
എന്റെ വിവാഹം നടന്നത് 2013 മെയ് 25-നാണ്. വിവാഹശേഷം ആരോഗ്യവും ബുദ്ധിയും ദൈവഭയവും വിശുദ്ധിയുമുള്ള ഒരു കുഞ്ഞിനായി ഭാര്യയും ഞാനും ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഭാര്യ ഗര്‍ഭം ധരിച്ചു. എങ്കിലും ഗര്‍ഭപാത്രത്തില്‍ രണ്ടുമാസത്തെ ആയുസ് മാത്രമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. അത് ഞങ്ങളെ ഏറെ ദുഃഖിപ്പിച്ചു. സാവധാനമാണ് ഞങ്ങള്‍ തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.
പിന്നീട് ഒരു വര്‍ഷത്തിനുശേഷം പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ വന്ധ്യതാ ചികിത്സയ്ക്ക് പോകാന്‍ തീരുമാനമെടുത്തു. വൈദ്യചികിത്സ ആരംഭിക്കുന്നതിനുമുന്‍പ് ഒരു ഗര്‍ഭാശയ ശസ്ത്രക്രിയ വേണമെന്നായിരുന്നു അവിടുത്തെ ഡോക്ടറുടെ ഉപദേശം. അതുപ്രകാരം ശസ്ത്രക്രിയ ചെയ്തു. തുടര്‍ന്ന് കഴിക്കേണ്ട മരുന്നുകളും കഴിച്ചു. പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലമൊന്നും കണ്ടില്ല. അപ്പോള്‍ ഡോക്ടര്‍ ഞങ്ങളെ ഐ.വി.എഫ് ചെയ്യാന്‍ പ്രേരിപ്പിച്ചു. ഇനി അതുമാത്രമേ ഒരു മാര്‍ഗമുള്ളൂ എന്നും വൈകുംതോറും സാധ്യതകള്‍ കുറയുമെന്നുമാണ് പറഞ്ഞത്. ഐവിഎഫ് ചെയ്യുമ്പോള്‍ ആരോഗ്യമുള്ള ഭ്രൂണങ്ങളെ വേര്‍തിരിച്ചെടുത്ത് ആരോഗ്യമില്ലാത്ത ഭ്രൂണങ്ങളെ നശിപ്പിച്ചുകളയുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഒരു ജീവനുവേണ്ടി അനേകം ജീവനുകളെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതിനെക്കാള്‍ നല്ലത് കുട്ടികള്‍ ഇല്ലാതിരിക്കുന്നതാണെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ഉല്‍പത്തി 4:10-ല്‍ നാം വായിക്കുന്നതുപോലെ നിഷ്‌കളങ്കരക്തം മണ്ണില്‍നിന്ന് കര്‍ത്താവിനെ വിളിച്ചു നിലവിളിക്കുമല്ലോ. അതിനാല്‍ ആ ചികിത്സകളെല്ലാം മതിയാക്കി ഞങ്ങള്‍ ദൈവത്തില്‍ ആശ്രയിച്ചു.
അപകടവും രക്ഷപ്പെടലും അനുഗ്രഹങ്ങളും
പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പരിശുദ്ധാത്മാഭിഷേക ധ്യാനം കൂടി. അതിനുശേഷം അനുദിനദിവ്യബലി ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. എന്നാല്‍ പിന്നീട് കൊവിഡ് നിമിത്തം ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയിലേക്കു മാറിയതോടെ ദൈവാലയത്തില്‍ പോയി യഥാര്‍ഥമായും ദിവ്യബലിയില്‍ പങ്കെടുക്കുന്നതില്‍ താത്പര്യം കുറഞ്ഞു. പക്ഷേ അവിടുത്തെ തിരുശരീരവും തിരുരക്തവുമാണ് ജീവിതത്തിന്റെ താളം ചിട്ടപ്പെടുത്തുന്നതെന്ന തിരിച്ചറിവ് വീണ്ടും നല്കി ഈശോ ഞങ്ങളെ ആ ആത്മീയ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തി.
