മദ്യപിച്ചുവന്ന ഒരു കാര്‍ഡ്രൈവര്‍ വഴിയില്‍വച്ച് ഒരു സ്ത്രീയെ കുത്തി മുറിവേല്‍പിക്കുന്നത് സങ്കടത്തോടെയും ഭയത്തോടെയുമാണ് ഇരുപത്തിയൊന്നുകാരനായ ബേണി കണ്ടത്. അധികം താമസിയാതെ ആ സ്ത്രീയുടെ ജീവന്‍ പൊലിഞ്ഞു. ഈ ദുരന്തകാഴ്ച അവനില്‍ ശക്തമാക്കിയ ചിന്ത ഇപ്രകാരമായിരുന്നു, ‘ഈ ലോകം കുറച്ചുകൂടി മെച്ചപ്പെട്ടതാക്കാന്‍ എന്തു ചെയ്യാന്‍ കഴിയും? ഒരു വൈദികനായാല്‍ അതിന് സാധിക്കുമെന്ന് അവന് തോന്നി.
അയര്‍ലണ്ടില്‍നിന്ന് യു.എസിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ 16 മക്കളില്‍ ആറാമനായിരുന്നു ബേണി. ബര്‍ണാര്‍ഡ് ഫ്രാന്‍സിസ് കേസി എന്നായിരുന്നു മുഴുവന്‍ പേര്. മിസ്സിസ്സിപ്പി നദീതീരത്തുള്ള വിസ്‌കോണ്‍സിനിലെ ഒരു ഫാമിലായിരുന്നു 1870 നവംബര്‍ 25-ന് അവന്‍ ജനിച്ചത്. എട്ടാം വയസില്‍ ഉണ്ടായ ഡിഫ്തീരിയനിമിത്തം ബേണിയുടെ സ്വരം വളരെ പതിഞ്ഞതായി മാറി.
മുതിര്‍ന്നപ്പോള്‍ മരം മുറിക്കുന്ന തൊഴിലാളിയായും ആശുപത്രിയിലെ സഹായിയായും ജയില്‍ കാവല്‍ക്കാരനായും കാര്‍ ഓപ്പറേറ്ററായുമൊക്കെ പല ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു ആ യുവാവ്. വിവാഹത്തെക്കുറിച്ചും ചിന്തിച്ചിരുന്നു. എന്നാല്‍ അതിനിടയിലാണ് ഇങ്ങനെയൊരു ദുരന്തത്തിന് ദൃക്‌സാക്ഷിയായത്. അതേത്തുടര്‍ന്ന് രൂപപ്പെട്ട ചിന്തയുടെ ഭാഗമായി രൂപതാവൈദികനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നു. എന്നാല്‍ അവിടത്തെ ജര്‍മ്മന്‍ സംസാരിക്കുന്ന പശ്ചാത്തലത്തില്‍ ബേണിക്ക് പഠനത്തില്‍ ഒട്ടും ശോഭിക്കാനായില്ല. അതിനാല്‍ അവിടെനിന്ന് പിന്‍വാങ്ങി. ഒരു സന്യാസസഭയില്‍ ചേരാമെന്നായിരുന്നു ചിന്ത.
അങ്ങനെ ഡിട്രോയിറ്റിലുള്ള കപ്പൂച്ചിന്‍ സന്യാസസഭയില്‍ ചേര്‍ന്നു. അവിടെ സൊളാനസ് എന്ന പേര് സ്വീകരിച്ച് സന്യാസപരിശീലനം തുടര്‍ന്നെങ്കിലും അവിടെയും ജര്‍മന്‍ഭാഷ സംസാരിക്കുന്ന സമൂഹമായിരുന്നത് വീണ്ടും പഠനത്തില്‍ ബേണിയെ വളരെ പിന്നിലാക്കി. ഒടുവില്‍ പ്രബോധനപരമായ പ്രസംഗങ്ങള്‍ നടത്താനോ കുമ്പസാരം കേള്‍ക്കാനോ അധികാരമില്ലാത്ത ഒരു വൈദികനായി അദ്ദേഹത്തിന് വൈദികപട്ടം നല്കാമെന്ന് തീരുമാനമായി. അങ്ങനെ 1904-ല്‍ ഫാ. സൊളാനസ് കേസി എന്ന പേരില്‍ അഭിഷിക്തനായി.
