സംസാരിക്കാത്ത തത്തയുടെ വാക്കുകള്‍ – Shalom Times Shalom Times |
Welcome to Shalom Times

സംസാരിക്കാത്ത തത്തയുടെ വാക്കുകള്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാള്‍ക്ക് ഓമനിച്ചുവളര്‍ത്താന്‍ ഒരു പക്ഷിയെ കിട്ടിയാല്‍ ഒറ്റപ്പെടലിന്റെ മടുപ്പ് മാറ്റാന്‍ കഴിയുമെന്ന് തോന്നി. അതിനാല്‍ അദ്ദേഹം വളര്‍ത്തുപക്ഷികളെ ലഭിക്കുന്ന കടയില്‍ പോയി. അവിടെ, സംസാരിക്കുന്ന തത്ത എന്ന ബോര്‍ഡ് എഴുതിയ ഒരു കൂട് അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. അതിനുള്ളില്‍ ഒരു തത്തയും. അദ്ദേഹം അതിന്റെ വില ചോദിച്ചു. ”250 രൂപ!” വില്പനക്കാരന്‍ പറഞ്ഞു. ഉടനെതന്നെ വളരെ സന്തോഷത്തോടെ ആ തത്തയെയും വാങ്ങി അദ്ദേഹം കടയില്‍നിന്നിറങ്ങി.

ഒരാഴ്ച കഴിഞ്ഞു. അത്രയും ദിവസമായിട്ടും തത്ത സംസാരിക്കുന്നില്ലെന്ന് കണ്ട അദ്ദേഹം തത്തയെ വാങ്ങിയ കടയിലേക്ക് ചെന്നു. ”ഈ തത്ത സംസാരിക്കുന്നില്ല!”
”ഗോവണി കയറിയിട്ടും തത്ത സംസാരിക്കുന്നില്ലെന്നാണോ നിങ്ങള്‍ പറയുന്നത്?” വില്പനക്കാരന്‍ ചോദിച്ചു.
”ഗോവണിയോ, അതേക്കുറിച്ച് നിങ്ങളെന്നോട് ഒന്നും പറഞ്ഞില്ലല്ലോ?”
”ഓ, ക്ഷമിക്കണം. ഗോവണിക്ക് 10 രൂപയാണ് വില.”
അതുകേട്ട് ആ മനുഷ്യന്‍ 10 രൂപ നല്കി ഗോവണി വാങ്ങി, കൂടിനകത്ത് വച്ചുകൊടുത്തു. ഒരാഴ്ച കടന്നുപോയി. പക്ഷേ, തത്ത സംസാരിച്ചില്ല!
അദ്ദേഹം വീണ്ടും കടയിലെത്തി. ”ഇപ്പോഴും തത്ത സംസാരിക്കുന്നില്ല.”
”ഗോവണി കയറി, കണ്ണാടി നോക്കിയിട്ടും തത്ത സംസാരിച്ചില്ലേ?”
”കണ്ണാടിയോ?
”സോറി, കണ്ണാടിക്ക് 10 രൂപയാകും.”
10 രൂപ നല്കി കണ്ണാടിയും വാങ്ങി ആ മനുഷ്യന്‍ വീട്ടിലെത്തി.
ആഴ്ച ഒന്നുകഴിഞ്ഞിട്ടും തത്തയുണ്ടോ സംസാരിക്കുന്നു! അദ്ദേഹം വീണ്ടും കടയിലെത്തി.
”നോക്കൂ, ഇപ്പോഴും തത്ത സംസാരിക്കുന്നില്ല.”
”ഗോവണിയില്‍ കയറി, കണ്ണാടിയില്‍ നോക്കി, മണിയിലും കൊത്തിയിട്ടും തത്ത സംസാരിച്ചില്ലേ?”
”മണിയുടെ കാര്യം ആരും എന്നോട് പറഞ്ഞിരുന്നില്ലല്ലോ.”
”ഓ ക്ഷമിക്കണം. മണി ഇവിടെത്തന്നെയുണ്ട്. 10 രൂപയാണ് വില.”
