
എന്റെ കോളേജ് പഠനകാലം. അന്ന് ഞാന്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് നല്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഒരു വിദ്യാര്‍ഥിനിയുടെ പുസ്തകം പരിശോധിക്കുന്നതിനായി വാങ്ങിവച്ചു. അവള് മടങ്ങിപ്പോയതിനുശേഷം പുസ്തകം പരിശോധിക്കുന്നതിനിടെ ഒരു കോണില്‍ എഴുതിയിട്ടിരിക്കുന്ന വിലാസം എന്റെ ശ്രദ്ധയില്‍പ്പെട്ടു, ഒരു കന്യാസ്ത്രീമഠത്തിന്റെ വിലാസം. കന്യാസ്ത്രീയാകാന്‍ എന്ന് അതിനുമുകളില്‍ എഴുതിയിട്ടുമുണ്ട്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കി. കാരണം മറ്റൊന്നുമല്ല, മിടുക്കിയായ ഒരു പെണ്‍കുട്ടി നല്ലൊരു ഭാവി കളഞ്ഞ് മഠത്തില്‍ പോകുന്നത് എനിക്ക് ചിന്തിക്കാവുന്ന കാര്യമല്ല.
പിറ്റേന്ന് പുസ്തകം തിരികെ കൊടുക്കുമ്പോള്‍ അവള് എന്തിനാണ് ആ വിലാസം സൂക്ഷിക്കുന്നതെന്ന് ചോദിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അത്ര പരിചിതമല്ലാത്ത പദങ്ങളായതിനാല്‍ മറന്നുപോയേക്കാം. അതുകൊണ്ട് ആ വിലാസം എന്റെ ഡയറിയിലേക്ക് പകര്‍ത്തി. എനിക്ക് ഒറ്റ ഉദ്ദേശ്യമേയുള്ളൂ, എങ്ങനെയെങ്കിലും അവളുടെ പദ്ധതിയില്‍നിന്ന് അവളെ തടയണം.
അന്ന് ഞാന്‍ കഥകളും നോവലുകളുമെല്ലാം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരുന്ന കാലമാണ്. വായനനിമിത്തം നിരീശ്വരചിന്തകള് മനസില്‍ നിറഞ്ഞിട്ടുള്ളതിനാല് ഏതാണ്ട് ഒരു നിരീശ്വരവാദിയുമാണ്. ദൈവം ഉണ്ടോ എന്ന ചിന്തയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. വീട്ടില്‍ ആരുംതന്നെ അത്ര ദൃഢമായ ദൈവവിശ്വാസം പുലര്ത്തുന്നവരുമല്ല. മാത്രവുമല്ല നല്ലൊരു എഴുത്തുകാരിയാകണം എന്നതാണ് എന്റെ ആഗ്രഹം. വെറും ആഗ്രഹമല്ല, ഭ്രമം എന്നുതന്നെ പറയാം. നോവലുകളും കഥകളും എഴുതാനും തുടങ്ങിയിരുന്നു. അനേകം പ്രസാധകരുടെ വിലാസം ഡയറിയില്‍ കുറിച്ചുവച്ചിട്ടുണ്ട്. അങ്ങനെയുള്ള വിലാസങ്ങള്‍ നിറഞ്ഞ ഡയറിയിലാണ് ഒരു വശത്ത് ഈ മഠത്തിന്റെ വിലാസവും എഴുതിവച്ചത്.
പിറ്റേ ദിവസമായി. അന്ന് ആ വിദ്യാര്‍ഥിനി വന്നപ്പോള്‍ പുസ്തകത്തില്‍ എഴുതിയിട്ടിരിക്കുന്ന വിലാസത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. ”ഏത് അഡ്രസാണ് ചേച്ചി ഉദ്ദേശിക്കുന്നത്?” എന്നായിരുന്നു അവളുടെ മറുചോദ്യം.
