അടുക്കളയില്‍ കയറിയപ്പോള്‍ ഈശോ പോയി…! – Shalom Times Shalom Times |
Welcome to Shalom Times

അടുക്കളയില്‍ കയറിയപ്പോള്‍ ഈശോ പോയി…!

അന്ന് രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് മുറിയില്‍ തിരിച്ചെത്തി. ജപമാല പ്രാര്‍ത്ഥന യാത്രക്കിടയില്‍ ചൊല്ലിയിരുന്നു. പ്രഭാതഭക്ഷണം കഴിച്ചു. ഇന്ന് ഈശോയോട് ഒരു പ്രത്യേക പ്രണയം. എന്താ ഇപ്പോ ചെയ്യുക? ഉടനെ കുറച്ചു സമയം നിശബ്ദമായി ഓണ്‍ലൈന്‍ ദിവ്യകാരുണ്യ ആരാധനക്ക് മുന്നില്‍ ഇരുന്നു. ഈശോക്ക് വല്ലാത്തൊരു സൗന്ദര്യം. കണ്‍കുളിര്‍ക്കെ നോക്കി ഇരുന്നു. ആ ഇരിപ്പില്‍ എന്റെ ചങ്കിനെ കെട്ടിപ്പിടിക്കാന്‍ ഒരു ആഗ്രഹം.
എന്നും ഞാന്‍ ചങ്കോട് ചേര്‍ത്ത് പിടിക്കുന്ന ഈശോയുടെ കുരിശുരൂപം കയ്യിലെടുത്തു. ഏകദേശം അരമണിക്കൂര്‍ ഈശോ എന്റെ ജീവിതത്തില്‍ നല്‍കിയ നന്മകള്‍ക്ക് ആയിരം തവണ ‘താങ്ക് യു ജീസസ് ‘ എന്നും പിന്നീട് അര മണിക്കൂര്‍ ഈശോ എന്റെ ജീവിതത്തില്‍ അനുവദിച്ച വേദനകള്‍ക്ക് ആയിരം തവണ ‘താങ്ക് യു ജീസസ് ‘ എന്നും കുരിശിനെ കെട്ടിപ്പിടിച്ചു പറഞ്ഞു.
ആത്മമിത്രം എന്ന പുസ്തകത്തില്‍ ഈശോ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. എന്നെ സ്‌നേഹിക്കുക എന്നാല്‍ എനിക്ക് നന്ദി പറയുക എന്നാണ്. എന്തായാലും രണ്ടായിരം തവണ ‘താങ്ക് യു ജീസസ് ‘ എന്ന് ആവര്‍ത്തിച്ചപ്പോള്‍ ഈശോ ഹാപ്പി. ഈശോയ്ക്ക് സ്‌നേഹം കൂടിയാല്‍ നമ്മുടെ ഹൃദയം പൊട്ടുംപോലെ ദൈവസ്‌നേഹം നിറയ്ക്കും. ഈശോയുടെ കുരിശിനെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ കരഞ്ഞു. എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ഈശോയുടെ ശിരസ്സ് മുതല്‍ പാദം വരെ ഒഴുകിക്കൊണ്ടിരുന്നു. പാപിനിയായ സ്ത്രീ ശിമയോന്റെ വീട്ടില്‍ വച്ച് ഈശോയുടെ പാദങ്ങള്‍ കണ്ണുനീര്‍കൊണ്ട് കഴുകിയത് എത്രയോ ഹൃദയസ്പര്‍ശിയായിട്ടായിരിക്കണം!
