ക്രിസ്തുമസ് വന്നാല്‍ എല്ലാം മാറും – Shalom Times Shalom Times |
Welcome to Shalom Times

ക്രിസ്തുമസ് വന്നാല്‍ എല്ലാം മാറും

യു.എസില്‍ 1972-ലായിരുന്നു എന്റെ ജനനം. എന്റെ അമ്മയുടെ ആദ്യവിവാഹം പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അമ്മ നല്ലൊരു വ്യക്തിയെ കണ്ടുമുട്ടി. നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ വിവാഹം ചെയ്തു. എന്റെ പത്താം വയസില്‍ അദ്ദേഹം എന്നെ ദത്തെടുക്കുകയും ചെയ്തു. അവരുടെ കുടുംബം കത്തോലിക്കരായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം എനിക്ക് മാമ്മോദീസ നല്കി. പക്ഷേ പിന്നീട് ദൈവാലയത്തില്‍ പോയതായി ഓര്‍ക്കുന്നില്ല. എനിക്ക് ക്രൈസ്തവവിശ്വസത്തോട് വെറുപ്പായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റം വരുന്നതുകൊണ്ട് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞങ്ങളുടെ കുടുംബം ജപ്പാനിലെ ഹോണോലുലുവിലേക്ക് മാറി. അപ്പോഴേക്കും സ്ഥിരമായിട്ടല്ലെങ്കിലും ഞാന്‍ ലഹരി ഉപയോഗത്തിലേക്ക് കടന്നിരുന്നു. ഹോണോലുലുവില്‍ എത്തിയപ്പോഴാകട്ടെ അത് സ്ഥിരമായി മാറി. കാണുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നവിധത്തില്‍ അസാധാരണമായി നീട്ടിവളര്‍ത്തിയ മുടിയും കാതിലെ കമ്മലുംമാത്രമല്ല ഹിപ്പികളുടേതുപോലെ പരിധിയില്ലാത്ത സ്വാതന്ത്ര്യവും ഞാന്‍ ഇഷ്ടപ്പെട്ടു. ഒപ്പം, ജാപ്പനീസ് പെണ്‍കുട്ടികളുമായുള്ള പാപബന്ധങ്ങളും.

അതൊന്നും കൂടാതെ, കേവലം പതിനാറ് വയസില്‍ യാക്കൂസ എന്ന ജാപ്പനീസ് മാഫിയയിലെ അംഗവും ലഹരികടത്തുകാരനുമായി എന്ന് പറയുമ്പോള്‍ത്തന്നെ എത്രമാത്രം വഴിവിട്ടുപോയി എന്ന് ഊഹിക്കാമല്ലോ. കേവലം പതിനാറാം വയസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി മാറിയ ഈ മകനുവേണ്ടി നേവി ഉദ്യോഗസ്ഥനായ പിതാവ് എത്രമാത്രം കഷ്ടപ്പെട്ടു എന്ന് പറയാനാവില്ല. പക്ഷേ എന്നെ അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഞാന്‍ എവിടെയെങ്കിലും ജീവനോടെയുണ്ടോ എന്നുപോലും അറിയാത്ത നാളുകളിലൂടെ കുടുംബാംഗങ്ങള്‍ കടന്നുപോയി.
അക്കാലത്ത് അമ്മയും എന്റെ ഇളയ സഹോദരനും യു.എസിലേക്ക് മടങ്ങി. പക്ഷേ പിതാവ് എനിക്കായി അന്വേഷണം നടത്താന്‍ ജപ്പാനില്‍ത്തന്നെ നിന്നു. പിന്നീട് എന്നെ കണ്ടെത്തിയപ്പോള്‍ കൈയിലും കാലിലും ആമം വച്ചാണ് അധികാരികള്‍ എന്നെ അവിടെനിന്ന് വീണ്ടും യു.എസിലേക്ക് കൊണ്ടുപോയത്.
നുറുങ്ങിയ ഹൃദയത്തോടെ കഴിയുന്ന അമ്മയ്ക്ക് മുന്നിലേക്ക് ഞാന്‍ വീണ്ടും എത്തി. ഓടിവന്ന് എന്നെ ആലിംഗനം ചെയ്ത് ചുംബിച്ച് കരഞ്ഞ അമ്മയോട് ഞാന്‍ പറഞ്ഞത് ഒന്നുകൂടി അമ്മയെ തകര്‍ക്കുന്ന വാക്കുകളാണ്, ”ഞാന്‍ നിങ്ങളെ വെറുക്കുന്നു!”

