എന്നും പച്ചിലകള്‍ – Shalom Times Shalom Times |
Welcome to Shalom Times

എന്നും പച്ചിലകള്‍

മഞ്ഞുകാലം വരുകയാണ്. കിളികളെല്ലാം ചൂടുള്ള വായുവും ബെറിപ്പഴങ്ങളും തേടി തെക്കോട്ട് പറന്നു. എന്നാല്‍ ചിറകൊടിഞ്ഞ ഒരു കിളിക്കുമാത്രം പറന്നുപോകാന്‍ കഴിഞ്ഞില്ല. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ആ കിളി അടുത്തുള്ള മരങ്ങളെ നോക്കി. ഇനി അടുത്ത ചൂടുകാലം വരുന്നതുവരെ അല്പം ചൂട് കിട്ടണമെങ്കില്‍ ആ മരങ്ങളില്‍ പാര്‍ക്കാം. കിളി നിസഹായതയോടെ ചിന്തിച്ചു.
അങ്ങനെ ആദ്യം ബിര്‍ച്ച് മരത്തെ സമീപിച്ചു. ”ബിര്‍ച്ച് മരമേ, എന്റെ ചിറകൊടിഞ്ഞിരിക്കുകയാണ്. കൂട്ടുകാരെല്ലാം പറന്നുപോയി. എനിക്ക് പറക്കാനാവില്ല. അതിനാല്‍ അടുത്ത ചൂടുകാലം വരെ എനിക്ക് നിന്റെ ചില്ലകളില്‍ പാര്‍ക്കാന്‍ ഇടം തരാമോ?”

”ഈ വനത്തിലെതന്നെ കിളികളെ പാര്‍പ്പിക്കാനുണ്ട് എനിക്ക്. നിന്നെ സ്വീകരിക്കാന്‍ സാധിക്കില്ല,” ബിര്‍ച്ച്മരം കനിവില്ലാതെ പറഞ്ഞു.
”ഇനി ഓക്കുമരത്തോട് ചോദിക്കാം,” കിളി കരുതി. എന്നാല്‍ കിളി തന്റെ തളിരുകള്‍ തിന്നുമെന്ന് പറഞ്ഞ് ഓക്കുമരവും ആ കിളിയെ കൈയൊഴിഞ്ഞു.
വില്ലോമരത്തെ സമീപിച്ചപ്പോഴാകട്ടെ, അപരിചിതര്‍ക്ക് ഒന്നും നല്കുകയില്ലെന്നാണ് അത് പറഞ്ഞത്.
പിന്നെ കിളി പോയത് സ്പ്രൂസ് മരത്തിനടുത്തേക്കാണ്. ”എന്റെ ഏറ്റവും ചൂട് കിട്ടുന്ന ചില്ലയില്‍ പാര്‍ത്തോളൂ” സ്പ്രൂസ് മരം പറഞ്ഞു. കിളിക്ക് വിശ്വസിക്കാനായില്ല.

അപ്പോഴാണ് അടുത്ത് നിന്ന പൈന്‍മരം പറഞ്ഞത്, ”എന്റെ ചില്ലകളൊന്നും ബലമുള്ളതല്ല. പക്ഷേ എനിക്ക് കരുത്തുണ്ട്. നിന്നെ ഞാന്‍ കാറ്റേല്‍ക്കാതെ സൂക്ഷിച്ചുകൊള്ളാം.” കിളി ഏറെ സന്തോഷത്തോടെ അത് കേട്ടു.
ഉടനെ അതിനടുത്ത് നിന്ന ജൂണിപ്പര്‍മരം പറഞ്ഞു, ”നിനക്ക് ഈ മഞ്ഞുകാലം മുഴുവനും ഞാന്‍ ബെറിപ്പഴം തരാം. എന്റെ ബെറികള്‍ നല്ല രുചിയുള്ളതാണ്.”

പിറ്റേന്ന് മഞ്ഞുകാറ്റ് ആഞ്ഞുവീശി. മറ്റ് മരങ്ങളുടെ ഇലകളെല്ലാം പൊഴിഞ്ഞുവീണു. എന്നാല്‍ കിളിയെ സഹായിച്ച മരങ്ങളെ തൊടരുതെന്ന് വനരാജാവ് കാറ്റിനോട് പറഞ്ഞു. അതിനാല്‍ സ്പ്രൂസ്മരവും പൈന്‍മരവും ജൂണിപ്പര്‍മരവും പച്ചിലകളണിഞ്ഞുതന്നെ നിന്നു. ക്രിസ്തുമസ് പ്രതീകങ്ങളായി ചിത്രീകരിക്കപ്പെടാറുള്ള മരങ്ങളാണ് ഇവ മൂന്നും.
”ഒരാള്‍ ഉദാരമായി നല്‍കിയിട്ടും കൂടുതല്‍ ധനികനാകുന്നു; നല്‍കേണ്ടത് പിടിച്ചുവച്ചിട്ടും മറ്റൊരുവന്റെ ദാരിദ്ര്യം വര്‍ധിക്കുന്നു” (സുഭാഷിതങ്ങള്‍ 11:24).

ഫ്‌ളോറന്‍സ് ഹോള്‍ബ്രൂക്ക്