അതെത്തുടര്‍ന്ന് 2022 മുതല്‍ വീണ്ടും മുടങ്ങാതെ ദിവസവും പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിനുശേഷം ഓരോ ദിവസവും ഈശോ തിരുവചനത്തിലൂടെ സംസാരിക്കുകയും നയിക്കുകയും ചെയ്യുന്ന അനുഭവം ലഭിച്ചു. ആ കാലയളവില്‍ ഞങ്ങള്‍ ചികിത്സയുടെ ഭാഗമായി ആയുര്‍വേദവും ഹോമിയോപ്പതിയും പരീക്ഷിച്ചുനോക്കിയിരുന്നു. പക്ഷേ ശസ്ത്രക്രിയയുടെ പരിണതഫലമായി ഗര്‍ഭധാരണത്തിനുള്ള സാധ്യത അസ്തമിച്ചതായി തോന്നി.
അതിനിടെ സ്വന്തമായി ഒരു വീടിനുവേണ്ടി ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം അത്ഭുതകരമായി ഇടപെട്ട് ഞങ്ങള്‍ക്ക് ഒരു നല്ല വീട് നല്‍കി, ‘ബെത്‌ലെഹെം.’ രണ്ടുവര്‍ഷത്തിനുശേഷം ദൈവകരുണയുടെ തിരുനാളിനോടനുബന്ധിച്ച് ദൈവകരുണയുടെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു. ആ ധ്യാനത്തിനുശേഷം എല്ലാ വിധത്തിലുള്ള ചികിത്സാരീതികളും ഞങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചു. ഒരു കുഞ്ഞ് എന്ന സ്വപ്നത്തെക്കാള്‍ ഈശോയോടുചേര്‍ന്നുനിന്നു ജീവിക്കാന്‍ ഞങ്ങള്‍ പഠിക്കുകയായിരുന്നു.
ഒരുക്കം
സ്വപ്നം കണ്ടതുപോലെ ആരോഗ്യവും ബുദ്ധിയും ദൈവഭയവും വിശുദ്ധിയുമുള്ള കുഞ്ഞിനെ സ്വീകരിക്കണമെങ്കില്‍ ആദ്യമേ അതിനുവേണ്ടി ഒരുങ്ങണം എന്ന് ഈശോ ഓര്‍മപ്പെടുത്തി. അതിനായി അനുദിന വിശുദ്ധ കുര്‍ബാനസ്വീകരണം, കൂടെക്കൂടെയുള്ള കുമ്പസാരം, ബൈബിള്‍ വായന, കുടുംബപ്രാര്‍ത്ഥനകള്‍, വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ എന്നിവയിലൂടെ ആത്മീയമായി ഞങ്ങള്‍ തയാറാവാന്‍ തുടങ്ങി. 2023 നവംബര്‍ 30 മുതല്‍ ഒരു വര്‍ഷത്തേക്ക് സിനിമയും മറ്റ് ദൃശ്യവിനോദങ്ങളും ആസ്വദിക്കുന്നത് ഈശോയെപ്രതി ത്യജിക്കാനും തീരുമാനിച്ചു.
ആ ഡിസംബറില്‍ ക്രിസ്മസിനോടനുബന്ധിച്ച് നിസാരമെങ്കിലും ഞങ്ങളെ വളരെയധികം സ്വാധീനിച്ച ഒരു അനുഭവം ഉണ്ടായി. ഇടവകയിലെ ക്രിസ്മസ് കരോളിന് വീട്ടില്‍ കൊണ്ടുവന്ന ഉണ്ണീശോയുടെ രൂപം ഒരു രാത്രി മുഴുവന്‍ വീട്ടിലെ രൂപക്കൂടിനടുത്താണ് വച്ചത്. ആ രാത്രി കുടുംബപ്രാര്‍ഥനയില്‍, അടുത്ത വര്‍ഷം ഇതുപോലെ ഒരു ഉണ്ണിയെ നല്‍കി ഞങ്ങളെ അനുഗ്രഹിക്കണേ എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു.
തുടര്‍ന്നുവന്ന വലിയ നോമ്പ് കാലഘട്ടത്തില്‍, ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് ഓരോ അധ്യായം സുവിശേഷം ഒരുമിച്ചു വായിച്ചു ഒരു കുഞ്ഞിനായി ഒരുങ്ങാന്‍ ഈശോ പ്രേരണ നല്‍കി. യോഹന്നാന്റെ സുവിശേഷമായിരുന്നു വായിച്ചുതുടങ്ങിയത്. അതോടൊപ്പം ആ വര്‍ഷം കരുണയുടെ തിരുനാളിനുവേണ്ടി ഒരുങ്ങി കരുണയുടെ നൊവേനയും ചൊല്ലാന്‍ തുടങ്ങി. അങ്ങനെ മുന്നോട്ടുപോകവേ യോഹന്നാന്റെ സുവിശേഷം വായിച്ച് പൂര്‍ത്തിയാക്കി ലൂക്കായുടെ സുവിശേഷം വായിക്കാന്‍ ആരംഭിച്ചു.
ഒന്നാം അധ്യായം വായിച്ചതിന്റെ പിറ്റേ ദിവസം, ഏപ്രില്‍ 17. രാവിലെതന്നെ ഗര്‍ഭപരിശോധന നടത്തിയ ഞങ്ങളെ കാത്തിരുന്നത് സന്തോഷകരമായ വാര്‍ത്തയായിരുന്നു! നന്ദിനിറഞ്ഞ ഹൃദയത്തോടെ അന്നത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് പോയി. സുവിശേഷത്തില്‍നിന്ന് വായിച്ചുകേട്ടതും ലൂക്കാ ഒന്നാം അധ്യായത്തില്‍നിന്നുള്ള ഭാഗംതന്നെ, മറിയത്തിന്റെ സ്‌തോത്രഗീതം! ”എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു…” (ലൂക്കാ 1:46).
പ്രാര്‍ഥനനിറഞ്ഞ കാലം
പരീക്ഷണങ്ങളുടെ ഒരു കാലഘട്ടമായിരുന്നു പിന്നീടങ്ങോട്ട്. ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ മൂന്ന് മാസത്തിനിടയില്‍ പലതവണ രക്തസ്രാവം ഉണ്ടായി ആശുപത്രിയില്‍ പോകേണ്ടിവന്നു. ആദ്യ കുഞ്ഞ് നഷ്ടപ്പെട്ട അതേ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഓര്‍മകളും ഞങ്ങളെ വീണ്ടും ഭയപ്പെടുത്തി. എങ്കിലും സ്‌കാനിങ്ങില്‍ കുഞ്ഞിന് കുഴപ്പമൊന്നും കണ്ടില്ല. ഗര്‍ഭകാലത്ത് പൂര്‍ണ വിശ്രമം നിര്‍ദേശിക്കപ്പെട്ടിരുന്ന സമയത്ത് ഓഡിയോ ബൈബിള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എപ്പോഴും കേള്‍ക്കുമായിരുന്നു. കുഞ്ഞിനുവേണ്ടി എല്ലാ ദിവസവും വചനക്കൊന്ത ചൊല്ലാറുമുണ്ടായിരുന്നു.
2024 ഡിസംബര്‍ 23ന് ആയിരുന്നു പ്രസവതിയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സങ്കീര്‍ണതകള്‍ ഉള്ളതിനാല്‍, ഡിസംബര്‍ എട്ടിന് സിസേറിയന്‍ ചെയ്യാം എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അതിനുമുമ്പ് നവംബര്‍ 30-ന് ഒരു സ്‌കാനിങ്ങ് പറഞ്ഞിരുന്നു. അന്ന് രാവിലെ വിശുദ്ധ കുര്‍ബാന കൂടിയശേഷം ആശുപത്രിയില്‍ പോയി. സ്‌കാനിങ്ങില്‍ കുഞ്ഞിന് അനക്കം കുറവാണെന്ന് കണ്ടെത്തിയതിനാല്‍ അന്നുതന്നെ ഉച്ചകഴിഞ്ഞ് എമര്‍ജന്‍സി സിസേറിയനിലൂടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു, പെണ്‍കുഞ്ഞ്. കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. കുഞ്ഞിന് ജന്മം നല്‍കുന്ന ദിവസം വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച് ഒരുങ്ങിപ്പോകണമെന്ന ആഗ്രഹവും നിറവേറി.
