വിജയം തന്നു ആ വചനം – Shalom Times Shalom Times |
Welcome to Shalom Times

വിജയം തന്നു ആ വചനം

ഞാന്‍ ഗൈനക്കോളജി ബിരുദാനന്തരബിരുദം രണ്ടാം വര്‍ഷം പഠിച്ചിരുന്ന സമയം. ഡ്യൂട്ടിയ്ക്കിടയില്‍ പഠിക്കാന്‍ ഒട്ടും സമയം കിട്ടിയിരുന്നില്ല. അതിനാല്‍ത്തന്നെ അധ്യാപകര്‍ റൗണ്ട്‌സിന് വരുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരവും അറിയില്ലായിരുന്നു. പതിവുപോലെ റൗണ്ട്‌സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അന്ന് വന്ന മാഡം എന്നോട് പല ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ മാഡത്തെ നിരാശപ്പെടുത്തുകയും ചെയ്തു.

ഇങ്ങനെയാണ് പഠിക്കുന്നതെങ്കില്‍ പരീക്ഷയില്‍ നിശ്ചയമായും തോല്‍ക്കും എന്ന് മാഡം എനിക്ക് മുന്നറിയിപ്പ് നല്കി. മാഡമാണ് പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്ക് ഇന്റേണല്‍ എക്‌സാമിനര്‍ ആയി വരുന്നതെങ്കില്‍ എന്നെ തീര്‍ച്ചയായും തോല്‍പിക്കുമെന്നും പറഞ്ഞു. അതുകേട്ടതോടെ, ഒരു വര്‍ഷത്തിനുശേഷം നടക്കാന്‍ പോകുന്ന പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഞാന്‍ വിധിയെഴുതി. അങ്ങനെ ഭാരിച്ച ഹൃദയവുമായാണ് അന്ന് ചാപ്പലിലേക്ക് പോയത്. എന്നെ പരീക്ഷയില്‍ തോല്‍പിക്കണമെന്ന് മാഡം തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ചിന്ത എന്നെ ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ ചാപ്പലിലേക്ക് പ്രവേശിച്ചതും അവിടെ ബോര്‍ഡില്‍ എഴുതിയിരുന്ന പ്രതിവചനസങ്കീര്‍ത്തനം ശ്രദ്ധിച്ചു. സാധാരണയായി ഞാനത് അത്ര ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാല്‍ അന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ട വചനം ഇങ്ങനെയായിരുന്നു, ”എന്റെ ദൈവം, രാജാവായവന്‍, ഭൂമിയിലെ എല്ലാറ്റിന്റെയുംമേല്‍ അധികാരമുള്ളവന്‍.”

അത് വായിച്ചുതീര്‍ന്നതും എന്റെയുള്ളില്‍ കൃതജ്ഞതയുടെ തീ ആളിക്കത്തി. അവിടുന്ന് ഭൂമി മുഴുവന്റെയുംമേല്‍, മാഡത്തിന്റെയുംമേല്‍ അധികാരമുള്ളവനാണ്. അവന്റെ മുന്‍പില്‍ ആരും ഭയക്കേണ്ടതില്ല എന്ന ശക്തമായ ബോധ്യം ഉള്ളില്‍ നിറഞ്ഞു. വാസ്തവത്തില്‍, ആ നിമിഷം, എന്റെ രണ്ടാം വര്‍ഷ പഠനസമയത്തുതന്നെ മൂന്നാം വര്‍ഷ പരീക്ഷയും ഞാന്‍ ജയിച്ചുവെന്ന് പറയാം. പിന്നീട് ഈ വചനമായിരുന്നു, ദൈവത്തിന്റെ ഈ വാഗ്ദാനമായിരുന്നു, എന്റെ ശക്തി. ഈ വചനം സ്ഥിരമായി ഉരുവിടുകയും ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കുകയും ചെയ്തു. ഒപ്പം, ‘കര്‍ത്താവേ, നീ നിന്റെ വാക്ക് പാലിക്കണേ’ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.

എന്നാല്‍ സ്റ്റഡി ലീവ് തുടങ്ങിയപ്പോള്‍ എനിക്ക് പഠിച്ചുതീര്‍ക്കാന്‍ ആവുന്നതിലധികം പഠിക്കാനുണ്ടെന്ന് എനിക്ക് മനസിലായി. വീണ്ടും തോല്‍വിയെക്കുറിച്ചുള്ള ഭയം എന്നില്‍ ശക്തമാവുന്നതുപോലെ…
കര്‍ത്താവ് തന്ന വാഗ്ദാനം എന്നില്‍ നിറവേറുമോ എന്ന് സംശയം മനസില്‍ നിറഞ്ഞുനിന്ന സമയം… അപ്പോഴാണ് എന്റെ കൂട്ടുകാരിയുടെ ഒരു സന്ദേശം വാട്ട്‌സാപ്പില്‍ വന്നത്, ”വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു കഴിയുമെന്ന് അവന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു” (റോമാ 4:21) എന്ന വചനം. അത് വായിച്ചതോടെ എന്റെ വിശ്വാസം വര്‍ധിച്ചു. ദൈവത്തിന്റെ വാഗ്ദാനത്തില്‍ ഉറപ്പ് ലഭിക്കുന്നതുപോലെ തോന്നി.

തുടര്‍ന്ന് തിയറി പരീക്ഷ ആരംഭിച്ചു. അതിനിടയിലാണ് പ്രാക്ടിക്കല്‍ എക്‌സാമിന് ഇന്റേണല്‍ എക്‌സാമിനര്‍ ആയി വരുന്നത് അന്നെന്നെ തോല്‍പിക്കുമെന്ന് പറഞ്ഞ മാഡംതന്നെയാണ് എന്ന് ഞാനറിഞ്ഞത്. വീണ്ടും, ഭയവും നിരാശയും എന്നെ പിടികൂടി. ദൈവം തന്ന വാക്ക് അവന്‍ നിറവേറ്റുമെന്ന വിശ്വാസം എനിക്ക് ആശ്വാസം നല്‍കിയില്ല. വളരെയധികം ഭയത്തോടെ ആ പരീക്ഷയ്ക്കായി പോകാനൊരുങ്ങിയ എന്നോട് അന്ന് ദൈവം അത്ഭുതകരമായി സംസാരിച്ചത് അന്നത്തെ വിശുദ്ധ കുര്‍ബാനയിലെ പ്രതിവചനസങ്കീര്‍ത്തനത്തിലൂടെ… ”ദൈവം എന്നെന്നും തന്റെ ഉടമ്പടി ഓര്‍മിക്കും.”

ആ ധൈര്യത്തോടെ ഞാന്‍ പ്രാക്ടിക്കല്‍ എക്‌സാം എഴുതി. നല്ല മാര്‍ക്കു നല്‍കി ദൈവം എന്നെ വിജയിപ്പിക്കുകയും ചെയ്തു. വാഗ്ദാനം നല്‍കുന്നവനും അതു പാലിക്കുന്നവനുമാണ് കര്‍ത്താവ്. അതിനായി നമ്മോട് അവിടുന്ന് ആവശ്യപ്പെടുന്നത് ഒന്നുമാത്രം, ആഴമായ വിശ്വാസം. എന്നാല്‍ നമ്മുടെ വിശ്വാസം ദുര്‍ബലമാണെങ്കില്‍, വര്‍ധിപ്പിക്കുന്നതിനായും അവന്‍ അത്ഭുതങ്ങള്‍ ചെയ്യും.

ഡോ. സിസ്റ്റര്‍ അമല പുന്നയ്ക്കത്തറ എസ്.എച്ച്