അടുപ്പ് കത്തിച്ച് ഷൂട്ടിംഗ് തുടങ്ങി! – Shalom Times Shalom Times |
Welcome to Shalom Times

അടുപ്പ് കത്തിച്ച് ഷൂട്ടിംഗ് തുടങ്ങി!

കംപ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ പരിചിതമായിത്തുടങ്ങിയ കാലം. ഞാനും അല്പം കംപ്യൂട്ടര്‍ പരിജ്ഞാനമൊക്കെ നേടിയിരുന്നു. അതിനാല്‍ത്തന്നെ 2006-ല്‍ സഭാവസ്ത്രസ്വീകരണം കഴിഞ്ഞതിനുശേഷം പലപ്പോഴും പല ആവശ്യങ്ങള്‍ക്കുമായി മഠത്തിലെ കംപ്യൂട്ടര്‍ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് തുറക്കുമ്പോഴേ മോശമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്‌ക്രീനില്‍ നിറയും. അതെന്നെ വളരെ വേദനിപ്പിച്ചു. എത്രയോ ആത്മാക്കള്‍ നഷ്ടപ്പെട്ടുപോകാന്‍ ഇതെല്ലാം കാരണമാകുന്നു!
”എന്റെ ഈശോയേ, ഇതിലൂടെയൊക്കെ അങ്ങയെ കൊടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍…” അതൊരു പ്രാര്‍ത്ഥനപോലെ മനസില്‍ നിറഞ്ഞു. ഈശോയുടെ പാട്ടുകള്‍ നല്ല വീഡിയോകളാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം ആ ചിന്തയില്‍നിന്നാണ് മുളപൊട്ടിയത്. അതിന്റെ തുടര്‍ച്ചയെന്നോണം മഠത്തിലുള്ള ചെറിയ ക്യാമറ ചോദിച്ചുവാങ്ങി. അതിനെക്കാളുപരി, ഏറെ പ്രാര്‍ത്ഥിച്ചു, ”ഈശോയേ, അങ്ങയെ കൊടുക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്യണം.”
കര്‍മലീത്താ വൈദികന്‍ രചിച്ച ‘ഓ സ്‌നേഹജ്വാലയേ’ എന്ന ഗാനത്തിന് ഒരു വീഡിയോ തയാറാക്കാനായിരുന്നു ആദ്യശ്രമം. എനിക്കേറെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. വാസ്തവത്തില്‍ ക്യാമറ ഉപയോഗിച്ച് പരിചയമൊന്നുമുണ്ടായിരുന്നില്ല. എന്നാലും പ്രാഥമികപാഠങ്ങളൊക്കെ പഠിച്ചെടുത്തു. തുടര്‍ന്ന് ഷൂട്ടിംഗിലേക്ക്… അടുപ്പില്‍ തീ കത്തിച്ച് ആ തീജ്വാലകളാണ് ആദ്യമായി ഷൂട്ട് ചെയ്തത്. പിന്നീട് എടുത്ത വീഡിയോകളും ഇന്റര്‍നെറ്റില്‍നിന്ന് ലഭ്യമായ ചിത്രങ്ങളുമെല്ലാം ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഒരു വീഡിയോ തയാറാക്കാന്‍ തുടങ്ങി. വീഡിയോ എഡിറ്റിംഗ് പഠനവും ഇന്റര്‍നെറ്റ് ഉപയോഗിച്ചുതന്നെയായിരുന്നു. രാവിലെ തുടങ്ങിയ ജോലി പിറ്റേന്ന് പുലര്‍ച്ചെയാണ് തീര്‍ന്നത്.
