മരിച്ചാലും മറക്കരുത്! – Shalom Times Shalom Times |
Welcome to Shalom Times

മരിച്ചാലും മറക്കരുത്!

”മരണം ഭൗമികജീവിതത്തിന്റെ അന്ത്യമാണ്. നമ്മുടെ ജീവിതം സമയംകൊണ്ട് അളക്കപ്പെടുന്നു. അതിന്റെ ഗതിയില്‍ നമുക്ക് മാറ്റം സംഭവിക്കുകയും നാം വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ഭൂമിയിലെ സര്‍വ്വജീവജാലങ്ങള്‍ക്കുമെന്നപോലെ മരണം ജീവിതത്തിന്റെ സ്വാഭാവികമായ അന്ത്യംപോലെ കാണപ്പെടുന്നു. മരണത്തിന്റെ ഈ പ്രത്യേകത നമ്മുടെ ജീവിതത്തിന് അടിയന്തിരസ്വഭാവം നല്കുന്നു. നമ്മുടെ ജീവിതത്തെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നതിന് പരിമിതമായ സമയമേ ഉള്ളൂ എന്ന് മനസിലാക്കാന്‍ മര്‍ത്യതയെപ്പറ്റിയുള്ള സ്മരണ നമ്മെ സഹായിക്കുന്നു (സിസിസി 1007).

മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കണമോ?

പിതാവായ യാക്കോബ് തന്റെ മരണക്കിടക്കയില്‍ പുത്രന്‍മാരോട് മാമ്രേക്കടുത്തുളള ഗുഹയില്‍ സംസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. (ഉല്‍പ്പത്തി 49/30). ഇസഹാക്കിന്റെ പുത്രന്മാര്‍ അവനെപ്രതി 30 ദിവസം വിലപിച്ചു. അഹറോന്റെയും സഹോദരന്‍ മോശയുടെയും മരണത്തില്‍ ജനങ്ങള്‍ 30 ദിവസം ദുഃഖമാചരിച്ചു. അങ്ങനെ മരിച്ചവര്‍ക്കുവേണ്ടി ഒരു മാസം ദു:ഖമാചരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ആചാരമായി തീര്‍ന്നു.
വിശുദ്ധ മോനിക്കാ മകനായ അഗസ്റ്റിനോട് ബലിപീഠത്തില്‍ ഓരോ ബലിയര്‍പ്പിക്കുമ്പോഴും എന്നെ ഓര്‍ക്കണമേ എന്നാണ് പറഞ്ഞത്. വിശുദ്ധ അംബ്രോസ് ചക്രവര്‍ത്തിയായ തിയഡോഷ്യസിനു തന്റെ സ്‌നേഹത്തിന്റെ അടയാളമായി നല്‍കിയതും കണ്ണീരല്ല. അദ്ദേഹം പറഞ്ഞു, ‘ഞാന്‍ ഈ രാജകുമാരനെ സ്‌നേഹിച്ചത് സ്‌നേഹം ഹൃദയത്തിലുള്ളതിനാലാണ്. അദ്ദേഹത്തിന്റെ നന്മകള്‍ ഏത് സ്ഥലത്താണോ അവനെ എത്തിക്കേണ്ടത് അവിടെയെത്തുംവരെ ഞാന്‍ അദ്ദേഹത്തെ ഉപേക്ഷിക്കില്ല.’

എന്താണ് ശുദ്ധീകരണ സ്ഥലം..?
ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടവര െല്ലങ്കിലും നിത്യരക്ഷയുടെ ഉറപ്പുനേടിയവരാണ്. എന്നാല്‍ സ്വര്‍ഗീയാനന്ദത്തിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനുവേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിനു വിധേയരായിത്തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലമെന്നു വിളിക്കുന്നു (സിസിസി 1030).

ശുദ്ധീകരണസ്ഥലം എവിടെ?
ശുദ്ധീകരണസ്ഥലം ഭൗമശാസ്ത്രപരമായി എവിടെയാണെന്ന് കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മരിച്ചുപോയവരുടെ ആത്മാക്കള്‍ ശുദ്ധീകരണത്തിലൂടെ കടന്നുപോകുന്നുണ്ട് എന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നു.

