മെക്കാനിക്കായ ആ യുവാവ് വീണ്ടും വീണ്ടും ആ ദൃശ്യം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അടുത്തുള്ള ക്രൈസ്തവദൈവാലയത്തിനുമുകളില്‍ ഒരു സ്ത്രീ! അവള്‍ ദൈവാലായത്തിനുമുകളില്‍ നടക്കുകയാണെന്ന് തോന്നി. പെട്ടെന്ന് ആ മനുഷ്യനും കൂടെയുള്ളവര്‍ക്കും ആശങ്കയായി. ചാടി മരിക്കാനുള്ള ശ്രമമാണോ? അവര്‍ വിളിച്ചുകൂവി, ”ചാടരുത്!” പക്ഷേ ആ സ്ത്രീ അത് ശ്രദ്ധിക്കാത്തതുപോലെ….
അദേഹത്തോടൊപ്പമുണ്ടായിരുന്ന യുവാക്കളും ഈ ദൃശ്യം കണ്ടു. അവര്‍ സൂക്ഷിച്ച് നോക്കവേ അത് പ്രകാശിക്കുന്ന ഒരു സ്ത്രീരൂപമാണെന്ന് മനസിലായി. വീണ്ടും ശ്രദ്ധിച്ചപ്പോള്‍, അത് പരിശുദ്ധ മറിയമാണ് എന്ന് ആ മുസ്ലിം യുവാക്കള്‍ തിരിച്ചറിഞ്ഞു. 1968 ഏപ്രില്‍ രണ്ടിന് ഈജിപ്റ്റിലെ കെയ്‌റോയ്ക്ക് സമീപം സൈറ്റൂണില്‍ ഉണ്ടായ ഈ മരിയന്‍ പ്രത്യക്ഷീകരണവാര്‍ത്ത അതിവേഗം നാട്ടിലെങ്ങും പ്രചരിച്ചു.
പരിശുദ്ധ അമ്മ പലതവണ പ്രത്യക്ഷപ്പെട്ടു. പത്രങ്ങളും ടി.വി ചാനലുകളുമെല്ലാം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഫോട്ടോകളില്‍ അമ്മയുടെ പ്രകാശിതരൂപം കൃത്യമായി പതിഞ്ഞു. ധാരാളം മാനസാന്തരങ്ങളും രോഗസൗഖ്യങ്ങളും ദര്‍ശനെത്തത്തുടര്‍ന്ന് നടന്നുകൊണ്ടിരുന്നു. ക്രൈസ്തവരും മുസ്ലീങ്ങളുമെല്ലാം പരിശുദ്ധ അമ്മയെ കാണാന്‍ ഒഴുകിയെത്തി. അതിവേഗം സഞ്ചരിക്കുന്ന പ്രാവുകളെപ്പോലുള്ള പ്രകാശിതരൂപങ്ങള്‍ പലപ്പോഴും മാതാവിനൊപ്പം പ്രത്യക്ഷപ്പെട്ടു.
അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദല്‍ നാസെയുള്‍പ്പെടെ അനേകര്‍ ദര്‍ശനങ്ങള്‍ക്ക് സാക്ഷിയായി. ശാസ്ത്രജ്ഞര്‍ക്കോ നിരീക്ഷകര്‍ക്കോ നിഷേധിക്കാനാവാത്തവിധത്തിലുള്ള ദര്‍ശനങ്ങളായിരുന്നു അവിടെ ഉണ്ടായത്. 1971 അവസാനംവരെ ദര്‍ശനങ്ങള്‍ തുടര്‍ന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവാലയത്തിന്റെ മുകളില്‍ നടക്കുന്നതിനിടെ അമ്മ കുരിശിനെ വണങ്ങിയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈജിപ്തിലേക്കുള്ള പലായനമധ്യേ തിരുക്കുടുംബം തങ്ങിയ സ്ഥലത്തിന് സമീപമാണ് ഈ ദൈവാലയം സ്ഥിതിചെയ്യുന്നതെന്നാണ്
പാരമ്പര്യം. ഈ ദര്‍ശനങ്ങളില്‍ പ്രത്യേക
സന്ദേശങ്ങള്‍ ഒന്നും നല്കപ്പെട്ടിട്ടില്ല. അറബ് ഇസ്രായേലി യുദ്ധത്തില്‍ പരാജയപ്പെട്ടിരുന്ന ഈജിപ്തിനും തകര്‍ന്നുകിടന്നിരുന്ന മധ്യപൂര്‍വരാജ്യങ്ങള്‍ക്കും ആശ്വാസം പകരുന്നതിനായിട്ടാണ് അമ്മ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ദര്‍ശനത്തിനിടെ പലപ്പോഴും കൈ ഉയര്‍ത്തി പരിശുദ്ധ അമ്മ ജനങ്ങളെ ആശീര്‍വദിച്ചിരുന്നു.
സംഭവങ്ങള്‍ ഈജിപ്തിലെ കത്തോലിക്കാ സമര്‍പ്പിതര്‍ വത്തിക്കാനെ അറിയിച്ചു. വത്തിക്കാന്‍ സംഘം ഈജിപ്തിലെത്തി ദര്‍ശനങ്ങള്‍ക്ക് നേര്‍സാക്ഷികളായി. ചര്‍ച്ചകള്‍ക്കൊടുവില്‍, ദൈവാലയം കോപ്റ്റിക് സഭയുടെ കീഴിലായതിനാല്‍ ഇതേ സംബന്ധിച്ചുള്ള പരസ്യപ്രഖ്യാപനം കോപ്റ്റിക് സഭയാണ് നടത്തേണ്ടതെന്ന് വത്തിക്കാന്‍ നിശ്ചയിച്ചു. അതനുസരിച്ച് ഈ മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ആധികാരികമെന്ന് കോപ്റ്റിക് സഭ പ്രഖ്യാപിക്കുകയും ചെയ്തു.