ദിവസങ്ങള്‍ക്കകം എന്നെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അയച്ചു. മൂന്ന് മാസത്തിനുശേഷം മറ്റെങ്ങും പോകാനില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി. പക്ഷേ ജീവിതത്തിന് മാറ്റമൊന്നും വന്നില്ല.
ആയിടയ്ക്ക് ഒരു ദിവസം അമ്മ എന്നോട് പറഞ്ഞു, പിതാവും അമ്മയും കത്തോലിക്കരായി എന്ന്. അവര്‍ക്ക് വട്ടാണോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ലഹരിയും സ്ത്രീകളും എല്ലാമായി ഞാന്‍ ജീവിതം തുടരുകയായിരുന്നു. അതിന്റെ ഫലമായി വീണ്ടും റിഹാബിലിറ്റേഷന്‍ സെന്ററില്‍ മൂന്നുമാസം അയക്കപ്പെട്ടു. പക്ഷേ മാറ്റംമാത്രം അപ്പോഴും അന്യമായിരുന്നു. നിവൃത്തിയില്ലാത്തതുകൊണ്ട് വീണ്ടും വീട്ടിലേക്ക് മടങ്ങി എന്നേയുള്ളൂ.

സന്തോഷരഹസ്യവുമായി വന്ന ‘സുന്ദരി’

ജീവിതം മുന്നോട്ടുപോകവേ എനിക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു. അങ്ങനെയൊരു രാത്രി… ജീവിതം മതിയാക്കിയാലോ എന്ന ചിന്ത എന്നില്‍ ശക്തമായി. എന്റെ കൂട്ടുകാരില്‍ പലരും അതിനകം ജീവിതം അവസാനിപ്പിച്ചുകഴിഞ്ഞിരുന്നു. സഹിക്കാനാവാത്തവിധം ഭീകരമായ ഒരു നിശബ്ദത എനിക്ക് ആ സമയത്ത് അനുഭവപ്പെട്ടു.
അതില്‍നിന്ന് രക്ഷപ്പെടാനെന്നോണം സ്വീകരണമുറിയിലെ ഷെല്‍ഫിലിരുന്ന ഒരു പുസ്തകം ഞാന്‍ കയ്യിലെടുത്തു. ‘ക്വീന്‍ ഓഫ് പീസ് വിസിറ്റ്‌സ് മെഡ്ജുഗോജിജിജി'(യഥാര്‍ഥത്തില്‍-മെഡ്ജുഗോറിയ) എന്നാണ് എനിക്ക് വായിക്കാന്‍ കഴിഞ്ഞത്. സുന്ദരിയായ സ്ത്രീ, റോസാപ്പൂവിന്റെ സുഗന്ധം എന്നൊക്കെ വായിച്ചപ്പോള്‍ ഒരു രസം തോന്നി. അങ്ങനെ തുടര്‍ന്ന് വായിക്കവേ യേശുവിന്റെ അമ്മ മേരി പറയുന്നത് ഇങ്ങനെയാണ് എന്ന് മനസിലായി, ”നീ സന്തോഷവാനല്ലാത്തത് നീ പാപം ചെയ്യുന്നതുകൊണ്ടാണ്. സന്തോഷം വേണമെങ്കില്‍ കത്തോലിക്കാവൈദികന്റെ അടുത്ത് പോയി കുമ്പസാരിക്കുക.” ഒരു റിഹാബിലിറ്റേഷന്‍ സെന്ററിലും അങ്ങനെയൊന്ന് കേട്ടിട്ടില്ല. എനിക്ക് സന്തോഷം വേണമായിരുന്നു. അതിനാല്‍ കത്തോലിക്കാപുരോഹിതന്റെയടുത്ത് പോയി കുമ്പസാരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.