വലിയകാര്യം ചെയ്തപോലെ വീഡിയോ സിസ്റ്റര്‍മാരെ കാണിച്ചപ്പോള്‍ അവര്‍ക്കെല്ലാം വളരെ ഇഷ്ടമായി. പിന്നീട് മദര്‍ സുപ്പീരിയര്‍മാരുടെ ധ്യാനത്തിന് അത് പൊതുവായി കാണിച്ചു. അന്ന് ആ വീഡിയോ കണ്ട് പലരുടെയും കണ്ണ് നിറഞ്ഞുവെന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തിയത്. അതില്‍ ഈശോ പ്രത്യേകമായ അഭിഷേകം ചൊരിഞ്ഞിട്ടുണ്ടെന്ന് എനിക്കുറപ്പായി.
ഈശോയെ പകര്‍ന്നുകൊടുക്കാന്‍ എന്തുകൊണ്ട് ഈ മേഖല ഉപയോഗിച്ചുകൂടാ എന്ന ചിന്ത വളര്‍ന്നു. പുതിയ അവസരങ്ങളും ആശയങ്ങളുമെല്ലാം ഓരോ ദിവസവും ഈശോ തരാന്‍ തുടങ്ങി. തുടര്‍ന്ന് നിത്യവ്രതവാഗ്ദാനത്തിന് ശേഷം ആലുവ ജനറലേറ്റില്‍ ആര്‍ക്കിവിസ്റ്റ് ആയി ജോലി ചെയ്തു.
തദവസരത്തില്‍ ധ്യാനഗ്രൂപ്പുകള്‍ക്കായി പല പാട്ടുകളുടെയും വീഡിയോ ചെയ്യാന്‍ സാധിച്ചു. എവുപ്രാസ്യാമ്മയുടെയും ചാവറയച്ചന്റെയും വിശുദ്ധപദപ്രഖ്യാപനത്തിന്റെ സമയത്ത് അതുമായി ബന്ധപ്പെട്ട പാട്ടുകളുടെ വീഡിയോ തയാറാക്കാനും അവസരം ലഭിച്ചു. അതെല്ലാം വളരെ നന്നായി ചെയ്യാന്‍ ഈശോ കൃപ തന്നു.
അതേ സമയത്തുതന്നെയാണ് ആര്‍ത്രൈറ്റിസ് രോഗം എന്നെ പിടികൂടിയത്. സന്ധികളിലെല്ലാം കടുത്ത വേദന. നടക്കാന്‍പോലും കഴിയാതെ ഞാന്‍ വീല്‍ചെയറിലായി. കൈയുപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാമെന്നുമാത്രം. ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയുമായി വിവിധ ചികിത്സകള്‍ നടത്തി. അക്കാലത്തെല്ലാം ഞാന്‍ ചിന്തിച്ചത് ഇങ്ങനെയാണ്. ”എഴുന്നേറ്റുനിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലായാല്‍ ലോകംമുഴുവന്‍ സുവിശേഷം എത്തിക്കാനായി പ്രയത്‌നിക്കണം. ഞാന്‍ ചെയ്യുന്ന മേഖലയിലാണെങ്കില്‍ വിവിധ മീഡിയകളിലൂടെ അത് ചെയ്യാന്‍ എളുപ്പമാണല്ലോ.” എന്തായാലും പിന്നീട് മൂന്നുവര്‍ഷത്തോളം ഉഴിച്ചില്‍ ചികിത്‌സ ചെയ്തതിനുശേഷം എന്റെ അവസ്ഥ വളരെയധികം മെച്ചപ്പെട്ടു.
