
കടുത്ത ആത്മീയ യുദ്ധത്തില്‍ ആയിരുന്നു. തലേന്നുമുതല്‍ എന്ന് പറയാം. അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും എട്ട് നിലയില്‍ പൊട്ടിയിട്ടാണ് കിടക്കാന്‍ പോയത്. അന്നാകട്ടെ, നിത്യരാധന നടക്കുന്ന ദിവ്യകാരുണ്യസന്നിധിയിലിരുന്ന് പ്രാര്‍ഥിച്ചു. കുറച്ച് നേരം നടക്കാന്‍ പോയി, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. പക്ഷേ ഒന്നും ശരിയാകുന്നില്ല. ശത്രു ശക്തമായി ഞാനുമായി പോരാടാന്‍ തീരുമാനിച്ചു എന്ന് പറയാം. എങ്കിലും എല്ലാവരോടും മാപ്പ് ചോദിച്ചു. മനസില്‍ നിറഞ്ഞ സങ്കടത്തോടെതന്നെ കിടന്നുറങ്ങി.
രാവിലെ ഭര്‍ത്താവിനോടും മക്കളോടും വീണ്ടും ക്ഷമ ചോദിച്ച് എല്ലാം ഒരുക്കി എല്ലാവരെയും ജോലിയ്ക്കും സ്‌കൂളിലുമെല്ലാം പറഞ്ഞു വിട്ടു. എന്നിട്ട് അല്‍പനേരം ആ ദിവസത്തെ വിശുദ്ധനായ മാക്‌സ്മില്യന്‍ കോള്‍ബെയെ കുറിച്ചു വായിച്ചു. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. തന്റെ ചെറുപ്പത്തില്‍ത്തന്നെ മാതാവ് അദ്ദേഹത്തോട് വിശുദ്ധിയുടെ കിരീടം വേണോ, അതോ രക്ത സാക്ഷിത്വത്തിന്റെ കിരീടം വേണോ’ എന്ന് ചോദിച്ചു.
മാക്‌സ്മില്യന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ വിശുദ്ധിയുടെയും രക്തസാക്ഷിത്വത്തിന്റെയും കിരീടങ്ങള്‍ സ്വന്തമാക്കി. ഞാനാണെങ്കില്‍ ഇങ്ങനെ ചിന്തിക്കുമായിരുന്നു, ‘മാതാവ് ഒരു ചോയ്‌സ് തന്നതല്ലേ, രണ്ട് കിരീടവും കൂടി ചോദിച്ചു ആര്‍ത്തി കാണിക്കണ്ട. വിശുദ്ധിയുടെ കിരീടം മാത്രം മതി എനിക്ക്. ഞാന്‍ വളരെ മിനിമലിസ്റ്റ് ആണ്.’
പക്ഷേ ഈ കിരീടങ്ങള്‍ രണ്ടും ഉണ്ടായിരുന്നതുകൊണ്ടാണല്ലോ അപരിചിതനായ ഒരു കുടുംബനാഥനും അവന്റെ കുടുംബത്തിനും വേണ്ടി സ്വന്തം ജീവന്‍ കൊടുക്കാന്‍ മാക്‌സ്മില്യന് ഒട്ടുംതന്നെ സംശയം തോന്നാതിരുന്നത്. അഹം വിട്ടുകൊടുക്കാന്‍ തെല്ലും വിഷമമില്ലായിരുന്നു എന്ന് സാരം.
പക്ഷേ എന്റെ ജീവിതത്തില്‍, സ്വന്തം ജീവിത പങ്കാളിയുടെയോ, മക്കളുടെയോ വാക്കുകളുടെ മുന്‍പില്‍, ഒരു നിമിഷം ഒന്ന് വിട്ട് കൊടുക്കാന്‍ പോലും, ഞാന്‍ വിഷമിക്കുന്നതിന്റെ കാരണം, എന്റെ അഹത്തെ ഹനിക്കാന്‍ (ഒരു രക്തസാക്ഷിത്വംതന്നെ) സാധിക്കാത്തതാണ്.
