അന്ന് ഈശോയുടെ സക്രാരിക്കടുത്ത് കൂടുതല്‍ നേരം ഇരുന്നു. അതിനിടയിലാണ് ഒരു ഇരിപ്പിടത്തില്‍ മിഠായികവര്‍ കിടക്കുന്നത് കണ്ടത്. എഴുന്നേറ്റ് പോകുമ്പോള്‍ അതെടുത്ത് കളയണമെന്ന് മനസില്‍ കരുതി. കുറച്ചുനേരംകൂടി ഇരുന്നുകഴിഞ്ഞ് പോകാന്‍ നേരമായപ്പോള്‍ ഞാന്‍ ഈശോയോട് വെറുതെ പറഞ്ഞു, ”ഞാന്‍ ആ മിഠായികവര്‍ എടുത്തുകളയാം. പകരം എനിക്ക് മിഠായി വേണം.” വാസ്തവത്തില്‍ ഞാനൊരു കുസൃതിപോലെ പറഞ്ഞതായിരുന്നു. പിന്നെ, ഞാന്‍ പറയുന്നതെല്ലാം ഈശോ കേള്‍ക്കുന്നുണ്ടോ എന്ന ഒരന്വേഷണവും.
ഇതേ സമയം ചാപ്പലില്‍ എന്റെ എതിര്‍വശത്ത് അപ്പനും അമ്മയും മകനും അടങ്ങുന്ന ഒരു കുടുംബവും പ്രാര്‍ത്ഥിക്കാന്‍ ഉണ്ടായിരുന്നു. അവര്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ ആ അപ്പന്‍ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു, ”ജീസസ് യൂത്തിലുണ്ടോ?” ഇല്ലെന്ന് മറുപടി നല്കിയപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു, ”മഠത്തിലുള്ളതാണോ?”
”അല്ല, എന്റെ വീട് ഇവിടെ അടുത്താണ്,” ഞാന്‍ പറഞ്ഞു.
അപ്പോള്‍ അദ്ദേഹം, ‘അങ്കിളിന്റെ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം’ എന്നുപറഞ്ഞുകൊണ്ട് കുറച്ച് മിഠായികള്‍ എനിക്ക് നേരെ നീട്ടി. ഞാന്‍ വേഗം അത് വാങ്ങി. ഈശോയോട് മിഠായി ചോദിച്ചിട്ട് അഞ്ച് മിനിട്ട് തികഞ്ഞിട്ടില്ലായിരുന്നു. മാത്രവുമല്ല ഞാന്‍ ഇരിക്കുന്ന വശത്ത് കിടക്കുന്ന മിഠായികവര്‍ അപ്പോഴും എടുത്തുകളഞ്ഞിരുന്നുമില്ല.
നമ്മുടെ ഒരു കുഞ്ഞ് ആഗ്രഹത്തിനുപോലും വിലതരുന്ന ഈശോയുടെ സ്‌നേഹം എത്ര വലുതാണ്!
”കര്‍ത്താവിന്റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത് മനുഷ്യന്‍ പറയുന്നത് കേള്‍ക്കുന്നു” (ജ്ഞാനം 1/7)
റോസ് സണ്ണി