
റയാന് സിറ്റൗട്ടിലിരുന്ന് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. ലാപ്‌ടോപ്പിലൂടെ കണ്ണുകള്‍ ഓടുന്നുണ്ടെങ്കിലും മനസിലെ ഭാരം മൂലം ഒന്നും മനസിലാകുന്നില്ല. കോളജ്ഫീസ് അടയ്ക്കാന്‍ സമയം കഴിഞ്ഞിരിക്കുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ വേറെ… പലവഴി ശ്രമിച്ചിട്ടും ഒന്നുമങ്ങ് സെറ്റായില്ല. അതിനിടെ ആരുടെയോ കാല്‍പെരുമാറ്റം കേട്ട് നോക്കിയപ്പോള്‍ മുറ്റത്ത് ഒരു ആണ്‍കുട്ടി നില്ക്കുന്നു. തിളക്കമുള്ള കണ്ണുകള്‍. മുഖം കോമളമെങ്കിലും യാചനാ ഭാവം.
”എന്റെകൂടെ കളിക്കാന്‍ വരാമോ..? എനിക്കാരും കൂട്ടില്ല.” ബാലന്‍ ചോദിച്ചു.
കുട്ടി ഏതെന്നറിയാതെ കൗതുകത്തോടെ റയാന്‍ മുറ്റത്തേക്കിറങ്ങി. അതോടെ ബാലന്‍ തുള്ളിച്ചാടി വട്ടത്തില്‍ ഓടിത്തുടങ്ങിയിരുന്നു. മോന്‍ ആരാ..? റയാന്‍ ആവര്‍ത്തിച്ചു ചോദിച്ചു. ആര്‍ത്തു ചിരിച്ചുകൊണ്ട് ‘നമുക്കു കളിക്കാം…കളിക്കാം..’ എന്നു മാത്രമേ അവന്‍ പറയുന്നുള്ളൂ. അവനൊപ്പം കുറേനേരം കളിച്ചു… അവസാനം താങ്ക് യൂ… താങ്ക് യൂ… എന്നുപറഞ്ഞ്, റയാന് ഫ്‌ളൈയിങ് കിസ്സും കൊടുത്ത് കുഞ്ഞുബാലന്‍ ഓടിപ്പോയി.
റയാന്‍ തിരികെ വീട്ടിലേക്ക് കയറുമ്പോള്‍, തിരുക്കുടുംബ ചിത്രത്തിലെ ഉണ്ണീശോയുടെ മുഖത്തൊരു ചിരി…? രണ്ടുപേര്‍ക്കും ഒരേ മുഖം… ആനന്ദത്താല്‍ റയാന്‍ കരഞ്ഞുപോയി. അവന്റെ ഭാരവും ദു:ഖവുമെല്ലാം ഉണ്ണീശോയോടൊപ്പം കളിക്കുന്നതിനിടെ പോയ്മറഞ്ഞിരുന്നു. താന്‍ വല്ലാതെ സ്‌നേഹിക്കപ്പെട്ടതായി, ആദരിക്കപ്പെട്ടതായി അവനു തോന്നി.
അത്താഴനേരം അമ്മ പറഞ്ഞു, ‘രണ്ടുലക്ഷം രൂപാ നമ്മുടെ അക്കൗണ്ടില്‍ വന്നിട്ടുണ്ട് മോനേ. നാട്ടിലെ സ്ഥലം വിറ്റപ്പോള്‍ കിട്ടേണ്ടതായിരുന്നു. അപ്പന്‍ മരിച്ചതിനാല്‍, ഒരിക്കലും കിട്ടില്ലെന്ന് കരുതി. ഇന്നിതാ പലിശസഹിതം വന്നിരിക്കുന്നു.’ അത് ഉണ്ണീശോയുടെ സമ്മാനമാണെന്ന് റയാന് മനസിലായി.
”കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും” (സങ്കീര്‍ത്തനങ്ങള്‍ 37:4). ഉണ്ണീശോയോടൊപ്പം ഒന്നു കളിക്കാന്‍ കൂടിയതേ ഉള്ളൂ, അവിടുന്ന് റയാനെ ആനന്ദിപ്പിച്ചു, ആഗ്രഹിച്ചതിലുമധികം സമ്മാനമായി നല്കി. ദൈവം മനുഷ്യരോടൊപ്പം ആയിരിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഒരു സെക്കന്റുപോലും അവിടുത്തേക്ക് നമ്മെ പിരിയാന്‍ കഴിയില്ല, അത്രയ്ക്ക് ഇഷ്ടമാണ്…സ്‌നേഹമാണ്… അതുകൊണ്ട് സ്വര്‍ഗം വേണ്ടെന്നുവച്ച്, നമ്മെപ്പോലെ ആയി, നമ്മുടെ അരികെ എത്തി.
നമ്മളും ഈ ക്രിസ്തുമസിന് അവനോടൊന്നിച്ചായിരിക്കാന്‍, അവനെ സ്‌നേഹിക്കാന്‍ യത്‌നിക്കണം. അപ്പോള്‍ ഈ ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണമാകും. നമ്മുടെ പ്രശ്‌നങ്ങളെല്ലാം അവിടുന്ന് ഏറ്റെടുക്കും, ആവശ്യങ്ങളെക്കാള്‍ അധികം സമ്മാനമായി നല്കും.
പ്രാര്‍ഥിക്കാം:
കര്‍ത്താവേ, സമ്മര്‍ദ്ദത്തിലോ സന്തോഷത്തിലോ ആയാലും ഈ ക്രിസ്തുമസില്‍, അങ്ങയോടൊത്ത് ആയിരിക്കാനുള്ള കൃപ നല്കിയാലും, ആമ്മേന്‍.
ഏവര്‍ക്കും ക്രിസ്തുമസിന്റെ
ആനന്ദാശംസകള്‍..!