
സിങ്കപ്പൂര്‍ പ്രിസണ്‍ മിനിസ്ട്രിയുടെ സ്ഥാപകരിലൊരാളായ സിസ്റ്റര്‍ ജറാര്‍ഡ് ഫെര്‍ണാണ്ടസ് 1981-ലെ ഒരു പ്രഭാതത്തില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വാര്‍ത്തയില്‍ അവരുടെ മനസുടക്കി. സമീപകാലത്ത് സിങ്കപ്പൂരിനെ നടുക്കിയ ഒരു ഹീനകൃത്യം സംഭവിച്ചിരുന്നു. ഒമ്പതും പതിമൂന്നും വയസ് പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ സാത്താന് ആരാധകര്‍ തട്ടിക്കൊണ്ടുപോയി ബലിയര്‍പ്പിച്ചു. പ്രതികള്‍ മൂന്നുപേരെയും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. കോടതി അവരെ വധശിക്ഷയ്ക്ക് വിധിച്ചതിന്റെ വാര്‍ത്തയായിരുന്നു അത്.
പ്രതികള്‍ ആന്ധ്രയാന് ലീ, ഭാര്യ ടാന്‍ മൂയീ ചൂ, ആന്ധ്രയാന്റെ കാമുകി ഹോയ് കാ ഹോംഗ് എന്നിവരായിരുന്നു. പത്രത്തില്‍ നല്‍കിയിരുന്ന അവരുടെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ടിരുന്നപ്പോള്‍ ടാന്‍ മൂയിയുടെ മുഖം തനിക്ക് പരിചയമുള്ളതുപോലെ സിസ്റ്ററിന് തോന്നി. അന്വേഷണം നടത്തിയപ്പോഴാണ് കാതറിന് എന്ന് വിളിക്കപ്പെട്ടിരുന്ന തന്റെ പഴയ ഒരു വിദ്യാര്‍ത്ഥിനിയാണ് ടാന്‍ മൂയി എന്ന് തിരിച്ചറിഞ്ഞത്. സിസ്റ്റര്‍ ജയിലിലെത്തി അവളെ കാണാന്‍ ശ്രമിച്ചു. പക്ഷേ അവള് ആരെയും കാണാന്‍ കൂട്ടാക്കിയിരുന്നില്ല.
ഭയം, ഞെട്ടല്‍, കുറ്റബോധം ഇവ സൃഷ്ടിച്ച ഒരു ഉന്മാദാവസ്ഥയിലായിരുന്നു ടാന്‍. എങ്കിലും സിസ്റ്റര്‍ വീണ്ടും വീണ്ടും ജയിലിലെത്തി അവളെ കാണാന്‍ ശ്രമിച്ചു. ഒടുവില്‍ ആറുമാസങ്ങള്‍ക്കുശേഷം ടാന്‍ മൂയി സിസ്റ്ററിന്റെ മുഖത്തുനോക്കാനും സംസാരിക്കാനും തയാറായി. അവള് ആദ്യം ചോദിച്ച ചോദ്യം ഇതാണ്.
”ഇത്രയും വലിയ ക്രൂരത പ്രവര്‍ത്തിച്ച എന്നെ ഇനിയും എങ്ങനെയാണ് സ്നേഹിക്കുവാന്‍ കഴിയുന്നത്?”
പാപികളെ സ്നേഹിക്കുന്ന യേശുവിന്റെ കരുണയെക്കുറിച്ച് സിസ്റ്റര്‍ അവളോട് പറഞ്ഞു. ക്രമേണ യഥാര്‍ഥമായ അനുതാപത്തിലേക്ക് കടന്നുവന്ന അവള് കുമ്പസാരവും കുര്‍ബാനയും സ്വീകരിച്ചു. അതോടെ ടാന്‍ മൂയി പൂര്‍ണമായും മാറി. ശാന്തമായ മനസോടെ, പ്രത്യാശയോടെ 1988 നവംബര്‍ 25-ന് അവള് തൂക്കുമരത്തിലേറി. തലേദിവസം ജയിലിലെത്തിയ സിസ്റ്റര്‍ ജറാര്ഡിനോട് ടാന്‍ മൂയീ ചൂ ഇങ്ങനെ പറഞ്ഞു:
”നാളെ രാവിലെ ഞാന്‍ എന്റെ ദൈവത്തിന്റെ മുഖം കാണും. അവിടെയെത്തുമ്പോള്‍ ഞാന്‍ ആദ്യം പറയുക സിസ്റ്ററിനെക്കുറിച്ചായിരിക്കും.”
അവളുടെ മുഖത്ത് മരണഭീതിയോ നിരാശയോ ഉണ്ടായിരുന്നില്ല. പകരം ശാന്തതയും പ്രത്യാശയും.
എന്താണ് ആ ശാന്തതയുടെ രഹസ്യം?
സമാധാനത്തിന്റെ രാജാവായ ക്രിസ്തു അവളുടെ ഉള്ളില്‍ വന്നു. സമാധാനം നല്‍കുന്നത് സാഹചര്യങ്ങളോ വ്യക്തികളോ അല്ല. അവ നല്കുന്ന സ്വസ്ഥത എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകും. എന്നാല്‍ ക്രിസ്തു നല്കുന്ന ശാന്തി മരണത്തിനുപോലും ഇളക്കാനാകാത്തതാണ്. അതുകൊണ്ട് ഉള്ളിലെ അശാന്തിയുടെ കാരണം സംഭവങ്ങളോ വ്യക്തികളോ ജീവിതസാഹചര്യങ്ങളോ അല്ല. പ്രത്യുത ക്രിസ്തുവിനെ നഷ്ടപ്പെടുന്നതാണ്. കാരണം സമാധാനം ഒരു വ്യക്തിയാണ്. എഫേസോസ് 2:14 പറയുന്നു: ”അവന് നമ്മുടെ സമാധാനമാണ്.”
യോഹന്നാന് 14:27 ”എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട.”
ആരും സമാധാനം തേടി അലയേണ്ടതില്ല. കാരണം ”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം” (ലൂക്കാ 2:14). അവിടുന്ന് വരുമ്പോള്‍ എല്ലാം ശാന്തമാകും. അസ്വസ്ഥതയുടെ തിരമാലകള്‍ മനസില്‍ ഉയരുമ്പോള്‍ ഈ പ്രാര്‍ഥനയും ഉള്ളിലുയരട്ടെ.
സമാധാനത്തിന്റെ രാജാവായ ക്രിസ്തുവേ, (ഏശയ്യാ 9:6) എന്റെ ഹൃദയത്തില്‍ നിറയണമേ.
സമാധാനപൂര്‍ണമായ 2026
എല്ലാവര്ക്കും ആശംസിക്കുന്നു.