ഈ കാലഘട്ടത്തില്‍ ഈശോയുടെ നാമവും അവിടുത്തെ നാമംപേറുന്നവരും അവഹേളിക്കപ്പെടുന്നത് വര്‍ധിച്ചിരിക്കുകയാണ്. ‘എന്നുമുതലാണ് ഈ നാമം ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങിയത്? ‘എന്തുകൊണ്ടാണ് ഈശോയുടെ നാമം ഇത്രയും എതിര്‍ക്കപ്പെടുന്നത്?’ ‘യേശുനാമം അവഹേളിക്കപ്പെടുമ്പോള്‍ നാം എങ്ങനെ പ്രതികരിക്കണം?’
യേശു എന്നാല്‍ രക്ഷകന്‍, വിമോചകന്‍ എന്നാണര്‍ത്ഥം. മനുഷ്യന്‍ പാപത്തിന് അടിമയായപ്പോള്‍തന്നെ ദൈവം രക്ഷകനെ വാഗ്ദാനം ചെയ്തു. അന്നുമുതല്‍ പാപത്തില്‍നിന്ന് രക്ഷ നേടിത്തരുന്ന രക്ഷകനെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും ആരംഭിച്ചു; ജനം രക്ഷകനെ കാത്തിരിക്കാന്‍ തുടങ്ങി. എന്നാല്‍ യേശുനാമം വിവാദവിഷയമായത് ഈശോയുടെ ജനനംമുതലാണ്. ഇത് ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ്. ഉണ്ണിയായ യേശുവിനെ ദൈവാലയത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച സമയത്ത് ദീര്‍ഘദര്‍ശിയായ ശിമയോന്‍ അവിടുത്തെ കൈയിലെടുത്ത് ഇപ്രകാരം പ്രവചിച്ചു: ”ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും” (ലൂക്കാ 2/34).
അതായത് യേശുവിലൂടെ പലരും ഉയരുകയും പലരും താഴുകയും ചെയ്യും. അവനെപ്രതി വിവാദങ്ങളുണ്ടാകും. ശാസ്ത്രത്തിന് അംഗീകരിക്കാന്‍ കഴിയാത്തത് പലതും ഈശോയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. യേശുനാമത്തില്‍ നടന്ന അത്ഭുതങ്ങളും അപ്രകാരംതന്നെ. അതിനാല്‍ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാലും യേശു ‘വിവാദവിഷയമായ അടയാള’മാണ്.
എ.ഡി എന്നും ബി.സി എന്നും കാലത്തെ രണ്ടായി തിരിച്ചവനാണ് ക്രിസ്തു. നാമിന്ന് 2021-ല്‍ ജീവിക്കുന്നു എന്ന് പറയുന്നതുപോലും യേശുവിന്റെ ജനനത്തെ അടിസ്ഥാനമാക്കിയാണ്. ഒരിക്കലും ഒരാളെയും വേദനിപ്പിക്കാന്‍ ഈശോ പറഞ്ഞിട്ടില്ല. ഒരു കരണത്തടിക്കുന്നവന് മറുകരണം കാണിച്ചുകൊടുക്കണമെന്നും ഒരു ഉടുപ്പ് ചോദിക്കുന്നവന് രണ്ടുടുപ്പ് കൊടുക്കണമെന്നുമാണ് അവിടുന്ന് പഠിപ്പിച്ചത്. വിശുദ്ധിയില്‍ ജീവിക്കണമെന്നും അപരനെ വിധിക്കരുതെന്നും മറ്റൊരാളെ പരിഹസിക്കുകപോലുമരുത് എന്നും പഠിപ്പിച്ചവനാണ് ഈശോ. എന്നിട്ടും എന്തുകൊണ്ട് യേശുനാമവും യേശുനാമം പേറുന്നവരും അവഹേളിക്കപ്പെടുന്നു?
യഥാര്‍ത്ഥ ദൈവമായ ഈശോ പഠിപ്പിക്കുന്നതനുസരിച്ച് ജീവിക്കുന്നവരെ എന്തിന് ലോകം എതിര്‍ക്കുന്നു? അതും ശിമയോനിലൂടെ നല്കപ്പെട്ട ദൈവിക പ്രവചനമനുസരിച്ചുതന്നെ. അവിടുത്തെ നാമം പേറുന്നവരും അവിടുത്തെപ്പോലെതന്നെ പലരുടെയും ഉയര്‍ച്ചയ്ക്കും വീഴ്ചയ്ക്കും കാരണമാകും. വിവാദവിഷയമാകും. കാരണം യേശു നമുക്ക് പ്രദാനം ചെയ്യുന്നത് അതിജീവനത്തിനുള്ള കരുത്താണ്. ഏത് തകര്‍ച്ചയെയും അതിജീവിച്ച് മുന്നേറാന്‍ യേശു നാമം ഏറ്റുപറയുന്നവര്‍ക്ക് കഴിയും. എന്തെന്നാല്‍ മരണത്തെയും തോല്പിച്ച് ഉയിര്‍ത്തെഴുന്നേറ്റവനാണ് അവിടുന്ന്.