അങ്ങനെ പുസ്തകവുമായി സോഫയിലിരിക്കുകയാണ്. ഏതാണ്ട് നേരം പുലര്‍ന്ന് ആറുമണിയായപ്പോള്‍ അമ്മ മുകളില്‍നിന്ന് ഇറങ്ങിവരുന്നു. പറയാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു എങ്കിലും ഒരുവിധം ഞാന്‍ പറഞ്ഞൊപ്പിച്ചു, ”എനിക്ക് കത്തോലിക്കാപുരോഹിതന്റെയടുത്ത് പോകണം!”
ഉറക്കച്ചടവിലായിരുന്നതിനാല്‍ ആദ്യം അമ്മയ്ക്ക് ഒന്നും മനസിലായില്ല. മനസിലായപ്പോള്‍ സന്തോഷം നിറഞ്ഞ അവിശ്വസനീയത. തിരക്കിട്ട് ഫോണില്‍ നമ്പറുകള്‍ ഡയല്‍ ചെയ്ത് വൈദികരെ വിളിച്ചെങ്കിലും ആ നേരത്ത് ആരും അപ്പോയ്ന്റ്‌മെന്റ ് നല്കിയില്ല എന്ന് എനിക്ക് മനസിലായി. അപ്പോഴാണ് എനിക്ക് ഓര്‍മ്മവന്നത്, അടുത്ത് നേവല്‍ ചാപ്പല്‍ ഉണ്ടല്ലോ. അത് അമ്മയെ ഓര്‍മ്മിപ്പിച്ചു. ഉടനെ ആവേശത്തോടെ അമ്മ പറഞ്ഞു, ”ഓടിക്കോ ഡോണീ, ഓടിക്കോ…”

വെളിച്ചത്തിലേക്ക് ഒരു ഓട്ടം
കൈയിലിരുന്ന ബുക്ക് സോഫയിലേക്ക് എറിഞ്ഞിട്ടിട്ട് ഞാന്‍ ഓടി. ആദ്യം കണ്ട ബോര്‍ഡ് ഇതായിരുന്നു, ”ഔര്‍ ലേഡി ഓഫ് വിക്ടറി ചാപ്പല്‍!”
വീണ്ടും നോക്കിയപ്പോള്‍ മറ്റൊരു ബോര്‍ഡ് കണ്ടു, ‘ചാപ്ലയിന്‍സ് ഓഫീസ്.’
സമയം ഏതാണ്ട് പുലര്‍ച്ചെ 6.20. നീണ്ട മുടിയും കാതില്‍ കമ്മലും പച്ചകുത്തിയ ദേഹവുമെല്ലാമായി കയറിച്ചെന്നിരിക്കുന്ന എന്നെ കണ്ട് നേരിയ ഭയം കലര്‍ന്ന അമ്പരപ്പോടെ പലരും മുറികളില്‍നിന്ന് എത്തിനോക്കുന്നുണ്ട്. ഞാന്‍ മറ്റൊന്നും നോക്കിയില്ല; ഉറക്കെ വിളിച്ചു, ”കത്തോലിക്കാ പുരോഹിതാ!”
ഈ പ്രകടനമെല്ലാം കണ്ട് ഒരാള്‍ വൈദികനെ വിളിച്ചുകൊണ്ടുവന്നു.
നിങ്ങള്‍ യേശുവിനെക്കുറിച്ച് പറയുന്ന ആളാണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അതെയെന്ന് സമ്മതിച്ചു.
ഉടനെ ഞാന്‍ പറഞ്ഞു, ”എന്നോട് ആ സ്ത്രീ പറഞ്ഞു, സന്തോഷം വേണമെങ്കില്‍ കത്തോലിക്കാ പുരോഹിതന്റെയടുത്ത് പോയി സംസാരിക്കണമെന്ന്!”