പക്ഷേ, കുഞ്ഞിന് രക്തത്തില്‍ ഗ്ലൂക്കോസ് കുറവാണ് എന്ന് കണ്ടെത്തിയതിനാല്‍ ഉടനെ തന്നെ എന്‍.ഐ.സി.യുവിലേക്ക് മാറ്റേണ്ടിവന്നു. മൂന്ന് ദിവസവും ഗ്ലൂക്കോസ് നിലയില്‍ കാര്യമായ മാറ്റം കാണാനായില്ല. എന്നാല്‍, പിന്നീട് രണ്ടാഴ്ചകൊണ്ട് അത് സാധാരണ നിലയിലേക്കായി. കാരണം കണ്ടെത്താനാകാതെ തന്നെ സുഖപ്പെട്ടതില്‍ ഡോക്ടര്‍മാര്‍ക്ക് അത്ഭുതമായിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്കുശേഷം പിന്നെയും കുഞ്ഞിന്റെ ആരോഗ്യം മോശമാവുകയും രക്തപരിശോധനയില്‍ കാല്‍സ്യം കുറവാണെന്നു കാണുകയും ചെയ്തു. പക്ഷേ കാരണം കണ്ടെത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒടുവില്‍ മാതാപിതാക്കളായ ഞങ്ങളുടെകൂടി രക്തപരിശോധന നടത്തിയപ്പോള്‍ ഭാര്യക്ക് ഹൈപ്പര്‍പാരാതൈറോയ്ഡിസം ഉണ്ടെന്നു കണ്ടെത്തി.
കുഞ്ഞ് ഗര്‍ഭപാത്രത്തില്‍വച്ച് തന്നെ മരിച്ചുപോകാന്‍ സാധ്യതയുള്ള ഒരു അവസ്ഥ ആയിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ കുഞ്ഞിന് അപകടമൊന്നും സംഭവിച്ചില്ല. ഗര്‍ഭം ധരിക്കുന്നതിനുമുമ്പും അതിനുശേഷവും ഞങ്ങളിലൂടെയും പ്രിയപ്പെട്ടവരിലൂടെയും ഉയര്‍ന്ന പ്രാര്‍ഥനകളുടെയെല്ലാം ഫലം ഞങ്ങള്‍ അനുഭവിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യം രണ്ടുമാസംകൊണ്ട് തനിയെ സാധാരണ നിലയിലാകും എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
അതുപ്രകാരം ഒടുവില്‍ മൂന്നരയാഴ്ചക്കുശേഷം ആശുപത്രിവിട്ട്, ഡിസംബര്‍ 24 ന് രാത്രി 11.30-ന് കുഞ്ഞിനെയുംകൊണ്ട് ഞങ്ങളുടെ ‘ബെത്‌ലെഹെ’മില്‍ വന്നുകയറി. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈശോ ഞങ്ങള്‍ക്ക് നല്‍കിയ ക്രിസ്മസ് സമ്മാനം! അതിനാല്‍ത്തന്നെ ഞങ്ങള്‍ അവളെ ‘ദൈവത്തിന്റെ സമ്മാനം’ എന്നര്‍ത്ഥം വരുന്ന ‘നതാനിയ’ എന്ന് വിളിച്ചു. ആ സമ്മാനത്തിനായുള്ള കാത്തിരിപ്പുകാലം ഈശോയുമായി കൂടുതല്‍ അടുക്കാന്‍വേണ്ടി നല്കപ്പെട്ടതായിരുന്നു എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.
”ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു” (ഹബക്കുക്ക് 1:5).
നവീന്‍ ജോസ്