
2024-ലെ തിരുഹൃദയതിരുനാള്‍ ജൂണ്‍ ഏഴാം തീയതിയായിരുന്നു. രാവിലെ ഉണര്‍ന്ന് ഈശോയുടെ തിരുഹൃദയത്തിന് ആശംസകള്‍ നേര്‍ന്നപ്പോള്‍ കിട്ടിയ ഒരു പ്രചോദനം ഇപ്രകാരമാണ് -നാളെമുതല്‍ രാവിലെ രണ്ടുമണിക്കുശേഷം എപ്പോള്‍ കണ്ണു തുറക്കുന്നുവോ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് തയാറായി ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കുക.
ഈ പ്രചോദനത്തെ അടുത്ത ദിവസം മുതല്‍ ഞാന്‍ അനുസരിച്ചുതുടങ്ങി. സമൂഹമൊരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു സമ്പൂര്‍ണ്ണ ജപമാല ചൊല്ലുവാനും ഒരു മണിക്കൂര്‍ ആരാധിക്കാനും അങ്ങനെ എനിക്ക് സമയം ലഭിച്ചു. ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം വിശുദ്ധ കുര്‍ബാനയുടെ സമയത്ത് എന്റെ ഉള്ളില്‍ ഒരു പ്രേരണ വന്നു- ”പ്രൊവിന്‍ഷ്യല്‍ അമ്മയോട് ചോദിച്ചിട്ട് നട്ടെല്ലിന്റെ ഒരു ങഞക എടുക്കണം.”
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി നടുവിന് വേദനയുണ്ടായിരുന്നതുകൊണ്ട് ചില ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നുണ്ടായിരുന്നു. ആ ഡോക്ടറുടെ അടുത്ത് പോകേണ്ട ദിവസമാണ് ഇങ്ങനെയൊരു പ്രേരണ ലഭിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു, അനുവാദം കിട്ടി. ആ ആഴ്ചയില്‍ത്തന്നെ ങഞക എടുത്തു. അമ്മ നിര്‍ദ്ദേശിച്ച ഡോക്ടറിനെ കണ്ടു. ഒരു സര്‍ജറി ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു, തീയതിയും നിശ്ചയിച്ചു- ജൂലൈ 9. കാര്യങ്ങള്‍ ഇത്രയും ആയപ്പോഴേക്കും എന്റെ പ്രാര്‍ത്ഥന രണ്ടാഴ്ച പിന്നിട്ടിരുന്നു.
ജീവിതത്തില്‍ ആദ്യമായിട്ടാണ് സര്‍ജറിക്ക് വിധേയയാകുന്നത്. കൈകാലുകള്‍ ഒടിഞ്ഞോ മുറിവുകള്‍ സംഭവിച്ചോ ഒന്നും ആശുപത്രിയില്‍ പോയിട്ടില്ല. സര്‍ജറിയുടെ തീയതി അടുക്കുംതോറും ഞാനിത് എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്ത എന്റെ ഉള്ളില്‍ ബലപ്പെട്ടുകൊണ്ടിരുന്നു. ജൂലൈ 6-ന് ആശുപത്രിയില്‍ അഡ്മിറ്റായി. ടെസ്റ്റുകള്‍ പലതും കഴിഞ്ഞു. സര്‍ജറിയുടെ തലേദിവസം സ്വസ്ഥമായി ഉറങ്ങി. പിറ്റേന്ന് രാവിലെ 6 മണിക്ക് തിയേറ്ററിലേക്ക് പോകുമ്പോഴും മനസ്സ് സ്വസ്ഥം, ശാന്തം. തിയേറ്ററിന്റെ അകത്തും ഒരു ഭീതിയും എന്നെ ബാധിച്ചില്ല. സര്‍ജറി കഴിഞ്ഞ് എനിക്ക് സഹിക്കാവുന്ന വേദനയേ ഉള്ളൂ എന്നപോലെ അനുഭവപ്പെട്ടു. അങ്ങനെ ഒരു സാധാരണ സംഭവം പോലെ ആ സര്‍ജറി കടന്നുപോയി.
വളരെയധികം ഭയവും ആശങ്കകളും എന്നെ കീഴ്‌പ്പെടുത്താമായിരുന്ന ഒരു സാഹചര്യത്തില്‍ അതിന് വിട്ടുകൊടുക്കാതെ എന്റെ ആത്മീയ- ശാരീരിക- മാനസിക തലങ്ങളെ ഈശോ ശക്തിപ്പെടുത്തുകയാണുണ്ടായത്. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ദിവ്യകാരുണ്യസന്നിധിയില്‍ ചെലവഴിച്ച ഏതാനും മണിക്കൂറുകളില്‍ ഈശോ എന്നെ രൂപാന്തരപ്പെടുത്തിയത് ഞാന്‍ തിരിച്ചറിഞ്ഞു.
അതെ, ദിവ്യകാരുണ്യത്തിന് മുമ്പിലേക്ക് കടന്നുവരുന്ന നമ്മുടെ സാഹചര്യങ്ങള്‍ ചിലപ്പോള്‍ അവിടുന്ന് മാറ്റിമറിച്ചേക്കാം. മറ്റു ചിലപ്പോള്‍ ആ സാഹചര്യങ്ങളെ നേരിടാന്‍ തക്കവിധം നമ്മെ അവിടുന്ന് രൂപാന്തരപ്പെടുത്തും. രണ്ടും അവിടുത്തേക്ക് സാധ്യമാണല്ലോ. ഈശോ തന്റെ സാന്നിധ്യം ദിവ്യകാരുണ്യത്തിലൂടെ നമുക്ക് നല്‍കുന്ന കാലത്തിന്റെ അവസാനംവരെ ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും നിരാശപ്പെടാനോ പരാതി പറയാനോ ഭയപ്പെടാനോ നമുക്ക് അവിടുന്ന് അനുവാദം തന്നിട്ടില്ല. കാരണം നമുക്ക് നമ്മിലും മറ്റുള്ളവരിലും സാഹചര്യങ്ങളിലും ചെയ്യാനാവാത്തത് നമ്മിലൂടെ പൂര്‍ത്തിയാക്കാന്‍ കഴിവുള്ളവനാണ് അവിടുന്ന്.