”ഓ കുമ്പസാരമാണോ ഉദ്ദേശിച്ചത്?” എന്ന ചോദ്യത്തോടെ അല്പം ഭയമുള്ള മട്ടില്‍ അദ്ദേഹം മുറിയിലും വരാന്തയുടെ പകുതിയിലുമായി കസേര വലിച്ചിട്ട് ഇരുന്നു. കുമ്പസാരം എന്താണെന്ന് വ്യക്തമായ ബോധ്യമൊന്നുമില്ലെങ്കിലും, മറ്റൊരാളോടും പറയാന്‍ സാധിക്കാത്തവിധം മോശമായ എന്റെ ജീവിതത്തിലെ കാര്യങ്ങളെല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മുഖത്തുനോക്കാന്‍ കഴിയില്ല എന്നതിനാല്‍ താഴെ കാര്‍പ്പെറ്റില്‍ അദ്ദേഹത്തിന്റെ പാദങ്ങളിലേക്ക് നോക്കിയാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇടയ്ക്ക് മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം അമ്പരപ്പോടെ വാപൊളിച്ച് ഇരിക്കുന്നു!

അതിനുശേഷം എപ്പോഴാണ് അവസാനമായി കുമ്പസാരിച്ചതെന്നും കത്തോലിക്കനാണോ എന്നുമെല്ലാം അദ്ദേഹം എന്നോട് ചോദിച്ചു.
”എനിക്ക് ആ നിയമങ്ങളൊന്നും അറിഞ്ഞുകൂടാ, എന്നോട് ആ സ്ത്രീ പറഞ്ഞതാണ്,” അതായിരുന്നു എന്റെ മറുപടി.
”ഏത് സ്ത്രീ!?”
”യേശുവിന്റെ അമ്മ, നിങ്ങള്‍ക്കറിയാമോ ആ മനുഷ്യന് ഒരമ്മയുണ്ട് എന്ന്?!” എന്റെ വിചിത്രമായ ചോദ്യം കേട്ടപ്പോള്‍ അദ്ദേഹത്തിന് എന്നെക്കുറിച്ച് എല്ലാം മനസിലായിക്കാണണം. അതിനാല്‍ത്തന്നെ അദ്ദേഹം ചോദിച്ചു, ”നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?”

”എനിക്കറിയില്ല, ഞാന്‍ നിങ്ങള്‍ക്കടുത്തേക്ക് വന്നത് എന്തുചെയ്യണമെന്നറിയാനാണ്!! എന്നെ സഹായിക്കണം.”
എന്നെ പിന്നീട് കൈകാര്യം ചെയ്യാമെന്ന് കരുതിയായിരിക്കാം അദ്ദേഹം എന്നോട് പറഞ്ഞു, ”ഓകെ, ഐയാം ഗോയിംഗ് റ്റു സെലിബ്രേറ്റ് മാസ്.” (ഞാന്‍ വിശുദ്ധ ബലിയര്‍പ്പിക്കാന്‍ പോകുകയാണ്).
എനിക്ക് ഒന്നും മനസിലായില്ല. ഫിസിക്‌സിലെ ‘മാസ്’ ആയിരുന്നു എന്റെ മനസില്‍. ഞാനല്പം അമ്പരപ്പോടെ നില്ക്കുമ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ”ചാപ്പലില്‍ച്ചെന്ന് ഏറ്റവും പിന്നില്‍ ഇരിക്കണം.” (എന്റെ രൂപം അങ്ങനെയായിരുന്നല്ലോ.)

