ദൈവത്തിന്റെ വാളും സന്യാസിനികളും – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തിന്റെ വാളും സന്യാസിനികളും

വ്രതവാഗ്ദാന നവീകരണ സമയത്ത് ഈശോനാഥനെ അള്‍ത്താരയുടെ വചനം വായിക്കുന്ന വശത്തു ഞാന്‍ കണ്ടു. സ്വര്‍ണബല്‍റ്റുള്ള വെള്ളവസ്ത്രമണിഞ്ഞ്, കൈയില്‍ ഭീതി ജനിപ്പിക്കുന്ന ഒരു വാളും പിടിച്ചിരുന്നു. സിസ്റ്റേഴ്‌സ് തങ്ങളുടെ വ്രതവാഗ്ദാന നവീകരണം ആരംഭിക്കുന്ന നിമിഷംവരെ ഇതു നീണ്ടുനിന്നു. അപ്പോള്‍ അവര്‍ണനീയമായ ഒരു ഉജ്ജ്വല പ്രകാശം ഞാന്‍ കണ്ടു. ഈ ഉജ്ജ്വല പ്രകാശത്തിനു മുന്നില്‍ തുലാസിന്റെ ആകൃതിയില്‍ ഒരു വെളുത്ത മേഘത്തെയും കണ്ടു. അപ്പോള്‍ ഈശോ വന്ന് ആ വാള്‍ തുലാസിന്റെ ഒരു വശത്തുവച്ചു,
ആ തട്ട് ഭാരത്തോടെ നിലംമുട്ടെ താഴ്ന്നുവന്നു. അപ്പോള്‍ത്തന്നെ, സിസ്റ്റേഴ്‌സ് അവരുടെ വ്രതവാഗ്ദാന നവീകരണം പൂര്‍ത്തിയാക്കി.

അപ്പോള്‍ മാലാഖമാര്‍ ഓരോ സിസ്റ്ററില്‍നിന്നും എന്തോ എടുത്ത് ധൂപക്കുറ്റിയുടെ ആകൃതിയിലുള്ള ഒരു സ്വര്‍ണപ്പാത്രത്തില്‍ വയ്ക്കുന്നതു ഞാന്‍ കാണുകയുണ്ടായി. എല്ലാ സിസ്റ്റേഴ്‌സില്‍നിന്നും അതു ശേഖരിച്ചശേഷം, ആ പൊന്‍പാത്രം തുലാസിന്റെ മറ്റേ തട്ടില്‍ വച്ചു. ഉടനെതന്നെ ആ തട്ട് താണുവരികയും വാള്‍ വച്ചിരുന്ന തട്ട് മുകളിലേക്ക് പൊങ്ങിപ്പോകുകയും ചെയ്തു. ആ സമയം ധൂപക്കുറ്റിയില്‍നിന്ന് ഒരു തീനാളം പുറപ്പെട്ട് ഉജ്ജ്വലപ്രകാശമായി മാറി. അപ്പോള്‍ ആ ഉജ്ജ്വല പ്രകാശത്തില്‍നിന്ന് ഈ സ്വരം ഞാന്‍ കേട്ടു: വാള്‍ അതിന്റെ സ്ഥാനത്തു വയ്ക്കുക; ബലിയര്‍പ്പണം വളരെ വലുതാണ്. അതിനുശേഷം ഈശോ ഞങ്ങളെ അനുഗ്രഹിച്ചു. (ഡയറി 394)
വിശുദ്ധ ഫൗസ്റ്റീന ഡയറിയില്‍ വ്രതങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നതും ഇതോടുചേര്‍ത്ത് മനസിലാക്കേണ്ടതാണ്.

എന്താണ് വ്രതം?
കൂടുതല്‍ പൂര്‍ണ്ണതയോടെ ഒരു പ്രവൃത്തി ചെയ്തുകൊള്ളാമെന്ന് ദൈവത്തോടു സ്വതന്ത്രമായി ചെയ്യുന്ന ഒരു വാഗ്ദാനമാണ് വ്രതം.
എന്തുകൊണ്ടാണ് സന്യസ്തരുടെ വ്രതങ്ങള്‍ക്ക് ഇത്ര മൂല്യമുള്ളത്?
വ്രതങ്ങളാണ് സഭ അംഗീകരിച്ചിട്ടുള്ള സന്യസ്തജീവിതത്തിന്റെ അടിത്തറ. മൂന്ന് വ്രതങ്ങളായ ദാരിദ്ര്യം, കന്യാവ്രതം, അനുസരണം, ഇവ നിയമാനുസൃതം അനുഷ്ഠിച്ചുകൊണ്ട് സന്യാസമൂഹാംഗങ്ങള്‍ പരസ്പരബന്ധിതരായി പൂര്‍ണ്ണതപ്രാപിക്കാന്‍ പരിശ്രമിക്കുന്നു.
പുണ്യവും വ്രതവും തമ്മിലുളള വ്യത്യാസമെന്ത്?
പാപത്തിന്‍ കീഴില്‍ കല്പിക്കുന്നത് അനുഷ്ഠിക്കുന്നതാണ് വ്രതം. എന്നാല്‍ പുണ്യം ഇതിനുമപ്പുറം പോകുന്നു. വ്രതം പാലിക്കാന്‍ പുണ്യം സഹായിക്കുന്നു.
എന്താണ് ദാരിദ്ര്യവ്രതം?
വസ്തുക്കളുടെ മേലുള്ള അവകാശം അല്ലെങ്കില്‍ വസ്തുക്കള്‍ ഉപയോഗിക്കാനുള്ള അവകാശം ദൈവപ്രീതിക്കായി സ്വമനസ്സാലെ ഉപേക്ഷിക്കുന്നതാണ് ദാരിദ്ര്യവ്രതം.
ദാരിദ്ര്യമെന്ന പുണ്യത്തിനെതിരായി നാം പാപം ചെയ്യുന്നതെപ്പോഴാണ്?
ഈ പുണ്യത്തിനെതിരായി എന്തെങ്കിലും ആഗ്രഹിക്കുമ്പോഴാണ്; ഏതെങ്കിലും വസ്തുക്കളോട് പ്രതിപത്തി ഉണ്ടാകുമ്പോഴും അമിതമായി എന്തെങ്കിലും ഉപയോഗിക്കുമ്പോഴും.
ബ്രഹ്‌മചര്യവ്രതം എന്താണ് ആവശ്യപ്പെടുന്നത്..?
വിവാഹജീവിതത്തെ ഉപേക്ഷിക്കുവാനും ആറും ഒമ്പതും പ്രമാണങ്ങളാല്‍ വിലക്കിയിരിക്കുന്നതില്‍നിന്നെല്ലാം അകന്നുനില്‍ക്കാനും.

