വിഗ്രഹങ്ങള്‍ക്കിടയില്‍ ക്രിസ്തുസാക്ഷിയാകുന്നതെങ്ങനെ? – Shalom Times Shalom Times |
Welcome to Shalom Times

വിഗ്രഹങ്ങള്‍ക്കിടയില്‍ ക്രിസ്തുസാക്ഷിയാകുന്നതെങ്ങനെ?

പൗലോസ് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ട് അവന്റെ മനസ്സ്ക്ഷോഭതാപങ്ങള്‍കൊണ്ട് നിറഞ്ഞു (അപ്പോസ്‌തോലപ്രവര്‍ത്തനങ്ങള്‍ 17/16). ആഥന്‍സെന്ന അന്നത്തെ വിജാതീയ ഗ്രീക്ക് പട്ടണത്തിനു തുല്യമാണ് ഇന്നത്തെ ലോകം. പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും പൊങ്ങച്ചത്തിന്റെയും താന്‍പ്രമാണിത്തത്തിന്റെയും വ്യക്തിഗതവാദത്തിന്റെയും വിവിധയിനം വിഗ്രഹങ്ങള്‍ നിറഞ്ഞതാണ് നാടും നാട്ടിന്‍പുറവും.

അവിടെ വിശുദ്ധ പൗലോസിനെപ്പോലെ ക്രിസ്തുവിന്റെ പ്രേഷിതനാണ് ഓരോ ക്രിസ്ത്യാനിയും. വിഗ്രഹങ്ങള്‍ക്കിടയില്‍ ചരിക്കുന്ന പ്രേഷിതര്‍ എന്തുചെയ്യാന്‍ പോകുന്നു എന്നത് അതിപ്രധാനമാണ്. തൊഴില്‍മേഖലകള്‍, രാഷട്രീയം, കല, സാഹിത്യം, കൃഷി, വിദ്യാഭ്യാസം, കച്ചവടം, തുടങ്ങിയ വ്യവഹാര മണ്ഡലങ്ങളില്‍ വിശ്വാസി എങ്ങനെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം എന്നതാണ് ചോദ്യം.

ഭാഗ്യമുള്ള ജനതയാവുക
വിഗ്രഹലോകത്തില്‍ ക്രിസ്തുവിന്റെ സാക്ഷിയാകാന്‍ വിശ്വാസിക്ക് അനേകം വഴികളുണ്ട്. അവയില്‍ മൂന്നെണ്ണം മാത്രം സൂചിപ്പിക്കാം. ഒന്നാമത്തേത്, കര്‍ത്താവ് ദൈവമായി ഉള്ളവനായി ജീവിക്കുക എന്നതുതന്നെ. സങ്കീര്‍ത്തനങ്ങള്‍ 33/12 പറയുന്നു, കര്‍ത്താവ് ദൈവമായുള്ള ജനത ഭാഗ്യമുള്ളത്. പലരും പലതിനെയും ഭാഗ്യദൈവങ്ങളായി കൊണ്ടുനടക്കുന്ന ലോകത്തില്‍ കര്‍ത്താവ് ദൈവമായി ഉള്ളവനായിരിക്കുക എന്നത് അപാരമായ സാക്ഷ്യമാണ്. ‘നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും’ (ജറെമിയ 30/22) എന്ന അനുഭവവും ബോധ്യവും കൊടുത്താണ് ദൈവം ഇസ്രായേലിനെ വളര്‍ത്തിയെടുത്തത്. അവര്‍മൂലം പലപ്പോഴും വിജാതീയര്‍ ഇസ്രായേലിന്റെ ദൈവത്തെ അറിഞ്ഞു.

പ്രായോഗിക നിരീശ്വരവാദം വിശ്വാസികളുടെയിടയില്‍ ശക്തമാകുന്ന കാലമാണിത്. ദൈവവിശ്വാസം ഏറ്റുപറയുകയും എന്നാല്‍ ദൈവമില്ലാത്തവനെപ്പോലെ ജീവിക്കുകയും ചെയ്യുന്നതാണ് അതിന്റെ രീതി. എന്നാല്‍ ക്രിസ്തുവിനെ ദൈവവും രക്ഷകനുമായി സ്വീകരിച്ച് ജീവിക്കുന്നവരെ ദൈവം തന്റെ ശക്തരായ സാക്ഷികളാക്കി മാറ്റും.

ഈശോയില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നയാള്‍ തന്റെ ദേശത്ത് ദൈവസാന്നിധ്യത്തിന്റെ അടയാളമായി മാറും. അയാള്‍ അവിടെ ദൈവാനുഗ്രഹത്തിന്റെ കാരണമാകും. പൂര്‍വപിതാവായ അബ്രാഹത്തെപ്പോലെ, അയാള്‍ ആ പ്രദേശത്തിന്റെ സംരക്ഷണത്തിനു കാരണമാകും (ഉത്പത്തി 18). അയാള്‍ ദൈവത്തിന്റെ വീര്യപ്രവൃത്തികള്‍ വെളിപ്പെടാന്‍ ഇടയാക്കും (മര്‍ക്കോസ് 16/17-18). അയാളുടെ ജീവിതം സുവിശേഷമായി രൂപാന്തരപ്പെടും. ഇതിനുവേണ്ടി കര്‍ത്താവില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുകയും ദൈവത്തിന്റെ കൃപ നമ്മില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ മതി; ബാക്കി കാര്യങ്ങള്‍ ദൈവം ചെയ്തുകൊള്ളും.

അപ്പോള്‍ നമ്മുടെ സാന്നിധ്യം പൊതുസമൂഹത്തില്‍ ദൈവാഭിമുഖ്യത്തിന്റെ യുക്തിയായി (ൃലമീെി) മാറും; നമ്മുടെ ആചാരങ്ങള്‍ നാട്ടുകാരുടെ മുന്നില്‍ ദൈവികമായ സൂചനകളായി മാറും. നമ്മുടെ പ്രതീകങ്ങള്‍ ശക്തമായ പ്രേരണകളായി മാറും. ഒരു ഉദാഹരണം പറയാം. ഒരു ഇടവകസമൂഹം വഴിയോരത്ത് ഒരു കുരിശ് സ്ഥാപിച്ചിട്ടുണ്ടെന്ന് കരുതുക. ഈശോയുടെ ക്ഷമയുടെയും സഹനത്തിന്റെയും കരുണയുടെയും അടയാളമായി ജീവിക്കുന്ന മനുഷ്യര്‍ ആ നാട്ടിലുണ്ടെങ്കില്‍ കുരിശെന്ന ആ പ്രതീകത്തിനു ജീവന്‍ കിട്ടുകയും അതൊരു പ്രസംഗമായി മാറുകയും ചെയ്യും. എന്നാല്‍ അത്തരമൊരു സമൂഹം അവിടെയില്ലെങ്കില്‍ ആ കുരിശ് ക്രിസ്ത്യാനികളുടെ മതചിഹ്നം മാത്രമായി മാറും. വിശ്വാസികളുടെ എതിര്‍സാക്ഷ്യംകൊണ്ട് വിഗ്രഹങ്ങള്‍ക്കിടയില്‍ മറ്റൊന്നായി ക്രിസ്തുവിന്റെ കുരിശ് തരംതാഴ്ത്തപ്പെടുന്ന ദുര്യോഗവും ചിലപ്പോള്‍ ഉണ്ടാകും.

വിശുദ്ധ പൗലോസ് പറഞ്ഞു, ”നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം വിജാതീയരുടെയിടയില്‍ ദുഷിക്കപ്പെടുന്നു എന്ന് എഴുതിയിരിക്കുന്നവല്ലോ” (റോമാ 2/24). ഭയപ്പാടോടെ വേണം വിശ്വാസികള്‍ ഓരോരുത്തരും ക്രിസ്തീയ കുടുംബങ്ങളും ഇടവകകളും സന്യാസ സമൂഹങ്ങളും സഭാകൂട്ടായ്മകളും ഈ വചനം വായിക്കാന്‍. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരുപോലെ കാണുന്ന വിശ്വാസികള്‍ക്കെതിരെയുള്ള ദൈവത്തിന്റെ കുറ്റപ്പെടുത്തലാണിത്. ദൈവത്തിന്റെ കുറ്റപ്പെടുത്തല്‍ (accusation) എന്നാല്‍ ദൈവത്തിന്റെ വിധി ((judgement) എന്നാണര്‍ഥം.

ഒന്നാംനിര സാക്ഷികള്‍
രണ്ടാമതായി, പരസ്‌നേഹത്തിന്റെ സാക്ഷ്യപത്രങ്ങള്‍. ആദിമ ക്രൈസ്തവരെ നോക്കി വിജാതീയരായ റോമാക്കാര്‍ പറഞ്ഞത്രേ: കണ്ടോ, അവര്‍ എത്രമാത്രം സ്‌നേഹിക്കുന്നു! രണ്ടാം നൂറ്റാണ്ടിലെ ക്രൈസ്തവ ചിന്തയുടെ മുഖ്യശബ്ദമായിരുന്ന തെര്‍തുല്യനാണ് ഇതു സാക്ഷ്യപ്പെടുത്തുന്നത് (The Apology, ch.  39). സ്‌നേഹിക്കുന്നവന്‍ ക്രിസ്തുവിനു സാക്ഷിയാണ്.

തന്റെ പുതിയ പ്രമാണമായി ഈശോ സ്‌നേഹനിയമത്തെ അവതരിപ്പിച്ചു. ”നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹന്നാന്‍ 13/ 35). ദൈവത്തെ മറന്ന് മനുഷ്യനെ സ്‌നേഹിക്കുന്നതോ മനുഷ്യരെ അവഗണിച്ച് ദൈവത്തെ സ്‌നേഹിക്കാന്‍ ശ്രമിക്കുന്നതോ സാക്ഷ്യത്തിന്റെ വഴികളല്ല. സ്‌നേഹത്തിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്നവര്‍ ക്രിസ്തുവിന്റെ ഒന്നാംനിര സാക്ഷികളാണ്. അപ്പോള്‍ സ്‌നേഹശൂന്യരുടെ കാര്യമോ? അവര്‍ ലോകത്തില്‍ ക്രിസ്തുവിന് എതിര്‍സാക്ഷികളാണ്.

സ്‌നേഹപ്രമാണം ഒന്നേയുള്ളൂ. പക്ഷേ സ്‌നേഹത്തിന്റെ കടമകള്‍ പല മനുഷ്യര്‍ പല തരത്തിലാണ് ജീവിച്ച് പൂര്‍ത്തിയാക്കുന്നത്. ചില ജീവിതങ്ങളില്‍ സാഹസികമോ രക്തം പൊടിയുന്നതോ ആയ സ്‌നേഹപ്രകടനങ്ങള്‍ക്ക് ഇടം ഉണ്ടാകണമെന്നില്ല. സ്‌നേഹിച്ച് വിശുദ്ധനാകാന്‍ മാക്‌സ്മില്ല്യന്‍ കോള്‍ബെയെപ്പോലെ ജീവത്യാഗം ചെയ്തിരിക്കണം എന്ന് നിര്‍ബന്ധമില്ല. ക്രിസ്തീയപാരമ്പര്യത്തില്‍ എക്കാലത്തേയും മികച്ച വേദപാരംഗതരിലൊരാളാണ് വിശുദ്ധ തോമസ് അക്വീനാസ്. നാല്‍പ്പത്തൊമ്പതു വര്‍ഷം മാത്രം നീണ്ട ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ദൈവശാസ്ത്രം പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞുകൂടി. ചില മഹാവിശുദ്ധരുടെ കാര്യത്തിലെന്നതുപോലെ അദ്ദേഹത്തിന്റെ സ്‌നേഹഭാവം വീരോചിതമായ സാധുജന സേവനമായി പുറത്തുവന്നില്ല.

പക്ഷേ പുസ്തകപ്പുരയിലെ ചുരുണ്ടുണങ്ങിയ ഒരു തുകല്‍ച്ചുരുളായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. മരണസമയത്ത് ബൈബിളിലെ സ്‌നേഹകാവ്യമായ ഉത്തമഗീതം വായിച്ചുകേള്‍ക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെട്ടു. പിന്നെ കണ്ണുകളടച്ച് അദ്ദേഹം നിശബ്ദനായി. ശുദ്ധസ്‌നേഹമായ ദൈവത്തെ ശ്രവിച്ചുകൊണ്ട് അദ്ദേഹം കിടന്നു. ഒരു വിശുദ്ധന്റെ മരണം. ചുരുക്കത്തില്‍, ദൈവത്തെയും മനുഷ്യരെയും ഗാഢമായി സ്‌നേഹിക്കുന്നവര്‍ വിഗ്രഹങ്ങളുടെ ലോകത്തില്‍ ക്രിസ്തുവിന്റെ സാക്ഷികളാണ്. കാരണം, സ്‌നേഹം ദൈവത്തില്‍നിന്ന് വരുന്നു (1 യോഹന്നാന്‍ 4/7-9).

എതിര്‍സാക്ഷിയാവണം
മൂന്ന്, എതിര്‍പുണ്യത്തിന്റെ സാക്ഷ്യം. ‘ഒരു തലമുറ മാനസാന്തരപ്പെടുന്നത് അതിനെ ഏറ്റവുമധികം എതിര്‍ക്കുന്ന വിശുദ്ധന്‍ വഴിയായിരിക്കും.’ ഇങ്ങനെ പറഞ്ഞത് ബ്രിട്ടീഷ് എഴുത്തുകാരനായ ജി.കെ. ചെസ്റ്റര്‍ട്ടനാണ്. എന്താണിതിന്റെ അര്‍ഥം? ധാരാളിത്തം ആഘോഷിക്കപ്പെടുന്ന കാലത്ത് ദാരിദ്ര്യം ജീവിക്കുന്ന വിശുദ്ധനാണ് ആ കാലത്തെ വെല്ലുവിളിക്കുന്നത്. ലൈംഗിക അരാജകത്വം വാഴ്ത്തപ്പെടുന്ന നാട്ടില്‍ ചാരിത്ര്യം ജീവിക്കുന്നയാള്‍ പാപത്തിന് എതിര്‍സാക്ഷിയാണ്.

മക്കള്‍ പരമാവധി കുറച്ചുമതി എന്ന പൊതുബോധം നിറയുന്നിടത്ത് കൂടുതല്‍ മക്കളുള്ള കുടുംബം സ്വാര്‍ത്ഥതയ്ക്ക് എതിര്‍സാക്ഷ്യമാണ്. ഏതു സദ്പ്രവൃത്തിയും വാര്‍ത്തയായി മാറണം എന്ന നിര്‍ബന്ധബുദ്ധിക്കാരുടെ ഇടയില്‍ മാധ്യമപ്രശസ്തിയില്‍നിന്നു മുഖം തിരിക്കുന്നവര്‍ സ്വപുകഴ്ചക്ക് എതിര്‍സാക്ഷ്യമാണ്. എതിര്‍പുണ്യങ്ങള്‍ പാലിക്കുന്നവര്‍ക്ക് നല്ല കാലമല്ല. അവര്‍ ആദ്യം എതിര്‍ക്കപ്പെടും; പിന്നെ അവരെ എഴുതിത്തള്ളാന്‍ നോക്കും. എങ്കിലും ദൈവം അവരെ ഉപയോഗിക്കുന്ന കാലം വരും. കമ്പോളമൂല്യങ്ങളുടെ കുത്തൊഴുക്കില്‍ പെടാതെ സുവിശേഷമൂല്യങ്ങളുമായി ജീവിക്കുന്നവര്‍ ലോകത്തില്‍ എതിര്‍സാക്ഷ്യവും ക്രിസ്തുവിനു സാക്ഷികളുമായിരിക്കും.

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