എല്ലാം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടണ്ടത്? – Shalom Times Shalom Times |
Welcome to Shalom Times

എല്ലാം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടണ്ടത്?

തെരുവിന്റെ മക്കള്‍ക്കുവേണ്ടിയുള്ള (ആകാശപറവകള്‍) ശുശ്രൂഷയുടെ തുടക്കം കുറിച്ച കാലഘട്ടം. നൂറു മക്കളുമൊരുമിച്ച് ജീവിച്ചിരുന്നപ്പോള്‍ നടന്ന ഒരു സംഭവം മനസില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. രണ്ടായിരത്തിലായിരുന്നു ആ സംഭവം. പ്രാരംഭഘട്ടമായതുകൊണ്ട് ബാലാരിഷ്ടതകള്‍ നിരവധി. ആരോടും സംഭാവന ചോദിക്കാതെ ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുമെന്ന് തീരുമാനിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും അന്നന്നത്തെ അപ്പത്തിന് മുട്ടു വരാന്‍ തുടങ്ങിയപ്പോള്‍ ആകെയൊരു അസ്വസ്ഥത. സംഭാവന തരാന്‍ ആര്‍ക്കാണ് കഴിവുള്ളത്, മനസുള്ളത് എന്നിങ്ങനെ ചിന്തിക്കാന്‍ തുടങ്ങി.
ഏതായാലും ഈ കാര്യത്തിലുള്ള ദൈവേഷ്ടം എന്താണെന്ന് അറിയാന്‍ ആശ്രമത്തിലെ അന്തേവാസികളുമൊരുമിച്ച് വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് രണ്ടുമണിക്കൂര്‍ ആരാധന നടത്തി. ആരാധനയുടെ സമാപനത്തില്‍ സംഭാവന സ്വീകരിക്കുവാന്‍ പിരിവിന് പോകുന്നതിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായം ആരാഞ്ഞു. പ്രായവും പക്വതയുമുള്ള രാമസ്വാമി എന്നയാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു, ”ഫാദര്‍, ഇത്രയും നാളും ഭിക്ഷ യാചിച്ച് നടന്നിരുന്നവരാണ് ഞങ്ങള്‍. ആ ഞങ്ങളുടെ ഭിക്ഷയാചന നിര്‍ത്തിക്കൊണ്ടാണ് ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്. എന്നിട്ട് ഫാദര്‍തന്നെ ഞങ്ങള്‍ക്കുവേണ്ടി ഭിക്ഷ തേടാന്‍ പോവുകയോ? ഒരിക്കലും പാടില്ല. നമുക്ക് ഏകമനസായി പ്രാര്‍ത്ഥിക്കാം.”
വീണ്ടും സംശയം തീര്‍ക്കാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ചാപ്പലിന്റെ നെറുകയില്‍ എഴുതിവച്ചിരിക്കുന്ന വചനമാണ് പെട്ടെന്ന് കണ്ണില്‍പ്പെട്ടത്. ”നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 6/33).
ശുശ്രൂഷയുമായി മുന്നോട്ട് പോകുമ്പോള്‍ ഈശോ ആശ്രമത്തിനെ നിര്‍ലോഭമായി സഹായിക്കുന്നതുകണ്ട് പലരും ചോദിക്കാറുണ്ട്, അച്ചന് ഇത് എങ്ങനെ സാധിക്കുന്നുവെന്ന്? മറുപടിക്കായി തിരുസന്നിധിയില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരു പ്രത്യേക വചനഭാഗം ഈശോ ശ്രദ്ധയില്‍പ്പെടുത്തി. ”നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക. നിങ്ങള്‍ക്ക് ലഭിക്കും” (യോഹന്നാന്‍ 15/7).
ഈ ശുശ്രൂഷയുടെ പ്രഥമ ലക്ഷ്യംതന്നെ വചനം ജീവിക്കുക എന്നുള്ളതായിരുന്നു. വളരെ പ്രത്യേകമായി അവസാന വിധിയെക്കുറിച്ചുള്ള വചനഭാഗം ശ്രദ്ധയില്‍പ്പെടുത്തി. ”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40). എളിയ സഹോദരന്റെ അടയാളമായി ഈശോ പറയുന്നത് – പാര്‍പ്പിടമില്ലാത്തവന്‍, ഭക്ഷണമില്ലാത്തവന്‍, വസ്ത്രമില്ലാത്തവന്‍, പരദേശിയെപ്പോലെ ആയവന്‍ എന്നീ കാര്യങ്ങളാണല്ലോ.
വചനത്തില്‍ നിലനിന്നിട്ട് ചോദിക്കുമ്പോള്‍ വചനാധിഷ്ഠിതമായിട്ടേ പ്രാര്‍ത്ഥിക്കുകയുള്ളൂ. അപ്പോള്‍ ലഭിക്കുന്നത് പരിശുദ്ധാത്മാവിനെയാണ്. ആത്മാവിനെ കിട്ടിക്കഴിഞ്ഞാല്‍ എല്ലാമായി. ആത്മാവാണല്ലോ അത്യാവശ്യമുള്ളത് ഏത്, അത്യാവശ്യമില്ലാത്തത് ഏത് എന്ന് പറഞ്ഞുതരുന്നത്.
ഏതായാലും ആശ്രമത്തിലെ അംഗമായ രാമസ്വാമിയിലൂടെ തിരുവിഷ്ടം വെളിപ്പെടുത്തി കിട്ടിയപ്പോള്‍ വചനത്തില്‍ ആഴമായി നിലനില്ക്കാന്‍തന്നെ തീരുമാനിച്ചു. പ്രാര്‍ത്ഥനയും പഠനവും ശുശ്രൂഷയുമായി മുന്നോട്ടുപോയപ്പോള്‍ സന്മനസുള്ള നിരവധി വ്യക്തികളും സംഘടനക്കാരും കടന്നുവരാന്‍ തുടങ്ങി. പ്രേഷിതരാകുവാനും ആവശ്യത്തിന് ആളുകളെ ദിവ്യകാരുണ്യനാഥന്‍ അയച്ചുതന്നു.
സാന്ദര്‍ഭികമായി പാലാ അടുത്ത് തമ്പലക്കാടുള്ള തെരുവിന്റെ മക്കള്‍ക്കുവേണ്ടിയുള്ള ‘പെനുവേല്‍’ ആശ്രമം സന്ദര്‍ശിക്കാന്‍ ഇടവന്നു. ആ ആശ്രമത്തിലെ നിഷ്‌കളങ്കനായ ഒരു മകന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ”അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരേണമേ, നാളത്തേക്ക് ഉള്ളത് വേണ്ട!” ആ പ്രാര്‍ത്ഥന കൂടുതല്‍ ഉത്തേജനം നല്കി. അതെ, ആദ്യം നാം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുമ്പോള്‍ നമ്മുടെ മറ്റുള്ള കാര്യങ്ങളെല്ലാം അവിടുന്നുതന്നെ ക്രമീകരിച്ചുകൊള്ളും.

ഫാ. സണ്ണി ഊക്കന്‍ സി.എം.ഐ