”അമ്മേ, മോനോട് ഒന്നു പറയ്…” – Shalom Times Shalom Times |
Welcome to Shalom Times

”അമ്മേ, മോനോട് ഒന്നു പറയ്…”

കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം. ഓട്ടോറിക്ഷ റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ട് ഞാന്‍ ഗേറ്റ് കടന്ന് ദൈവാലയത്തിന്റെ വലതുവശത്തുള്ള മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പില്‍ മുട്ടുകുത്തി. ആകെ പരവശനാണ്. ശരീരം വിറയ്ക്കുന്നു. കണ്ണുകളുയര്‍ത്തി മാതാവിനെ നോക്കി. മക്കളെ വാരിപ്പുണരാന്‍ കൈനീട്ടി സ്‌നേഹവാത്സല്യങ്ങളോടെ നില്‍ക്കുന്ന അമ്മ.
”എങ്കിലും എന്റെ അമ്മേ…”
”എന്താ മോനേ..?” എന്ന് മാതാവ് മുഖത്ത് നോക്കി ചോദിക്കുന്നതുപോലെ…. പോക്കറ്റില്‍ കിടന്ന ഒരു കത്തെടുത്ത് പീഠത്തില്‍വച്ചു.
”അമ്മ ഇത് കണ്ടോ? അമ്മ പറഞ്ഞിട്ടല്ലേ ഞാന്‍ ലോണെടുത്തത്? മോളെ കെട്ടിച്ചുവിടാന്‍… മൂന്നുലക്ഷം രൂപ. ഏഴുകൊല്ലം കഴിഞ്ഞു. തിരിച്ചടയ്ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇപ്പോ ദേ ജപ്തി! രണ്ടാഴ്ചയ്ക്കുള്ളില്‍ പലിശയുള്‍പ്പെടെ അഞ്ചുലക്ഷത്തില്‍പരം രൂപ അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന്! അമ്മയുടെ മോനോട് എന്നെ രക്ഷിക്കാന്‍ ഒന്നു പറയമ്മേ!” പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവിന്റെ മുമ്പില്‍ കമിഴ്ന്നുവീണു.
ഒരു മകളെ ഡിഗ്രിവരെ പഠിപ്പിച്ചു. പക്ഷേ ജോലിയില്ല. പിന്നീട് കല്യാണം കഴിപ്പിച്ചയച്ചു. അതിനാണ് ലോണെടുത്തത്. അന്നു മാതാവിനോട് പറഞ്ഞു; തിരിച്ചടയ്ക്കാന്‍ വഴി കാണിച്ചുതരണേ എന്ന്. എന്നും ആ തിരുമുമ്പില്‍ പോയി പറയുമായിരുന്നു. എന്നിട്ടിപ്പോള്‍..!! മനസ് വല്ലാതെ ഭാരപ്പെട്ടു.
ജപ്തി നോട്ടീസ് കിട്ടിയ വിവരം ഭാര്യയോട് എങ്ങനെ പറയുമെന്ന ആകുലതയോടെയാണ് ഓട്ടോറിക്ഷ സ്റ്റാര്‍ട്ട് ചെയ്തത്. വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്തൊരു പയ്യന്‍.
”ആരാ?”
മുമ്പ് അയല്‍പക്കത്തുണ്ടായിരുന്ന ആളുടെ മകനാണെന്ന് അവന്‍ സ്വയം പരിചയപ്പെടുത്തി. അത് കേട്ടതേ എന്റെ രക്തം തിളച്ചു. എന്റെ അപ്പന്റെ സ്വത്തില്‍ ഏറിയ ഭാഗവും കള്ളക്കേസിലൂടെ സ്വന്തമാക്കിയയാള്‍. പിന്നീട് വീടും പറമ്പും വിറ്റിട്ട് എങ്ങോട്ടോ കുടിയേറി. ആ ചിന്ത മനസിലുയര്‍ത്തിയ കടുത്ത നീരസത്തോടെയാണ് ചോദിച്ചത്: ”ഇപ്പോ എന്താ പ്രത്യേകിച്ച്?”
”കഴിഞ്ഞ ആഴ്ച അപ്പന്‍ മരിച്ചു. മരിക്കുന്നതിനുമുമ്പ് എന്നെ വിളിച്ച് ഈ പൊതി ചേട്ടനെ ഏല്‍പിക്കണമെന്ന് പറഞ്ഞിട്ടാ പോയത്!”
”എന്താ ഇത്?”
”മരിക്കുന്നതിനുമുമ്പ് എന്റെ അപ്പന് മാനസാന്തരം വന്നു. ചേട്ടന്റെ അപ്പനില്‍നിന്ന് എന്റെ അപ്പന്‍ കള്ളക്കേസുവഴി തട്ടിച്ചെടുത്ത സ്വത്തിന്റെ വിലയാ ഇത്. ഏഴുലക്ഷം രൂപ!
എനിക്ക് പോകാന്‍ ധൃതിയുണ്ട്.”
ആ പൊതി മേശമേല്‍ വച്ചിട്ട് അവന്‍ ഇറങ്ങിനടന്നു. ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാമെന്ന് പറഞ്ഞപ്പോള്‍ ഒന്നും വേണ്ടെന്നായിരുന്നു മറുപടി.
ഞാന്‍ പൊതിയെടുത്ത് തുറന്നു. അഞ്ഞൂറിന്റെ പതിനാല് കെട്ടുകള്‍. മാതാവിന് നന്ദി പറയാന്‍ വാക്കുകളില്ലാതെ വികാരാധീനനായി തല കുനിച്ച് നില്‍ക്കുമ്പോള്‍ ഓട്ടോറിക്ഷയില്‍ കിടന്ന ഫോണ്‍ ശബ്ദിക്കുന്നു. എടുത്തുനോക്കി, മോളാണ്.
”എന്താ മോളേ….?”
”അപ്പച്ചാ, ഒരു സന്തോഷവാര്‍ത്ത! ബാങ്കിലെ സെക്രട്ടറി റിട്ടയര്‍ ചെയ്തു. പകരം വച്ചിരിക്കുന്നത് എന്നെയാ. രണ്ടുകൊല്ലം മുമ്പ് കൊടുത്ത അപേക്ഷയാ. നാളെ ജോയിന്‍ ചെയ്യണം.”
‘അതിനുമുമ്പ് ഇവിടെ വന്നിട്ട് പോകണം. ഇവിടെയും ഒരു വിശേഷം പങ്കിടാനുണ്ട് ‘ എന്ന് ഞാന്‍ അവളോട് പറഞ്ഞു.
ഒരു സര്‍പ്രൈസില്‍ സംസാരം അവസാനിപ്പിച്ചിട്ട് ഞാനന്ന് ഭാര്യയെയും കൂട്ടി ഓട്ടോറിക്ഷ സ്റ്റാര്‍ട്ട് ചെയ്തു, ഗ്രോട്ടോയില്‍ മാതാവിനരികിലേക്ക് പോയി നന്ദി പറയാന്‍; പരിഭവിച്ചതിന് മാപ്പ് ചോദിക്കാന്‍. വിശ്വസിക്കാനാകാത്തവിധം ജീവിതത്തില്‍ ഇടപെട്ട അമ്മയോട് എന്താണിനി പറയുക?
അപേക്ഷിച്ചവരെ പരിശുദ്ധ അമ്മ ഒരുനാളും ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് എല്ലാ ക്രിസ്ത്യാനികളും പറയുന്നത് വെറുതെയല്ല. ”കഴിഞ്ഞ തലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശരായത്?” (പ്രഭാഷകന്‍ 2/10)

ജോസ് കൊഴുവനാല്‍