ഒരു പൂച്ചയെ ആരെങ്കിലും എടുത്ത് വായുവില്‍ എറിഞ്ഞു എന്ന് വിചാരിക്കുക. അവയ്ക്ക് വായുവില്‍വച്ചുതന്നെ ശരീരം തിരിച്ച് നേരെയാക്കാന്‍ സാധിക്കും. റൈറ്റിംഗ് റിഫ്ളക്സ് എന്നതാണ് അതിന്റെ സാങ്കേതികനാമം. അതായത് ശരീരം വായുവില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള കഴിവ് പൂച്ചയ്ക്ക് സ്വാഭാവികമായി ഉണ്ട്. വളരെ ശക്തമായ ‘ബാലന്‍സ്’ ഉള്ള ആന്തരികകര്ണങ്ങളാണ് ഈ കഴിവിന്റെ പ്രധാനകാരണം. ആന്തരികമായ ‘ബാലന്‍സ്’ ശക്തമായതിനാല്‍ അതിനനുസരിച്ച് ശരീരത്തെ നിയന്ത്രിക്കാന്‍ കഴിയും.
അതുകൊണ്ടെന്താ? നിലത്തു പതിക്കുമ്പോള്‍ നാല് കാലില്‍ വന്ന് നില്ക്കാന് അവയ്ക്ക് സാധിക്കും.
സമാനമായ സാഹചര്യം നമ്മുടെ ജീവിതങ്ങളിലും കയറി വരും. നിനച്ചിരിക്കാതെ വരുന്ന കഷ്ടപ്പാടുകള്‍മൂലം നിലംതൊടാതെ നില്‍ക്കേണ്ടിവരുന്ന അവസ്ഥ. ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘എയറിലാവുക.’ അടുത്ത നിമിഷം എന്താവും എന്നോര്‍ത്ത്, പ്രശ്നങ്ങളെല്ലാം എങ്ങനെ പരിഹരിക്കപ്പെടുമെന്നോര്ത്ത്, ആകുലപ്പെട്ട് പോകുന്ന അവസ്ഥ. പക്ഷേ ഈശോയില്‍ വിശ്വസിക്കുന്നവന് ലഭിക്കും, റൈറ്റിംഗ് റിഫ്ളക്സിന്റെ അനുഭവം.
ആകുലതകളുടെയും പ്രയാസങ്ങളുടെയും നടുവില്‍, ശരീരത്തെയും മനസ്സിനെയും ബാലന്‍സ് ചെയ്യാന്‍ അവന് പഠിക്കും. കാരണം അവന്റെ ഹൃദയത്തില്‍ ആന്തരിക സംതുലിതാവസ്ഥ നഷ്ടപ്പെടുകയില്ല.
ഈശോ പഠിപ്പിക്കുന്നത് വേറൊന്നല്ല. ”നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 6/33). ദൈവരാജ്യം അന്വേഷിക്കുന്നവന് ‘റൈറ്റിംഗ് റിഫ്ളക്സ്’ വരദാനമായി ലഭിക്കും. അവന് സുരക്ഷിതനായി നിലത്തുവന്നിറങ്ങും. എന്തെന്നാല്‍ അവന്റെ നിക്ഷേപം ദൈവത്തിലാണ്, അവിടെയാണ് അവന്റെ ഹൃദയവും (ലൂക്കാ 12/34). അതിനാല്‍ത്തന്നെ ഉന്നതങ്ങളിലേക്ക് ഹൃദയവിചാരങ്ങള്‍ ഉയര്‍ത്തി അവന് ഭൗമികകാര്യങ്ങള്‍ ക്രമീകരിക്കും.
അവന്റെ നിക്ഷേപം ഒരു ദുരന്തത്തിനും നശിപ്പിക്കാനാവില്ല. ആകയാല്‍, ആത്മാവിനാല്‍ നിറഞ്ഞ് ഉന്നതങ്ങളിലുള്ളവയെ ആഗ്രഹിക്കാനും വിശുദ്ധ സാക്ഷ്യങ്ങളായി മാറാനും നമുക്ക് സാധിക്കട്ടെ.
ഫാ. ജോസഫ് അലക്സ്