അയാള്‍ മണി പക്ഷിക്കൂട്ടില്‍ സ്ഥാപിച്ചു. വീണ്ടും ഒരാഴ്ച നീണ്ട കാത്തിരിപ്പ്. തത്ത സംസാരിച്ചില്ല. അല്പം രോഷത്തോടെയാണ് അദ്ദേഹം കടയിലെത്തിയത്. എന്നാല്‍ ഇത്തവണ വില്പനക്കാരന്‍ ചോദിച്ചത് ഇങ്ങനെയാണ്, ”ഗോവണിയില്‍ കയറി, കണ്ണാടിയില്‍ നോക്കി, മണിയിലും കൊത്തി, എന്നിട്ട് ഊഞ്ഞാലില്‍ കയറിയിരുന്ന് തത്ത സംസാരിച്ചില്ലേ?”
”ഊഞ്ഞാലില്‍ കയറിയാലേ തത്ത സംസാരിക്കൂ എന്ന് പറഞ്ഞില്ലല്ലോ.”
”ഓ ക്ഷമിക്കൂ, 10 രൂപ നല്കിയാല്‍ ഊഞ്ഞാല്‍ ഇവിടെ ലഭിക്കും.”
ഒടുവില്‍ അയാള്‍ അതും വാങ്ങി. വീട്ടിലെത്തി. ഊഞ്ഞാല്‍ പക്ഷിക്കൂട്ടില്‍ തൂക്കി. ഇത്തവണയും കാത്തിരുന്നതല്ലാതെ തത്ത സംസാരിച്ചില്ല.
വീണ്ടും കടയിലെത്തിയ ആ മനുഷ്യനോട് വില്പനക്കാരന്‍ ചോദിച്ചു, ”എങ്ങനെയുണ്ട് നിങ്ങളുടെ തത്ത?”
”അത് ചത്തു!”
”ചത്തെന്നോ? ചാകുംമുമ്പ് അത് സംസാരിച്ചില്ലേ?”
”ഉവ്വ്, ഒടുവില്‍ അത് സംസാരിച്ചു”
”എന്താണ് സംസാരിച്ചത്?”
”ആ കടയില്‍ പക്ഷിത്തീറ്റയൊന്നും വില്ക്കുന്നില്ലേ എന്ന് ചോദിച്ചു!”
ഇതുപോലെയാണ് ഈ ലോകത്തിന്റെ രാജകുമാരന്‍ ചെയ്യുക. അവന്‍ ‘തത്ത സംസാരിക്കും’ എന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് നല്കുന്നത്. പക്ഷേ അതൊന്നും ലഭിക്കുകയില്ലെന്നുമാത്രമല്ല, അത് യാഥാര്‍ത്ഥ്യമാകാനുള്ള ആവശ്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. ആദ്യം ഗോവണി, മണി, പിന്നെ ഊഞ്ഞാല്‍ എന്ന് പറയുംപോലെ… ഏറ്റവും മികച്ച ഫലം ലഭിക്കാന്‍ ഒരു കാര്യംകൂടി വേണം എന്നായിരിക്കും തോന്നിപ്പിക്കുക. പക്ഷേ അതൊരു കള്ളമാണ്. അത് പല രൂപത്തിലും വരും. ‘ഒരു സാധനംകൂടി വാങ്ങിയാല്‍, ഈ ആപ്പിന്റെ അടുത്ത വേര്‍ഷന്‍ ഉപയോഗിച്ചാല്‍, ഒരു കവിള്‍ മദ്യംകൂടി കുടിച്ചാല്‍, പുതിയൊരു കാര്‍ വാങ്ങിയാല്‍, അല്പംകൂടി വലിയ വീട് ലഭിച്ചാല്‍, അല്പംകൂടി സൗന്ദര്യമുണ്ടായാല്‍… സംതൃപ്തി ലഭിക്കും!’
