ശ്രദ്ധിക്കണം നെഹുഷ്താന്‍ – Shalom Times Shalom Times |
Welcome to Shalom Times

ശ്രദ്ധിക്കണം നെഹുഷ്താന്‍

സംഖ്യയുടെ പുസ്തകത്തില്‍ (സംഖ്യ 21:4-9), നാം വളരെ ശ്രദ്ധേയമായ ഒരു സംഭവം കാണുന്നു. മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഇസ്രായേല്‍ ജനം ദൈവത്തിനും മോശയ്ക്കും എതിരെ പിറുപിറുത്തു. തല്‍ഫലമായി, ഭയാനകമായ ആഗ്‌നേയസര്‍പ്പങ്ങള്‍ അവരുടെ ഇടയിലേക്ക് അയക്കപ്പെട്ടു. അനേകര്‍ ദംശനമേറ്റ് മരിച്ചു. തങ്ങളുടെ തെറ്റ് മനസ്സിലാക്കി ജനം അനുതപിച്ചപ്പോള്‍, ദൈവം മോശയോട് പറഞ്ഞു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ ജീവിക്കും.(സംഖ്യ 21:8) മോശ അപ്രകാരം ചെയ്തു. സര്‍പ്പദംശനമേറ്റവര്‍ ആ പിച്ചളസര്‍പ്പത്തെ നോക്കി, അവര്‍ക്ക് സൗഖ്യം ലഭിച്ചു.

വാസ്തവത്തില്‍, ആ പിച്ചളപ്രതിമയ്ക്ക് സ്വയം ആരെയും സുഖപ്പെടുത്താനുള്ള ഒരു മാന്ത്രികശക്തിയും ഉണ്ടായിരുന്നില്ല. മറിച്ച്, ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസം പ്രകടമാക്കാനുള്ള ഒരു അടയാളമായിരുന്നു അത്. എന്നാല്‍, നൂറ്റാണ്ടുകള്‍ക്കിപ്പുറം രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ (2 രാജാക്കന്മാര്‍ 18:4) നാം കാണുന്നത് ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ്. ഒരുകാലത്ത് രക്ഷയുടെ അടയാളമായിരുന്ന അതേ പിച്ചളസര്‍പ്പം ഒരു വിഗ്രഹമായി മാറിയിരിക്കുന്നു! ഇസ്രായേല്‍ ജനം അതിന് ‘നെഹുഷ്താന്‍’ എന്ന് പേരിട്ട്, അതിന്റെ മുന്‍പില്‍ ധൂപാര്‍ച്ചന നടത്തി അതിനെ ആരാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒന്നാം പ്രമാണത്തിന്റെ (പുറപ്പാട് 20:3) നഗ്‌നമായ ലംഘനമായിരുന്നു അത്. പിന്നീട്, ഹെസക്കിയാ രാജാവ് നടത്തിയ നവീകരണങ്ങളുടെ ഭാഗമായി, മോശയുണ്ടാക്കിയ പിച്ചളസര്‍പ്പത്തെ അവന്‍ തകര്‍ത്തുകളഞ്ഞു (2 രാജാക്കന്മാര്‍ 18:4).

നമ്മുടെ ആത്മീയജീവിതത്തിലും ഇതുപോലെയുള്ള നെഹുഷ്താന്‍ രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ് അത്. ആ നെഹുഷ്താന്‍ ചിലപ്പോള്‍, നമ്മെ ദൈവത്തിലേക്ക് നയിച്ച ഒരു വൈദികനോ, ഒരു ധ്യാനഗുരുവോ, അല്ലെങ്കില്‍ ഒരു കൂട്ടുകാരനോപോലും ആയേക്കാം. ഒരു വ്യക്തിയിലൂടെയോ, ഒരു ധ്യാനകേന്ദ്രത്തിലൂടെയോ നമ്മള്‍ ദൈവത്തിന്റെ സ്‌നേഹം അനുഭവിച്ചറിയുമ്പോള്‍, ആ മാധ്യസ്ഥ്യത്തില്‍മാത്രം ആശ്രയിച്ച് ദൈവത്തെ മറന്നുപോകാറുണ്ടോ എന്ന് നാം ചിന്തിക്കണം. ഈ ആശ്രയത്വം നമ്മളെ പതിയെ ആ വ്യക്തിക്കോ സ്ഥലത്തിനോ അടിമകളാക്കി മാറ്റാന്‍ ഇടയുണ്ട്. അങ്ങനെ, ദൈവത്തിന് കൊടുക്കേണ്ട സ്ഥാനം നമ്മള്‍ അറിയാതെ അവര്‍ക്ക് നല്‍കുകയും ഒരുതരം അടിമത്തത്തില്‍ വീഴുകയും ചെയ്യും. ദൈവം അവിടെയുണ്ടെന്ന് നാം വിശ്വസിക്കുന്നു, അത് സത്യവുമാണ്. എന്നാല്‍, ദൈവം അവിടെ മാത്രമേയുള്ളൂ എന്ന് നാം ചിന്തിക്കാന്‍ തുടങ്ങിയാല്‍, ആ സ്ഥലങ്ങള്‍ നമുക്ക് നെഹുഷ്താന്‍ ആയി മാറും.

