
നാലുവര്‍ഷംമുമ്പ് ക്രിസ്തുമസിന്റെ പാതിരാകുര്‍ബാനക്ക് പോയത് വിവാറോ എന്ന സ്ഥലത്താണ്. നോര്‍ത്ത് ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമം. ചെറിയൊരു പള്ളി. കൂടിപ്പോയാല്‍ അറുപതിനടുത്ത് ആളുകള്‍ക്ക് നില്ക്കാന് മാത്രം പറ്റുന്ന അത്ര ചെറിയ ഇടം.
പള്ളിയിലേക്ക് കയറി. വലതുവശത്തായി ഒരു ക്രിസ്തുമസ് ട്രീ. ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ കെട്ടിവച്ചുണ്ടാക്കിയ ഒരു സംഭവം. ‘ഇതെന്തോന്ന് ട്രീ’ എന്നാണ് ആദ്യം മനസിലേക്ക് വന്നത്. അടുത്തേക്ക് ചെന്നു. പ്രത്യേകിച്ച് അലങ്കാരമൊന്നുമില്ല. കുഞ്ഞുസഞ്ചികള്‍ തൂക്കിയിട്ടുണ്ട്. അതിന്റെയൊപ്പം ചുരുട്ടിവച്ച കുഞ്ഞിക്കഷ്ണം കടലാസും. കുറച്ചുപേര്‍ ഒന്നോ രണ്ടോ കുഞ്ഞിസഞ്ചി പൊട്ടിച്ചെടുത്ത് അതിലെ പേരുകള്‍ നോക്കുന്നുണ്ട്. ഇനി ഇവിടെയൊക്കെ ക്രിസ്തുമസ്ട്രീയിലാണോ ക്രിസ്തുമസ്ഫ്രണ്ട് ചെയ്തേക്കുന്നത് എന്നായി സംശയം. കാര്യമന്വേഷിച്ചു…
മുടി നരച്ചു തുടങ്ങിയൊരു ഇറ്റാലിയന്‍ അമ്മാമ്മ ചിരിച്ചു കൊണ്ട് മറുപടി തന്നു, ”അതൊക്കെ ഓരോ കുടുംബങ്ങളുടെ പേരാണ്.”
”എവിടുത്തെ? ഈ ഇടവകയിലെയോ?” എന്റെ സംശയം പിന്നെയും തീര്‍ന്നില്ല.
”അല്ല. ആഫ്രിക്കയിലെ ഒരു ഉള്‍ഗ്രാമത്തിലെ… അവിടെയുള്ള ഒരു ഗ്രാമത്തെ ഈ ഇടവക ദത്തെടുത്തിട്ടുണ്ട്. അവിടത്തെ കുടുംബങ്ങളുടെ പേര് ഈ ട്രീയില്‍ തൂക്കിയിടും. അടുത്തൊരു വര്‍ഷം നമ്മള് ആ കുടുംബത്തെ സഹായിക്കും. ആ വീട്ടിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കും. നമ്മളെക്കൊണ്ട് പറ്റുന്നതിനനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ കുഞ്ഞുസഞ്ചികള്‍ ഈ ട്രീയില്നിന്ന് പറിച്ചെടുക്കാം. ഇനിയിപ്പോള്‍ പറിച്ചെടുത്തില്ല എന്നുവച്ച് ആരും അന്വേഷിക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു വര്‍ഷംപോലും ഇതില്‍ ബാക്കി ഉണ്ടാവാറില്ല. ഞാന്‍ എല്ലാ കൊല്ലവും പറിച്ചെടുക്കാറുണ്ട്.”
അതുകേട്ടപ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു സന്തോഷം.
അപ്പോഴും ഒരു ചോദ്യം ബാക്കിയായി… ”ഇടയ്ക്ക് വച്ചെങ്ങാനും കൊടുക്കാന്‍ പറ്റാതെ വന്നാല്‍?”
അതിനും കിട്ടി ഉത്തരം, ”കൊടുക്കാന്‍ ഉണ്ടായില്ലെങ്കിലോ എന്ന് ചിന്തിച്ചാല്‍ ഒരിക്കലും കൊടുക്കലുണ്ടാവില്ല. കൊടുക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്തെങ്കിലും വഴി ഉണ്ടാവും. പറ്റുന്നത് ചെയ്യുക. പിന്നീട് ചെയ്യാം എന്ന് കരുതിയാല്‍ ഒരിക്കലും നടക്കില്ല. ഇനി എങ്ങാനും പറ്റാതെ വന്നാല്‍ ഇതിന്റെ കാര്യങ്ങള്‍ ചെയ്യുന്നവരെ അറിയിച്ചാല്‍ മതി. എന്നാലും സാധാരണ അങ്ങനെ സംഭവിക്കാറില്ല. ആരുടെയെങ്കിലും ജീവിതത്തിനു നമ്മളൊരു സഹായമാവാന്‍ ദൈവം വിചാരിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും. നമ്മളൊന്ന് സമ്മതം മൂളിയാല്‍ മതി.”
ഇതും പറഞ്ഞ് ആ അമ്മാമ്മ പതിയെ ട്രീയുടെ അടുത്തേക്ക് നടന്നു…
ആഫ്രിക്കയിലെ ആ ഉള്‍ഗ്രാമത്തിലെ കുടിലുകളിലിരുന്ന്, ക്രിസ്തുമസ് രാവില്‍ ആ പാവം മനുഷ്യര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ടാവും- ‘ഞങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി കടന്നു വരുന്ന ആ മനുഷ്യനെ സഹായിക്കണേ.’
സാധാരണ മനുഷ്യനെപ്പോലെയാവാന്… അവന്റെ സങ്കടങ്ങള്‍ക്ക് കൂട്ടിരിക്കാന്‍… അവനുവേണ്ടി സ്വന്തം ജീവിതം കൊടുക്കാന്‍… സ്വര്‍ഗം വിട്ടിറങ്ങിയ ദൈവത്തിന്റെ ജന്മദിനം- ക്രിസ്തുമസ്. ആ ദിനത്തിന് ഏറ്റവും ചേര്‍ന്ന അലങ്കാരം ഒരുക്കുന്നത് ഇങ്ങനെതന്നെയാകണം.
”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള് എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25:40).
ഫാ. റിന്റോ പയ്യപ്പിള്ളി