ഞങ്ങളുടെ ഗ്രാന്‍ഡ് വിറ്റാരയില്‍ ഈശോ കയറിയപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

ഞങ്ങളുടെ ഗ്രാന്‍ഡ് വിറ്റാരയില്‍ ഈശോ കയറിയപ്പോള്‍…

ഒരു പരീക്ഷയ്ക്കായി ഇറ്റലിയിലെ ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് രണ്ട് മണിക്കൂര്‍ യാത്രാദൂരമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. നാല് സുഹൃത്തുക്കള്‍ ഒപ്പമുണ്ട്. ഞാന്‍ പഠിച്ചുകൊണ്ടിരുന്ന ദൈവശാസ്ത്രകോഴ്‌സുമായി ബന്ധപ്പെട്ട പരീക്ഷയാണ്. രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട ഞങ്ങള്‍ ഏകദേശം ഒമ്പത് മണിയോടെ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ സെന്ററില്‍ എത്തി. 10 മണിക്കായിരുന്നു പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പരീക്ഷ. അത് എഴുതിക്കഴിഞ്ഞ് ഏകദേശം 12.30-ഓടെ തിരികെ യാത്ര ആരംഭിച്ചു. ബുദ്ധിമുട്ടേറിയ ഒരു വിഷയം വലിയ പ്രയാസങ്ങള്‍ കൂടാതെ എഴുതാന്‍ കഴിഞ്ഞതിനാല്‍ കൂട്ടുകാരൊക്കെ നല്ല സന്തോഷത്തില്‍ ആയിരുന്നു. ചെറിയ തമാശകളും പാട്ടുകളുമായി അവര്‍ അടിച്ച് പൊളിക്കുമ്പോഴും എനിക്ക് കാരണമില്ലാത്ത ഒരു അസ്വസ്ഥത. എന്തോ ഒരു ദുരന്തം വരാന്‍ പോകുന്നത് പോലെ…
സാധാരണ തമാശ പറയാനും മറ്റും കൂടുന്ന എന്നിലെ മാറ്റം കൂട്ടുകാരെ അത്ഭുതപ്പെടുത്തി. സിസ്റ്ററിന് ഇന്ന് എന്തുപറ്റി എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഒരു ചെറുചിരി പാസാക്കി. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. ഞങ്ങളുടെ യാത്രയെ പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ സമര്‍പ്പിച്ചു. ഒപ്പം പരിശുദ്ധ ത്രിത്വത്തില്‍ മനസ്സൂന്നി, വരുന്നത് എന്തും നേരിടാനുള്ള ശക്തി നല്കണേ എന്ന് പ്രാര്‍ത്ഥിച്ച് യാത്ര തുടര്‍ന്നു.
ഇടയ്ക്ക് കുന്നുകളും മലകളും ഒക്കെയുള്ളതിനാല്‍ നല്ല വളവുകളും ഇറക്കവും കയറ്റവും ഒക്കെയുള്ള റോഡാണ്. മുന്‍ സീറ്റില്‍ ഇരുന്ന ഞാന്‍, ഡ്രൈവ് ചെയ്യുന്ന കൂട്ടുകാരിയോട് ഇടയ്ക്കിടെ സ്പീഡ് കുറയ്ക്കാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ഈ കന്യാസ്ത്രീയെ കൂടെ കൂട്ടണ്ടായിരുന്നു എന്ന് അവള്‍ മനസ്സില്‍ ചിന്തിച്ചോ എന്ന് അറിയില്ല! ഏകദേശം യാത്രയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി വെറും 15 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഞങ്ങളുടെ സിറ്റിയിലേക്ക്. വലിയ ഒരു മലയുടെ ചരിവില്‍ കൂടി നിരവധി വളവുകള്‍ ഉള്ള ഒരു ഇറക്കം ഇറങ്ങുകയാണ് ഞങ്ങളുടെ സുസുക്കി ഗ്രാന്‍ഡ് വിറ്റാര.