ജനങ്ങള്‍ക്കായി സേവനം ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിന് താത്പര്യം. ആശ്രമത്തിന്റെ വാതില്‍ക്കലെത്തുന്ന എല്ലാവരെയും സ്വീകരിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിച്ച് വേണ്ട സ്‌നേഹോപദേശങ്ങള്‍ നല്കുകയായിരുന്നു അദ്ദേഹം പ്രധാനമായും ചെയ്തിരുന്നത്. അദ്ദേഹത്തിന് രോഗശാന്തിവരവും പ്രവചനവരവും ഉണ്ടെന്ന് മനസിലാക്കിയത് ഇത്തരത്തില്‍ അദ്ദേഹത്തെ സമീപിച്ചവരാണ്. അദ്ദേഹത്തെ സമീപിച്ചിരുന്നവരില്‍ എല്ലാ വിശ്വാസസമൂഹങ്ങളിലുംപെട്ട ആളുകളുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അദ്ദേഹം സഭൈക്യത്തിന്റെയും സന്ദേശവാഹകനായി മാറി.
അദ്ദേഹം പലപ്പോഴും ഇങ്ങനെ പറയും, ”എനിക്ക് രണ്ട് ഇഷ്ടങ്ങളുണ്ട്, രോഗികളും പാവങ്ങളും.” രോഗികള്‍ക്കായി അദ്ദേഹം പ്രത്യേകം ദിവ്യബലിയര്‍പ്പിക്കുമായിരുന്നു. രാത്രിനേരങ്ങളില്‍ ഏറെ സമയം ദിവ്യകാരുണ്യത്തിനുമുന്നില്‍ മുട്ടിന്‍മേല്‍ ചെലവഴിക്കും. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആരെയും കേള്‍ക്കാന്‍ അദ്ദേഹം തയാറായിരുന്നു. പകരമായി അദ്ദേഹം ആവശ്യപ്പെട്ടത് സ്‌നേഹത്തില്‍ വളര്‍ന്നുകൊണ്ട് അവരുടെ ആത്മീയജീവിതം മെച്ചപ്പെടുത്താനാണ്. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്‌നേഹം വളര്‍ത്താനായി മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനാണ് അദ്ദേഹം പറഞ്ഞിരുന്നത്. ‘കപ്പൂച്ചിന്‍ സൂപ്പ് കിച്ചന്‍’ സംരംഭത്തിന് തുടക്കം കുറിച്ചതും ഈ എളിയ വൈദികനാണ്. ആ ശുശ്രൂഷ ഇന്നും തുടരുന്നു.
രസകരമായ മറ്റൊരു കാര്യം അദ്ദേഹത്തിന് വയലിന്‍വായന ഏറെ ഇഷ്ടമായിരുന്നു എന്നതാണ്. എന്നാല്‍ വയലിന്‍വായനയ്‌ക്കൊപ്പം പാടാന്‍ ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്വരം തീര്‍ത്തും മോശമായിരുന്നു. അതിനാല്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ അദ്ദേഹം സക്രാരിക്കുമുന്നില്‍ പാടാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. ഭക്ഷണം അല്പംമാത്രമേ കഴിച്ചിരുന്നുള്ളൂ. എന്നാല്‍ എഴുപത് വയസുവരെയും യുവസന്യസ്തര്‍ക്കൊപ്പം ടെന്നിസും വോളിബോളുമൊക്കെ കളിക്കുമായിരുന്നു.
1946 മുതല്‍ ത്വക്‌രോഗംനിമിത്തം ആരോഗ്യം ക്ഷയിച്ചുവന്നു. പിന്നീട് രോഗം ഗുരുതരമായി. 1957 ജൂലൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇക്കാലഘട്ടത്തിലെല്ലാം തന്റെ സഹനങ്ങള്‍ അദ്ദേഹം സ്‌നേഹപൂര്‍വമാണ് സ്വീകരിച്ചത്. ”എല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി ഞാന്‍ എന്റെ സഹനങ്ങള്‍ സമര്‍പ്പിക്കുന്നു” എന്ന് അദ്ദേഹം പറയുമായിരുന്നു.
ഒടുവില്‍ 86-ാം വയസില്‍ ”ഞാന്‍ എന്റെ ആത്മാവിനെ യേശുക്രിസ്തുവിന് നല്കുന്നു” എന്ന വാക്കുകളോടെ അദ്ദേഹം ജീവന്‍ വെടിഞ്ഞു. ആ സമയത്ത് അദ്ദേഹത്തിനരികിലുണ്ടായിരുന്നത് പരിചരിച്ചിരുന്ന നഴ്‌സ്മാത്രമാണ്. ആ നഴ്‌സാണ് ഫാ. സൊളാനസ് കേസിയുടെ അവസാനവാക്കുകളെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയതും. ജീവിതകാലത്ത് അദ്ദേഹത്തിലൂടെ നടന്ന അത്ഭുതങ്ങള്‍ പില്ക്കാലത്തും കൂടുതലായി തുടര്‍ന്നു. അതിന്റെ ഫലമായി 2017 നവംബര്‍ 18-ന് ഫാ. സൊളാനസ് കേസി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.