പുസ്തകം മറിച്ചുനോക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. മറിച്ചുനോക്കിയപ്പോള്‍ അവള് ആ വിലാസം കണ്ടു. തുടര്‍ന്ന് വിശദീകരിച്ചു, ”ഇത് പ്രത്യേക ഉദ്ദേശ്യങ്ങളൊന്നും വച്ച് എഴുതിയതല്ല. ഒരു സിസ്റ്റര്‍ തന്നപ്പോള്‍ എഴുതിയിട്ടെന്നേയുള്ളൂ.”
”എന്നാല്‍പ്പിന്നെ നീയെന്തിനാണ് അത് സൂക്ഷിക്കുന്നത്? അതങ്ങ് കീറിക്കളഞ്ഞേക്കൂ.”
അവള് അതനുസരിച്ച് എന്റെ മുറിയിലിരുന്നുതന്നെ അത് കീറി ജനലിലൂടെ എറിഞ്ഞുകളഞ്ഞു. എനിക്ക് വലിയൊരു ആശ്വാസവും സന്തോഷവും. ഒരു പെണ്‍കുട്ടിയെ അവളുടെ തെറ്റായ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന് കഴിഞ്ഞല്ലോ.
കീറിപ്പോകാത്ത വിലാസത്തിലേക്ക് ഒരു കത്ത്
ദിവസങ്ങള്‍ കഴിഞ്ഞ് പ്രസാധകരുടെ വിലാസങ്ങള്‍ നോക്കാനായി ഡയറി കൈയിലെടുത്ത സമയം. ഞാന്‍തന്നെ പകര്‍ത്തിവച്ച മഠത്തിന്റെ വിലാസം കണ്ണിലുടക്കി. മനസില്‍ ആരോ മന്ത്രിക്കുന്നതുപോലെ… ”നിനക്ക് എന്തുകൊണ്ട് ഒരു കന്യാസ്ത്രീയായിക്കൂടാ?”
ദിവസങ്ങള്‍ കടന്നുപോയി. പക്ഷേ എന്റെ മനസ് സ്വസ്ഥമാകുന്നില്ല. നാളുകളായി എന്റെ ജീവിതാഭിലാഷം ‘മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണം’ എന്നതായിരുന്നു. അത് അമ്മയില്‍നിന്ന് പകര്‍ന്നുകിട്ടിയതാണ്. സന്യാസിനിയായാല് അത് കൂടുതല്‍ ഫലപ്രദമായി ചെയ്യാമെന്ന് തോന്നി. ഒടുവില്‍ ഞാന്‍ എന്റെ ഹൃദയം തൊട്ട ആ വിലാസത്തിലേക്ക് ഒരു കത്തെഴുതി. ലഭിക്കുമെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, പോസ്റ്റ്മാന് എനിക്കുള്ള മറുപടിക്കത്ത് കൊണ്ടുവന്നിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും കോളേജില്‍നിന്ന് വന്നിരുന്നത്. ആറുമാസത്തോളം ആ കാത്തിരിപ്പ് നീണ്ടു. മറുപടിക്കത്തൊന്നും വന്നുകണ്ടില്ല. അതെന്നെ അല്പം സങ്കടപ്പെടുത്തി. എന്തായാലും തുടര്‍ന്ന് സഹോദരന്റെ പ്രേരണയാല്‍ പി.എസ്.സി പരീക്ഷയ്ക്കായി തയാറെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.
പുസ്തകത്തില്‍ കാത്തിരുന്ന ‘സ്വാഗതം’
സഹോദരന് നല്കിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളെടുത്ത് പഠനമാരംഭിക്കുന്ന ദിവസം. പതുക്കെ ഞാന്‍ പുസ്തകം തുറന്നു. പെട്ടെന്ന് ഒരു കത്ത് എന്റെ ശ്രദ്ധയില്‍പ്പെട്ടു, മനോഹരമായ കൈപ്പടയില്‍ എന്നെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കത്ത്!