ഇതൊരു ബന്ധമാണ്…
ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുന്നത് ഒരു കടമയോ അനുഷ്ഠാനമോ അല്ല, മറിച്ച് ഒരു ബന്ധത്തിന്റെ അനുഭവമാണ്. എന്റെ ജീവിതത്തിന്റെ സുഖവും സന്തോഷവും സംതൃപ്തിയും എല്ലാം ഈശോയാണ് എന്ന് ഏറ്റുപറഞ്ഞ് നമ്മിലും നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തിക്കുവാന്‍ അവിടുത്തെ അനുവദിക്കുന്നു എന്നതാണ് ആരാധനയുടെ പിന്നിലെ മനോഭാവം.
ദിവ്യകാരുണ്യത്തിന്റെ മുന്നിലേക്ക് എത്തുമ്പോഴെല്ലാം എന്റെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് എത്തുന്ന അനുഭവമാണ് എനിക്കുള്ളത്. ജീവിതത്തിനു മുഴുവന്‍ അര്‍ത്ഥം നല്‍കുന്ന ഈശോയുടെ സാന്നിധ്യം എന്നെ ചൂഴ്ന്നു നില്‍ക്കുകയും വീണ്ടും വീണ്ടും എന്നെ അവിടുന്നിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നു എന്നു ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു.
”ലോകം എന്റെ സാന്നിധ്യത്തിന്റെ വിലയും ശക്തിയും തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ എന്റെ ദൈവാലയങ്ങള്‍ ശൂന്യമായി കിടക്കില്ലായിരുന്നു” എന്ന് ഈശോ ബനഡിക്ടൈന്‍ സന്യാസിയായ മാര്‍ക്ക് ഡാനിയല്‍ കിര്‍ബിയിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
വൈദികരുടെ വിശുദ്ധീകരണത്തിനും ശുദ്ധീകരണത്തിനുമുള്ള ഏറ്റവും ഫലപ്രദമായ വഴി ദിവ്യകാരുണ്യ സൗഹൃദ ജീവിതമാണെന്ന് അദ്ദേഹത്തിന് നല്‍കിയ വെളിപാടുകളില്‍ ഈശോ ആവര്‍ത്തിക്കുന്നത് ‘ഇന്‍ സിനു ജേസു’ എന്ന ഗ്രന്ഥത്തില്‍ നമുക്ക് വായിക്കാനാവും. പ്രസ്തുത ഗ്രന്ഥത്തില്‍നിന്നും നമുക്ക് കണ്ടെത്താനാവുന്ന ആരാധനയെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ ഇപ്രകാരമാണ്.
‘ആരാധനയുടെ പ്രവൃത്തി ഒന്നാമതായി നിന്നിലുള്ള എന്റെ പ്രവൃത്തിയാണ്. നീ എന്റെ ദിവ്യകാരുണ്യമുഖത്തിന് മുന്നില്‍ എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്ന് ആയിരിക്കുമ്പോള്‍ ഞാന്‍ നിന്നിലും നിന്റെ മേലും പ്രവര്‍ത്തിക്കുകയാണ്. നീ എന്റെ മുമ്പില്‍ എന്നെ ആരാധിക്കാനായി സമര്‍പ്പിക്കുമ്പോള്‍ നിന്റെ സത്തയാകെ എന്റെ ദൈവിക സ്വാധീനത്തിലാണ്. ഞാന്‍ നല്‍കിയ ജോലികള്‍ക്ക് ഒരുക്കി നിന്നെ പരുവപ്പെടുത്താന്‍, നിനക്ക് രൂപം നല്‍കാന്‍, നിന്നെ ശുദ്ധീകരിക്കാന്‍, നിന്നെ പ്രകാശിപ്പിക്കാന്‍ എന്നെ അനുവദിക്കുക. എന്റെ ദിവ്യകാരുണ്യ മുഖത്തിന്റെ പ്രകാശത്തില്‍ വലിയ കാര്യങ്ങള്‍ സംഭവിക്കുന്നു. നിങ്ങള്‍ എന്റെ സന്നിധിയില്‍ എത്തിയാല്‍ മാത്രം മതി. എന്റെ മുഖപ്രകാശം നിങ്ങളുടെ ആത്മാവില്‍ അപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങും’.
ദിവ്യകാരുണ്യ ആരാധന ഈശോയോടുള്ള നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പ്രകടനമാണ്. ഈശോ മിസ്റ്റിക്കായ ഗബ്രിയേലി ബോസിസിനോട് പറഞ്ഞു, ”നീ പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി. അക്രമവും അരാജകത്വവും അന്വേഷിക്കുന്നവരെപ്പോലും എന്റെ മഹത്വത്തിന്റെ പ്രവാചകരാക്കി മാറ്റുവാന്‍ എനിക്ക് കഴിയും” ദിവ്യകാരുണ്യ ഈശോ നമ്മെ തന്റെ സാന്നിധ്യത്തിലേക്ക് അടുപ്പിക്കട്ടെ, രൂപാന്തരപ്പെടുത്തട്ടെ. ”യേശു അവരോട് പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹന്നാന്‍ 6:35).
സിസ്റ്റര്‍ മരിയോണ സി.എം.സി