
കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിനിയായിരുന്ന യുഡക്സിയാ നാടുകടത്തിയപ്പോള്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം എഴുതിയത് ഇങ്ങനെ:
”നഗരത്തില്‍നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍ എനിക്കത് ദൗര്‍ഭാഗ്യമാണെന്ന് തോന്നിയില്ല. എന്റെ ഹൃദയം അവാച്യമായ സാന്ത്വനത്താല്‍ കവിഞ്ഞൊഴുകുകയായിരുന്നു. ചക്രവര്‍ത്തിനി എന്നെ ഭ്രഷ്ടനാക്കുന്നെങ്കില്‍ ഞാന്‍ കരുതും ഭൂമിയും അതുള്‍ക്കൊള്ളുന്ന സകലതും കര്‍ത്താവിന്റെയാണെന്ന്. അവര്‍ എന്നെ കടലിലെറിയുകയാണെങ്കില്‍ ഞാന്‍ യോനായെപ്പോലെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കും. അവര്‍ എന്നെ കല്ലെറിയാന്‍ കല്പിച്ചാല്‍ ഞാന്‍ വിശുദ്ധ സ്റ്റീഫന്റെ കൂട്ടാളിയാകും. അവര്‍ എന്റെ ശിരസ്സ് ഛേദിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ വിശുദ്ധ സ്‌നാപകയോഹന്നാന്റെ മഹത്വം സ്വീകരിക്കും. എനിക്കുള്ളതെല്ലാം അവര്‍ അപഹരിച്ചാല്‍ ഞാന്‍ ചിന്തിക്കും, ഞാന്‍ നഗ്‌നനായി ഭൂമിയുടെ അന്തരാളങ്ങളില്‍നിന്ന് വന്നു, അങ്ങനെ തന്നെ അവിടേക്ക് മടങ്ങുകയും ചെയ്യും.
എല്ലായ്‌പോഴും പാവങ്ങളുടെ പക്ഷത്തായിരുന്ന അദ്ദേഹത്തിന്റെ പ്രബോധനം:
”നിങ്ങളുടെ അള്‍ത്താരകള്‍ സ്വര്‍ണ്ണകാസകള്‍ കൊണ്ട് നിറഞ്ഞിരിക്കുമ്പോഴും, നിങ്ങളുടെ സഹോദരര്‍ പട്ടിണി കൊണ്ട് മരിക്കുകയാണെങ്കില്‍ അതിന് എന്തര്‍ത്ഥം? നിന്റെ സഹോദരന്റെ വിശപ്പടക്കാന്‍ പരിശ്രമിച്ചതിന് ശേഷം ബാക്കി വരുന്നത് കൊണ്ടു മാത്രം നിന്റെ അള്‍ത്താര അലങ്കരിക്കുക.
പരിശുദ്ധകുര്‍ബ്ബാനയുടെ മൂല്യത്തെക്കുറിച്ച് നല്ല ഗ്രാഹ്യമുണ്ടായിരുന്ന വിശുദ്ധന്‍ അതെക്കുറിച്ച് മനുഷ്യരെ ഉദ്‌ബോധിപ്പിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു:
”ദിവ്യബലിയുടെ സമയത്ത് നിന്റെ കൂടെ ആരൊക്കെയാണുള്ളതെന്ന് മറക്കാതിരിക്കുക. കെരൂബുകളുടെയും സെറാഫുകളുടെയും മറ്റ് ഉന്നതദൂതന്മാരുടെയും ഇടയിലാണ് നീ നില്‍ക്കുന്നത്.
”വൈദികന്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്‍മാത്രം. അന്ത്യഅത്താഴവേളയില്‍ അപ്പത്തെ അവിടുത്തെ ശരീരമാക്കി മാറ്റിയ യേശുക്രിസ്തുതന്നെയാണ് ബലിവസ്തുക്കളെ വാഴ്ത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും. അവിടുന്ന് അത് ഇന്നും തുടരുന്നു. അതുകൊണ്ട്, അല്ലയോ ക്രിസ്ത്യാനീ, നീ അള്‍ത്താരയില്‍ ഒരു വൈദികനെ കാണുമ്പോള്‍ അത് മര്‍ത്യദൃഷ്ടിക്ക് അഗോചരമായിരിക്കുന്ന ക്രിസ്തുവിന്റെ തിരുക്കരം തന്നെയാണ് എന്ന വസ്തുത മനസ്സിലാക്കിക്കൊള്ളുക.
‘സ്വര്‍ണ്ണനാവുകാരന്‍’ എന്ന് വിളിക്കപ്പെടുംവിധം വാഗ്മിയായിരുന്നു ഈ വിശുദ്ധന്‍. സുവിശേഷപ്രഘോഷകരുടെ മധ്യസ്ഥനുമാണ്.
വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം, സുവിശേഷപ്രഘോഷണദൗത്യത്തില്‍ തീക്ഷ്ണതയോടെ പങ്കുചേരാന്‍ ഞങ്ങളെ സഹായിക്കണമേ.
ജില്‍സ ജോയ്