മരുഭൂമി ഫലസമൃദ്ധി നല്കുമോ? – Shalom Times Shalom Times |
Welcome to Shalom Times

മരുഭൂമി ഫലസമൃദ്ധി നല്കുമോ?

കുടുംബസ്വത്ത് ഭാഗം വച്ചപ്പോള്‍ ഏറ്റവും മോശം ഭൂപ്രദേശമാണ് ആ യുവാവിന് ലഭിച്ചത്. വരണ്ടുണങ്ങി, കൃഷിക്ക് യോഗ്യമല്ലാത്ത സ്ഥലം. ഉള്ള തെങ്ങുകളും മറ്റുവൃക്ഷങ്ങളും ശോഷിച്ച് ഫലരഹിതമായി നിലക്കുന്നു. എത്ര പരിചരിച്ചാലും നിഷ്ഫലമാണെന്ന് അയാള്‍ക്കറിയാം. കാരണം അയാള്‍തന്നെയായിരുന്നു അവിടെ അദ്ധ്വാനിച്ചിരുന്നത്. ഭാര്യയും മക്കളുമടങ്ങിയ കുടുംബത്തെ പരിപാലിക്കാന്‍ എന്തുചെയ്യണമെന്ന് അറിയില്ല.

നിരാശയുടെ വക്കിലെത്തിയ അയാള്‍ ഒടുവില്‍ ഒരു ധ്യാനഗുരുവിന്റെ ഉപദേശം തേടി. സങ്കടങ്ങളെല്ലാം വിശദമായി കേട്ടശേഷം ധ്യാനഗുരു പറഞ്ഞു: ”ദൈവം ആകാശവും ഭൂമിയുമെല്ലാം സൃഷ്ടിച്ചശേഷം ‘എല്ലാം വളരെ നന്നായിരിക്കുന്നു എന്നു കണ്ടു’ എന്നാണ് തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതാണ്. നല്ലതു മാത്രമേ ദൈവം സൃഷ്ടിച്ചിട്ടുള്ളൂ. അതിനാല്‍ മോശം ഭൂമി എന്നൊരിടവും ഇല്ല. എല്ലാ ഭൂപ്രദേശവും നല്ലതുതന്നെ. തന്മൂലം താങ്കള്‍ക്ക് ലഭിച്ച സ്ഥലത്തുചെന്ന് ആ പ്രദേശത്തെ സമര്‍പ്പിച്ച് ദൈവത്തെ സ്തുതിച്ച് പ്രാര്‍ത്ഥിക്കുക. തെങ്ങ്, കമുക് തുടങ്ങി എല്ലാ വൃക്ഷങ്ങളിലും കരങ്ങള്‍വച്ച് സ്തുതിക്കുക. ഇവയെല്ലാം നല്കിയ ദൈവത്തിന് ദിവസവും നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുക.”

”മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. കുങ്കുമച്ചെടിപോലെ സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോന്റെ മഹത്വവും കാര്‍മെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനുലഭിക്കും. അവ കര്‍ത്താവിന്റെ മഹത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദര്‍ശിക്കും (ഏശയ്യ 35/1,2) എന്നത് ദൈവത്തിന്റെ വാഗ്ദാനമാണ്. അവിടുത്തെ വാക്കുകള്‍ വൃഥാവിലാകില്ല.”

ധ്യാനഗുരുവിന്റെ നിര്‍ദേശപ്രകാരം അയാള്‍ അന്നുമുതല്‍ തന്റെ സ്ഥലവും വൃക്ഷലതാദികളുമെല്ലാം ദൈവത്തിന് സമര്‍പ്പിച്ച് സ്തുതിക്കാന്‍ ആരംഭിച്ചു. തെങ്ങിലും കമുകിലും മാവിലുമെല്ലാം കരംവച്ച് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവിടം ഫലസമ്പുഷ്ടമായ പ്രദേശമായിമാറി. ”മരുഭൂമിയില്‍ ദൈവദാരു, കരുവേലകം, കൊളുന്ത്, ഒലിവ് എന്നിവ ഞാന്‍ നടും. മണലാരണ്യത്തില്‍ സരളവൃക്ഷവും പൈന്‍മരവും പുന്നയും വച്ചുപിടിപ്പിക്കും” (ഏശയ്യാ 41/19) എന്ന തിരുവചനം അനുസ്മരിപ്പിക്കുന്നതായിരുന്നു അവിടെ സംഭവിച്ച മാറ്റങ്ങള്‍.

ആരും അതിശയിക്കത്തക്കവിധം വൃക്ഷങ്ങള്‍ സമൃദ്ധമായി കായ്ക്കുകയും എണ്ണത്തിലും വണ്ണത്തിലും നല്ല ഫലങ്ങള്‍ നല്കുകയും ചെയ്തു. പ്രദേശത്തെ ഏറ്റവും നല്ല കൃഷിയിടമായിമാറി ആ സ്ഥലം. ”ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ! ഭൂമി അതിന്റെ വിളവു നല്കി, ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 67/5,6).