സിരകളിലേക്ക് ദൈവികജ്ഞാനം
ചാപ്പലില്‍ച്ചെന്ന് ഞാന്‍ ഏറ്റവും പിന്നില്‍ ഇരുന്നു. മുന്‍നിരയില്‍ അഞ്ച് ഫിലിപ്പിനോ സ്ത്രീകള്‍ ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് വൈദികന്‍ കടന്നുവന്ന് അവിടത്തെ മേശ(ബലിപീഠം)യ്ക്ക് മുന്നില്‍ നിന്ന് അദ്ദേഹം എന്തോ ചൊല്ലാന്‍ തുടങ്ങി. എനിക്ക് കാര്യമായി ഒന്നും മനസിലായില്ല. കുറച്ചുനേരം കഴിഞ്ഞ് വൈദികന്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു, ”ഇതെന്റെ ശരീരമാകുന്നു, നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍!”
തുടര്‍ന്ന് മേശപ്പുറത്തുനിന്ന് ഒരു വെളുത്ത വൃത്തം എടുത്തുയര്‍ത്തി. ഇദ്ദേഹത്തിന് വട്ടാണോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സമയം പോലും നിശ്ചലമായ ഒരു അനുഭവം.

എന്റെ കാതുകളില്‍ ഒരു സ്വരം വ്യക്തമായി കേട്ടു, ”ആരാധിക്കുക!”
പെട്ടെന്ന് എന്റെ സിരകളില്‍ ദൈവികജ്ഞാനം നിറയപ്പെടുകയാണ്. ഹൃദയത്തിന്റെ ആഴത്തില്‍ ഒരു ബോധ്യം നിറഞ്ഞു, ‘ആ മനുഷ്യന്റെ കൈകളില്‍ ഇരിക്കുന്നത് ദൈവമാണ്!!’
”ഇത് എന്റെ രക്തമാകുന്നു, നിങ്ങള്‍ വാങ്ങി പാനം ചെയ്യുവിന്‍”
ആ വാക്കുകള്‍ കേട്ടപ്പോഴും മുമ്പുണ്ടായ അതേ അനുഭവം, ”ആരാധിക്കുക!”
തുടര്‍ന്ന് ആ സ്ത്രീകള്‍ ഓരോരുത്തരും വൈദികന്റെ അരികിലേക്ക് ചെന്ന് ആ വൃത്താകൃതിയിലുള്ള വസ്തു സ്വീകരിക്കുന്നത് കണ്ടു. എനിക്ക് ഒരു കാര്യം വ്യക്തമായി മനസിലായി. അവര്‍ സ്വീകരിക്കുന്നത് ദൈവത്തെയാണ്. അത് ആരും പറഞ്ഞുതന്നതല്ല. എനിക്ക് ഉള്ളില്‍നിന്ന് കിട്ടിയ ബോധ്യമായിരുന്നു.

അതിനുശേഷം വൈദികന്‍ ദൈവത്തെ ഒരു പിന്നിലുള്ള ഒരു അറ(സക്രാരി)യിലാക്കി പൂട്ടിവയ്ക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ ചുറ്റും നോക്കി. കുമ്പസാരം എന്നെഴുതിയതിനുപിന്നില്‍ ഒരു കര്‍ട്ടനിട്ട സ്ഥലം ഞാന്‍ കണ്ടു. എനിക്ക് മനസിലായത് ഇങ്ങനെയാണ്. അത് ദൈവത്തിന്റെ ‘റിഹാബ്’ ആണ്. ആശുപത്രിയില്‍ ഒരു കര്‍ട്ടനുപിന്നില്‍ ചെന്ന് നിങ്ങള്‍ ഡോക്ടറെ കാണുന്നതുപോലെ അവിടെനിന്ന് ദൈവത്തിന്റെ ചികിത്സയായ കുമ്പസാരം സ്വീകരിക്കുന്നു.
അതുകഴിഞ്ഞ് ഞാന്‍ വീണ്ടും വൈദികന്റെ ഓഫീസിലേക്ക് ചെന്നു. ഉടനെ എന്നെ കത്തോലിക്കനായി ചേര്‍ക്കും എന്ന് കരുതിയ എന്നോട് ആറുമുതല്‍ ഒമ്പത് മാസംവരെ കാത്തിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍.സി.ഐ.എ (RCIA – Rite of Christian Initiation of Adults) എന്ന പരിശീലനത്തിന് ചേരണം എന്ന് നിര്‍ദേശിച്ചു. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴുമണിക്ക് അതിനായി പോകണം.
തുടര്‍ന്ന് ഒരു ക്രൂശിതരൂപവും മറിയത്തിന്റെ ചിത്രവും പിന്നെ അദ്ദേഹത്തിന്റെ ഗ്രാന്റ്പായുടെ ചിത്രവും (വാസ്തവത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ചിത്രമായിരുന്നു അത് എന്ന് എനിക്കറിയില്ലായിരുന്നു) തന്ന് എന്നെ തിരികെവിട്ടു. പിറ്റേന്ന് ചെല്ലാനും പറഞ്ഞു.