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മരണത്തിന്റെ മുന്നില്‍ നില്‍ക്കേണ്ടി വരുന്നു എന്നതാണ്. എന്നാല്‍ മരണത്തെ തോല്പിച്ച് ഉത്ഥാനം ചെയ്ത യേശു അവിടെയും നമുക്ക് ശക്തിയും പ്രത്യാശയും തരുന്നു. അതിനാല്‍ത്തന്നെ യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഏത് പ്രതിസന്ധി ഉണ്ടായാലും അത് രോഗമോ പ്രളയമോ മഹാമാരിയോ എന്തുമാകട്ടെ, അതിനെ അതിജീവിച്ച് മുകളില്‍ നില്‍ക്കാന്‍ കഴിയും. യേശുവിനെ ഏറ്റുപറയുന്നവര്‍ കുടുംബത്തിന് പ്രയോജനമാകും, അനേകര്‍ക്ക് ആശ്വാസമാകും. മാത്രമല്ല, സമൂഹത്തില്‍ അനുഗ്രഹമാകും. ഇക്കാരണങ്ങളാല്‍ അയാള്‍ മറ്റുള്ളവരുടെ നോട്ടപ്പുള്ളിയാകുകയും ചെയ്യും. അയാളെപ്പോലെ വിജയകരമായി ജീവിക്കാന്‍ കഴിയാത്തവര്‍ക്ക് അസൂയയുണ്ടാവുക സ്വാഭാവികം. അവരാണ് വിവിധതരത്തില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.
എന്നാല്‍, യേശുനാമത്തിനെതിരെ, യേശുനാമം പേറുന്നവര്‍ക്കെതിരെ, നിലകൊള്ളുന്നവരെ നാം വിദ്വേഷത്തോടെ നോക്കേണ്ടതില്ല. എന്തെന്നാല്‍, ഈ ലോകത്തിലുള്ള വ്യക്തികളെ രണ്ടായി തിരിക്കാം. യേശുനാമത്തിന്റെ ശക്തി യഥാര്‍ത്ഥത്തില്‍ മനസിലാക്കി യേശുവില്‍ ജീവിക്കുന്നവര്‍. രണ്ട്, യേശുനാമം യഥാര്‍ത്ഥത്തില്‍ അറിയാത്തവര്‍. യേശുനാമത്തിന്റെ ശക്തി തിരിച്ചറിഞ്ഞവര്‍ക്ക്, ആ മഹനീയനാമത്തെ അവഹേളിക്കാന്‍ ഒരിക്കലും സാധ്യമല്ല. തന്റെ ജീവിതംകൊണ്ട്, വാക്കുകൊണ്ട്, പ്രവൃത്തികൊണ്ട്, വേണമെങ്കില്‍ മരണംകൊണ്ടുപോലും ആ നാമം ആ വ്യക്തി മഹത്വപ്പെടുത്തും.
എന്നാല്‍ യേശുനാമത്തിന്റെ മഹത്വം അറിയാത്തവര്‍ ആ നാമത്തെ അവഹേളിച്ചെന്നിരിക്കും. അങ്ങനെയുള്ളവര്‍ കലാരംഗത്തോ, രാഷ്ട്രീയത്തിലോ, സാംസ്‌കാരികതലങ്ങളിലോ, വാണിജ്യമേഖലയിലോ ആ നാമം അനാവശ്യമായി വലിച്ചിഴച്ചെന്നിരിക്കും. അത് അവരുടെ അജ്ഞത നിമിത്തമാണ്.
ഒരു അക്രൈസ്തവസമുദായത്തില്‍നിന്ന് യേശു സ്ഥാപിച്ച സഭയില്‍ അംഗമാകാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. യേശുനാമത്തിന്റെ ശക്തിയും മഹത്വവും തിരിച്ചറിഞ്ഞതുകൊണ്ടാണ് യേശുവെന്ന ഏകദൈവത്തില്‍ വിശ്വസിച്ച് കത്തോലിക്കാ സഭയില്‍ അംഗമായത്. അതിനാല്‍ത്തന്നെ ഈ നാമത്തിന്റെ മഹത്വം അറിഞ്ഞ ഒരാളെന്ന നിലയില്‍ അറിയാത്ത വര്‍ക്കായി പ്രാര്‍ത്ഥിക്കാനേ എനിക്ക് കഴിയൂ. കാരണം ഈശോ അതാണ് പഠിപ്പിച്ചിരിക്കുന്നത്. ഈശോ അവര്‍ക്കുവേണ്ടിക്കൂടിയാണ് മരിച്ചത്. അതിനാല്‍ അവരും ഈശോയെ അറിയണം. അവിടുന്ന് മഹത്വപ്പെടണം.
ജോര്‍ജ് ജോസഫ്