ഈ പുണ്യത്തിലുളള വീഴ്ച ഈ വ്രതലംഘനമാകുമോ?
ഈ പുണ്യത്തിലുളള എല്ലാ വീഴ്ചകളും ഈ വ്രതത്തിന്റെ ലംഘനമായിരിക്കും. കാരണം ദാരിദ്ര്യവും അനുസരണവുംപോലെ വ്രതവും പുണ്യവും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല.
എന്തെല്ലാമാണ് ഈ പുണ്യം കാത്തുസൂക്ഷിക്കാനുള്ള വഴികള്‍?
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, അവസരങ്ങള്‍ ഒഴിവാക്കുക, അലസത മാറ്റുക, പ്രലോഭനങ്ങളെ ഉടനടി മാറ്റുക, എല്ലാത്തില്‍നിന്നും, പ്രത്യേകിച്ച് കൂട്ടുകെട്ടില്‍നിന്ന്, ഒഴിഞ്ഞുമാറുക, പരിത്യാഗത്തിന്റെ അരൂപി വളര്‍ത്തുക, കുമ്പസാരക്കാരനോട് എല്ലാ പ്രലോഭനങ്ങളും വെളിപ്പെടുത്തുക.

അനുസരണവ്രതം എന്താണ്?
ആദ്യത്തെ രണ്ട് വ്രതങ്ങളെക്കാള്‍ ഉന്നതമാണ് അനുസരണവ്രതം. യഥാര്‍ത്ഥത്തില്‍ ഇതൊരു ദഹനബലിയാണ്. ഇതാണ് ആശ്രമങ്ങളെ രൂപീകരിക്കുന്നതും സജീവമാക്കുന്നതും. അതിനാല്‍ ഇത് അത്യന്താപേക്ഷിതമായ ഒന്നാണ്.
അനുസരണവ്രതം വഴി, നിയമത്തിന്റെ കീഴ് തന്റെ നിയമാനുസൃതമായ അധികാരികള്‍ കല്‍പിക്കുന്ന എല്ലാ തീരുമാനങ്ങളെയും അനുസരിച്ചുകൊള്ളാമെന്ന് സമര്‍പ്പിതര്‍ ദൈവത്തോട് വാഗ്ദാനം ചെയ്യുന്നു. നിയമങ്ങള്‍ക്ക് അനുസൃതമായി തന്റെ ജീവിതം മുഴുവനും എല്ലാ പ്രവൃത്തികളും തന്റെ അധികാരികള്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കാന്‍ അനുസരണവ്രതം കടപ്പെടുത്തുന്നു. അനുസരണത്തിന്‍ കീഴില്‍ നല്‍കപ്പെടുന്ന ഓരോ കല്പന ലംഘിക്കുമ്പോഴും സമര്‍പ്പിതര്‍ ഈ വ്രതത്തിനെതിരായി പാപം ചെയ്യുന്നു (ഡയറി 93).

ഓരോ സന്യസ്തരുടെയും വ്രതങ്ങള്‍ ദൈവനീതിയുടെ വാളിനെ തടഞ്ഞ് നമ്മുടെമേല്‍ കരുണ വര്‍ഷിക്കപ്പെടാന്‍ കാരണമാകുന്നു എന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയിലൂടെ നമ്മോട് പറയുന്നു. അവരുടെ വ്രതങ്ങളുടെ പ്രാധാന്യവും നാം മനസിലാക്കി. അതിനാല്‍ ഓരോ സന്യസ്തര്‍ക്കുവേണ്ടിയും ഹൃദയപൂര്‍വം നമുക്ക് പ്രാര്‍ഥിക്കാം. തങ്ങളുടെ സവിശേഷ ദൈവവിളിയില്‍ വിശ്വസ്തതയോടെയും കരുത്തോടെയും ആയിരിക്കാന്‍ അവര്‍ അതുവഴി പ്രാപ്തരാകട്ടെ.