ലോകം കാണുന്ന മാരകപാപങ്ങളില്‍ ഒന്നാണ് വ്യഭിചാരം. അതിനെ ഒരിക്കലും നിസ്സാരവല്‍ക്കരിക്കുകയല്ല. എങ്കിലും ഈശോയുടെ ചില നിലപാടുകള്‍ നാം ധ്യാനിക്കുന്നത് നല്ലതാണ്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ ഈശോ വിധിച്ചില്ല, ചോദ്യം ചെയ്തില്ല, കുറ്റപ്പെടുത്തിയില്ല, സ്‌നേഹത്തോടെ… കരുണയോടെ… അവളെ സമാധാനത്തില്‍ പറഞ്ഞയച്ചു. ഈശോ കണ്ടത് അവളുടെ മുഖമല്ല മറിച്ച് ഹൃദയമാണ്. സമരിയക്കാരി സ്ത്രീയുടെ രഹസ്യജീവിതം തന്റെ ശിഷ്യന്മാരുടെ മുന്നില്‍പ്പോലും വെളിപ്പെടരുതെന്ന് ആഗ്രഹിച്ച് അവളുടെ വ്യക്തിത്വത്തെ മാനിക്കുന്ന ഈശോ. അവളുമായി തനിച്ചു സംസാരിക്കുന്ന ഈശോയുടെ സ്‌നേഹവും കരുതലും. ഒരുവന്റെ മുന്നിലും നമ്മുടെ കുറവുകളും മോശമായ ജീവിത അവസ്ഥകളും വെളിപ്പെടുത്തി നമ്മെ ചെറുതാവാന്‍ അനുവദിക്കാതെ സ്വന്തം ചങ്കോട് ചേര്‍ത്തുപിടിക്കുന്ന ഈശോ.
ഈശോ ദൈവം ആണെന്ന് പറയുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത് ഈശോയുടെ മാനുഷികമായ ആഗ്രഹങ്ങളാണ്. ഈശോയ്ക്ക് നമ്മുടെ ചക്കര ഉമ്മ വേണം എന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം? ഉമ്മ കിട്ടിയില്ലെങ്കില്‍ ഈശോ മുഖത്ത് നോക്കി പറയും. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഏഴാം അധ്യായം നാല്പത്തി അഞ്ചാം വാക്യത്തില്‍ അങ്ങനെ ഒരു മാസ്സ് ഡയലോഗ് ഈശോ പറഞ്ഞിട്ടുണ്ട്. ”നീ എനിക്ക് ചുംബനം തന്നില്ല,” പാവം ഈശോ… നമ്മള്‍ അല്ലാതെ വേറെ ആരാ ഈശോയ്ക്കുള്ളത്?
ഹൃദയം പൊട്ടിപ്പോവുംപോലെ ഈശോ ദൈവസ്‌നേഹം നിറച്ചു വച്ചിരിക്കുകയാണ്. കുരിശുരൂപത്തെ തുടര്‍ച്ചയായി ഞാന്‍ ചുംബിച്ചുകൊണ്ടിരുന്നു. എത്ര തവണ എന്ന് ഈശോ എണ്ണിയിട്ടുണ്ടാവും. ഈശോയുടെ ശക്തമായ സാന്നിധ്യം അനുഭവിക്കാന്‍ ഈശോ ആ നിമിഷങ്ങളില്‍ കരുണ കാണിച്ചു. എത്ര സമയം അങ്ങനെ കടന്നു പോയി എന്നറിയില്ല….
‘ഇപ്പോ വരാട്ടോ ഈശോയേ’ എന്ന് പറഞ്ഞു ഞാന്‍ അടുക്കളയിലേക്കു പോയി. ഞാന്‍ ഒരു ‘ഷെയറിങ് കിച്ചന്‍’ ആണ് ഉപയോഗിക്കുന്നത്. അവിടെ ചെന്നപ്പോള്‍ അടുത്ത മുറിയില്‍ താമസിക്കുന്നവര്‍ എന്റെ ഒരു പാത്രം എടുത്ത് ഉപയോഗിക്കുന്നത് കണ്ടു. കൊറോണ ഒക്കെ അല്ലേ ഇവര്‍ എന്തിന് ഇങ്ങനെ ചെയ്യുന്നു എന്ന് അല്പം ദേഷ്യത്തോടെ ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഒന്നും പറയാതെ ഞാന്‍ തിരിച്ചു മുറിയില്‍ കയറി. അല്പം ദേഷ്യം ഉള്ളില്‍ വച്ചുകൊണ്ടുതന്നെ ഈശോയെ കയ്യിലെടുത്തു. ഈശോയോട് ഒരു പരാതി പറച്ചില്‍. പിന്നെ അതിനൊരു ന്യായീകരണവും. അവര്‍ പാത്രം എടുത്തത് ശരിയായില്ലെന്നും കൊറോണ കാരണമാണ് എനിക്ക് അതില്‍ ദേഷ്യം തോന്നിയതെന്നും. ഉള്ളില്‍ ആ ദേഷ്യം വച്ച് ഈശോയെ ചുംബിച്ചു, യൂദാസിനെപോലെ…. പക്ഷേ ഈശോയുടെ സാന്നിധ്യം എന്നെ വിട്ടുപോയിരിക്കുന്നു എന്ന് മനസിലായി.
