ദൈവത്തിനുമാത്രമേ സാധിക്കുമായിരുന്നുള്ളൂ… – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തിനുമാത്രമേ സാധിക്കുമായിരുന്നുള്ളൂ…

എന്റെ മകളുടെ അനുഭവം പങ്കിടാനാണ് ഇത് കുറിക്കുന്നത്. അവള്‍ 2009 ല്‍ ബി.എസ്‌സി. നഴ്‌സിങ്ങ് പാസായശേഷം രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തനപരിചയം നേടി. അതിനിടെ ഐഇഎല്‍റ്റിഎസ് നല്ല സ്‌കോറോടെ പാസായി. ഓസ്‌ട്രേലിയയില്‍ ജോലിക്ക് പോകാന്‍ ഒരു ഏജന്‍സിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ സമയത്തായിരുന്നു വിവാഹം. ഇംഗ്ലണ്ടില്‍ ജോലിയുള്ള യുവാവായിരുന്നു വരന്‍. മകളെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനായിരുന്നു അവന്‍ ചിന്തിച്ചത്. എന്നാല്‍ വിവാഹത്തിന്റെ അടുത്ത ദിവസങ്ങളില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ മകള്‍ക്ക് വിസ ശരിയായതായി അറിയിപ്പ് ലഭിച്ചു.

അങ്ങനെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം മകള്‍ അവളെ തിരഞ്ഞെടുത്ത ഏജന്‍സിയില്‍നിന്നുള്ള മറ്റ് കുറച്ചുപേരോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോയി, ഭര്‍ത്താവ് ഇംഗ്ലണ്ടിലേക്കും. ഓസ്‌ട്രേലിയയില്‍ എത്തിയശേഷം അവിടുത്തെ ഗവണ്‍മെന്റിന്റെ പരീക്ഷ പാസായി. തുടര്‍ന്ന് ഇവര്‍ സ്വന്തം നിലയില്‍ ജോലി കണ്ടുപിടിക്കണമായിരുന്നു. അങ്ങനെ പല ഹോസ്പിറ്റലിലേക്കും അപേക്ഷ അയച്ചെങ്കിലും ഒരിടത്തുനിന്നും ഓഫര്‍ ലഭിച്ചില്ല. പതിയെ വിസയുടെ കാലാവധി തീര്‍ന്നു.

തിരിച്ചുപോരേണ്ട അവസ്ഥയായപ്പോള്‍ ബ്രിഡ്ജിംഗ് വിസക്ക് അപേക്ഷിച്ച് ഏതാനും ദിവസംകൂടി നില്‍ക്കാന്‍ അനുവാദം ലഭിച്ചു. ആ കാലാവധിയും തീരാറായപ്പോള്‍ ഇവരെ റിക്രൂട്ട് ചെയ്ത ഏജന്‍സി ഒരു ഓഫര്‍ വച്ചു, കോണ്‍ട്രാക്ട് നഴ്‌സിങ്ങ്. അതായത് ഓരോ ദിവസവും ഓരോ ആശുപത്രിയിലായിരിക്കും ജോലി. ഇവര്‍തന്നെ ബസിലോ ട്രെയിനിലോ കയറി സമയത്ത് സ്ഥലത്ത് എത്തണം. മെല്‍ബണ്‍ സിറ്റിയിലായിരുന്നു അന്ന് മകള്‍ ഉണ്ടായിരുന്നത്. അപ്രകാരം ജോലി ചെയ്യുന്നത് വളരെ കഠിനമായി അവള്‍ക്ക് അനുഭവപ്പെട്ടു. രണ്ടുവര്‍ഷത്തെ കോണ്‍ട്രാക്ട് ആണ്. ഇടയ്ക്ക് നമ്മുടെ ഇഷ്ടപ്രകാരം നിര്‍ത്താന്‍ സാധിക്കില്ല.