2013 ആയപ്പോഴേക്കും വീഡിയോഗ്രഫി ഗൗരവമായി എടുക്കണമെന്ന ചിന്ത എന്നില്‍ ശക്തമായി. എന്നാല്‍ എന്നെ അധ്യാപികയാക്കാനായിരുന്നു അധികാരികള്‍ തീരുമാനിച്ചത്. എന്റെ മനസിലാകട്ടെ വ്യത്യസ്തമായ ചിന്തകളും. ഞാന്‍ ചെയ്യാനാഗ്രഹിക്കുന്നത് അതുവരെയും ഒരു സന്യാസിനിയും ചെയ്തിട്ടില്ലാത്ത കാര്യം. മാത്രവുമല്ല ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന ചിന്ത, ഇത് എന്റെ ദൗത്യമാണോ എന്ന സംശയം… എല്ലാം ചേര്‍ന്ന് ഞാന്‍ വളരെയധികം ആശയക്കുഴപ്പത്തിലായി. ഒരു തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥ. അങ്ങനെയാണ് അട്ടപ്പാടി സെഹിയോനില്‍ 14 ദിവസം താമസിച്ച് പ്രാര്‍ത്ഥനക്കായി പോയത്. വീഡിയോഗ്രഫിയാണോ അധ്യാപനമാണോ എന്നില്‍നിന്ന് ഈശോ ആഗ്രഹിക്കുന്നത്, എന്ന് അറിയണം. അതിനായി കല്ലില്‍ മുട്ടുകുത്തി കുരിശിന്റെ വഴി അര്‍പ്പിച്ചും ഉപവസിച്ചുമെല്ലാം ത്യാഗമെടുത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
തുടര്‍ന്ന് മൂന്ന് വ്യത്യസ്തവ്യക്തികളുമൊന്നിച്ച് പ്രാര്‍ത്ഥിച്ചു. എന്റെ നിയോഗംഎന്തെന്ന് അവര്‍ക്കറിയില്ല. പക്ഷേ മൂന്നുപേരും പറഞ്ഞത് ഒരേ സന്ദേശം! ‘എന്നെ ദൈവം വിളിക്കുന്നത് ഒരു പുതിയ മേഖലയിലേക്കാണ്.’ ഒരാളാകട്ടെ കൂടുതല്‍ കൃത്യമായി പറഞ്ഞു, ”മാധ്യമശുശ്രൂഷയ്ക്കായി കര്‍ത്താവ് എന്നെ ഒരുക്കുന്നു.”
ഞാന്‍ തിരിച്ചുവന്ന് ഇക്കാര്യം പങ്കുവച്ചെങ്കിലും അധികാരികള്‍ക്ക് ഇതെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. അതിനാല്‍ ആറുമാസത്തേക്ക് പ്രാര്‍ത്ഥനക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റൊരു മഠത്തിലേക്ക് മാറി. അപ്പോഴേക്കും പല വീഡിയോകളും തയാറാക്കുന്നതിനായി എന്നെത്തന്നെ വിളിക്കാനാരംഭിക്കുകയും ചെയ്തു. അങ്ങനെ തികച്ചും സ്വാഭാവികമായി ഈ മേഖലയിലേക്ക് ഞാന്‍ കടക്കുകയായിരുന്നു.
ഈ ശുശ്രൂഷയില്‍ തുടരുമ്പോള്‍ ഇപ്പോഴും എനിക്കറിയാത്ത അനേകം കാര്യങ്ങളുണ്ട്. എന്നാല്‍ ഈശോ എന്നെ പഠിപ്പിക്കുന്നു. മാധ്യമ ശുശ്രൂഷകള്‍ക്കിടയില്‍ വിവിധ മതസ്ഥരുമായി ഇടപെടേണ്ടി വരാറുണ്ട്. അപ്പോഴൊക്കെ എനിക്ക് മനസിലായത്, ഈശോയെ കൊടുക്കാനിറങ്ങിയാല്‍ തടസങ്ങളൊന്നും നമ്മെ തളര്‍ത്തില്ല എന്നതാണ്. ഈശോയുടെ സ്വന്തമായ എന്നെ ഈശോ ഒരു കുറവുംകൂടാതെ നടത്തുമെന്നാണ് അനുഭവം. ഒറ്റയ്ക്ക് പോകേണ്ടിവരുമ്പോഴൊക്കെയും സഹായത്തിനായി വ്യക്തികളെ ദൈവം ക്രമീകരിച്ചിരിക്കും. ”എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്കെല്ലാം ചെയ്യാന്‍ സാധിക്കും” (ഫിലിപ്പി 4/13) എന്ന തിരുവചനം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ 33 തവണ ചൊല്ലും.