അലാനസ് കാണിച്ചുതന്നത്…

എന്റെ കാവല്‍മാലാഖ അലാനസ് മുള്‍ച്ചെടികള്‍കൊണ്ട് നിറഞ്ഞ പാതയിലൂടെ എന്നെ ആത്മാവില്‍ നയിച്ചു… താഴെ വലിയൊരു പാറയിടുക്ക്, ഒരറ്റത്ത് വമ്പന്‍ അഗ്നിജ്വാലകള്‍. മനുഷ്യരുടെ കറുത്ത നിഴല്‍ രൂപങ്ങള്‍ പൊങ്ങിപ്പോകുന്നതും തിരികെ വീഴുന്നതുംപോലെ തോന്നിയിരുന്നു. മാലാഖ പറയുന്നു: ‘പ്രാര്‍ഥനയും ത്യാഗവും ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ആത്മാക്കളാണ് ഇവര്‍. ശുദ്ധീകരണസ്ഥലത്തിന്റെ ഏറ്റവും അധോഭാഗമാണ് ഇത്. നരകത്തോട് വളരെ അടുപ്പമുള്ള ഭാഗം. ആരും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാത്തതുകൊണ്ട് അവര്‍ ഇവിടെ സഹിക്കുകയാണ്. ജീവിതകാലത്ത് നല്ലവരാണെന്നും വിശുദ്ധരാണെന്നുപോലും ഗണിക്കപ്പെട്ടവരായിരുന്നു അവര്‍. എന്നാല്‍ അത് ഒരു പുറംമോടി മാത്രമായിരുന്നു. ഈ നിര്‍ഭാഗ്യരായ ആത്മാക്കളില്‍ ധാരാളം പുരോഹിതരുണ്ട്. എന്തെന്നാല്‍ അവര്‍ സഭയുടെ നടപടിക്രമങ്ങളോട് വിശ്വസ്തരായിരുന്നില്ല.’

‘അതാ അവിടെ മറ്റുള്ളവരെക്കുറിച്ച് കള്ളംപറഞ്ഞ് അവരുടെ സത്കീര്‍ത്തി നശിപ്പിച്ചവര്‍.’ അവരുടെ കണ്ഠത്തില്‍ ഉരുക്കിയ ഈയം ഒഴുക്കി ഇറക്കിയതായി മാലാഖ എനിക്ക് കാണിച്ചുതന്നു. അതു ചുട്ടുകരിച്ച് കഴുത്തിലൂടെ ദ്വാരങ്ങളുണ്ടാക്കിയിട്ടും നിലയ്ക്കുന്നില്ല. ഈ അഗ്നിക്കുചുറ്റും ഓരത്ത് ധാരാളം മാലാഖമാര്‍ ഉണ്ട്. എനിക്ക് എണ്ണാവുന്നതിലും കൂടുതല്‍. അലാനസ് പറയുന്നു: ‘ഈ വിതാനത്തില്‍ ശുദ്ധീകരിക്കപ്പെടുന്ന പാവപ്പെട്ട ആത്മാക്കളുടെ കാവല്‍മാലാഖമാരാണ് ഇവര്‍. ഈ എല്ലാ സഹനങ്ങളുടെ ഇടയിലും ആത്മാവിന്റെ ഏറ്റവും വലിയ പീഡ ദൈവത്തില്‍നിന്നുള്ള വേര്‍പാടാണ്.’
ശരീരം ഉരുകിത്തീരുന്നപോലെ തോന്നിക്കുന്ന ആത്മാക്കളെ ഞാന്‍ കണ്ടു. ഇതും അവസാനമില്ലാതെ തുടര്‍ന്നു. അലാനസ് പറഞ്ഞു: ‘ജഡികപാപങ്ങളുടെ തെറ്റ് ചെയ്തവരാണ് ഇവര്‍.’