എന്റെ അയല്‍ക്കാരോട് ഹൃദയത്തില്‍ നീരസം വച്ചുകൊണ്ട് ഈശോയോട് ‘ഐ ലവ് യു ഈശോയേ’ എന്ന് പറയുമ്പോള്‍ ചങ്കുപൊട്ടുന്ന ഈശോ വേദനിച്ചു മറഞ്ഞിരിക്കുന്നെങ്കില്‍ എനിക്ക് എന്ത് ന്യായീകരണം ആണുള്ളത്? സാവൂളില്‍നിന്ന് ദൈവത്തിന്റെ ആത്മാവ് വിട്ടുപോയി എന്ന് പഴയ നിയമത്തില്‍ നാം വായിച്ചിട്ടുണ്ടല്ലോ. നാം ചിന്തിക്കാത്ത പലതും ആണ് ഈശോയെ വേദനിപ്പിക്കുന്നത്. അവന്റെ മനസ്സ് നാം അറിഞ്ഞിരുന്നെങ്കില്‍… അവന്റെ വേദന നാം കണ്ടിരുന്നെങ്കില്‍…. വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നു പോവുമ്പോള്‍ ഈശോ ‘വയലന്റ്’ ആയ ചില അവസരങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഒന്ന് ഫലം കായ്ക്കാത്ത അത്തിവൃക്ഷത്തെ കണ്ടപ്പോള്‍. ഒന്നും ചിന്തിക്കാന്‍ നില്‍ക്കാതെ ശപിച്ച് അതിനെ ഉണക്കിക്കളഞ്ഞു. ദൈവാലയ ശുദ്ധീകരണത്തിന്റെ അവസരത്തില്‍ കച്ചവടം നടത്തിയവരെയും നാണയമാറ്റക്കാരെയും പുറത്താക്കി. മേശയും ഇരിപ്പിടങ്ങളും തട്ടി മറിച്ചു. ഈശോയ്ക്ക് ഇങ്ങനെയും ഒരു സ്വഭാവമുണ്ട്.
ഈ സംഭവങ്ങളെ കുറിച്ച് ദൈവശാസ്ത്ര വ്യാഖ്യാനം പറയുന്നത് ഇപ്രകാരം ആണ്. അത്തിവൃക്ഷം നിറയെ ഇലകള്‍ തളിര്‍ത്തുനില്‍ക്കുന്നു. അതില്‍ ഫലങ്ങള്‍ ഉണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുംവിധം അത് മനോഹരമായി വളര്‍ന്നു നില്‍ക്കുന്നു. ഈശോ നോക്കുമ്പോള്‍ അതിനു പുറംമോടിമാത്രം. ഫലങ്ങള്‍ ഇല്ല. ജറുസലെം ദൈവാലയം അനേകം ജനങ്ങളുടെ ദൈവത്തെ കണ്ടെത്താനുള്ള ഇടം എന്ന പ്രതീതി നല്‍കുമ്പോള്‍ ദൈവാലയത്തിനകത്തു നടക്കുന്നത് കച്ചവടം. രണ്ടും കാപട്യത്തെ വെളിപ്പെടുത്തുന്നു. ദൈവം ഏറ്റവും കൂടുതല്‍ വെറുക്കുന്നതും മനുഷ്യന്റെ കാപട്യത്തെയാണ്.
