
ഈശോ പറയുന്നു: വിശ്വാസം നശിക്കുന്നു എന്നു പറയുന്ന ആത്മാക്കളേ, നിങ്ങളോടെന്താണു പറയേണ്ടത്. കിഴക്കുനിന്നു വന്ന ജ്ഞാനികളായ ആ മനുഷ്യര്‍ക്ക് സത്യത്തെ സ്വീകരിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് ജ്യോതിശാസ്ത്രമനുസരിച്ചുള്ള കണക്കുകൂട്ടലുകളും ആത്മാര്‍ത്ഥത നിറഞ്ഞ ഒരു ജീവിതത്തിന്റെ പരിചിന്തനങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും വിശ്വാസമുണ്ടായിരുന്നു. ശാസ്ത്രത്തിലും തങ്ങളുടെ മനഃസാക്ഷിയിലും ദൈവത്തിന്റെ നന്മയിലുമുള്ള വിശ്വാസം.
യാത്രയുടെ അപകടങ്ങളെക്കുറിച്ചൊന്നും അവര്‍ ചിന്തിച്ചില്ല. പരിചയമില്ലാത്ത നാടുകളില്‍ ചാരന്മാരാണെന്നു കരുതി അവരെ ജയിലിലടയ്ക്കാം. അതൊന്നും ഭയപ്പെടാതെ ആത്മാര്‍ത്ഥത നിറഞ്ഞ ധൈര്യത്തോടെ അവര്‍ ദൈവത്തോടു പറയുന്നു: ”ദൈവമേ, അവിടുന്ന് ഞങ്ങളുടെ ഹൃദയങ്ങള്‍ അറിയുന്നു. ലക്ഷ്യമെന്തെന്നും അറിയുന്നു. അങ്ങേ കരങ്ങളിലേക്കു ഞങ്ങളെ ഏല്പിക്കുന്നു. അവിടുത്തെ പുത്രനെ, ലോകരക്ഷയ്ക്കായി മനുഷ്യശരീരമെടുത്ത അവിടുത്തെ പുത്രനെ ആരാധിക്കുവാനുള്ള അതിമാനുഷിക സന്തോഷവും സൗഭാഗ്യവും ഞങ്ങള്‍ക്കു തരണമേ. അത്രമാത്രം.” അനന്തരം ബത്ലഹേമിനെ ലക്ഷ്യമാക്കി അവര്‍ യാത്ര തിരിക്കുന്നു. പിന്നെ അവര്‍ ദൈവത്തിന്റെ കരങ്ങളിലായി. ഒരത്ഭുതത്താല്‍ ഒരു സ്ഥലത്ത് അവരെ ഒന്നിച്ചുചേര്‍ക്കുന്നു. പിന്നെ ഒരത്ഭുതത്താല്‍ അവര്‍ക്കു ഭാഷാവരവും നല്കുന്നു. പറുദീസായില്‍ ഇതാണ് സംഭവിക്കാന്‍ പോകുന്നത്. എല്ലാവര്ക്കും ഒരു ഭാഷ, ഒരു മനസ്, ഒരു ലക്ഷ്യം, ഒരു ദൈവം!
അവര്‍ ഏറ്റവും വിലയേറിയ വസ്ത്രമണിഞ്ഞത് അവരുടെ പ്രതാപം കാണിക്കാനല്ല. രാജാക്കന്മാരുടെ രാജാവിനെ സ്വീകരിക്കാനാണ്. തിരുവോസ്തി വഹിക്കുന്ന അള്‍ത്താരയിലേക്കു പോകുവാനാണ്. പുത്രനെ വഹിക്കുന്ന കന്യകയുടെ സന്നിധിയിലേക്കു പോകുവാനാണ്. നിങ്ങള്‍ എങ്ങനെയാണ് അതേ രക്ഷകനെ സ്വീകരിക്കുവാന്‍ അള്‍ത്താരയിലേക്കു പോകുന്നത്?
വാഴ്ത്തപ്പെട്ട മരിയ വാള്‍ത്തോര്‍ത്ത
(‘ദൈവമനുഷ്യന്റെ സ്നേഹഗീത’)