പെട്ടെന്ന് ബ്രേക്കിന് എന്തോ കുഴപ്പം. ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം വലതുസൈഡിലുളള ഭിത്തിയില്‍ ഇടിക്കാന്‍ പോകുന്നത് കണ്ട് ഒരു നിലവിളിയോടെ ഞാന്‍ കൂട്ടുകാരിയോട് എതിര്‍വശത്തേക്ക് തിരിക്കാന്‍ പറഞ്ഞു. റോഡ് അല്പം വീതിയുള്ളത് ആയതിനാല്‍ എതിര്‍വശത്തേക്ക് വീശിയെടുത്തപ്പോള്‍ അവിടെ ഭയാനകമായ കൊക്ക. വീണ്ടും വലതുവശത്തേക്ക്, വീണ്ടും ഇടത്ത് വശത്തേക്ക്. ഇടയ്ക്ക് സ്റ്റിയറിങ്ങും ബ്ലോക്ക് ആയി. ഭയാനകമായ ഒരു അവസ്ഥ.
ഭാഗ്യത്തിന് ചുട്ടുപൊള്ളുന്ന നട്ടുച്ചനേരം അയതിനാല്‍ റോഡില്‍ അധികം തിരക്കില്ല. ഈശോയെയും മാതാവിനെയും പരിശുദ്ധാത്മാവിനെയും എല്ലാം വിളിക്കുന്നുണ്ട്. ഏതാനും ദൂരം മരണത്തെ മുന്നില്‍ കണ്ട് സിഗ്‌സാഗ് ശൈലിയില്‍ വാഹനം മുന്നോട്ട് പോയി. ദൈവം പ്രാര്‍ത്ഥന കേട്ടു. പതിയെ എല്ലാം ശാന്തമായതു പോലെ. കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ നടുക്കം മാറാതെ എല്ലാവരും നിശബ്ദമായി ദൈവത്തിന് നന്ദി പറഞ്ഞു. ”ദൈവഭക്തി ജീവന്റെ ഉറവയാണ്; മരണത്തിന്റെ കെണികളില്‍നിന്ന് രക്ഷപ്പെടാന്‍ അത് സഹായിക്കുന്നു” (സുഭാഷിതങ്ങള്‍ 14/27) .
തുടര്‍ന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ പിന്നിട്ട് താഴ്‌വാരത്തില്‍ എത്തി. ഇനി നിരപ്പായ റോഡാണ്. ആദ്യംതന്നെ എട്ട് റോഡുകള്‍ കൂടി ചേരുന്ന ഒരു റൗണ്ട് എബൗട്ടിലേക്ക് കയറാന്‍വേണ്ടി ഒന്ന് സ്ലോ ആക്കിയതാണ്. ‘ഇനി ഞാന്‍ ഒരടി മുന്നോട്ടില്ല’ എന്ന് പറയും പോലെ വാഹനം ഓഫ് ആയി. പിന്നില്‍ ധാരാളം വാഹനങ്ങള്‍ നിരനിരയായി നില്ക്കുന്നു. പെട്ടെന്ന് എമര്‍ജന്‍സി ലൈറ്റ് ഇട്ടു. ഡ്രൈവിംഗ് സീറ്റിലുള്ള അലസാന്ദ്രാ വണ്ടി ഓണാക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ട്. പക്ഷേ ഒരു രക്ഷയും ഇല്ല.
ട്രാഫിക്ക് ബ്ലോക്ക് ആകാതിരിക്കാന്‍ വാഹനം ഉന്തി നീക്കണം. ഒരു ഹോണ്‍പോലും അടിക്കാതെ പിന്നിലും മുന്നിലും ഉണ്ടായിരുന്നവര്‍ ക്ഷമയോടെ കാത്തു നിന്നു. പെട്ടെന്നുതന്നെ പിന്നില്‍ ഉണ്ടായിരുന്ന രണ്ട് വാഹനങ്ങളിലെ ആളുകള്‍ സഹായത്തിന് എത്തി. വലിയ വാഹനം ആയതിനാല്‍ ഞങ്ങള്‍ ആറുപേര്‍ ചേര്‍ന്ന് റൗണ്ട് എബൗട്ടിന്റെ ഉള്ളില്‍ത്തന്നെ ഒരു വശത്ത് ഒതുക്കിയിട്ടു.