കരച്ചിലിന്റെ ദിവസം
ഞാന്‍ തിരികെ വീട്ടിലെത്തുമ്പോള്‍ ഏതാണ്ട് രാവിലെ എട്ടുമണിയായിരുന്നു. അകത്തുകയറിയിട്ട് എന്റെ കൈയിലുണ്ടായിരുന്ന സി.ഡികളുള്‍പ്പെടെ എല്ലാ അരുതാത്ത സാധനങ്ങളും എടുത്ത് കൊണ്ടുവന്ന് നശിപ്പിച്ചുകളഞ്ഞു. തുടര്‍ന്ന് ഈശോയുടെ രൂപവും മറ്റ് രണ്ട് ചിത്രങ്ങളും മുറിയുടെ ഭിത്തിയില്‍ തൂക്കിയിട്ടു.
പ്രാര്‍ഥിക്കാനായിരുന്നു അടുത്ത ശ്രമം. പക്ഷേ എങ്ങനെ പ്രാര്‍ഥിക്കണമെന്ന് അറിയില്ല. അതിനാല്‍ അവസാനം അവിടെയുണ്ടായിരുന്ന യേശുവിന്റെ ചിത്രത്തിലേക്ക് നോക്കി നിസഹായതയോടെ ഞാന്‍ പറഞ്ഞു, ”നീ യഥാര്‍ഥത്തില്‍ ദൈവമാണെന്ന് ഞാനറിയുന്നു, വിശ്വസിക്കുന്നു.” ആ ചിത്രം ഞാന്‍ സൂക്ഷിച്ചുനോക്കി. എന്നെ സ്വീകരിക്കുന്ന ചേഷ്ടയായിരുന്നു യേശുവിന്. കത്തുന്ന ഹൃദയം, തുളച്ചുകയറുന്ന കണ്ണുകള്‍. ഞാന്‍ ആ ചിത്രം നോക്കി കരയാന്‍ തുടങ്ങി. സാധാരണ ഒരു മനുഷ്യന് സാധിക്കാത്തവിധത്തിലുള്ള കരച്ചില്‍.
അന്ന് സന്ധ്യയാകുംവരെയും ഞാന്‍ കരയുകയായിരുന്നു. ആ കരച്ചില്‍ സങ്കടംകൊണ്ടായിരുന്നില്ല. ദൈവം എന്റെ വിഷം ഇറക്കുകയായിരുന്നു, കണ്ണീര്‍ എന്ന വിഷഹാരിയിലൂടെ. അവിടുന്ന് എന്റെ അഴുക്കുനിറഞ്ഞ ആത്മാവിനെ കഴുകുകയായിരുന്നു…