അതുപോലെതന്നെയാണ് തിരുസഭയുടെ ആരാധനക്രമങ്ങളും (ഹശൗേൃഴ്യ). ഓരോ ആരാധനക്രമവും ദൈവത്തിന്റെ സ്‌നേഹത്തെയും രക്ഷാകരപദ്ധതിയെയും നമ്മുടെ ഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. എന്നാല്‍, ഒരു പ്രത്യേക ആരാധനക്രമം മാത്രമാണ് ദൈവത്തെ കണ്ടുമുട്ടാനുള്ള ഒരേയൊരു മാര്‍ഗം എന്ന് നാം ചിന്തിക്കുകയും ആരാധനക്രമം ദൈവത്തെക്കാള്‍ വലുതാകുകയും ചെയ്താല്‍, അത് ഒരു നെഹുഷ്താന്‍ ആയി മാറിയേക്കാം. അപ്പോള്‍, മറ്റ് ആരാധനക്രമങ്ങളില്‍, അവയുടെ പാരമ്പര്യത്തിലും രീതികളിലും ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്താനും അവയെ ബഹുമാനിക്കാനും നമുക്ക് കഴിയാതെവരും. എല്ലാ ആരാധനക്രമങ്ങളുടെയും ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുകയും നമ്മെ അവിടുത്തെ സ്‌നേഹവുമായി ഒന്നിപ്പിക്കുകയുമാണ് എന്ന അടിസ്ഥാനതത്വം നാം മറന്നുപോകും.

നമ്മുടെ ആത്മീയയാത്രയില്‍ സഭ നമുക്ക് കൈത്താങ്ങായി നല്‍കിയ അമൂല്യ സമ്മാനങ്ങളാണ് ഭക്താഭ്യാസങ്ങള്‍. വിശുദ്ധരുടെ വണക്കം, നൊവേനകള്‍, കൊന്ത, ഉത്തരീയം പോലുള്ള തിരുക്കര്‍മ്മ വസ്തുക്കള്‍ ഇവയെല്ലാം ആത്യന്തികമായി നമ്മെ ക്രിസ്തുവിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍, ഈ ഭക്തിമാര്‍ഗങ്ങള്‍ തന്നെ ലക്ഷ്യമായിത്തീരാന്‍ സാധ്യതയുണ്ടോ എന്ന് നാം ആത്മപരിശോധന ചെയ്യേണ്ടതുണ്ട്.
ഇന്നത്തെ കാലത്ത് വേദനാജനകമായ ഒരു പ്രവണത നാം കാണുന്നുണ്ട്. ചിലര്‍ നൊവേനകളിലും മറ്റ് ഭക്ത്യാഭ്യാസങ്ങളിലും ആത്മാര്‍ത്ഥമായി പങ്കെടുക്കാന്‍ താല്‍പ്പര്യം കാണിക്കുമ്പോള്‍, ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും ഉച്ചിയുമായ വിശുദ്ധ കുര്‍ബാനയെ അവഗണിക്കുന്ന കാഴ്ച! അങ്ങനെ വരുമ്പോള്‍ നൊവേനയും ഒരു നെഹുഷ്താന്‍ ആയി മാറുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തിരുസ്സഭ എന്ന പേരില്‍ പുറപ്പെടുവിച്ച പ്രമാണരേഖയായ ‘ലൂമെന്‍ ജെന്‍സിയും’ (ഘൗാലി ഏലിശtuാ) വിശുദ്ധരുടെ വണക്കത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘എന്തെന്നാല്‍, ഭൂമിയില്‍ ജീവിക്കുന്ന വിശ്വാസികള്‍ തമ്മിലുള്ള ക്രിസ്തീയ കൂട്ടായ്മ നമ്മെ ക്രിസ്തുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുപോലെ, വിശുദ്ധരുമായുള്ള നമ്മുടെ ഐക്യം നമ്മെ ക്രിസ്തുവുമായി സംയോജിപ്പിക്കുന്നു. കാരണം, എല്ലാ കൃപയുടെയും ദൈവജനത്തിന്റെ ജീവന്റെയും ഉറവിടവും ശിരസും ക്രിസ്തുവാണ്’ (ഘൗാലി ഏലിശtuാ, 50). എത്ര മനോഹരമായ പഠനമാണിത്! വിശുദ്ധരുമായുള്ള ബന്ധം നമ്മെ ക്രിസ്തുവില്‍നിന്ന് അകറ്റുകയല്ല, മറിച്ച് ക്രിസ്തുവാകുന്ന ഉറവിടത്തിലേക്ക് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മുടെ എല്ലാ ഭക്താഭ്യാസങ്ങളുടെയും അടിസ്ഥാനപരമായ ലക്ഷ്യം ഇതായിരിക്കണം.