ഈ സത്യം മനസ്സില്‍ നിറഞ്ഞ നിമിഷം തന്നെ, എന്റെ ഫോണില്‍ ഒരു ടെക്‌സ്റ്റ് മെസേജ് വന്നു: ”ഒരു പ്രത്യേക ആവശ്യത്തിനായി പ്രാര്‍ഥിക്കാമോ?” ‘ ഒരു കൂട്ടുകാരിയാണ്. അവള്‍ക്ക് അപ്പോള്‍ത്തന്നെ ഒരു അത്യവശ്യം ഉണ്ട്. അതുകൊണ്ട് പ്രാര്‍ഥന മാറ്റിവയ്ക്കാന്‍ പറ്റില്ല. ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തു, ”ഞാന്‍ ഇപ്പോള്‍ത്തന്നെ പ്രാര്‍ഥിക്കാം.”
തുടര്‍ന്ന് ഞാന്‍ പതിയെ മാക്‌സ്മില്യന്‍ കോള്‍ബേയുടെ അതേ വഴിതന്നെ തിരഞ്ഞെടുത്തു: ജപമാല. രണ്ടാമത്തെ ജപമാലയിലെ രണ്ടാം രഹസ്യം കഴിഞ്ഞപ്പോഴേ മറുപടി വന്നു: ”ചേച്ചീ, എല്ലാം ശരിയായി. പ്രാര്‍ഥിച്ചതിന് നന്ദി.”
ഞാന്‍ അവളോട് പറഞ്ഞു: ”ഈശോ ആണ് നിന്നെക്കൊണ്ട് എന്നെ ടെക്സ്റ്റ് ചെയ്യിച്ചത്. കാരണം ഇന്നലെമുതല്‍ ഞാന്‍ ആത്മീയമായി കടുത്ത യുദ്ധത്തില്‍ ആയിരുന്നു. നീ പ്രാര്‍ഥന ചോദിച്ചതു കൊണ്ട്, എനിക്ക് ഈശോയോടും അമ്മയോടും കൂടെ കുറച്ചു സമയം ആയിരിക്കാന്‍ സാധിച്ചു. അങ്ങനെ അഹം വിട്ടുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. അതോടെ ഹൃദയം പൂര്‍ണമായും ശാന്തതയിലായി, അവിടുന്നുമായി വീണ്ടും രമ്യതയിലായി. തോറ്റുമടങ്ങുന്ന പിശാചിനെ ഇപ്പോള്‍ എനിക്ക് കാണാം.”
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ആത്മാവുതന്നെയാണ് വിശുദ്ധീകരിക്കപ്പെടുന്നത്. സ്വര്‍ഗത്തിലേക്ക് നാം കൂടുതല്‍ അടുക്കുകയാണ്. നമ്മുടെ അഹത്തെ ഹനിക്കുവാന്‍ ഒരു അവസരം കൂടി!
അനുദിനം മക്കള്‍ക്കായി, കുടുംബത്തിനായി, കൂട്ടുകാര്‍ക്കായി, ഇടവകയ്ക്കായി, രാജ്യത്തിനായി, എല്ലാം ഇപ്രകാരം അഹം വിട്ടുകൊടുത്ത് ഓടുന്നതിന് പ്രതിഫലമുണ്ട്! സ്വയം മറന്നുള്ള ഈ സ്‌നേഹത്തിന് ഒരു കിരീടം നമുക്കായി കാത്തിരിക്കുന്നു!
അതിനാല്‍ പരാതികള്‍ പറഞ്ഞ് സഹനങ്ങള്‍ നഷ്ടപ്പെടുത്താതെ നമുക്ക് ശ്രദ്ധിക്കാം. ”ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119:71) എന്നാണല്ലോ തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നത്. നമ്മുടെ അഹത്തെ ഹനിക്കാനുള്ള ഓരോ സഹനവും ഈശോയുടെ കുരിശിനോട് ചേര്‍ത്തുവച്ചാല്‍, സ്വര്‍ഗീയ പൂന്തോട്ടം നമുക്ക് പണിയാം!