ആ വീട്ടില്‍ ഇപ്പോള്‍ രണ്ടു പേര്‍ മാത്രം. ആറു മക്കളുണ്ട്. പക്ഷേ അവരെല്ലാം കുടുംബമായി അകലങ്ങളിലാണ്. ഇടവകയില്‍ കുടുംബ നവീകരണ ധ്യാനം നടക്കുന്ന നേരം. അതിനൊരുക്കമായാണ് സിസ്റ്റേഴ്‌സ് വീടുകള്‍ കയറിയിറങ്ങിയത്. അങ്ങനെ വയോവൃദ്ധരായ ആ മാതാപിതാക്കളുടെ വീട്ടിലും അവരെത്തി.
”രണ്ടുപേരും തനിച്ചായതില്‍ വിഷമമുണ്ടോ?” അവരിലൊരാള്‍ ചോദിച്ചു.
”ഇല്ല സിസ്റ്റര്‍… വിഷമമില്ല.” ചെറുപുഞ്ചിരിയോടെ അപ്പന്‍ തുടര്‍ന്നു:
”പണ്ടത്തെ കാലമല്ലല്ലോ. നമ്മുടെ ഇടവകയില്‍ത്തന്നെ പകുതിയോളം കുടുംബങ്ങളില്‍ മാതാപിതാക്കള്‍ മാത്രമേയുള്ളൂ. മക്കള്‍ ദൂരത്തായതില്‍ വിഷമിച്ചിട്ടെന്തു കാര്യം? നാട്ടില്‍ നിന്നാല്‍ കിട്ടുന്ന പണം പലതിനും തികയുന്നില്ല. സര്‍ക്കാര്‍ ജോലി കിട്ടാന്‍ തക്ക പ്രാവീണ്യമോ, രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനമോ ഒന്നും മക്കള്‍ക്കില്ല. അവരാല്‍ ആകുംവിധം പഠിച്ചു. കുറച്ചുകാലം നാട്ടില്‍ ചെറിയ ജോലികള്‍ നോക്കി. പിന്നീട് ഓരോരുത്തരായി നാടുവിടുകയായിരുന്നു. മക്കള്‍ അകലങ്ങളിലേക്ക് പോയപ്പോള്‍ ആദ്യമൊക്കെ നല്ല വിഷമമായിരുന്നു. ആരും അടുത്തില്ലല്ലോ എന്നായിരുന്നു ദുഃഖം. ഒട്ടുമിക്ക വീടുകളുടെയും അവസ്ഥ ഇതുതന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ പ്രാര്‍ത്ഥനയേയുള്ളൂ, എവിടെയായാലും മക്കള്‍ സന്തോഷമായി കഴിയണം.”
അപ്പന്‍ നിറുത്തിയിടത്തുനിന്ന് അമ്മയാരംഭിച്ചു: ”എല്ലാ ദിവസവും അവര്‍ ഫോണില്‍ വീഡിയോ കോള്‍ വിളിക്കും. തൊട്ടടുത്തുള്ളതുപോലെ അവരെ കാണാമല്ലോ? എല്ലാ കാര്യങ്ങളും അന്വേഷിക്കും. ഞങ്ങള്‍ ഒന്നും അറിയേണ്ട; ആശുപത്രിയില്‍ പോകണമെങ്കില്‍ പ്പോലും വാഹനം വീട്ടിലെത്തും. മക്കള്‍ എല്ലാം ക്രമീകരിക്കും. ഒരു കാര്യംമാത്രമേ മക്കളോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ; അവരുടെ മക്കളെ മലയാളം പഠിപ്പിക്കണം. ഇംഗ്ലീഷ് മാത്രം പോരാ. അതവര്‍ ശ്രദ്ധിക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാവരും കൂടി നാട്ടില്‍ എത്തും അപ്പോള്‍ ഒരു ഉത്സവമാണ്.”
