ഇന്നുമുതല്‍ അനുഗ്രഹിക്കപ്പെടും! – Shalom Times Shalom Times |
Welcome to Shalom Times

ഇന്നുമുതല്‍ അനുഗ്രഹിക്കപ്പെടും!

ഇടുക്കി വരെ ബസ്സില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു ദിവസം പെട്ടെന്ന് ഒരു പ്രേരണ തോന്നി. ബാഗില്‍ ഇരിക്കുന്ന കരുണയുടെ കുറച്ച് ചിത്രങ്ങള്‍ അടുത്തുള്ള സീറ്റുകളില്‍ വിതരണം ചെയ്യുക.’ വേഗം എന്റെ ആഗ്രഹം ഒപ്പമുള്ള ബ്രദറിനോട് പങ്കുവച്ചു. ബ്രദര്‍ വേഗം കയ്യിലുള്ളതുകൂടി തന്നിട്ട് പറഞ്ഞു, ‘ഇത് മൊത്തം കൊടുത്തോ, എല്ലാവര്‍ക്കും കിട്ടട്ടെ.’
വേഗം ഞാന്‍ കണ്ടക്ടറോട് അനുവാദം ചോദിച്ചു. ‘കൊടുത്തോ’ എന്ന് മറുപടി ലഭിച്ചു.
ഞാന്‍ വേഗം ഓരോരുത്തര്‍ക്കും ഈശോയുടെ കരുണയുടെ ചിത്രം അടങ്ങിയ കാര്‍ഡ് വിതരണം ചെയ്യാന്‍ ആരംഭിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറിനടുത്ത് ആളുകളാണ് നിമിഷനേരംകൊണ്ട് അത് എന്റെ കയ്യില്‍ നിന്നും സ്‌നേഹത്തോടെ വാങ്ങി സൂക്ഷിച്ചത്.

ഏതാനും മിനിറ്റുകള്‍ മാത്രമേ ഇതിനെടുത്തുള്ളൂ. അത് വാങ്ങിയ എല്ലാവരും ആ ചിത്രം ഇന്നും സൂക്ഷിക്കുന്നുണ്ടാകും എന്ന് എനിക്കുറപ്പാണ്. അത് പ്രതിനിധാനം ചെയ്യുന്ന യേശുവിനെ ഇടയ്ക്കിടയ്ക്ക് നോക്കുകയും, നെടുവീര്‍പ്പോടെ പ്രാര്‍ത്ഥന ഉയര്‍ത്തുകയും, സ്‌നേഹത്തോടെ ചുംബിച്ചിരിക്കുകയും ചെയ്യുന്നുണ്ടാകും. കാരണം അവരല്ല, അവരിലുള്ള ആത്മാവാണ് അത് വാങ്ങുകയും അപ്രകാരം ചെയ്യാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നത്.
സത്യത്തില്‍ ഇതല്ലേ യേശു എല്ലാവരില്‍നിന്നും ആഗ്രഹിക്കുന്നത്. ഇതല്ലേ സുവിശേഷവേലയുടെ ലക്ഷ്യവും.
എല്ലാവരെക്കാള്‍ അധികമായി ഈശോ അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും വേണം എന്നതാണ് സുവിശേഷവേലയുടെ അടിസ്ഥാനതത്വം.

അതിനുവേണ്ടി ചെയ്യുന്ന ചെറിയ കാര്യംപോലും ഏറെ ഫലം പുറപ്പെടുവിക്കും. മഹാവിശുദ്ധരില്‍ പലരും ഇത്തരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിയവരാണ്. സ്വര്‍ഗരാജ്യം കടുകുമണിപോലെ ആരംഭത്തില്‍ നന്നേ ചെറുതായിരിക്കുമെന്നാണല്ലോ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. അത് നമ്മള്‍പോലും അറിയാതെതന്നെ വേരുപിടിക്കുകയും തളിര്‍ക്കുകയും പന്തലിക്കുകയും ചെയ്തുകൊള്ളും.
ഈശോയാണ് വിഷയമെങ്കില്‍, ദൈവത്തിന്റെ വചനമാണ് പങ്കുവയ്ക്കുന്നതെങ്കില്‍ അത് ഒരുകാലത്തും ഫലം തരാതെ പോകില്ല. ഇത് സ്വര്‍ഗം തരുന്ന ഉറപ്പാണ്. ”മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും'(ഏശയ്യാ 55:10-11).
എത്രയെത്ര സാധ്യതകളാണ് നമുക്ക് ചുറ്റും ഇന്നുള്ളത്. കര്‍ത്താവിനെ കുറച്ചുകൂടി ഗൗരവത്തില്‍ എടുത്താല്‍ എത്ര ഫലപ്രദമായി നമുക്ക് ഈശോയെ അനേകര്‍ക്ക് കൊടുക്കാനും പരിചയപ്പെടുത്താനും പറ്റും? എത്രയെത്ര മാര്‍ഗങ്ങളാണ് നമുക്ക് മുമ്പിലുള്ളത്. ഈ അത്യാധുനിക കാലഘട്ടത്തില്‍ ഇതിനുമാത്രം സാധ്യതയില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും?

വിശുദ്ധരും രക്തസാക്ഷികളുമായ അനേകം മുന്‍ഗാമികള്‍ ഈ കാലഘട്ടത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ മുന്‍പത്തേതിനെക്കാള്‍ എത്രയധികമായി അവര്‍ ഫലം പുറപ്പെടുവിച്ചേനേ? ”വിത്ത് ഇനിയും കളപ്പുരയില്‍ത്തന്നെയാണോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവും ഇനിയും ഫലം നല്‍കുന്നില്ലേ? ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും” (ഹഗ്ഗായി 2:19). ഈ ഉറപ്പ് നമുക്കുള്ളതാണ്. ഈ അനുഗ്രഹം നമ്മള്‍ കരസ്ഥമാക്കണം.

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM