തന്റെ പ്രത്യക്ഷീകരണങ്ങളിലൂടെ, പരിശുദ്ധ ദൈവമാതാവ് മാനസാന്തരത്തിന്റെ ഒരു ‘പൂന്തോട്ടം’ സൃഷ്ടിച്ചു. പല തീര്‍ത്ഥാടകരും മെജുഗോറിയയില്‍ അഗാധമായ ഒരു ഊര്‍ജം അനുഭവിക്കുന്നു, അവിടെ കഠിനമായ ഹൃദയങ്ങളെ മയപ്പെടുത്തുകയും അവരുടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതുമായ ഒന്ന്. എന്നിരുന്നാലും, നാഥയുടെ സ്വാധീനം സ്ഥലപരിമിതമല്ല. ചില ആളുകള്‍ക്ക് വിദൂരങ്ങളില്‍നിന്ന് അവളുടെ വിളി അനുഭവപ്പെടുന്നു. ഒരുപക്ഷേ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കുമ്പോഴോ ഒരു ഡോക്യുമെന്ററി കാണുമ്പോഴോ ഒരു സാക്ഷ്യം കേള്‍ക്കുമ്പോഴോ. എങ്കിലും മെജുഗോറിയയില്‍ ആണ് അവളുടെ സാന്നിധ്യം ഏറ്റവും ശക്തമെന്ന് മിക്ക തീത്ഥാടകരും സമ്മതിക്കുന്നു. ഇവിടുത്തെ വായു അവളുടെ സ്‌നേഹത്താല്‍ പൂരിതമായിരിക്കുന്നതുപോലെയാണ്. അവര്‍ ഒരിക്കല്‍ അവളെ ശ്വസിച്ചാല്‍ അവരുടെ ജീവിതം പിന്നൊരിക്കലും മുന്‍പത്തേതുപോലെയല്ല.
ഒരിക്കല്‍, ആറ് ഇറ്റലിക്കാര്‍ മെജുഗോറിയയില്‍ ഞങ്ങള്‍ നടത്തുന്ന ഗസ്റ്റ്ഹൗസില്‍ താമസിക്കുവാന്‍ വന്നു. എല്ലാവരുടെയും പ്രായം അറുപതുകളില്‍ ആയിരുന്നു. ശക്തമായ വിശ്വാസം ഉള്ളവരായിരുന്നു അവരില്‍ അഞ്ചുപേര്‍, ഒരാള്‍ അവിശ്വാസിയായിരുന്നു. ഞാന്‍ അവരെ അഭിവാദ്യം ചെയ്തപ്പോള്‍, ദൈവവിശ്വാസമില്ലാത്തയാള്‍ ഉടനെ പറഞ്ഞു, ”എനിക്കിതില്‍ താല്‍പ്പര്യമില്ല. ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം ആയിരിക്കുവാന്‍ വന്നതാണ്.”
”കുഴപ്പമില്ല,” ഞാന്‍ ഒരു ചിരിയോടെ പറഞ്ഞു. ”എപ്പോഴെങ്കിലും നിങ്ങള്‍ക്ക് സംസാരിക്കണമെന്നുണ്ടെങ്കില്‍-”
”അതിന്റെ ആവശ്യമുണ്ടാവില്ല, നന്ദി.”
ആ മനുഷ്യനില്‍ അഗാധമായ ഒരു ദുഃഖം എനിക്ക് അനുഭവവേദ്യമായി, പക്ഷേ തന്റെ പരുക്കന്‍ ബാഹ്യഭാവം കൊണ്ട് അയാള്‍ അത് മറച്ചുപിടിച്ചു. ചില ആളുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ അവരെ നിരീക്ഷിക്കുമ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിയാറുണ്ട്. എന്നാല്‍ എല്ലാവരെയും കുറിച്ചല്ല. ഒരുപക്ഷേ നാഥയുമായുള്ള അടുത്ത സമ്പര്‍ക്കം, ചിലപ്പോള്‍ ആത്മീയസഹനങ്ങള്‍ ‘കാണുവാന്‍’ സാധിക്കുന്ന തരത്തില്‍ എന്റെ സൂക്ഷ്മബോധം വര്‍ദ്ധിപ്പിച്ചിരിക്കാം. അങ്ങനെ കാണുമ്പോള്‍, അത്തരം ആളുകളുമായി സംസാരിക്കുവാനും അവരുടെ മുറിവുകള്‍ സുഖപ്പെടുത്തുവാന്‍ അവരെ സഹായിക്കുവാനുമുള്ള അതിയായ ആഗ്രഹം എന്നിലുണ്ടാവാറുണ്ട്. എനിക്ക് അവരുടെ വേദന നീക്കുവാനാകില്ല. എന്നാല്‍ അവര്‍ക്കു ശ്രദ്ധ കൊടുക്കുവാനും അവര്‍ തനിച്ചല്ലെന്നും ദൈവം അവരെ സ്‌നേഹിക്കുന്നുണ്ടെന്നുമുള്ള തിരിച്ചറിവിലേക്ക് അവരെ ഉണര്‍ത്തുവാന്‍ സഹായിക്കാനും എനിക്ക് കഴിയും. എന്നാല്‍ അവര്‍ അവരുടെ മനസ്സ് തുറക്കുന്നതുവരെ എനിക്ക് കാത്തിരിക്കുവാനേ കഴിയൂ. ഒരു കക്കാത്തോട് ചുഴിഞ്ഞ് തുറക്കുവാന്‍ നോക്കുന്നത് അത് കൂടുതല്‍ മുറുക്കത്തില്‍ അടയുന്നതിനേ കാരണമാകൂ.
2010 ജൂണ്‍ 2ലെ സന്ദേശത്തില്‍ നാഥ പറഞ്ഞു, ”ഭൂതകാലത്തില്‍നിന്ന് നിങ്ങളെ ഭാരപ്പെടുത്തുന്ന, നിങ്ങളില്‍ കുറ്റബോധം ഉണര്‍ത്തുന്ന, മുമ്പ് നിങ്ങളെ തെറ്റിലേക്കും അന്ധകാരത്തിലേക്കും വഴിതെറ്റിച്ച എല്ലാ കാര്യങ്ങളില്‍നിന്നും സ്വയം മോചിതരാകുക. പ്രകാശം കൈക്കൊള്ളുക.”
ഇടക്കിടെ ചിലരില്‍നിന്ന് തിന്മ പൊട്ടിപ്പുറപ്പെടുന്നതായും എനിക്ക് അനുഭവപ്പെടാറുണ്ട്, ഒരു അദൃശ്യമായ ഭീതിയുടെ മേഘംപോലെ അത് അവരുടെ ചുറ്റും പ്രസരിക്കുന്നു. അത്തരം ഒരാളെ കണ്ടുമുട്ടുമ്പോള്‍ എന്റെ നട്ടെല്ല് തണുത്ത് മരവിക്കും. അവനെയോര്‍ത്ത് ഞാന്‍ ഭയപ്പെടുകയും തീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. എന്തെന്നാല്‍ പിശാച് അവന്റെ ആത്മാവിനെ വരിഞ്ഞുമുറുക്കിയിട്ടുണ്ടെന്ന് അവന്‍ അറിയുന്നില്ല. എന്നാല്‍ വേദനയും തിന്മയും വളരെ വ്യത്യസ്ത കാര്യങ്ങളാണ്. ഇറ്റലിയില്‍നിന്നുള്ള വ്യക്തിയില്‍ എനിക്ക് തിന്മ അനുഭവപ്പെട്ടില്ല, മുറിവ് മാത്രമേ അനുഭവപ്പെട്ടുള്ളൂ. അദ്ദേഹം പഴയതുപോലെ മടങ്ങിപ്പോകില്ല എന്ന് എനിക്കറിയാമായിരുന്നു, ആഗമനത്തില്‍ അവരുടെ അവിശ്വാസം പ്രഖ്യാപിച്ച മറ്റുള്ളവരെപ്പോലെ.
പിറ്റേന്ന്, അദ്ദേഹം സോഫയിലിരുന്ന് ഒരു കുട്ടിയെപ്പോലെ കരയുന്നത് ഞാന്‍ കണ്ടു. 60 വയസ്സുള്ള ഒരു മനുഷ്യനെ ഇത്രയധികം തകര്‍ന്നവനായി കണ്ടത് എന്നെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ അരികത്ത് ഇരുന്ന് ഞാന്‍ ചോദിച്ചു, ”എന്റെ പാചകമാണോ ഇതിനു കാരണം?”
ആ മനുഷ്യന്‍ പുഞ്ചിരിച്ചിട്ട് ഒരു ശ്വാസം എടുത്ത്, കണ്ണുകള്‍ തുടച്ചിട്ട് ചോദിച്ചു. ”നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന നിങ്ങള്‍ എനിക്ക് ഒന്ന് എഴുതിത്തരാമോ? എനിക്ക് വരികള്‍ അറിയില്ല. മലയില്‍പോയി അവളോട് പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
”തീര്‍ച്ചയായും, ഞാന്‍ എഴുതിത്തരാം.”
”ഞാന്‍ വളരെയധികം സമയം പാഴാക്കിക്കളഞ്ഞു,” വീണ്ടും വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ തോളില്‍ കരങ്ങള്‍ വെച്ച് ഞാന്‍ പറഞ്ഞു, ”നിങ്ങള്‍ ഒരു നിമിഷംപോലും പാഴാക്കിയില്ല. നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് അനുഭവിക്കുവാന്‍ എപ്പോഴെങ്കിലും ഭാഗ്യമുണ്ടായവര്‍ വളരെ ചുരുക്കമാണ്.” രാത്രിയുടെ ഭൂരിഭാഗവും അയാള്‍ മലയില്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു.
മറ്റൊരു സമയം, ഒരു സംഘം അമേരിക്കക്കാര്‍ ഞങ്ങളുടെ വീട്ടില്‍ താമസിച്ചു. അവര്‍ എത്തിയപ്പോള്‍ ഞാന്‍ അവരെ അഭിവാദ്യം ചെയ്തു. ഓരോരുത്തരായി, ഒരു പുഞ്ചിരിയോടെ, അവര്‍ പ്രവേശിച്ചു. എന്നാല്‍ അവസാനത്തെ ആള്‍ നെറ്റി ചുളിച്ചാണ് കയറിവന്നത്.
”ഒരു കാര്യം ഞാന്‍ വ്യക്തമാക്കട്ടെ,” അയാള്‍ പറഞ്ഞു. ”ഞാന്‍ പ്രൊട്ടസ്റ്റന്റ് ആണ്.”
ആ വസ്തുതയിലുള്ള അദ്ദേഹത്തിന്റെ ഊന്നല്‍ എന്നെ അമ്പരപ്പിച്ചു, പക്ഷേ ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ”അതിന് എന്താണ്? നിങ്ങള്‍ പ്രൊട്ടസ്റ്റന്റ് ആണ്, ഞാന്‍ കത്തോലിക്കയാണ്. നിങ്ങള്‍ക്ക് സ്വാഗതം അനുഭവപ്പെടണമെന്ന് മാത്രമാണ് ഞാന്‍ ഇച്ഛിക്കുന്നത്.”
അയാള്‍ ഏഴു ദിവസം ഇവിടെ താമസിച്ചു, സുഹൃത്തുക്കളോടൊപ്പം മല കയറിയും, വയലുകളിലൂടെ നടന്നും സെന്റ് ജെയിംസ് ദൈവാലയത്തിലെ സായാഹ്നപ്രാര്‍ത്ഥനാപരിപാടിയില്‍ പങ്കുചേര്‍ന്നും. എപ്പോഴൊക്കെ ഞാന്‍ അത്താഴം വിളമ്പിയോ, ഞാന്‍ അവന്റെ മേശയ്ക്കടുത്ത് ചെന്നുപറയും, ”നിങ്ങള്‍ക്ക് ഈ ഭക്ഷണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങള്‍ പ്രതിഷേധിക്കുക (പ്രൊട്ടസ്റ്റ്) ഇല്ലെങ്കില്‍ മാത്രം.”
അദ്ദേഹം ഓരോ പ്രാവശ്യവും ചിരിച്ചു. ഒരു ദിവസം, അവന്‍ എന്നോട് ചോദിച്ചു, ”ഒരു പ്രൊട്ടസ്റ്റന്റ് എന്താണെന്നെങ്കിലും നിങ്ങള്‍ക്കറിയാമോ?”
ഞാന്‍ ചിരിച്ചു. ”നിങ്ങള്‍ കാര്യങ്ങളെക്കുറിച്ച് നിരന്തരം പ്രതിഷേധിക്കുന്നുവെന്ന് മാത്രം എനിക്കറിയാം.”
ആ ആഴ്ച മുഴുവന്‍ ഞങ്ങള്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. അദ്ദേഹം പോകേണ്ട സമയമായപ്പോള്‍ എനിക്ക് സങ്കടമായി.
കയ്യില്‍ സ്യൂട്ട്‌കേസുമായി, എന്നെ കണ്ടുമുട്ടിയ അതേ വാതില്‍പ്പടിയില്‍വച്ച് ‘പ്രൊട്ടസ്റ്റന്റുകാരന്‍’ എനിക്ക് ആലിംഗനം നല്‍കി.
”നന്ദി,” അവന്‍ പറഞ്ഞു. ”ഈ യാത്ര എന്റെ ജീവിതം മാറ്റിമറിച്ചു. ഞാന്‍ എന്റെ അമ്മയെ അറിയാന്‍ ഇടയായി.”
ആദ്യത്തെ പ്രൊട്ടസ്റ്റന്റ് ആയ മാര്‍ട്ടിന്‍ ലൂതര്‍ ഒരിക്കല്‍ എഴുതിയ അതേ കാര്യം അവനും തിരിച്ചറിഞ്ഞു: ”മറിയം യേശുവിന്റെ അമ്മയാണ്. നമ്മുടെ എല്ലാവരുടെയും അമ്മയാണ്.”
എന്തുകൊണ്ടാണ് ആരെങ്കിലും നാഥയില്‍നിന്ന് ഓടിയകലുക? അമ്മയില്ലാതെ ഭൂമിയിലെ ഒരു കുടുംബവും യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നില്ല, അങ്ങനെ തന്നെയാണ് നമ്മുടെ സ്വര്‍ഗീയ കുടുംബവും. പരിശുദ്ധ അമ്മയെ നിങ്ങളുടെ ജീവിതത്തില്‍നിന്ന് ഒഴിവാക്കുകയും അവളുടെ സന്ദേശങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നത് സ്‌നേഹത്തെ ഒഴിവാക്കുകയും അവഗണിക്കുകയും ചെയ്യുന്നതുപോലെയാണ്. അവള്‍ സ്‌നേഹമാണ് സംസാരിക്കുന്നത്. അവള്‍ സ്‌നേഹത്തിന്റെ മൂര്‍ത്തീകരണമാണ്.
‘എന്റെ ഹൃദയം വിജയം നേടും’
സോഫിയാ ബുക്‌സ്
മിര്യാന സോള്‍ഡോ,
മെജുഗോറിയ ദര്‍ശക