ഇതിനെല്ലാം ഇടയില്‍ ഗാനങ്ങള്‍ എഴുതാനുള്ള കൃപ എനിക്ക് ഈശോ നല്കിയിരുന്നു. എന്നാല്‍ അവയൊന്നും പരസ്യമാക്കിയിരുന്നില്ല. അങ്ങനെയിരിക്കേ ‘വിശുദ്ധമീ സന്യാസം’ എന്നൊരു പാട്ട് എഴുതുകയും ഫാ. വില്‍സണ്‍ മേച്ചേരില്‍ അത് സൗജന്യമായി പാടിത്തരികയും ചെയ്തു. ഞാന്‍തന്നെ ഒറ്റ രാത്രികൊണ്ട് അതിന് വീഡിയോ തയാറാക്കി. ആ വീഡിയോ ശാലോം ടി.വിയിലുള്‍പ്പെടെ സംപ്രേഷണം ചെയ്യുകയും അനേകരിലേക്ക് ഈശോ എത്തിക്കുകയും ചെയ്തു. ഇത് എനിക്ക് ഒരു പാഠമായി. ഏറെ പണം മുടക്കി ചെയ്യുന്ന വലിയ കാര്യങ്ങളെക്കാള്‍ സ്വാധീനം ചെലുത്താന്‍ ഈശോ തൊട്ട ഒരു ചെറുകാര്യത്തിന് കഴിയും എന്ന വലിയ പാഠം.
പിന്നീടും പ്രാര്‍ഥനാ നിമിഷങ്ങളില്‍ പല ഗാനങ്ങളുടെയും വരികള്‍ ഈശോതന്നെ പറഞ്ഞുതന്നു. ഇന്ന് ഒരു പാട്ട് ഓര്‍ക്കസ്‌ട്രേഷന്‍ കഴിഞ്ഞ് ലഭിച്ചാല്‍ ആദ്യം ഞാനത് കേള്‍പ്പിക്കുക ചാപ്പലിലാണ്. എന്റെ ഈശോതന്നെയാണ് ആദ്യം ആ പാട്ട് കേള്‍ക്കാന്‍ അവകാശമുള്ളയാള്‍. മാത്രമല്ല, തിരുത്തുകള്‍ ഈശോ പറഞ്ഞുതരികയും വേണം.
എല്ലായ്‌പോഴും ഈശോ അവിടുത്തെ സ്വന്തമായ എന്റെകൂടെ ഉണ്ട്. അവിടുത്തെ ശുശ്രൂഷ ചെയ്യാന്‍ അവിടുന്ന് എനിക്ക് കൃപ നല്കുന്നു. ”നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന്‍ കഴിവുറ്റവനാണ് ദൈവം” (2 കോറിന്തോസ് 9/8) എന്ന വചനം എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാണ്. ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട വേദനകള്‍ ഇപ്പോഴും ഉണ്ടെങ്കിലും ക്രിസ്തുവിന്റെ മാധ്യമശുശ്രൂഷകള്‍ ചെയ്യാന്‍ അതൊരു തടസമല്ല. ദൈവസ്‌നേഹമോര്‍ക്കുമ്പോള്‍ നന്ദിമാത്രമേ എനിക്ക് പറയാനുള്ളൂ.

സിസ്റ്റര്‍ ലിസ്മി സി.എം.സി

‘ക്യാമറാ നണ്‍’ എന്ന പേരില്‍ ശ്രദ്ധേയയാണ്. Nirmala Media TSR, Camera Nun എന്നീ യുട്യൂബ് ചാനലുകളില്‍ സിസ്റ്റര്‍ ചെയ്ത വീഡിയോകള്‍ ലഭ്യമാണ്.