ആറുമാസം മുമ്പ് മഠത്തിലേക്ക് ഞാനയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. വായിച്ചുകൊണ്ടിരിക്കേ അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കാരണം എന്നെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സന്യാസിനി എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയിട്ടെന്നപോലെ എന്നെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് എഴുതിയ കത്തായിരുന്നു അത്. അതിനുതാഴെയുള്ള പേര് ഞാന്‍ മനസില്‍ കുറിച്ചിട്ടു, ‘സിസ്റ്റര്‍ ഹാദൂസ!’
പക്ഷേ ഞാന്‍ ആ കത്ത് മടക്കി അതിരുന്നിരുന്ന സ്ഥലത്തുതന്നെ തിരികെവച്ചു. കാരണം, ഞാന്‍ കാണാതിരിക്കാന്‍ ഒളിച്ചുവച്ച ആ കത്ത് എന്റെ കൈയിലെത്തി എന്നറിഞ്ഞാല്‍ സഹോദരന് കോപിഷ്ഠനാകുമെന്ന് എനിക്കറിയാമായിരുന്നു. വാസ്തവത്തില്‍ ആ കത്ത് കിട്ടിയപ്പോള്‍ത്തന്നെ അദ്ദേഹം അത് കീറിക്കളയേണ്ടതായിരുന്നു. എന്തുകൊണ്ടോ അങ്ങനെ ചെയ്തില്ലെന്നേയുള്ളൂ.
എന്തായാലും ആ കത്ത് ലഭിച്ചതോടെ ഞാന്‍ തീരുമാനിച്ചു, ”ഇനി പിന്നോട്ടില്ല, ഇത് ദൈവത്തിന്റെ വിളിയാണ്.”
ഈശോ സ്വീകരിച്ചു, വിലാസം മാറി…
ഇറങ്ങിത്തിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടുകാര്‍ ഒറ്റക്കെട്ടായി എന്നെ എതിര്‍ത്തു. എല്ലാം കേട്ടപ്പോള്‍ ഞാന്‍ ചെയ്യുന്നത് അവിവേകമായിരിക്കുമോ എന്ന് എനിക്കുതന്നെ സംശയം തോന്നി. പക്ഷേ ദൈവം എന്നെ വിളിക്കുന്നു, എന്തിനൊക്കെയോ വേണ്ടി എന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാല്‍ ഞാന്‍ പിന്‍വാങ്ങിയില്ല. ”മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക; നിന്റെ ജനത്തെയും പിതൃഭവനത്തെയും മറക്കുക. അപ്പോള്‍ രാജാവ് നിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും, അവന് നിന്റെ നാഥനാണ്, അവനെ വണങ്ങുക” (സങ്കീര്‍ത്തനങ്ങള്‍ 45: 10-11).
വീട്ടിലെ ഇളയ മകളായിരുന്നു ഞാന്‍. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് എനിക്കുണ്ടായിരുന്നത്. പക്ഷേ, കൊല്ലം ഭാരതിപുരത്തുള്ള വീട്ടില്‍നിന്ന് എന്നെ മഠത്തില്‍ കൊണ്ടുപോയിവിടാന്‍ അവരാരും വരില്ല എന്ന് പറഞ്ഞു. ഞാന്‍ എല്ലാം ക്രമീകരിച്ചിട്ടുണ്ട് എന്ന് ഞാനും. കാരണം അയല്പക്കത്തുള്ള കൂട്ടുകാരനോട് എന്നെ മഠത്തിലെത്തിക്കാന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. നിശ്ചിതദിവസം അവിടെ എത്തുമെന്ന് മഠത്തിലും അറിയിച്ചിരുന്നു. പറഞ്ഞതുപ്രകാരം അവിടെ എത്തിച്ചേര്‍ന്നു. എന്നെ സ്വാഗതം ചെയ്ത് കത്തെഴുതിയ മദര്‍ ഹാദൂസയുടെ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം സന്തോഷഭരിതമായ അനേകം മുഖങ്ങള്‍ ഞാനവിടെ കണ്ടു.