എനിക്ക് ഒരു കാര്യം മനസ്സിലായി. കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുകയില്ല എന്ന മാസ്സ് ഡയലോഗിന്റെ ആന്തരാര്‍ത്ഥം. ഈശോ പിണങ്ങിയത് എന്നോട് ദേഷ്യം ഉണ്ടായിട്ടല്ല. അടുത്ത മുറിയിലെ എന്റെ സഹോദരങ്ങളായി ഞാന്‍ സ്‌നേഹിക്കേണ്ടവരോട് കാണിച്ച സ്‌നേഹരാഹിത്യം കണ്ടു വേദനിച്ചാണ്.
ഇതൊക്കെ മനസ്സില്‍ കടന്നുപോയപ്പോള്‍ ഞാന്‍ ഈശോയുടെ മുന്നില്‍ ലജ്ജിച്ചു തലതാഴ്ത്തി. എന്റെ കാപട്യത്തിന്റെ ആഴം ഈശോ മനസ്സിലാക്കിത്തന്നു. ചെയ്ത തെറ്റിന്റെ കാഠിന്യവും അത് ഈശോക്ക് ഉണ്ടാക്കിയ വേദനയും എനിക്ക് ബോധ്യപ്പെട്ടു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ ഈശോ ഇപ്രകാരം വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ നാവുകൊണ്ട് ചെയ്യുന്ന പാപങ്ങള്‍ക്ക് പരിഹാരമായാണ് ഈശോ തന്റെ മുഖത്ത് അടികളും മുറിവുകളും ഏറ്റതെന്ന്. എന്റെ അയല്‍വാസിക്കെതിരെ പരാതിപ്പെട്ടപ്പോള്‍ ഈശോയുടെ മുഖത്ത് ഞാന്‍ അടിച്ചല്ലോ എന്ന് ഓര്‍ത്തു. സങ്കടം സഹിക്കാന്‍ പറ്റിയില്ല. ചോര വാര്‍ന്നൊഴുകുന്ന കുരിശിലേക്ക് നോക്കിയപ്പോള്‍ കണ്ണുനീര്‍ ചാലുകള്‍ ഒഴുകിയിറങ്ങി പെയ്‌തൊഴിയാതെ… തുരുതുരെ ഈശോയുടെ മുഖത്ത് ചുംബിച്ചു കൊണ്ട് ഞാന്‍ വാവിട്ടു കരഞ്ഞു. ഒന്ന് മാത്രമേ പറഞ്ഞുള്ളൂ… ‘ഈശോ നീ കരയല്ലേ…’
ഈശോയുടെ കണ്ണുകള്‍ നിറഞ്ഞു. മറഞ്ഞിരുന്ന ഈശോ ഓടി അടുത്തെത്തി. എന്റെ അനുതാപത്തിന്റെ കണ്ണുനീരും സ്‌നേഹത്തിന്റെ ചുംബനവും ഈശോയുടെ മുഖത്തെ മുറിവുകള്‍ക്ക് അല്പം ആശ്വാസം നല്‍കിയപോലെ… വീണ്ടും ഞങ്ങള്‍ കൂട്ടുകാരായി. ഈശോയുടെ നെഞ്ചിലെ ചൂടേറ്റ് ഹൃദയ സ്പന്ദനങ്ങള്‍ ശ്രവിച്ച് ഞാന്‍ ആ നെഞ്ചില്‍ ശാന്തമായി കിടന്നു, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ… അവന്റെ കരവലയം എന്നെ പൊതിയുന്നത് ഞാന്‍ അറിഞ്ഞു.
ഈശോയ്ക്ക് ഒരു പാട്ടിന്റെ രണ്ടു വരി മൂളി.
ഈശോ നീയെന്‍ ഉള്ളില്‍ വന്നാല്‍
എന്നുള്ളം സ്വര്‍ലോകമാകും
ഈശോ നീയെന്‍ മനസ്സില്‍ വന്നാല്‍
ഞാനാകെ നീയായ് മാറും

ആന്‍ മരിയ ക്രിസ്റ്റീന