‘അമ്മമറിയത്തിന്റെ ഡോണി’
രാത്രിയായപ്പോള്‍ മുകളിലെ മുറിയില്‍നിന്ന് താഴേക്ക് വന്ന് സോഫയിലിരുന്നു. അല്പനേരം കഴിഞ്ഞതേയുള്ളൂ… ഭീകരമായ ഒരനുഭവം എനിക്കുണ്ടാകുകയാണ്, സാത്താന്‍ രൂപംപൂണ്ട് എന്റെ മുന്നില്‍ വരുന്ന അവസ്ഥ. ഭയംകൊണ്ട് നിറഞ്ഞ് കണ്ണുകള്‍ അടച്ചു. കണ്ണുതുറന്ന് ആ രൂപം കണ്ടാല്‍ ഭയംകൊണ്ട് മരിച്ചുപോകും എന്ന സ്ഥിതി! അപ്പോള്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യം ഞാന്‍ ചെയ്തു. എന്റെ ആത്മാവിന്റെ ആഴത്തില്‍നിന്ന് ഒരു വിളി, ”മേരീ….”
അടുത്ത നിമിഷം കണ്ണുകള്‍ തുറന്നപ്പോള്‍ ആ രൂപം മാഞ്ഞുപോയിരുന്നു.
പകരം, ഞാനൊരു സ്വരം കേട്ടു. മാതൃസ്‌നേഹത്തിന്റെ മാധുര്യം നിറഞ്ഞ സ്ത്രീസ്വരം, ”ഡോണീ…” സ്‌നേഹം ഒഴുകിനിറയുന്ന സ്വരമായിരുന്നു അത്. എന്റെ അമ്മമാത്രമേ എന്നെ ഡോണീ എന്ന് വിളിക്കാറുള്ളൂ… ആ സ്വരം എന്നോട് പറഞ്ഞു, ”ഞാന്‍ ഏറെ സന്തോഷവതിയാണ്.”

ഞാനറിയാതെപോയ എന്റെ അമ്മയായിരുന്നു അത്, മറിയം. അവള്‍ പറയുകയായിരുന്നു അവള്‍ എന്റെ അമ്മയാണെന്ന്. ഒരമ്മയുടെ മാറില്‍ സുരക്ഷിതനായിരിക്കുന്ന കുഞ്ഞിനെപ്പോലെയായി ഞാന്‍. മറിയത്തിന്റെ കൈയിലിരിക്കുമ്പോള്‍ ഒരു തിന്മയും എന്നെ തൊടുകയില്ലെന്ന് എനിക്കുറപ്പായിരുന്നു.
പിറ്റേന്ന് രാവിലെ വൈദികനെ കാണാന്‍ വീണ്ടും പോയി. കാര്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ചൊവ്വാഴ്ചകളില്‍ ആര്‍.സി.ഐ.എ പരിശീലനത്തിന് പതിവായി പോകാന്‍ തുടങ്ങി. ദൈവാലയത്തില്‍ പോകാനും ആരംഭിച്ചു.

മറ്റൊരു പ്രധാനമാറ്റം മുടി വെട്ടി എന്നതായിരുന്നു. അതോടെ എന്റെ തിന്മയുടെ കരുത്തെല്ലാം പോയതുപോലെ അനുഭവപ്പെട്ടു. അരുതാത്ത കൂട്ടുകാരും എന്നെ വിട്ടുപോയി. സാധാരണ മനുഷ്യരെപ്പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങി. എന്റെ ഭാഷ വൃത്തിയാക്കി. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഞാന്‍ ബ്രെഡും വെള്ളവും കഴിച്ച് ഉപവസിക്കാനാരംഭിച്ചു. എല്ലാം മാറി.
ഈശോയുമൊത്തുള്ള മനോഹരമായ ഒരു മധുവിധുകാലത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയായിരുന്നു. പിന്നീട് പരുപരുത്ത വഴികളിലൂടെയും കടന്നുപോയി. പില്ക്കാലത്ത് പൗരോഹിത്യത്തിലേക്കുള്ള എന്റെ ദൈവവിളി തിരിച്ചറിഞ്ഞു. ഇന്ന് ഞാനൊരു വൈദികനാണ്, ഫാ. ഡൊണാള്‍ഡ് കാലോവേ എം.ഐ.സി. ”അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്ത് വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു” (ഏശയ്യാ 9:2). രക്ഷകനായ യേശുവിനെക്കുറിച്ചുള്ള ഈ പ്രവചനം അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന എന്റെ ജീവിതത്തിലും യാഥാര്‍ഥ്യമായി, അതായിരുന്നു എന്റെ ക്രിസ്മസ്.