എല്ലാം കേട്ട് മാതാപിതാക്കളായ ഞങ്ങള്‍ വലിയ വിഷമത്തിലായി. മനമുരുകി പ്രാര്‍ത്ഥിച്ചു. സങ്കീര്‍ത്തനം 51:17-ല്‍ പറയുന്നുണ്ടല്ലോ ”ഉരുകിയ മനസാണ് ദൈവത്തിന് സ്വീകാര്യമായ ബലി. ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല” എന്ന്. അപ്രകാരം ഒരു അവസ്ഥയായിരുന്നു, പൊന്നുപോലെ വളര്‍ത്തിയ മകളായതിനാല്‍ അവളെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ഹൃദയത്തില്‍ വേദന അനുഭവിച്ചു. പരിചയമില്ലാത്ത അന്യദേശത്തുള്ള സ്ഥലം. പരിചയക്കാരും വളരെ കുറവ്. ഏതായാലും അവള്‍ നേരത്തെ അപേക്ഷ കൊടുത്തിരുന്ന സിഡ്‌നിയിലുള്ള ഒരു ആശുപത്രിയിലേക്ക് ഒരു റിമൈന്‍ഡര്‍ അയച്ചു. അവര്‍ പറഞ്ഞത് ജോലിക്കായി ഓഫര്‍ ലെറ്റര്‍ അയക്കാന്‍ തിരഞ്ഞെടുത്തിരുന്നതാണ്. പക്ഷേ എവിടെയോ ഒരു പിശകുണ്ടായി അത് ‘മിസിംഗ്’ ആയെന്നാണ്. അതിനാല്‍ അടുത്ത ദിവസംതന്നെ ഓഫര്‍ ലെറ്റര്‍ ലഭിച്ചു. വലിയൊരു ഗവണ്‍മെന്റ് ആശുപത്രിയില്‍.

പക്ഷേ അപ്പോള്‍ വലിയൊരു പ്രശ്‌നം. ജോലിക്ക് കോണ്‍ട്രാക്ട് ഒപ്പിട്ടിടത്തുനിന്നും വിട്ടുപോകാന്‍ സാധിക്കില്ല. എന്തുചെയ്യും? ദൈവത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നതാണ് അവസ്ഥ. എന്നാല്‍ ദൈവത്തിന്റെ അത്ഭുതത്തിന്റെ കരം ഞങ്ങള്‍ കണ്ടു. ലൂക്കാ 1:37 പറയുന്നതുപോലെ, ”ദൈവത്തിന് ഒന്നും അസാധ്യമല്ല.”
ജോലി കൊടുത്ത ഏജന്‍സി എന്തോ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ ആ ഏജന്‍സിയുടെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. അതോടെ മകളെയും കൂട്ടത്തിലുള്ള എല്ലാവരെയും ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ആ ഏജന്‍സിയില്‍ അവള്‍ ജോലി ചെയ്തത് മൂന്നേ മൂന്ന് ദിവസം. താമസിയാതെ മകള്‍ സിഡ്‌നിക്കുള്ള ഫ്‌ളൈറ്റില്‍ കയറി.

പിറ്റേ ദിവസം പുതിയ ആശുപത്രിയില്‍ ജോയിന്‍ ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ അവളുടെ ഭര്‍ത്താവിനും സിഡ്‌നിയിലെത്താന്‍ സാധിച്ചു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി മകള്‍ ആ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ”ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു” (ഹബക്കുക്ക് 1:5) എന്ന തിരുവചനം മകളുടെ ജീവിതത്തില്‍ അന്വര്‍ത്ഥമായ ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നും ഹൃദയം നന്ദിയാല്‍ നിറയുന്നു.
25 വര്‍ഷത്തിലധികമായി ശാലോമിന്റെ ഏജന്റാണ് ജോസ്. കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. ട്രാന്‍സ്ഫര്‍ ആകുന്ന സമയത്ത് ഭാര്യ ഫിലോമിനയാണ് ശാലോം പ്രസിദ്ധീകരണങ്ങള്‍ വിതരണം നടത്തിയിരുന്നത്.

ജോസ് കിഴക്കേത്തലയ്ക്കല്‍