
കൊച്ചി: സച്ചിന്‍ ബേബി എന്ന കപ്പൂച്ചിന്‍ സന്യാസിയുടെ പൗരോഹിത്യാഭിഷേകവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ സമയം പാഴാക്കുന്ന ഇടമാണെന്ന് വിശ്വസിച്ച് അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചയാളായിരുന്നു സച്ചിന്‍ എന്ന രഹസ്യം അധികം ആര്‍ക്കുമറിയില്ല. ആ തീരുമാനമനുസരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്ന സെമിനാരി പരിശീലനകാലത്ത് ഒരു കൗണ്‍സിലിങ്ങ് വേളയില്‍ സിഎംസി സന്യാനിനിയായ കൗണ്‍സിലര്‍ പഞ്ഞു, ”സച്ചിന്‍ സോഷ്യല്‍ മീഡിയയിലൂടെ ദൈവത്തെ പ്രഘോഷിക്കും.”
‘അത് ഒരിക്കലും സംഭവിക്കില്ല’ എന്നായിരുന്നു അന്ന് സെമിനാരി വിദ്യാര്‍ത്ഥിയായിരുന്ന സച്ചിന്റെ മറുപടി. എന്നാല്‍ പിന്നീട് സച്ചിന്‍ തന്റെ തീരുമാനത്തെക്കുറിച്ച് പുനര്‍ചിന്ത നടത്തുകയും തന്റെ കലാപരമായ കഴിവുകള്‍ പരിചയക്കാരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. ദൈവസ്‌നേഹത്തെപ്രതി ഉപേക്ഷിച്ചതെല്ലാം അനേകമടങ്ങായി തിരികെ ലഭിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്ന് സംഗീതവും ആത്മീയ ചിന്തകളും പങ്കുവച്ചുകൊണ്ട് സുവിശേഷത്തിന്റെ സന്തോഷം അനേകരിലേക്കെത്തിക്കുന്ന ഫാ. സച്ചിന്‍ ബേബിയെ ലക്ഷക്കണക്കിനാളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. അതിലേറെയും യുവജനങ്ങളാണ് എന്നത് മറ്റൊരു സവിശേഷത. സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയുടെ നടുവിലും, താന്‍ ‘യേശുവിന്റെ കൈകളിലെ ഒരു ഉപകരണം’ മാത്രമാണെന്ന് ഫാ. സച്ചിന്‍ ബേബി ഏറ്റുപറയുന്നു.