നിസ്സഹായാവസ്ഥയില്‍ ആദ്യം ഓടിയെത്തിയത് ഒരു അമ്മയും മകളും ആയിരുന്നു. വല്ലാതെ ഭയന്നു പോയ അലസാന്ദ്രായെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് ഇറക്കി വാഹനം മുന്നോട്ട് നീക്കിയത് ഏകദേശം 50 വയസ് പ്രായം വരുന്ന ആ അമ്മയാണ്. 20 വയസ് പ്രായം വരുന്ന മകള്‍ വണ്ടി പിന്നില്‍നിന്ന് ഉന്തി സഹായിച്ചു. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു യുവാവ് അദ്ദേഹത്തിന്റെ വാഹനം ഒരു വശത്ത് ഒതുക്കിയിട്ടിട്ട് ഞങ്ങളുടെ വാഹനത്തിന് എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ചു. വേറെ ഒരു ചേട്ടന്‍ ബാറ്ററിയുടെ പ്രശ്‌നം ആണെങ്കില്‍ തന്റെ വാഹനത്തിലെ ബാറ്ററിയുമായി ഒന്ന് കണക്റ്റ് ചെയ്ത് നോക്കാം എന്ന് പറഞ്ഞ് വേണ്ട ഉപകരണങ്ങളുമായി ഓടിയെത്തി എല്ലാം പരിശോധിക്കുന്നു. നിങ്ങള്‍ സ്ത്രീകളെ ഇവിടെ തനിച്ചാക്കിയിട്ട് പോകാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും വരുന്നതുവരെ ഞാന്‍ ഇവിടെ കാവല്‍ നില്‍ക്കാം എന്ന് പറയുന്ന മറ്റൊരു ചേട്ടന്‍!!
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരിക്ക് സിറ്റിയില്‍നിന്ന് 3.30-നുള്ള ബസില്‍ കയറി വീണ്ടും രണ്ട് മണിക്കൂര്‍ യാത്ര ചെയ്യണം. ഞങ്ങളുടെ വാഹനം നീക്കം ചെയ്യാന്‍ പ്രത്യേക ലോറി വരണമെങ്കില്‍ ഒരു മണിക്കൂര്‍ സമയമെങ്കിലും എടുക്കും. ആരോടെങ്കിലും ഒരു ലിഫ്റ്റ് ചോദിച്ചാലോ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് പരിചയം ഇല്ലാത്ത ആരുടെയും കൂടെ ഞാന്‍ പോകില്ല എന്ന് അവള്‍ വാശി പിടിച്ചു. എന്ത് ചെയ്യും എന്ന് ഓര്‍ത്ത് നില്‍ക്കുമ്പോള്‍ അതാ മറ്റൊരു യുവാവ്, ‘നല്ല ചൂടല്ലേ, ഞാന്‍ നിങ്ങള്‍ക്ക് എന്ത് സഹായം ആണ് ചെയ്യേണ്ടത്!’
”അല്പം വെള്ളം ഉണ്ടോ ഞങ്ങള്‍ക്ക് തരാന്‍? ഞങ്ങളുടെ കൈവശം ഉള്ളത് തീര്‍ന്നു. ഏകദേശം ഒരു മണിക്കൂര്‍ ആയി ഞങ്ങള്‍ ഈ വെയിലത്ത്” എന്ന് ഞങ്ങള്‍ പറഞ്ഞു.
