എവിടെനിന്നാണ് ഈ സുഗന്ധം? ടെരെസിറ്റാ കാസ്റ്റില്ലോ എന്ന സന്യാസാര്‍ത്ഥിനി അത് നുകര്‍ന്നുകൊണ്ട് സ്വയം ചോദിച്ചു. സ്വന്തം മുറിയിലേക്ക് കടന്നപ്പോള്‍ അവിടെ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ നില്‍ക്കുന്നു! ആ സ്ത്രീ അവളോട് പറഞ്ഞു, ”എന്റെ മകളേ, പേടിക്കേണ്ടാ.”
ദൈവമാണ് തന്നെ അയച്ചതെന്നും ഒരു സന്ദേശം നല്കാനുണ്ടെന്നും സ്ത്രീ പറഞ്ഞു. മദര്‍ സുപ്പീരിയറിന്റെ കാലുകള്‍ കഴുകി ചുംബിക്കാനും ആ വെള്ളം കുടിക്കാനും ആ യുവതി ടെരെസിറ്റായോട് ആവശ്യപ്പെട്ടു. കാല്‍ കഴുകുന്നത് എളിമയുടെയും അനുസരണത്തിന്റെയും പ്രതീകമാണെന്ന് വിശദീകരിക്കുകയും ചെയ്തു. ഫിലിപ്പീന്‍സിലെ ലിപായിലുള്ള കര്‍മലീത്ത മഠത്തില്‍ 1948 ആഗസ്റ്റ് 18-നായിരുന്നു ഈ അസാധാരണ സംഭവം നടന്നത്.
വീണ്ടും, സെപ്റ്റംബര്‍ 12-ന് ടെരെസിറ്റാ മഠത്തിലെ പൂന്തോട്ടത്തിലായിരുന്ന സമയം. കാറ്റൊന്നുമില്ലാതിരുന്നിട്ടും ഒരു മുന്തിരിച്ചെടി ഇളകുന്നു. അത് ശ്രദ്ധിക്കവേ കാതില്‍ മധുരമായ സ്ത്രീസ്വരം, ”തുടര്‍ന്നുള്ള 15 ദിവസങ്ങളിലും ഇവിടെ വരണം.” പിറ്റേന്ന് വൈകിട്ട് 5 മണിയോടെയാണ് ടെരെസിറ്റാ തോട്ടത്തിലെത്തിയത്. തന്നോട് ഇടപെടുന്നത് പരിശുദ്ധ മാതാവായിരിക്കും എന്ന ചിന്തയോടെ മുട്ടില്‍ നിന്ന് നന്മനിറഞ്ഞ മറിയമേ ജപം ചൊല്ലാന്‍ തുടങ്ങി. പകുതിയായപ്പോള്‍ കാറ്റ് വീശി, മുന്തിരിച്ചെടി ഇളകി, മനോഹരിയായ ഒരു സ്ത്രീ അതില്‍ പ്രത്യക്ഷയായി. അത് പരിശുദ്ധ ദൈവമാതാവുതന്നയാണെന്ന് ടെരെസിറ്റാ മനസിലാക്കി. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 14-ന് വീണ്ടും അസാധാരണമായ ഒരു സംഭവം! മഠത്തില്‍ റോസാദളങ്ങള്‍ പൊഴിയുന്നു! സന്യാസിനികള്‍ അത് കണ്ടു. അന്ന് പ്രത്യക്ഷപ്പെട്ട മാതാവ് നിര്‍ദേശിച്ചത് മദര്‍ തീരുമാനിക്കുന്ന സമയമനുസരിച്ച് അടുത്ത ദിവസം തോട്ടം ആശീര്‍വദിക്കണമെന്നാണ്. മദറായ മേരി സിസിലിയ ഓഫ് ജീസസ് ഈ ആവശ്യവുമായി തങ്ങളുടെ ആത്മീയനിയന്താവും ലിപാ അതിരൂപതയുടെ സഹായമെത്രാനുമായ ആല്‍ഫ്രെദോ ഒബ്‌വിയറിനെ സമീപിച്ചു. എന്നാല്‍ ഈ ദര്‍ശനം സ്വര്‍ഗത്തില്‍നിന്നാണെന്നതിന് ഒരടയാളം ചോദിക്കാനാണ് ബിഷപ് ആവശ്യപ്പെട്ടത്.
ഇതേ സമയം ടെരെസിറ്റായുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ബിഷപ് അടയാളം ചോദിച്ചതിനുപിന്നാലെ ടെരെസിറ്റായുടെ കണ്ണുകളില്‍ ചുംബിക്കുക എന്നും അപ്പോള്‍ അവള്‍ക്ക് കാഴ്ച തിരികെ ലഭിക്കുമെന്നും തന്നോട് പറയുന്ന ഒരു സ്വരം മദര്‍ കേട്ടു. അതനുസരിച്ച് മദര്‍, ടെരെസിറ്റായുടെ കണ്ണുകളില്‍ ചുംബിച്ചു, പെട്ടെന്നുതന്നെ ടെരെസിറ്റായ്ക്ക് കാഴ്ച വീണ്ടുകിട്ടി! അതോടെ ബിഷപ് ആ മരിയന്‍ ദര്‍ശനം വിശ്വസിച്ചു.
ടെരെസിറ്റായുടെ വിവരണമനുസരിച്ച് മാതാവ് വെള്ളവസ്ത്രവും അരക്കച്ചയുമണിഞ്ഞിരുന്നു. അല്പം കുനിഞ്ഞ് കൂപ്പിപ്പിടിച്ച കരങ്ങളോടെയാണ് കാണപ്പെട്ടത്. വലതുകൈയില്‍ തൂങ്ങിക്കിടക്കുന്ന ജപമാല. തേജസാര്‍ന്ന മുഖം. തറയില്‍ രണ്ടടിയോളം ഉയരത്തില്‍ മേഘങ്ങളില്‍ നഗ്നപാദയായാണ് നിന്നിരുന്നത്. വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു പരിശുദ്ധ കന്യക നല്കിയ സുപ്രധാനസന്ദേശം.
ദീര്‍ഘനാളത്തെ പഠനത്തിനുശേഷം 2015-ല്‍ ഈ മരിയന്‍ ദര്‍ശനം അതിസ്വാഭാവികവും വിശ്വാസികള്‍ക്ക് സ്വീകരിക്കാവുന്നതുമാണെന്ന് ലിപാ അതിരൂപത പ്രഖ്യാപിച്ചു. സകല കൃപാവരങ്ങളുടെയും മധ്യസ്ഥ അഥവാ Our Lady of All Graces എന്ന പേരിലാണ് ഈ ദര്‍ശനത്തില്‍ മാതാവ് വിളിക്കപ്പെടുന്നത്.