ദൈവത്തിന്റെ സ്ഥാനത്ത് ഞാന്‍ മറ്റെന്തിനെയെങ്കിലും പ്രതിഷ്ഠിച്ചിട്ടുണ്ടോ എന്ന് നമുക്കൊന്ന് സ്വയം വിലയിരുത്താം. ദൈവം എനിക്ക് നല്‍കിയ ദാനങ്ങളില്‍ കുടുങ്ങിപ്പോയിട്ട്, ദാനങ്ങള്‍ നല്‍കുന്ന ദൈവത്തെ മറന്നുപോകുന്നുണ്ടോ?
തന്റെ രാജ്യത്തില്‍നിന്ന് വിഗ്രഹങ്ങളെയും ദുരാചാരങ്ങളെയും തുടച്ചുനീക്കാന്‍ ഹെസക്കിയാ രാജാവ് ധൈര്യം കാണിച്ചപ്പോള്‍, ദൈവം അവനോടൊപ്പം ഉണ്ടായിരുന്നു. തന്റെ എല്ലാ പ്രവൃത്തികളിലും ദൈവം അവനെ വിജയിപ്പിച്ചു. അവനിലൂടെ ദൈവം ഇസ്രായേലിനെ അവരുടെ ഏറ്റവും വലിയ ശത്രുക്കളില്‍ നിന്ന് അത്ഭുതകരമായി രക്ഷിച്ചു. ബൈബിള്‍ പറയുന്നു, ”അവന്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവില്‍ ആശ്രയിച്ചു… കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു. അവന്‍ എവിടെപ്പോയാലും വിജയം വരിച്ചു” (2 രാജാക്കന്മാര്‍ 18:5-7). അങ്ങനെ ദൈവത്തില്‍ മാത്രം ആശ്രയിക്കുമ്പോള്‍, അവിടുന്ന് നമ്മോടൊത്ത് ഉണ്ടായിരിക്കും.

നമുക്ക് പ്രാര്‍ത്ഥിക്കാം, സര്‍വ്വശക്തനായ ദൈവമേ, അങ്ങ് ഞങ്ങളുടെ ജീവിതത്തില്‍ നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെയും ഓര്‍ത്ത് ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് നല്‍കിയ ദാനങ്ങളില്‍ കുടുങ്ങിപ്പോകാതെ, ദാനങ്ങള്‍ നല്‍കുന്ന അങ്ങയെത്തന്നെ എപ്പോഴും ആരാധിക്കുവാനും സ്‌നേഹിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ രൂപപ്പെട്ടേക്കാവുന്ന എല്ലാ നെഹുഷ്താനെയും അങ്ങയുടെ കൃപയാല്‍ തകര്‍ത്തുകളഞ്ഞ്, ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി എപ്പോഴും അങ്ങ് നിലകൊള്ളണമേ. ആമേന്‍.
തിരുവനന്തപുരം മേജര്‍ അതിരൂപത വൈദികനായ ഫാ. ജോസഫ് ഇപ്പോള്‍ കൊല്ലം അഞ്ചല്‍ സെയ്ന്റ ് മേരീസ് ദൈവാലയത്തിന്റെ അസിസ്റ്റന്റ വികാരിയാണ്.

ഫാ. ജോസഫ് വടക്കേടത്ത്