അടുത്ത വിതാനത്തില്‍ അഗ്നിനാളങ്ങള്‍ ചെറുതായിരുന്നു, അത്രയും രൂക്ഷമല്ലായിരുന്നു. അലാനസ് പറഞ്ഞു: ‘യേശുവിന്റെ പാര്‍ശ്വത്തില്‍നിന്നുള്ള രക്തവും ജലവും തുടര്‍ച്ചയായി ഈ വിതാനത്തിലെ ആത്മാക്കളുടെമേല്‍ ഒഴുകുന്നു.’ ഈ ആത്മാക്കളുടെയെല്ലാം സഹനം കൂടുതല്‍ സമാനമായിരുന്നു. എന്തോ കാരണവശാല്‍ ആത്മാക്കള്‍ കൂടുതല്‍ ഐക്യത്തിലാണെന്നു തോന്നി. അവര്‍ കരുണയ്ക്കുവേണ്ടി യാചിക്കുകയാണെന്ന് തോന്നി. അലാനസ് എന്നോട് പറഞ്ഞു: ‘ദൈവത്തിന്റെ സാന്നിധ്യത്തില്‍ അല്ലാത്തതിനാല്‍ അവര്‍ കഠിനമായി സഹിക്കുന്നു.’
കൂടുതല്‍ ഭേദമായി തോന്നിയ ഒരു സ്ഥലത്തേക്ക് ഞങ്ങള്‍ നീങ്ങി. ആത്മാക്കള്‍ ചാരനിറത്തിലുള്ള മനുഷ്യരെപ്പോലെ കാണപ്പെട്ടു. അലാനസ് പറഞ്ഞു: ‘അവരാണ് പറുദീസയോട് ഏറ്റവും അടുത്തുള്ളവര്‍. മിക്കവാറും പൂര്‍ണമായി ശുദ്ധി ചെയ്യപ്പെട്ടവരാണ് അവര്‍. അവര്‍ക്ക് ഒരുപക്ഷേ ഒരു കുര്‍ബാനയോ ഒരു ജപമാലയോ നിത്യാനന്ദത്തിലെത്താന്‍ ആവശ്യമായിരിക്കാം; ഒരുപക്ഷേ ഒരു നന്മനിറഞ്ഞ മറിയമേ മാത്രം.’
‘അതുകൊണ്ട് ഏറെ നാളായി വേര്‍പെട്ടുപോയ ആത്മാക്കള്‍ കരഞ്ഞപേക്ഷിക്കുന്നത് കല്ലറകള്‍ അലങ്കരിക്കാനല്ല എന്ന് മനസിലാക്കുക…’
‘വരുംയുഗത്തിലേക്കുള്ള പാതയില്‍’-
യു.എസിലെ മൗറീന്‍ സ്വീനി കൈലിന് ലഭിച്ച സന്ദേശങ്ങള്‍

മരണാസന്നരെ സഹായിക്കുക

”കരുണയുടെ ജപമാല ചൊല്ലുന്ന ഓരോ ആത്മാവിനേയും അവരുടെ മരണസമയത്ത്, എന്റെ മഹത്വമെന്നനിലയില്‍ ഞാന്‍ സംരക്ഷിക്കും. മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കുവേണ്ടി മറ്റുളളവര്‍ ഇതുചൊല്ലിയാലും, ദണ്ഡവിമോചനം ലഭിക്കുന്നതാണ്. മരണാസന്നരുടെ കട്ടിലിനരികെനിന്നു കരുണയുടെ ജപമാല ചൊല്ലുകയാണെങ്കില്‍, ദൈവകോപം മാറിപ്പോകുകയും അളവറ്റ ദൈവകരുണ ആ ആത്മാവിനെ പുല്‍കുകയും ചെയ്യും. എന്റെ മകന്റെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി, എന്റെ അനുകമ്പാര്‍ദ്രമായ കരുണയുടെ ആഴങ്ങള്‍ ഞാന്‍ തുറന്നുവിടും.”
ഈശോ വിശുദ്ധ ഫൗസ്റ്റീനയോട്
പറഞ്ഞത്, ഡയറി 811

വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന
നിത്യപിതാവേ, അങ്ങയുടെ സുതനായ ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തം ലോകമെങ്ങും ഇന്ന് അര്‍പ്പിക്കപ്പെടുന്ന എല്ലാ വിശുദ്ധ ബലികളോടും ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കായും എല്ലായിടത്തുമുള്ള പാപികള്‍ക്കായും ആഗോളസഭയിലും ഞങ്ങളുടെ ഭവനത്തിലും കുടുംബത്തിലുമുള്ള പാപികള്‍ക്കായും ഞങ്ങള്‍ അര്‍പ്പിക്കുന്നു.