പ്രണയത്തിലാവാന്‍ പ്രാര്‍ത്ഥിച്ചു! – Shalom Times Shalom Times |
Welcome to Shalom Times

പ്രണയത്തിലാവാന്‍ പ്രാര്‍ത്ഥിച്ചു!

സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായി ജോലി ചെയ്യുകയാണ് ഞാന്‍. തിരക്കിട്ട ജീവിതത്തിനിടയില്‍ പ്രാര്‍ത്ഥിക്കാന്‍ അധികം സമയം കിട്ടിയിരുന്നില്ല. അല്പംമാത്രം പ്രാര്‍ത്ഥിക്കും, ഒരു കര്‍മ്മംകഴിക്കല്‍പോലെ ബൈബിള്‍ വായിച്ചുതീര്‍ക്കും. ഇതായിരുന്നു പതിവ്. അങ്ങനെയിരിക്കേ ഒരു പ്രസംഗത്തില്‍ ഞാന്‍ ഇങ്ങനെ കേട്ടു, ”നിങ്ങള്‍ ഒരു വ്യക്തിയുമായി പ്രണയത്തിലാണെങ്കില്‍ അവരുമായി സംസാരിക്കുന്നതിനും അവരോടൊപ്പം ആയിരിക്കുന്നതിനും സമയം കണ്ടെത്തും, എത്ര ജോലിത്തിരക്കാണെങ്കിലും ഏത് സാഹചര്യം ആണെങ്കിലും.”
ആ വാക്കുകള്‍ എന്നെ വളരെ ചിന്തിപ്പിച്ചു. തുടര്‍ന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: ”പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും സര്‍വ്വശക്തിയോടും കൂടി ഈശോയെ സ്‌നേഹിക്കാനുള്ള കൃപതരണേ. എന്റെ ശിലാഹൃദയം മാറ്റി മാംസള ഹൃദയം നല്‍കണമേ.” ഓരോ വിശുദ്ധ കുര്‍ബാനയിലും സന്ധ്യാപ്രാര്‍ത്ഥനകളിലും ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ജീവിതത്തില്‍ പുതിയൊരു മാറ്റമാണ് കണ്ടത്.
പ്രാര്‍ത്ഥിക്കുന്നതിനും ബൈബിള്‍ വായിക്കുന്നതിനും കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിച്ചു. ”ഒരു പുതിയ ഹൃദയം നിങ്ങള്‍ക്ക് ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും (എസെക്കിയേല്‍ 36/26-27) എന്ന തിരുവചനം ജീവിതത്തില്‍ നിറവേറാന്‍ തുടങ്ങുകയായിരുന്നു.
ശരീരത്തിന്റെ ആരോഗ്യത്തിനുവേണ്ടി ഭക്ഷണം കഴിക്കാന്‍ നാം എങ്ങനെയും സമയം കണ്ടെത്താറുണ്ട്. അതുപോലെ ആത്മാവിന്റെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം എന്ന ബോധ്യം ലഭിച്ചു. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുമ്പോള്‍ നല്ല കരുത്ത് ലഭിക്കുമെന്നാണ് എന്റെ അനുഭവം.
അതോടൊപ്പമുണ്ടായ ഒരു ചെറിയ സംഭവവും പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഒരു പുതിയ ഉള്‍ക്കാഴ്ച നല്കി. ഒരു ദിവസം എന്റെ ഇളയ മകന്‍ എന്നെ കെട്ടിപ്പിടിച്ച് പറയുകയാണ്, ”എന്റെ അമ്മയാണ്.” ‘എന്റെ’ എന്ന പദം നല്ലവണ്ണം ഊന്നിയാണ് പറഞ്ഞത്. അതുകേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം. നാം ഈശോയോടു ചേര്‍ന്നിരുന്ന് അതുപോലെ ”എന്റെ ഈശോയാണ്” എന്ന് പറയുമ്പോള്‍ ഈശോയ്ക്ക് എത്ര സന്തോഷം ഉണ്ടാകുമെന്ന് അപ്പോള്‍ ഞാന്‍ ചിന്തിച്ചു. പ്രാര്‍ത്ഥനയില്‍ ഈശോയോടുള്ള സ്‌നേഹപ്രകടനം വളരെ പ്രധാനപ്പെട്ടതാണെന്ന് മനസിലായി. ഇടയ്ക്കിടയ്ക്ക് ചെറിയ സുകൃതജപങ്ങള്‍ ചൊല്ലുവാനും ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഇപ്രകാരം വിവിധവഴികളിലൂടെ ഈശോ എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

 

ദീപ്തി ജിയോ ബാഗ്ലൂര്‍