സംസാരിക്കുന്നതിനിടയില്‍ മക്കള്‍ ഓരോരുത്തരായി അവരെ ഫോണില്‍ വിളിച്ചു. സിസ്റ്റേഴ്‌സും അവരോട് സംസാരിച്ചു. അവര്‍ക്കെല്ലാം വേണ്ടി പ്രാര്‍ത്ഥിച്ച് ഇറങ്ങി.
യാത്രാമധ്യേ സിസ്റ്റേഴ്‌സ് പരസ്പരം പറഞ്ഞു: ”ഇത്രയും വീടുകള്‍ കയറിയിട്ട് ആദ്യമായാണ് പരാതികള്‍ ഇല്ലാത്ത, സന്തോഷം നിറഞ്ഞു തുളുമ്പുന്ന, ഒരു കുടുംബം കാണാനായത്. സമാനമായ കുടുംബങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും ഇവര്‍ക്ക് മാത്രം പരിഭവങ്ങളൊന്നും ഇല്ല.”
മുകളില്‍ പറഞ്ഞത് ശരിയായിരിക്കാം. കേരളത്തില്‍ പത്ത് ലക്ഷത്തോളം വീടുകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതോടൊപ്പം ലക്ഷക്കണക്കിന് വീടുകളില്‍ മാതാപിതാക്കള്‍ മാത്രമോ, അഥവാ വീട്ടില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമോ ഉള്ളൂ. അവരില്‍ ഏറെപ്പേരും ജീവിത സാഹചര്യങ്ങളെക്കുറിച്ചും ഒറ്റപ്പെടലുകളെക്കുറിച്ചും പരിതപിച്ചും പരാതി പറഞ്ഞും സന്തോഷം തല്ലിക്കെടുത്തുകയാണ്. ഇല്ലാത്ത ദുഃഖങ്ങള്‍ ക്ഷണിച്ചു വരുത്തി, ആലോചിച്ചുകൂട്ടി ആകുലപ്പെടുകയാണ് പലരും. ജീവിതത്തിന്റെ ഏതൊരവസ്ഥയിലും സന്തോഷമായിരിക്കുക എന്ന പാഠം നമ്മള്‍ പഠിക്കണം. ആരും ഇവിടെ തനിച്ചല്ല. ഒപ്പം നമ്മെ സൂക്ഷിച്ച് വീക്ഷിക്കുന്നൊരു ദൈവമുണ്ട്.
ഇടക്കാലത്ത് ജീവിതപങ്കാളി മരിച്ചതിനുശേഷം, സ്വന്തം മകനുണ്ടായിട്ടും തനിച്ച് ജീവിക്കേണ്ടി വന്നതില്‍ പരാതിയില്ലാത്ത ഒരു സ്ത്രീയെ നമുക്ക് കാല്‍വരിക്കുരിശിന്‍ ചുവട്ടില്‍ കാണാനാകും. ആ അമ്മയുടെ മക്കളാണ് നമ്മള്‍. അവള്‍ എവിടെയെങ്കിലും പരാതി പറയുന്നതായി സുവിശേഷത്തില്‍ കാണാനാകുമോ? ഒരിക്കലുമില്ല. സന്തോഷമെന്നത് എല്ലാവരും ഒപ്പമുള്ളപ്പോള്‍ ലഭിക്കുന്നതല്ല,
ദൈവം ഒപ്പമുണ്ടെന്നുള്ള വിശ്വാസത്തില്‍നിന്ന്
ഉരുത്തിരിയുന്നതാണ്. അതുകൊണ്ടാണ്
സഹനനാളുകളിലും പൗലോസ് ശ്ലീഹ ഇങ്ങനെയാവര്‍ത്തിച്ചത്: ”നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍… ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍” (ഫിലിപ്പി 4/4, 6).
പരാതികളോടും പരിഭവങ്ങളോടും ‘ഗുഡ്‌ബൈ’ പറഞ്ഞ് ആത്മീയസന്തോഷം സ്വന്തമാക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
ഫാദര്‍ ജെന്‍സണ്‍ ലാസലെറ്റ്