
2023 ഡിസംബറില്‍ ചെന്നൈ നഗരത്തിലുണ്ടായ ഒരു സംഭവം. രണ്ടു ദിനരാത്രങ്ങള്‍ തോരാതെ പെയ്ത മഴയില്‍ നഗരം വെള്ളപ്പൊക്കത്തില്‍ മുങ്ങി. വലിയ കെട്ടിടങ്ങളും വീടുകളുമെല്ലാം വെള്ളം വിഴുങ്ങുകയാണ്. റോഡുകള്‍ തകര്‍ന്നു, വൈദ്യുതിയില്ല, ജനജീവിതം നിശ്ചലമായി. ധനികരും ദരിദ്രരും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്ന കാഴ്ച.
ഫോണ്‍ നെറ്റുവര്‍ക്കില്ലാതിരുന്നതിനാല്‍ ദിവസങ്ങള്‍ക്കുശേഷമാണ് അവിടെയുള്ളവരുമായി സംസാരിക്കാന്‍ കഴിഞ്ഞത്. വെള്ളപ്പൊക്കം വല്ലാതെ ബാധിച്ചോ എന്ന ചോദ്യത്തിന് ഒരു കുടുംബം നല്കിയ മറുപടി ഇന്നും ഓര്‍മിക്കുന്നു.
‘വെള്ളം വലിയ ശക്തിയോടെയാണ് തള്ളിക്കയറിവന്നത്. എന്നാല്‍ നമ്മുടെ വീടിന്റെ പടിക്കലെത്തിയപ്പോള്‍ ശാന്തമായി മാറിയൊഴുകിപ്പോകുന്നത് കാണാന്‍ കഴിഞ്ഞു. ചുറ്റോടു ചുറ്റും വെള്ളമുയര്‍ന്നിട്ടും ദൈവം ഞങ്ങള്‍ക്ക് അത്ഭുതകരമായ സംരക്ഷണമേകി..!’
‘അതുപോലെ, ഭക്ഷണസാധനങ്ങള്‍ ആവശ്യത്തിലും അധികം, മറ്റുള്ളവര്‍ക്കും കൊടുക്കാന്‍മാത്രം, വീട്ടിലുണ്ടായിരുന്നു. ഞങ്ങളവ ദുരിതബാധിതര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. ഇതും വളരെ അതിശയകരമാണ്. കാരണം, ഇത്രയധികം ഭക്ഷണസാധനങ്ങളും പാലുമൊന്നും ഒരിക്കലും ഞങ്ങള്‍ വാങ്ങിച്ചുവയ്ക്കാറില്ല. ദൈവം ഞങ്ങളെയും മറ്റുള്ളവരെയും കരുതുകയായിരുന്നു.’
ഈ കുടുംബത്തിന് അത്ഭുതകരമായി ലഭിച്ച സംരക്ഷണത്തിന്റെയും പരിപാലനയുടെയും കാരണമായി അവര്‍ പറഞ്ഞത്, ”അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 91:9) എന്ന തിരുവചനമാണ്.
അത്യുന്നതനായ ദൈവത്തില്‍ വാസമുറപ്പിക്കുന്നവര്‍ക്ക് ഒരു തിന്മയും ഭവിക്കില്ലെന്നും, ഒരനര്‍ത്ഥവും അവരുടെ കൂടാരത്തെ സമീപിക്കുകയില്ലെന്നുമുള്ള 10-ാം വാക്യത്തിലെ വാഗ്ദാനം അവിടുന്ന് അവര്‍ക്കുവേണ്ടി പാലിക്കുകയായിരുന്നു.
‘തന്റെ ഭവനത്തില്‍ വസിക്കുന്നവരുടെ വിസ്മയനീയനായ പരിപാലകന്‍’ എന്നാണ് സീറോ മലബാര്‍ കുര്‍ബാനയില്‍ ദൈവത്തെ വിശേഷിപ്പിക്കുന്നത്. നാം എവിടെ ആയിരുന്നാലും നമുക്ക് ദൈവത്തില്‍ വസിക്കാന്‍ കഴിയും. അവിടുത്തെ സാന്നിധ്യത്തില്‍ എല്ലായ്‌പ്പോഴും ജീവിക്കുന്നവര്‍ക്ക് അത്ഭുതകരമായ സംരക്ഷണവും സ്‌നേഹവും സകലവിധ നന്മകളുടെ സമൃദ്ധിയും ലഭിക്കും. സ്വര്‍ഗീയ ആനന്ദം മുന്‍കൂട്ടി ആസ്വദിക്കാന്‍ കഴിയും, സകല കാര്യങ്ങളിലും ദൈവം എല്ലാം ചെയ്തുകൊടുക്കും.
”അവര്‍ അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയില്‍നിന്ന് വിരുന്നുണ്ട് സംതൃപ്തിയടയുന്നു; അവിടുത്തെ ആനന്ദധാരയില്‍നിന്ന് അവര്‍ പാനം ചെയ്യുന്നു” (സങ്കീര്‍ത്തനങ്ങള്‍ 36:8).
പ്രാര്‍ഥിക്കാം:
കര്‍ത്താവേ, എല്ലായ്‌പ്പോഴും എവിടെയായിരുന്നാലും അങ്ങയില്‍ വസിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. അങ്ങനെ അങ്ങയുടെ സംരക്ഷണവും അനുഗ്രഹങ്ങളുടെ സമൃദ്ധിയും ഞങ്ങള്‍ ആസ്വദിക്കട്ടെ, ആമ്മേന്‍.