. ക്രൂശിതരൂപം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം അത് കണ്ടുകൊണ്ട് തന്റെ കുഞ്ഞ് ജനിക്കരുത് എന്ന് ആവശ്യപ്പെട്ടു. പക്ഷേ ക്രൂശിതരൂപമെന്നല്ല ഒരു രൂപവും കാണാനാവാത്തവിധം പിറവിക്കുരുടനായിട്ടാണ് ആ കുഞ്ഞ് ജനിച്ചത്. ഈ സംഭവകഥതന്നെ കുരിശിന്റെ മഹത്വത്തെ ആദരിക്കണമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതാണല്ലോ. അപ്രകാരം വചനവ്യാഖ്യാനം നല്കാന്‍ കഴിഞ്ഞു.
കുരിശിന്റെ സന്ദേശം നല്കാന്‍, ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് മത്സരം കാണാതിരിക്കുക എന്ന പരിത്യാഗമാണ് പരിശുദ്ധാത്മാവ് എന്നില്‍നിന്ന് ആവശ്യപ്പെട്ടത്. വിഷമകരമായിരുന്നെങ്കിലും, അത് നിറവേറ്റിയപ്പോള്‍ എനിക്ക് ആവശ്യമായിരുന്ന കൃപ അവിടുന്ന് നല്കി. ഇത്തരത്തില്‍ പരിത്യാഗങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന കര്‍ത്താവ് നമ്മില്‍നിന്ന് ഏറെ ആഗ്രഹിക്കുന്നുണ്ട്, അത് കൂടുതല്‍ ഫലപ്രദവുമാണ്.

മാത്യു ഫ്രാന്‍സിസ്