പക്ഷേ ഇതൊന്നും നമ്മുടെ ആഴത്തിലുള്ള ആവശ്യത്തിനുള്ള ഉത്തരമല്ല. ഏറ്റവും വലിയ നുണ എന്താണെന്നുവച്ചാല്‍ ഇതാണ് ഉത്തരം എന്ന് തോന്നിപ്പിക്കുന്നു എന്നതാണ്. പക്ഷേ അത് നമ്മെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് കാണുമ്പോള്‍ നുണ വീണ്ടും വലുതാകുന്നു. അല്പംകൂടി ലഭിച്ചാല്‍ സംതൃപ്തി നേടാം എന്ന ധാരണ നല്കുന്നു. കണ്ണാടി, മണി എന്നൊക്കെ പറയുന്നതുപോലെ…
ഏറ്റവും ആവശ്യമുള്ളത്
കഥയിലെ മനുഷ്യന്‍ ഗോവണിയും കണ്ണാടിയും മണിയും ഊഞ്ഞാലുമൊക്കെ വാങ്ങിയിട്ടും അദ്ദേഹം അവഗണിച്ചത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്, ഭക്ഷണം. ഇതുതന്നെയാണ് നമ്മുടെ കാര്യത്തിലും. ഭൗതികമായ കുറെ കാര്യങ്ങള്‍ നാം തേടുന്നു, അതേ സമയം അനശ്വരവും നിലനില്‍ക്കുന്നതുമായവ അവഗണിക്കുകയും ചെയ്യുന്നു. ടി.വി കാണാനും കായികാഭ്യാസത്തിനും ഷോപ്പിംഗിനും സമാനമായ കാര്യങ്ങള്‍ക്കുമെല്ലാം നാം സമയം കണ്ടെത്തുന്നു. എന്നാല്‍ പ്രാര്‍ത്ഥനയും വചനവായനയും കൂദാശസ്വീകരണവും ആരാധനയുമെല്ലാം അവഗണിക്കുകയോ മറന്നുപോകുകയോ ചെയ്യുന്നു.
സ്വയം അമിതമായി ശ്രദ്ധിച്ചുകൊണ്ട് കണ്ണാടിയില്‍ തുറിച്ചുനോക്കി നില്ക്കുന്നവരെപ്പോലെയാണ് നാം. ഈ ലോകത്തിന്റെ പ്രലോഭനങ്ങള്‍ നമ്മെ അവസാനമില്ലാത്തവിധം വിവിധ കാര്യങ്ങളിലേക്ക് മാടിവിളിക്കുന്നു. എന്നാല്‍ അവയാകട്ടെ കുറെനാള്‍ കഴിയുമ്പോഴേക്കും അര്‍ത്ഥശൂന്യമായി മാറുകയും ചെയ്യും. അങ്ങേയറ്റത്ത് എന്താണ് ഉള്ളതെന്ന് അറിയാതെ വിജയത്തിന്റെ ഗോവണി കയറുകയാണ് നാം.
ഈ നിസാരമായ കാര്യങ്ങളെല്ലാം ഏറ്റവും ആവശ്യമുള്ള കാര്യത്തില്‍നിന്ന് നമ്മെ വഴിതിരിച്ച് വിടുന്നു. നമ്മുടെ ആത്മാവിനെ ദൈവത്താല്‍ പരിപോഷിപ്പിക്കുക എന്നതാണത്. ”എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു… എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും” (യോഹന്നാന്‍ 6/56-57).
പക്ഷേ അതിന് നമുക്ക് സമയമില്ല! വിശുദ്ധ കുര്‍ബാനയില്ല, പ്രാര്‍ത്ഥനയില്ല, ദിവ്യകാരുണ്യസ്വീകരണമില്ല! സമയമില്ല! ഒരു കാര്യംകൂടി ചെയ്യാം, ഒരു മീറ്റിംഗ്കൂടി നടത്താം… വിജയത്തിന്റെ ഗോവണി കയറുന്ന തിരക്കിലാണ് ഞാന്‍. ഞാന്‍ മിടുക്കനായിട്ടുണ്ടെന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പുവരുത്തുന്നതിന്റെ തിരക്കിലാണ് ഞാന്‍. എല്ലാവരും എന്നെ ഇഷ്ടപ്പെടണമല്ലോ.
അവസാനം നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്തായിത്തീരും? കഥ അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു…
”അത് ചത്തു!”
”ചത്തെന്നോ? ചാകുംമുമ്പ് അത് സംസാരിച്ചില്ലേ?”
”ഉവ്വ്, ഒടുവില്‍ അത് സംസാരിച്ചിരുന്നു.”
”എന്താണ് സംസാരിച്ചത്?”
”ആ കടയില്‍ പക്ഷിത്തീറ്റയൊന്നും വില്ക്കുന്നില്ലേ എന്ന് ചോദിച്ചു!”
നമ്മുടെ ആത്മാവ് അതിനാവശ്യമായ ഭക്ഷണം ലഭിക്കാത്തതിനാല്‍ മൃതമാകാതിരിക്കട്ടെ. സാത്താന്റെ നുണകളും ഈ ലോകത്തിന്റെ ശൂന്യമായ വാഗ്ദാനങ്ങളും തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. തിരുവചനത്തിലൂടെ യേശു ഉറപ്പ് തരുന്നു, ”ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹന്നാന്‍ 6/35)

മോണ്‍. ചാള്‍സ് പോപ്പെ