അവിടെവച്ചാണ് വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണമനസോടെ ആത്മാര്‍ത്ഥമായി ഞാന്‍ പങ്കെടുക്കുന്നത്. എല്ലാവരും പറഞ്ഞത് ഞാന്‍ ഈശോയെ സ്വീകരിക്കുകയാണ് എന്നായിരുന്നു. എന്നാല്‍ തിരുവോസ്തിരൂപനായ ഈശോ എന്നെ സ്വീകരിച്ചതായാണ് എനിക്ക് അനുഭവപ്പെട്ടത്. ആ ആനന്ദം പറഞ്ഞറിയിക്കാനാവില്ല. സന്യാസാര്ഥിനിയായിത്തീര്ന്ന എനിക്ക് ആഗ്നസ് എന്ന പുതിയ പേര് നല്കപ്പെട്ടു. അങ്ങനെ അന്ന് ആ പെണ്‍കുട്ടിയെക്കൊണ്ട് കീറിക്കളയിച്ച വിലാസം എന്റേതായി മാറി….
ബഥനി മഠം
നാലാഞ്ചിറ
തിരുവനന്തപുരം.
ആനന്ദം ആകര്‍ഷണം
മറ്റ് സന്യസാര്ഥിനികളുമൊത്തുള്ള സന്യാസപരിശീലനകാലം ‘അടിച്ചുപൊളിച്ചുള്ള’ ജീവിതമായിരുന്നു. അവധിക്ക് വീട്ടില്‍ പോകുമ്പോള്‍ എന്റെ സന്തോഷവും ജീവിതചര്യകളുമൊക്കെ കുടുംബാംഗങ്ങള്‍ സന്തോഷം നിറഞ്ഞ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കി സിസ്റ്റര്‍ ആഗ്നറ്റ് എസ്.ഐ.സി എന്ന പേരില്‍ ഒരു സന്യാസിനിയായി നിത്യവ്രതം ചെയ്യാന്‍ കര്‍ത്താവ് എന്നെ അനുഗ്രഹിച്ചു.
ഇന്ന് സന്യാസത്തിന്റെ 25 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. സന്യാസത്തിന്റെ ആനന്ദം എത്രത്തോളം വലുതാണെന്ന് അനുഭവിച്ചുതന്നെ അറിയണം എന്നാണ് ഞാന്‍ കരുതുന്നത്. നാഥന്റെ സ്വന്തമാകുമ്പോള്‍ നമ്മുടെ ആനന്ദം കണ്ട് അനേകര്‍ നമ്മുടെ അരികിലേക്ക് വരും. ”ടയിര്‍നിവാസികള്‍ നിന്റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങള്‍ അര്‍പ്പിക്കും” (സങ്കീര്‍ത്തനങ്ങള്‍ 45: 12).
പുറമേനിന്ന് കാണുമ്പോള്‍ ഇതൊരു കാരാഗൃഹവാസമാണെന്നെല്ലാം കരുതിയിരുന്ന കുടുംബാംഗങ്ങള്‍ എന്റെ ജീവിതം കണ്ട് ഇതിന്റെ സന്തോഷം മനസിലാക്കി. ആ നിര്വൃതിയോടെതന്നെയാണ് മാതാപിതാക്കള്‍ ഈ ജീവിതത്തില്‍നിന്ന് കടന്നുപോയത്. സഹോദരങ്ങളാകട്ടെ ഇന്ന് എന്നെയോര്‍ത്ത് ഏറെ സന്തോഷിക്കുന്നു എന്നെനിക്കറിയാം. ഈ സന്യാസവിളി അവിടുത്തെ ദാനമാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ”എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ, എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും”(സങ്കീര്‍ത്തനങ്ങള്‍ 108:1).
സിസ്റ്റര്‍ ആഗ്നറ്റ് എസ്.ഐ.സി