
കുറച്ചുനാള്‍ മുമ്പ് അല്പം പ്രായമായ ഒരു വൈദികന്റെകൂടെ ഞാന്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ചന്‍തന്നെയാണ് കാര്‍ ഓടിച്ചുകൊണ്ടിരുന്നത്.
സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ തിരിയേണ്ട സ്ഥലത്ത് തിരിഞ്ഞില്ല. പെട്ടെന്ന് അക്കാര്യം മനസിലായപ്പോള്‍ യു ടേണ്‍ എടുക്കാനായി മറ്റൊരു ലെയ്നിലേക്ക് അച്ചന് മാറി. വേണ്ടത്ര ശ്രദ്ധിക്കാതെയാണ് ലെയ്ന്‍ മാറിയത്. ആ ലെയ്നില്‍ മറ്റൊരു വാഹനം ഉണ്ടായിരുന്നു. പക്ഷേ അപകടമൊന്നും ഉണ്ടായില്ല. എങ്കിലും അച്ചന് സോറി, സോറി എന്ന് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആ വാഹനം ഓടിച്ചിരുന്നയാള്‍ക്ക് അസ്വസ്ഥത സഹിക്കാനാവാതെ അദ്ദേഹം നീണ്ട ഹോണ്‍ അടിച്ച് ഞങ്ങളോടുള്ള ദേഷ്യം പ്രകടിപ്പിച്ചു. എന്നിട്ടും ‘കലിപ്പ്’ തീരാത്തതുകൊണ്ട് കയറിപ്പോകുന്ന നേരത്ത് ചീത്തവിളിക്ക് തുല്യമായ ഒരു ‘നടുവിരല്‍ നമസ്കാരവും!’
ഇതെല്ലാം കണ്ടിട്ടും ആ വൈദികന് രോഷം കൊള്ളാതെ സ്വസ്ഥനായി ഇരുന്നു. ”അയ്യോ പാവം മനുഷ്യന്, എന്റെ പിഴവുമൂലം അയാളുടെ മൂഡ് പോയല്ലോ. ഈശോയേ, അയാളെ അനുഗ്രഹിക്കണേ. മാനസികസമ്മര്ദങ്ങളില്നിന്നും വിടുതല്‍ നല്‍കണേ…” ഇങ്ങനെ പറഞ്ഞുകൊണ്ട് അച്ചന് കുരിശ് വരച്ച് അയാളെ അനുഗ്രഹിച്ചു.
എനിക്കത് വളരെ ഇഷ്ടപ്പെട്ടു. കുരിശ് വരച്ച് അനുഗ്രഹിക്കുന്ന ‘ടെക്നിക്.’ എന്തൊരു സമാധാനമാണ് നമുക്കപ്പോള്‍ ഉള്ളില്‍ അനുഭവപ്പെടുക എന്നോ? ”തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മകൊണ്ട് കീഴടക്കുവിന്‍” (റോമാ 12:21) എന്ന വചനത്തിന്റെ പ്രായോഗികതലംതന്നെയാണ് ഇത്. നമുക്കിട്ട് പാര പണിയുന്നവരെ, അവര്‍ കാണാതെ കുരിശ് വരച്ച് അനുഗ്രഹിച്ച് വിടുന്ന ‘ടെക്നിക്.’ നമുക്ക് സൗഖ്യവും വിടുതലും ലഭിക്കാന്‍ ഇതിലും നല്ല മാര്‍ഗം വേറെയുണ്ടോ?
ശത്രുക്കളെ സ്നേഹിക്കുകയും നമ്മെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ശപിക്കുന്നവരെ അനുഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് നാം യഥാര്‍ഥ ക്രിസ്തു അനുയായികളായി മാറുന്നത്.
ഫാ. ജോസഫ് അലക്സ്