‘വിഷമിക്കണ്ട. അല്പം ദൂരെ ഒരു കടയില്‍ പോയി വാങ്ങിക്കൊണ്ട് വരാം’ എന്ന് പറഞ്ഞ് ആ യുവാവ് തന്റെ കാറുമായി പോയി. 10 മിനിറ്റ് കഴിഞ്ഞ് അദ്ദേഹം ഞങ്ങള്‍ക്ക് നാല് ബോട്ടില്‍ വെള്ളവും രണ്ട് കൊക്കോ കോളയും രണ്ട് ഫാന്റായും രണ്ടു പായ്ക്കറ്റ് പൊട്ടറ്റോ ചിപ്പ്‌സും വാങ്ങിക്കൊണ്ട് വന്നു. ‘ചെലവാക്കിയ യൂറോ ഇതാ കയ്യോടെ പിടിച്ചോ’ എന്നായി ഞങ്ങള്‍. ”വേണ്ട എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി” എന്ന് അദ്ദേഹത്തിന്റെ മറുപടി.
”എങ്കില്‍ പേര് ഒന്ന് പറയാമോ?”
”ഞാന്‍ ആന്റണി. ഇപ്പോള്‍ സാസ്സറിയിലാണ് താമസിക്കുന്നത്. എങ്കിലും ഫോണി എന്ന നാട്ടില്‍നിന്നാണ്.” അതുകേട്ടതേ ഞങ്ങള്‍ നാലുപേരുടെയും കണ്ണ് തള്ളിപ്പോയി. കാരണം ‘പരിചയം ഇല്ലാത്ത ആരുടെയും കൂടെ ഞാന്‍ പോകില്ല’ എന്ന് വാശി പിടിച്ച കൂട്ടുകാരിയുടെ നാട്ടുകാരനെ ഇതാ കണ്‍മുമ്പില്‍ കൊണ്ട് നിര്‍ത്തിയിരിക്കുന്നു എല്ലാം അറിയുന്ന സര്‍വ്വശക്തനായ ദൈവം. ”അവന്റെ ഹൃദയാഭിലാഷം അങ്ങ് സാധിച്ചുകൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല” (സങ്കീര്‍ത്തനങ്ങള്‍ 21/2). ആന്റണി കൂളിങ്ങ് ഗ്ലാസ് മാറ്റിയപ്പോള്‍ അവര്‍ പരസ്പരം അറിയാവുന്നവര്‍! പിന്നെ സമയം പാഴാക്കാതെ അവര്‍ രണ്ടുപേരും ടൗണ്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വാഹനം എടുത്തുകൊണ്ട് പോകാന്‍ പ്രത്യേക ലോറി എത്തി. ഒപ്പം ഞങ്ങളെ ടൗണിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങളുടെ സഹപാഠികളും. മരണത്തിന്റെ നിഴലില്‍നിന്ന് രക്ഷിക്കുകമാത്രമല്ല, കരുണയും കരുതലും കാവലുമായി മാലാഖമാരെ അയച്ച് ഞങ്ങളെ സംരക്ഷിക്കുകയും ചെയ്ത ദൈവത്തെ സ്തുതിച്ച് യാത്ര തിരിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞങ്ങള്‍ യാത്ര ചെയ്ത സുസുക്കി ഗ്രാന്‍ഡ് വിറ്റാരെയില്‍ ഈശോയുമുണ്ടായിരുന്നു എന്നെനിക്കുറപ്പുണ്ട്. ”കര്‍ത്താവ് എന്റെ ശക്തിയും പരിചയുമാണ്; കര്‍ത്താവില്‍ എന്റെ ഹൃദയം ശരണം വയ്ക്കുന്നു. അതുകൊണ്ട് എനിക്ക് സഹായം ലഭിക്കുന്നു, എന്റെ ഹൃദയം ആനന്ദിക്കുന്നു, ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോട് നന്ദി പറയുന്നു” (സങ്കീര്‍ത്തനങ്ങള്‍ 28/7).

സിസ്റ്റര്‍ സോണിയ തെരേസ്
ഡി. എസ്. ജെ, ഇറ്റലി